ADVERTISEMENT

ഇതര സംസ്ഥാന തൊഴിലാളിയുടെ മക്കൾക്ക് മലയാളം മീഡിയം സ്കൂളിൽ പഠിച്ച് എ പ്ലസ് വിജയം

ജന്മംകൊണ്ടു മധ്യപ്രദേശുകാരെങ്കിലും കർമംകൊണ്ടു മലയാളികളാണു ബാൽകൃഷ്ണ ദ്വിവേദിയുടെ കുടുംബം. അദ്ദേഹത്തിന്റെ 2 മക്കൾ കഴിഞ്ഞ ദിവസം എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വിജയം നേടിയപ്പോൾ മുപ്പത്തടം മനയ്ക്കപ്പടി കവലയിലെ ആശംസാ ബോർഡിൽ നാട്ടുകാർ ഇങ്ങനെ എഴുതി: ‘മറുനാടിന്റെ മക്കളെങ്കിലും ഇവർ മലയാളത്തിന്റെ മണിമുത്തുകൾ’. ആലുവ സെന്റ് ഫ്രാൻസിസ് എച്ച്എസ്എസ് വിദ്യാർഥി പൂജ ദ്വിവേദി പ്ലസ് ടുവിനും പാനായിക്കുളം ലിറ്റിൽ ഫ്ലവർ എച്ച്എസ് വിദ്യാർഥിയായ അനുജൻ പവൻ ദ്വിവേദി എസ്എസ്എൽസിക്കുമാണു മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. 

ഹിന്ദി മാതൃഭാഷയായ സംസ്ഥാനത്തു നിന്നു ജീവിക്കാൻ വേണ്ടി കേരളത്തിലേക്കു പറിച്ചുനടപ്പെട്ടവരാണ് ബാൽകൃഷ്ണ–ആശ ദ്വിവേദി ദമ്പതികളും അവരുടെ 3 മക്കളും. മലയാളം മീഡിയം സ്കൂളിൽ പഠിച്ച് അവർ കൈവരിച്ച ഉന്നത വിജയത്തിന് അതുകൊണ്ടുതന്നെ തിളക്കമേറെ. മധ്യപ്രദേശ് സത്‌ന ജില്ലയിലെ ചിത്രകൂട്ട് ഗ്രാമത്തിൽ നിന്ന് 24 വർഷം മുൻപാണ് ബാൽകൃഷ്ണ എടയാർ വ്യവസായ മേഖലയിൽ ജോലിക്കെത്തിയത്. 20 വയസ്സായിരുന്നു അന്ന്. 

ദ്വിവേദി ബ്രാഹ്മണ സമുദായത്തിലെ പൂജാരി കൂടിയായ ബാൽകൃഷ്ണ ഇവിടെയെത്തും മുൻപേ ആശയെ ജീവിത സഖിയാക്കിയിരുന്നു. കുട്ടികൾ മൂവരും ജനിച്ചതു മധ്യപ്രദേശിലാണ്. 14 വർഷം മുൻപു ബാൽകൃഷ്ണ ഭാര്യയെയും മക്കളെയും മുപ്പത്തടത്തേക്കു കൂട്ടിക്കൊണ്ടുവന്നു. 

മൂത്തമകൻ പങ്കജ്കുമാറിന് അപ്പോൾ ആറര വയസ്. പൂജയ്ക്കു മൂന്നര വയസ്സും. പവൻ കൈക്കുഞ്ഞായിരുന്നു. ആറു മാസം. പാനായിക്കുളം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിലാണ് ഇവർ ഒന്നു മുതൽ 10 വരെ പഠിച്ചത്. പങ്കജ്കുമാർ 2015ൽ എസ്എസ്എൽസിയും 2017ൽ പ്ലസ് ടുവും പാസായത് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയാണ്. 

അതു താഴെയുള്ളവർക്കും പ്രചോദനമായി. ചേട്ടന്റെ പേരു കളയരുതെന്ന് അധ്യാപകർ എപ്പോഴും പറയുമായിരുന്നുവെന്ന് അവർ ഓർക്കുന്നു. കാലടി ആദിശങ്കര എൻജിനീയറിങ് കോളജിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ  വിദ്യാർഥിയാണ് പങ്കജ്കുമാറിപ്പോൾ. 

പൂജയ്ക്കു കൊമേഴ്സ് അധ്യാപികയാവാനും പവനു ചാർട്ടേഡ് അക്കൗണ്ടന്റ് ആകാനുമാണു മോഹം. മധ്യപ്രദേശിൽ ചെറിയ കർഷക കുടുംബമാണ് ബാൽകൃഷ്ണയുടേത്. 

കൃഷിയിൽ നിന്നുള്ള വരുമാനംകൊണ്ടു കുടുംബം പുലർത്താനാവാതെ വന്നപ്പോഴാണ് ഒരു സുഹൃത്തു വഴി എടയാറിൽ എത്തിയത്. കാലിത്തീറ്റ നിർമാണക്കമ്പനിയിൽ സൂപ്പർവൈസറാണ്. മാസശമ്പളം 15,000 രൂപ. മുപ്പത്തടം ചന്ദ്രശേഖരപുരം ക്ഷേത്രത്തിനു സമീപമാണു താമസം. വീട്ടുവാടക കമ്പനി കൊടുക്കും. 

ശമ്പളംകൊണ്ടു വേണം മക്കളുടെ പഠനവും ഇതര ചെലവുകളും നടത്താൻ. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ ബാൽകൃഷ്ണയുടെ ഭാര്യയ്ക്കു ജോലിക്കു പോകാനാവില്ല. സാമ്പത്തിക ബുദ്ധിമുട്ടു മൂലം നാട്ടിലേക്കു പോയിട്ടു 4 വർഷമായെന്ന് അവർ പറഞ്ഞു. പഠിച്ചു ജോലി നേടി കേരളത്തിൽ തന്നെ തുടരാനാണു മക്കളുടെ തീരുമാനം. മാതാപിതാക്കളും അതിനെ പിന്തുണയ്ക്കുന്നു..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com