ADVERTISEMENT

ഒരു നിമിഷം കണ്ണൊന്നു ചിമ്മിപ്പോയി, ശക്തമായി എന്തിലോ ഇടിച്ച് സാം കാതോൺ കാറിൽ നിന്നു റോഡിലേക്കു തെറിച്ചുവീണു. ചോരയിൽ കുളിച്ചു കിടക്കുമ്പോൾ അവ്യക്തമായി അയാൾക്കു കാണാനായത് ഓടിക്കൂടുന്ന കുറേ അപരിചിതരുടെ മുഖം. കേൾക്കാനായതു ചിതറിയ കുറേ വാക്കുകളും. ഓസ്ട്രേലിയയിലെ പാരമറ്റ ഉൾക്കടലിനടുത്തുള്ള തിരക്കേറിയ ബാസ് ഹൈവേയിൽ അമിത വേഗത്തിലെത്തിയ ഒരു ട്രെയിലറുമായാണു സാമിന്റെ കാർ കൂട്ടിയിടിച്ചത്. ചിന്നിച്ചിതറിയ ആ ശരീരം ആരൊക്കെയോ ചേർന്നു സമീപത്തെ ആശുപത്രിയിലെത്തിച്ചു. ഡോക്ടർമാർ അയാളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ബാഗിൽ നിന്നു കിട്ടിയ വിലാസത്തിൽ ആശുപത്രി അധികൃതർ അദ്ദേഹത്തിന്റെ വീട്ടുകാരുമായി ബന്ധപ്പെട്ടു.

‘കാതോണിന് ഒരപകടം സംഭവിച്ചു എത്രയും പെട്ടന്ന് ആശുപത്രിയിലെത്തണം’

ആശുപത്രിയിലേക്ക് ഓടിക്കിതച്ചെത്തിയ സാമിന്റെ ഭാര്യ കെയ്റ്റിനെ കാത്തിരുന്നത് അശുഭ വാർത്തയായിരുന്നു.

‘ക്ഷമിക്കണം, അപകടം ഗുരുതരമായിരുന്നു. രക്ഷിക്കാൻ കഴിഞ്ഞില്ല.’

എന്തു ചെയ്യണമെന്നറിയാതെ കെയ്റ്റ് ആശുപത്രിയിലെ കസേരയിൽ തളർന്നിരുന്നു.സാമിന്റെ മരണം സ്ഥിരീകരിച്ച് പ്രധാന ഡോക്ടർ മടങ്ങാൻ തുടങ്ങുമ്പോൾ ഒരു നഴ്സ് ഓടിക്കിതച്ചെത്തി. 

ഡോക്ടർ...അയാൾക്കു ജീവനുണ്ട്. 

ഞെട്ടലോടെ അവർ തിരിച്ചറിഞ്ഞു സാമിന്റെ ഹൃദയം മിടിക്കുന്നു. ഡോക്ടർമാരുടെ സംഘം ഓപ്പറേഷൻ തിയറ്ററിൽ ഏറെ കഷ്ടപ്പെട്ടു. മുറിവില്ലാത്ത ഭാഗങ്ങൾ കുറവായിരുന്നു ആ ശരീരത്തിൽ. 100ൽ അധികം തുന്നിക്കെട്ടലുകൾ വേണ്ടിവന്നു. 

മുട്ടിനു മുകളിൽവച്ച് വലതുകൈ മുറിച്ചുമാറ്റി. സുഗമമായി ചലിപ്പിക്കാനാകാത്ത വിധം വലതുകാൽ തകർന്നു. കരൾ രണ്ടായി മുറിഞ്ഞു. ശ്വാസകോശത്തിനും സാരമായ പരുക്കേറ്റു. 6 ദിവസം സാം കോമയിലായിരുന്നു.

ശിഷ്ടകാലം വീൽചെയറിൽ കഴിയേണ്ടി വരുമെന്നാണു ഡോക്ടർമാർ ബന്ധുക്കളോടു പറഞ്ഞത്. പക്ഷേ, അയാൾ തോൽക്കാൻ തയാറല്ലായിരുന്നു. ഒൻപതു മാസംകൊണ്ടു വീൽചെയറിൽനിന്ന് എഴുന്നേറ്റ് സാം ഭൂമിയിൽ പുനർജന്മത്തിന്റെ കാൽ ഉറപ്പിച്ചു. അദ്ദേഹത്തിന്റെ തിരിച്ചുവരവിനെ അത്ഭുതം എന്നാണു ഡോക്ടർമാർ വിലയിരുത്തിയത്.

1979 ഡിസംബർ 15 നായിരുന്നു കാതോണിന്റെ ജനനം. അമ്മ ആനി ഇന്ത്യക്കാരിയാണ്. അച്ഛൻ പീറ്റർ സ്കോട്‍ലൻഡുകാരനും. 10 സഹോദരങ്ങളാണുള്ളത്. ബിരുദ പഠനത്തിനു ശേഷം സാം പല ജോലികളും മാറിമാറി ചെയ്തു. എവിടെയും അദ്ദേഹത്തിന് ഉറച്ചു നിൽക്കാനായില്ല. തുടർന്നാണു വ്യക്തിത്വ വികസന ക്ലാസുകളിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കരിയർ ഗൈഡൻസ്, സ്‌കിൽ ഡവലപ്മെന്റ്, മോട്ടിവേഷൻ സ്പീക്കർ എന്നീ രംഗത്തു വളരെ പെട്ടന്ന് സാം പേരെടുത്തു. വിവിധ സ്ഥാപനങ്ങളുടെ ഉപദേശകനും പരിശീലകനുമൊക്കെയായി തിളങ്ങി നിൽക്കുമ്പോഴാണു വിളിക്കാത്ത അതിഥിയായി അപകടം കയറിവന്നത്.

‘നിലവിലെ അവസ്ഥയല്ല ഒരാളുടെ തീരുമാനമാണ് അയാളെ രൂപപ്പെടുത്തുന്നത്’. കാലുകൾ തകർന്ന, കൈ മുറിച്ചു മാറ്റപ്പെട്ട സാം മരണക്കിടക്കിയിൽ നിന്നു തിരിച്ചെത്തിയത് ഈ ചിന്തയെ തുടർന്നാണ്. അദ്ദേഹം ഇന്നു രാജ്യാന്തര പ്രശസ്തനായ മോട്ടിവേഷനൽ സ്പീക്കറും എഴുത്തുകാരനും സംഗീതജ്ഞനുമൊക്കെയാണ്. ഒരു കൈ നഷ്ടപ്പെട്ടതുപോലും അദ്ദേഹത്തിനു പുതിയൊരു അവസരമായി കാണാനായി. അങ്ങനെയാണ് ചെറുപ്പം മുതൽ സ്നേഹിച്ച സംഗീതത്തെ കൂട്ടുപിടിച്ചത്. മുറിച്ചു മാറ്റിയ വലതു കൈയുടെ ബാക്കി ഭാഗം ഉപയോഗിച്ച് അദ്ദേഹം ഗിറ്റാർ വായന പരിശീലിച്ചു. ഗിറ്റാറിന്റെ കമ്പികളിൽ തൊടുമ്പോൾ വലതുകയ്യിലെ മുറിപ്പാട് വളരെ വേദനിപ്പിച്ചെങ്കിലും അദ്ദേഹത്തിന്റെ പരിശ്രമം ഒടുക്കം വിജയത്തിലെത്തി. കൈമുട്ട് ഉപയോഗിച്ച് ഗിറ്റാർ വായിക്കുന്ന ലോകത്തെ അപൂർവ പ്രതിഭകളിലൊരാൾ കൂടിയാണദ്ദേഹം. 

2007 ൽ ആരംഭിച്ച ‘ബി മോട്ടിവേറ്റഡ്’ എന്ന സ്ഥാപനത്തിലൂടെ വിദ്യാർഥികളിലും യുവാക്കളിലും ആത്മവിശ്വാസം നേതൃപാടവം, പ്രശ്നങ്ങളെ അതിജീവിക്കാനുള്ള കഴിവ്, ശുഭാപ്തി വിശ്വാസം തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകുന്നു. 2009 ൽ ആരംഭിച്ച കാതോൺ ഫൗണ്ടേഷൻ ഭിന്നശേഷിക്കാരായ വ്യക്തികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ഒട്ടേറെ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നുണ്ട്. ഇന്ന് ഒട്ടേറെ രാജ്യങ്ങളിൽ കാതോൺ ഫൗണ്ടേഷൻ പ്രവർത്തിക്കുന്നു. 2009ൽ യങ്  ഓട്രേലിയൻ ഓഫ് ദ് ഇയർ പുരസ്കാരം നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.  ‘ബൗൺസ് ഫോർവേർഡ്; ഹൗ ടു ട്രാൻസ്‌ഫോം ക്രൈസിസ് ഇൻ ടു സക്‌സസ്’ എന്ന  ബെസ്റ്റ് സെല്ലറടക്കം 7 പുസ്തകങ്ങൾ കാതോൺ രചിച്ചു. എമേലിയ, എബോണി, ജേക്കബ് എന്നിങ്ങനെ 3 മക്കളുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com