ADVERTISEMENT
soho-china-zhang-zin-corporate-summit
ഷാങ് സിൻ

ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ് നഗരത്തിലൂടെ യാത്ര ചെയ്യുന്ന ഏതൊരു സഞ്ചാരിയേയും അദ്ഭുതപ്പെടുത്തുന്ന കാഴ്ചകളാണ് ആധുനിക വാസ്തുശിൽപ ചാതുര്യത്തിന്റെ മകുടോദാഹരണങ്ങളായ മഹാസൗധങ്ങൾ. ബെയ്ജിങ്ങിനെ ലോകത്തെതന്നെ ഏറ്റവും മികച്ച ഒരു മനോഹര നഗരമാക്കുന്നതിൽ മുഖ്യപങ്കു വഹിച്ച വ്യക്തിയാണ് സോഹോ ചൈന എന്ന റിയൽ എസ്റ്റേറ്റ് കമ്പനിയുടെ സഹസ്ഥാപകയും സിഇഒയുമായ ഷാങ് സിൻ (Zhang Xin). സ്വപ്രയത്നത്താൽ സഹസ്രകോടിപതികളായ ലോകത്തെ വനിതകളിൽ സമ്പത്തിന്റെ അടിസ്ഥാനത്തിൽ അഞ്ചാം സ്ഥാനത്താണ് ഷാങ് സിൻ. ഈ ഉന്നതമായ നേട്ടം കൈവരിച്ചതാകട്ടെ വളരെ ചെറിയ കാലയളവിനുള്ളിലും.

soho-china-zhang-zin-meet-the-press
ഷാങ് സിൻ

‘ബെയ്ജിങ്ങിനെ സൃഷ്ടിച്ച വനിത’ എന്നറിയപ്പെടുന്ന ഷാങ് സിൻ 1965 ലാണ് ജനിച്ചത്. ചൈനയിൽ സാംസ്കാരിക വിപ്ലവം നടക്കുന്ന കാലത്ത് വളരെ ദരിദ്രമായ ജീവിത സാഹചര്യത്തിലാണ് അവൾ വളർന്നത്. മെച്ചപ്പെട്ട ജീവിതസാഹചര്യം തേടി 1980ൽ അവളുടെ കുടുംബം ഹോങ്കോങ്ങിലേക്ക് പലായനം ചെയ്തു. ഉന്നത വിദ്യാഭ്യാസം നേടണമെന്നു തീവ്രമായി ആഗ്രഹിച്ചിരുന്ന പതിനഞ്ചുകാരിയായ ഷാങ് അതിനായുള്ള ധനസമാഹരണത്തിനായി ഒരു ടെക്സ്റ്റൈൽ ഫാക്ടറിയിൽ ജോലി നേടി. പരിമിതമായ വരുമാനത്തിൽ ദിവസേന 12 മണിക്കൂർ വീതം 5 വർഷത്തോളം ജോലിയെടുത്തു. കഷ്ടപ്പെട്ടു സമ്പാദിച്ച മൂവായിരം പൗണ്ടുമായി പഠിക്കാനായി ലണ്ടനിലെത്തി. ഇംഗ്ലിഷ് ഭാഷ വഴങ്ങാത്തത് ഒരു വെല്ലുവിളിയായി. കഠിനാധ്വാനത്താൽ ഇംഗ്ലിഷ് ഭാഷ പഠിച്ചെടുത്തു. ഒരു ചൈനക്കാരൻ നടത്തിയിരുന്ന ‘ഫിഷ് ആൻഡ് ചിപ്പ്സ്’ കടയിൽ ജോലി ചെയ്തു സമ്പാദിച്ച പണവുമായി സസക്സ് സർവകലാശാലയിൽ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദ പഠനത്തിനായി ചേർന്നു. സ്കോളർഷിപ്പോടെ ഉന്നത വിജയം നേടിയ ഷാങ് കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്നും ഡെവലപ്മെന്റ് ഇക്കണോമിക്സിൽ മാസ്റ്റർ ബിരുദവും നേടി.

soho-china-zhang-zin-investor-meet
ഷാങ് സിൻ

പതിനഞ്ചു വർഷങ്ങൾക്കു ശേഷം ചൈനയിൽ തിരിച്ചെത്തിയ ഷാങ് കണ്ടത് സ്വകാര്യ സംരംഭകർക്കായി അവസരങ്ങൾ തുറന്നുകൊടുത്തിരിക്കുന്ന പുതിയ ചൈനയെ ആണ്. ചെറുകിട നിർമാണ ജോലികൾ ചെയ്തിരുന്ന പാൻ ഷിയിയുമായുണ്ടായ പരിചയം വിവാഹത്തിൽ കലാശിച്ചു. ഈ ദമ്പതികൾ ഒരുമിച്ച് 1995 ലാണ് ‘സോഹോ ചൈന’യ്ക്കു തുടക്കം കുറിച്ചത്. പത്തു വർഷങ്ങൾക്കുള്ളിൽ ചൈനയിലെ ഏറ്റവും വലിയ പ്രോപ്പർട്ടി ഡെവലപ്പറായി സോഹോ ചൈന. ലോകോത്തര വാസ്തുശിൽപ വിദഗ്ധരെ ചൈനയിൽ എത്തിച്ച് അവരുടെ കഴിവുകളെ ഫലപ്രദമായി വിനിയോഗിക്കുന്നതിൽ ഷാങ് സ്വീകരിച്ച നിലപാടുകളാണ് കമ്പനി വളരാൻ സഹായകമായത്. ലോകപ്രശസ്ത ആർക്കിടെക്ട് സാഹാ ഹദീദ് 14 വർഷക്കാലം സോഹോ ചൈനയിൽ സേവനം അനുഷ്ഠിച്ചു.

ഉരുക്കു വനിത എന്നറിയപ്പെട്ടിരുന്ന ബ്രിട്ടിഷ് പ്രധാനമന്ത്രി മാർഗരറ്റ് താച്ചറെ തന്റെ റോൾ മോഡലായി കരുതുന്ന ഷാങ് സിൻ 2005ൽ സന്നദ്ധ സേവന പ്രവർത്തനങ്ങള്‍ക്കായി സോഹോ ചൈനാ ഫൗണ്ടേഷൻ ആരംഭിച്ചു. മികച്ച വിദ്യാഭ്യാസം നേടുന്നവർക്കേ രാജ്യത്ത് മാറ്റങ്ങൾ വരുത്താനാവൂ എന്ന് വിശ്വസിക്കുന്ന ഷാങ് നൂറുകണക്കിനു വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് നൽകി ഉന്നത വിദേശ സർവകലാശാലകളിൽ പഠിപ്പിക്കുന്നത്. ഇതിനോടകം അഞ്ചരക്കോടി ചതുരശ്ര അടി കെട്ടിട നിർമാണം പൂർത്തീകരിച്ച സോഹോ ചൈന അമേരിക്കയിലേക്കും ലോകത്തെ മറ്റു പ്രദേശങ്ങളിലേക്കും പ്രവർത്തന മേഖല വ്യാപിപ്പിച്ചുകഴിഞ്ഞു. ‘‘എനിക്കു നേടാനായ വിദ്യാഭ്യാസമാണ് ആത്മവിശ്വാസത്തോടെയും ഇച്ഛാശക്തിയോടെയും പ്രവർത്തിക്കാൻ എന്നെ പ്രാപ്തമാക്കിയത്’’ ഷാങ് സിൻ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com