ADVERTISEMENT

പഠനത്തിൽ ഇന്ത്യയെ വിസ്മയിപ്പിച്ച്, വലിയ വലിയ പരീക്ഷകളെല്ലാം വളരെ ചെറുപ്പത്തിൽ ജയിച്ചു കയറിയ രണ്ടു സഹോദരങ്ങളെക്കുറിച്ചു കേട്ടിട്ടുണ്ടോ? അവരാണ് ഹൈദരാബാദ് സ്വദേശികളായ നൈന ജയ്സ്വാളും അനുജൻ അഗസ്ത്യ ജയ്സ്വാളും. സ്കൂളിൽ പോലും പോകാതെയാണ് ഇവർ ഈ നേട്ടമെല്ലാം സ്വന്തമാക്കിയത്. 

നന്നായി പഠിക്കുകയും നന്നായി കളിക്കുകയും ചെയ്യുന്ന കൊച്ചുമിടുക്കിയാണു നൈന ജയ്സ്വാൾ. സമപ്രായക്കാർ പത്താം ക്ലാസ് പരീക്ഷയ്ക്കു കുത്തിയിരുന്നു പഠിക്കുമ്പോൾ, ബിരുദാനന്തര ബിരുദം മികച്ച മാർക്ക് നേടി ജയിച്ച് അടുത്ത കോഴ്സിനു തയാറെടുക്കുകയായിരുന്നു നൈന. 

ഇത്ര കുറഞ്ഞ പ്രായത്തിൽ ബിരുദാനന്തര ബിരുദം നേടുന്ന ഏഷ്യയിലെത്തന്നെ ആദ്യ വിദ്യാർഥിയുമായി ഇതോടെ അവൾ. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണു നൈന പത്താം ക്ലാസ് പരീക്ഷ പാസായത്. 13ാം വയസിൽ ജേണലിസത്തിൽ ബിരുദം. 15ാം വയസിൽ ആരെയും വിസ്മയിപ്പിച്ച് ഉസ്മാനിയ സർവകലാശാലയിൽ നിന്നു പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദവും നേടി. അവിടെയും തീരാതെ, ഈ കുട്ടിപ്രതിഭ കുറഞ്ഞ പ്രായത്തിൽ പിഎച്ച്ഡി വിദ്യാർഥിയാകുകയും ചെയ്തു. അതു മാത്രമല്ല ഒട്ടേറെ ദേശീയ, രാജ്യാന്തര ടേബിൾ ടെന്നിസ് മത്സരങ്ങളിൽ തിളങ്ങുന്ന വിജയവും നൈന സ്വന്തമാക്കിയിട്ടുണ്ട്. അനുജൻ അഗസ്ത്യയും പത്താം ക്ലാസ് പാസായത് എട്ടാം വയസിൽ തന്നെ. പത്താം വയസിൽ പ്ലസ്ടുവും. 

പ്രാഥമിക വിദ്യാഭ്യാസത്തിനായി നൈനയും അഗസ്ത്യയും സ്കൂളിൽ പോയിട്ടില്ല. അമ്മ ഭാഗ്യലക്ഷ്മി തന്നെയായിരുന്നു അവരുടെ അധ്യാപിക. അഞ്ചാം വയസ്സു മുതൽ ഭാഷയും കണക്കും ശാസ്ത്രവും എല്ലാം അമ്മ തന്നെ അവരെ പഠിപ്പിച്ചു. കൂട്ടത്തിൽ പത്രവായനയും. നൈനയ്ക്ക് 8 വയസ്സായപ്പോൾ അവളെ നേരിട്ടു പത്താം ക്ലാസ് പരീക്ഷ എഴുതിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് ആന്ധ്രയിലെ പരീക്ഷാ ബോർഡിനെ സമീപിച്ചു. എന്നാൽ അവർ അതു നിഷേധിക്കുകയാണ് ചെയ്തത്. ഇതോടെ അദ്ദേഹം ഇംഗ്ലണ്ടിലെ കേംബ്രിജ് സർവകലാശാലയുടെ ഭാഗമായ ഇന്റർനാഷനൽ ജനറൽ സർട്ടിഫിക്കറ്റ് ഓഫ് സെക്കൻഡറി എജ്യുക്കേഷനെ ഈ ആവശ്യവുമായി സമീപിച്ചു. അവരുടെ ചെന്നൈ യൂണിറ്റ് ഇടപെട്ടാണ് ഒടുവിൽ നൈന പത്താംക്ലാസ് പരീക്ഷയ്ക്കു തതുല്യമായ പരീക്ഷ എഴുതിയത്. ലോകത്ത് ഒട്ടേറെ ഇൻസ്റ്റ്യൂഷനുകൾ ഈ സർട്ടിഫിക്കറ്റ് അംഗീകരിച്ചിട്ടുണ്ടെങ്കിലും നൈന ഉപരിപഠനത്തിനു തിരഞ്ഞെടുത്തത് ഇന്ത്യ തന്നെയായിരുന്നു. എന്നാൽ അഗസ്ത്യയുടെ ഊഴമെത്തിയപ്പോൾ ഈ ബുദ്ധിമുട്ടുകളൊന്നും ഉണ്ടായില്ല. ആന്ധ്രയിലെ ബോർഡ് പരീക്ഷയിലൂടെ തന്നെ അവൻ പത്താം ക്ലാസ് ജയിച്ചുകയറി. 

ഒളിംപിക്സിൽ ടേബിൾ ടെന്നിസ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കണമെന്നാണ് നൈനയുടെ സ്വപ്നം. കൊച്ചുകൂട്ടുകാർക്കു പ്രചോദനമായി നൈനയും അഗസ്ത്യയും ഇപ്പോൾ ഇന്ത്യയിൽ പലയിടത്തും സഞ്ചരിച്ച് തങ്ങളുടെ വിജയകഥകൾ പങ്കുവയ്ക്കുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com