sections
MORE

ദാരിദ്ര്യം നിറഞ്ഞ ബാല്യം, പണത്തിനായി രക്തം പോലും വിറ്റു; ഇന്ന് അതിസമ്പന്നൻ

Howard-Schultz
SHARE

മുപ്പതിനായിരത്തിലേറെ ഷോപ്പുകളുമായി ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന സ്റ്റാർബക്ക്സ് കാപ്പിപ്രേമികളുടെ ഇഷ്ട സന്ദർശന കേന്ദ്രമാണ്. രുചിവൈവിധ്യം കൊണ്ടും മുന്തിയ നിലവാരമുള്ള ഉപഭോക്തൃ പരിചരണത്താലും ലോകോത്തര ബ്രാൻഡായി മാറിയ സ്റ്റാർബക്ക്സ് ടാറ്റയുടെ സഹസംരംഭമായി ഇന്ത്യയിലെ വിവിധ പട്ടണങ്ങളിലും പ്രവർത്തിക്കുന്നു. അസാധ്യമെന്ന് ഏവരും പറഞ്ഞുതള്ളിയ ഒരു ആശയത്തെ ഒരു പോരാളിയുടെ മനസോടെ ലോകോത്തര വിജയത്തിലെത്തിച്ച ഹോവാർഡ് ഷുൾസ് എന്ന പരിശ്രമശാലിയുടെ കഥയാണു സ്റ്റാർബക്ക്സിന്റെ രസക്കൂട്ട്.

ഹൈസ്കൂൾ വിദ്യാഭ്യാസം പോലും നേടാത്ത ഒരു ട്രക്ക് ഡ്രൈവറുടെ മകനായി 1953ൽ ബ്രൂക്ക്‌ലിനിൽ ജനിച്ച ഷുൾസിന്റെ ബാല്യകാലം ദുരിതം നിറഞ്ഞതായിരുന്നു. അമ്മയുടെ  പ്രോൽസാഹനത്താൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ച് അരിസോണ സർവകലാശാലയിൽ ബിരുദപഠനത്തിനായി ചേർന്നു. പഠനകാലത്ത് വിവിധ തൊഴിലുകളിലേർപ്പെട്ടാണു ഷുൾസ് പണം കണ്ടെത്തിയത്. പണത്തിന് അത്യാവശ്യം നേരിട്ട ചില അവസരങ്ങളിൽ സ്വന്തം രക്തം വിൽക്കേണ്ടി വന്നിട്ടുള്ളതായും ഷുൾസ് പറയുന്നു. ക്ലേശകരമായ ജീവിതാനുഭവങ്ങൾ ഭാവിയിൽ എന്ത് വെല്ലുവിളികളും നേരിടാനുള്ള കരുത്താണു ഷുൾസിനു പകർന്നുകൊടുത്തത്. 

ബിരുദമെടുത്തതിനു ശേഷം കിടമത്സരം അതിജീവിക്കാൻ കഴിയുന്നവർക്കു മാത്രം പിടിച്ചുനിൽക്കാനാവുന്ന മാർക്കറ്റിങ് മേഖലയിലാണ് ഷുൾസ് തൊഴിൽ തേടിയത്. മൂന്നു വർഷം സെറോക്സ് കമ്പനിയിൽ സെയിൽസ് മാനേജരായി. പിന്നീട് ഗൃഹോപകരണങ്ങൾ വിൽക്കുന്ന സ്വീഡിഷ് കമ്പനിയായ ഹമാമാപ്ലാസ്റ്റിൽ ചേർന്നു. കമ്പനിയുടെ ഉൽപന്നമായ കോഫി ഗ്രൈൻഡർ വിൽക്കുന്നതുമായി ബന്ധപ്പെട്ടാണു സ്റ്റാർബക്ക്സ് എന്ന കോഫി ഷോപ്പ് ഉടമകളെ പരിചയപ്പെടുന്നത്. മുന്തിയ ഇനം കാപ്പിപ്പൊടികൾ വിറ്റിരുന്ന സ്റ്റാർബക്ക്സിന്റെ ഉൽപന്നങ്ങളുടെ മേന്മ ഷുൾസിനു നന്നേ ഇഷ്ടപ്പെട്ടു. ഇതിന്റെ വൻ വിപണന സാധ്യത തിരിച്ചറിഞ്ഞ ഷുൾസ് സ്റ്റാർബക്ക്സിൽ ബിസിനസ് മാനേജരായി ചേർന്നു. നിലവിലുണ്ടായിരുന്ന നല്ല ജോലിയും വരുമാനവും ഉപേക്ഷിച്ചാണു താരതമ്യേന ചെറുതായൊരു കടയുടെ മാർക്കറ്റിങ് ജോലി സ്വയം ഏറ്റെടുത്തത്. കച്ചവടം കൂട്ടുന്നതിനായി നിരവധി ആശയങ്ങളും നിർദേശങ്ങളും ഷുൾസ് അവതരിപ്പിച്ചെങ്കിലും സ്റ്റാർബക്ക്സ് ഉടമകൾ അതു ചെവിക്കൊണ്ടില്ല. ഒരു ഇറ്റാലിയൻ സന്ദർശന വേളയിൽ കോഫി ഷോപ്പുകളിൽ ജനം കൊച്ചുവർത്തമാനം പറഞ്ഞ് ആസ്വദിച്ചു കാപ്പി നുകരുന്നതു കണ്ടപ്പോൾ ഇതേ ആശയം അമേരിക്കയിൽ അവതരിപ്പിക്കാൻ ഷുൾസ് ശ്രമിച്ചു. സ്റ്റാർബക്ക്സ് ആശയത്തെ സ്വീകരിക്കാതായപ്പോൾ ജോലി ഉപേക്ഷിച്ചു സ്വന്തമായി ഒരു കോഫി ഷോപ്പ് തുടങ്ങി.

1986ൽ സിയാറ്റിൽ കേന്ദ്രമായി ഷുൾസ് തുടങ്ങിയ ‘ഇൽ ജർണ്ണാലേ’ എന്ന കോഫി ഷോപ്പ് അമേരിക്കയിൽ ഒരു പുതിയ സംസ്കാരത്തിനു തുടക്കം കുറിച്ചു. കോഫി നുണഞ്ഞ് അറിവും ആനന്ദവും പങ്കുവയ്ക്കുന്ന സൗഹൃദ കേന്ദ്രമായി ഷുൾസിന്റെ ഷോപ്പ് മാറി. ഒരു വർഷത്തിനു ശേഷം താൻ തൊഴിലെടുത്തിരുന്ന സ്റ്റാർബക്ക്സ് ഷുൾസ് വിലയ്ക്കു വാങ്ങി. അതോടെ സ്റ്റാർബക്ക്സിന്റെ വളർച്ചയുടെ കാലവും തുടങ്ങി. 1987ൽ ആറു ഷോപ്പുകളും 100 ജോലിക്കാരുമായി ഷുൾസ് തുടക്കമിട്ട സംരംഭം 10 വർഷത്തിനുള്ളിൽ 1300 ഷോപ്പുകളും 25,000 ജോലിക്കാരുമായി വളർന്നു. അമേരിക്കയിലെ അതിസമ്പന്നനായി വളർന്ന ഷുൾസിന്റെ ആശയവിനിമയ പാടവവും റിസ്ക്കെടുക്കാനുള്ള ധൈര്യവും ആത്മവിശ്വാസവുമാണ് വിജയത്തിലെത്തിച്ചത്. ആദ്യത്തെ കട തുടങ്ങാനുള്ള പണം കണ്ടെത്താനായി 242 പേരെ സമീപിച്ചെങ്കിലും അവരിൽ 217 പേരും ഷുൾസിന്റെ ആശയത്തെ പുച്ഛിച്ചു തള്ളുകയാണുണ്ടായത്. പക്ഷേ ഷുൾസ് തളർന്നില്ല. വിജയം വരെ പൊരുതാനുള്ള മനസ് ഒരു പ്രതിസന്ധിയിലും തളരാതെ മുന്നേറാൻ ഷുൾസിനു സഹായകമായി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
FROM ONMANORAMA