ADVERTISEMENT

എൻജിനീയറിങ് പഠനം ചില്ലറ കാര്യമല്ലെന്ന് അതു പഠിച്ചിറങ്ങിയവർക്ക് അറിയാം. ഇന്ത്യയിലെ തന്നെ എണ്ണം പറഞ്ഞ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ഐഐടികളിൽ നിന്നാണെങ്കിൽ പിന്നെ പറയാനുമില്ല. നന്നായി പഠിക്കുന്ന കുട്ടികളാണ് ഐഐടികളിൽ പ്രവേശനം നേടാറുള്ളത്. എന്നാൽ ഇവർ പോലും ഒന്നു വിയർക്കും ഐഐടിയിൽ നിന്നു വിജയകരമായി പഠിച്ചിറങ്ങാൻ. എന്നാൽ ഐഐടി പഠനത്തോടൊപ്പം സിവിൽ സർവീസ് പരീക്ഷയ്ക്കും പഠിച്ച് ഇരുപത്തിരണ്ടാം വയസ്സിന്റെ ചെറുപ്പത്തിൽ ഇതു രണ്ടും വിജയിച്ച ഒരു മിടുമിടുക്കന്റെ കഥ കേൾക്കാം. സിവിൽ സർവീസ് പരീക്ഷയ്ക്ക് ആദ്യ അവസരത്തിൽ തന്നെ 144-ാം റാങ്ക് നേടിയാണ് ഇഷാൻ പ്രതാപ് സിങ് എന്ന ഐഐടിക്കാരൻ  സിവിൽ സർവീസിലേക്കു ചുവട് വച്ചത്. 

ഐപിഎസ് ഉദ്യോഗസ്ഥനായ പിതാവിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് എൻജിനീയറിങ്ങിന്റെ അവസാന വർഷമായ 2013 ലാണ് ഇഷാൻ സിവിൽ സർവീസിന് പഠിച്ചു തുടങ്ങിയത്. സിവിൽ സർവീസിലേക്കുള്ള ഇഷാന്റെ അതിശയിപ്പിക്കുന്ന പ്രയാണം ഇങ്ങനെ:

2013 മെയിൽ തുടക്കം
2014 ഓഗസ്റ്റിലെ പ്രിലിമിനറി പരീക്ഷയ്ക്കായി 2013 മെയിൽ തയ്യാറെടുപ്പ് ആരംഭിച്ചു. ഐഐടിയിലെ ക്ലാസുകൾ നഷ്ടമാകാതിരിക്കാൻ ഒഴിവു സമയം മുഴുവൻ യുപിഎസ്‌സി പരീക്ഷാ പരിശീലനത്തിനായി മാറ്റി വച്ചു. രാവിലെ ഏഴു മണിക്ക് ഇഷാന്റെ ദിവസം ആരംഭിക്കും. ഐഐടിയിലെ ആദ്യ ക്ലാസ് 9 മണിക്ക് ആരംഭിക്കും. സൗത്ത് ഡൽഹിയിലെ വീട്ടിൽ നിന്നും നോർത്ത് ഡൽഹിയിലെ ക്യാംപസിലേക്കുള്ള ഒരു മണിക്കൂർ യാത്രാ സമയമത്രയും യുപിഎസ്‌സി പഠനത്തിലേർപ്പെടും. ചിലപ്പോൾ 3 മണി വരെയും ചിലപ്പോൾ 5 മണി വരെയും കോളജിൽ ക്ലാസുണ്ടാകും. ഇതിനു ശേഷം കോച്ചിങ് ക്ലാസുകളൊക്കെ കഴിഞ്ഞ് എട്ടാകും വീട്ടിലെത്താൻ. രാത്രി ഭക്ഷണത്തിനു ശേഷം 3 മണിക്കൂർ വീണ്ടും യുപിഎസ്‌സി  പഠനം.

വാരാന്ത്യങ്ങളിൽ പരീക്ഷയെക്കുറിച്ച് ഉൾക്കാഴ്ച നൽകുന്ന പുസ്തകങ്ങൾ വായിച്ചു. ഇതു വഴി വായന ശീലമാക്കി. വായിക്കുന്ന പത്രങ്ങളിൽ നിന്നും ലേഖനങ്ങളിൽ നിന്നും പുസ്തകങ്ങളിൽ നിന്നും നോട്ട് കുറിച്ചെടുത്തു.

പൊളിറ്റിക്സ്, ചരിത്രം, സോഷ്യോളജി എന്നിവയിൽ ധാരണയുണ്ടാക്കുന്നതിന് അടിസ്ഥാന പുസ്നകങ്ങൾ ഇക്കാലയളവിൽ വായിച്ചു തുടങ്ങി. സോഷ്യോളജി വായിച്ചപ്പോഴുണ്ടായ താത്പര്യം മൂലം അതു സിവിൽ സർവീസ് പരീക്ഷയിലെ ഓപ്ഷണൽ വിഷയമായി തിരഞ്ഞെടുത്തു.

പഠിച്ചു തുടങ്ങുമ്പോൾ വായിക്കേണ്ട അടിസ്ഥാന പുസ്തകങ്ങൾ ഏതെല്ലാമാണെന്നു തീരുമാനിച്ചത് ഓൺലൈൻ ഗവേഷണത്തിലൂടെയാണ്. മുൻപു സിവിൽ സർവീസിൽ റാങ്ക് നേടിയവർ അവരുടെ ബ്ലോഗുകളിൽ വായിച്ചിരിക്കേണ്ട കാര്യങ്ങളെ കുറിച്ച് എഴുതിയിരുന്നത് സഹായകമായി. നാലഞ്ച് ബ്ലോഗുകളിലൂടെ ഓട്ടപ്രദക്ഷിണം നടത്തിയാൽ വായിക്കേണ്ട വസ്തുക്കളുടെ പട്ടിക തയ്യാറാകുമെന്നാണ് ഇഷാന്റെ പക്ഷം. നാഷണൽ ബുക്ക് ട്രസ്റ്റിന്റെ ആർക്കൈവിൽ ചെന്നാൽ 30 ഉം 40ഉം രൂപയ്ക്ക് അമൂല്യമായ പുസ്തകങ്ങൾ ലഭിക്കുമെന്നും ഇഷാൻ പറയുന്നു.

വായനയോട് വായന
തയ്യാറെടുപ്പുകളെ കുറിച്ചുള്ള ബ്ലോഗുകളും മറ്റുമായി അടിസ്ഥാന വിവരശേഖരണത്തിന് ഒരു മാസം വിനിയോഗിച്ചു. 2013 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ പരന്ന വായനയിലേക്കു പ്രവേശിച്ചു.

ചില സമയത്തു കോളജും സിവിൽ സർവീസ് പഠനവുമെല്ലാം ഒരുമിച്ചു കൊണ്ടുപോകാൻ നന്നായി ബുദ്ധിമുട്ടി. മാനസിക പിരിമുറുക്കം വരുമ്പോൾ കഥകളും മറ്റും വായിച്ചു മനസ്സിന് ഉല്ലാസമേകി. സുഹൃത്തുക്കളെ കാണാനും നടക്കാനും എന്തെങ്കിലും വ്യായാമം ചെയ്യാനും ഇഷാൻ സമയം കണ്ടെത്തി. സെപ്റ്റംബർ, ഒക്ടോബർ മാസത്തോടെ പ്രിലിമിനറി പരീക്ഷയുടെ മോക്ക് ടെസ്റ്റുകൾ ചെയ്യാൻ തുടങ്ങി.

പ്രിലിമിനറി പാസ്സാകുമെന്ന് ഉറപ്പുള്ള ഒരു ഘട്ടമെത്തിയാൽ പിന്നെ അൽപാൽപമായി ഓപ്ഷണൽ വിഷയത്തിൽ ശ്രദ്ധിച്ചു തുടങ്ങണമെന്ന് ഇഷാൻ പറയുന്നു. മുൻപു പഠിച്ചിട്ടില്ലാത്ത വിഷയമാണ് ഓപ്ഷണലായി എടുക്കുന്നതെങ്കിൽ അതു പഠിച്ചു തുടങ്ങാനുള്ള നേരമാണ് ഇത്.

തയ്യാറെടുപ്പിന്റെ ആദ്യ പകുതി പിന്നിട്ടു കഴിഞ്ഞപ്പോൾ മെയിൻ പരീക്ഷയ്ക്കായി ഇഷാൻ പഠിക്കാൻ തുടങ്ങി. ഒപ്പം എല്ലാ ആഴ്ചയും പ്രിലിമിനറി പരീക്ഷയെഴുതി നോക്കി ശക്തി, ദൗർബല്യങ്ങൾ മനസ്സിലാക്കി ആവശ്യമായ മാറ്റങ്ങൾ വരുത്തി.

അറിവിന്റെ ചക്രവാളം വികസിപ്പിക്കുക
ഓരോ വിഷയവും ജയിക്കാനാകുമെന്ന ആത്മവിശ്വാസം വന്നു കഴിഞ്ഞാൽ പിന്നെ മെയിൻ പരീക്ഷയിൽ ഉൾപ്പെട്ട വിഷയങ്ങളിൽ നിങ്ങളുടെ അറിവിന്റെ ചക്രവാളം വികസിപ്പിക്കാനായി വായിക്കണമെന്ന് ഇഷാൻ പറയുന്നു."ഓപ്ഷണൽ വിഷയത്തിൽ അൽപം ആഴത്തിൽ പഠിക്കണം. മെയിൻ വിഷയങ്ങളിലെ ചോദ്യങ്ങൾക്കുള്ള ഉത്തരം എഴുതി നോക്കണം. പക്ഷേ ഇത് അമിതമാക്കരുത്, " ഇഷാൻ പറയുന്നു.

ഓരോ മനുഷ്യരും വ്യത്യസ്തരാണെന്നും അതിനാൽ തന്റെ മാർഗ്ഗം അന്ധമായി പിന്തുടരാതെ അവനവന്റെ സൗകര്യം അനുസരിച്ചുള്ള പഠനരീതി  കണ്ടെത്തണമെന്നും ഇഷാൻ ഓർമ്മിപ്പിക്കുന്നു.

2014ൽ 144-ാം റാങ്ക് കിട്ടിയ ഇഷാന് ഐപിഎസാണ് അനുവദിക്കപ്പെട്ടത്. അടുത്ത വർഷം വീണ്ടും എഴുതിയെങ്കിലും 201-ാം റാങ്കാണ് കിട്ടിയത്. തൊട്ടടുത്ത വർഷം 29-ാം റാങ്കോടെ ഐഎഎസ് സ്വപ്നം പൂർത്തീകരിച്ചു. ഉത്തർപ്രദേശിലെ ഫറൂഖാബാദിലുള്ള ജോയിന്റ് മജിസ്ട്രേറ്റ് ഓഫീസിലാണ് ഈ ഐഎഎസുകാരൻ ജോലി ചെയ്യുന്നത്.

സിവിൽ സർവീസ് പഠനത്തിന് ഇഷാൻ  ശുപാർശ ചെയ്യുന്ന ചില പുസ്തകങ്ങൾ:

– Difficulty of Being Good- Gurcharan Das 

– Our Constitution, Our Parliament and Our Political System– Dr Subhash C Kashyap 

– The Burden of Democracy- Pratap Bhanu Mehta 

– Justice- Michael J Sandel 

– Mastering Modern World History- Norman Lowe. 

– Freedom At Midnight- Dominique Lapierre and Larry Collins 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com