കോടീശ്വരൻ, പക്ഷേ ലോക്കൽ ഹോട്ടലിൽ താമസം, ഇക്കോണമി ക്ലാസിൽ സഞ്ചാരം! വ്യത്യസ്തനാണ് അസിം പ്രേംജി

azim-premji
SHARE

‘‘ഹൈലി പ്രഫഷനൽ ആൻഡ് ഹമ്പിൾ മാൻ’’ അസിം പ്രേംജിയെ പറ്റി ഇൻഫോസിസ് മുൻ ചെയർമാൻ എൻ. ആർ. നാരായണ മൂർത്തിയുടെ വാക്കുകളാണിത്. ലാളിത്യത്തിന്റെ പ്രതീകമായ അസിം പ്രേംജി വിപ്രോയുടെ എക്സിക്യൂട്ടീവ് ചെയർമാൻ സ്ഥാനത്തു നിന്ന് വിരമിച്ചു. വിപ്രോ സ്ഥാപകനായ അദ്ദേഹം 53 വർഷം കമ്പനിയെ നയിച്ച ശേഷമാണ് വിരമിച്ചത്. വിപ്രോയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ നോൺ എക്സിക്യൂട്ടീവ് ഡയറക്ടറും സ്ഥാപക ചെയർമാനുമായി അദ്ദേഹം തുടരുമെന്ന് കമ്പനി അറിയിച്ചു. അസിം പ്രേംജിയുടെ മകൻ റിഷാദ് പ്രേംജിയാകും വിപ്രോയുടെ പുതിയ ചെയർമാൻ. നിലവിൽ കമ്പനിയുടെ ഡയറക്ടറും ചീഫ് സ്ട്രാറ്റജി ഓഫിസറുമാണ്. 

ലാളിത്യത്തിന്റെ പ്രതീകം

അമേരിക്കയിലെ സ്‌റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിൽനിന്ന് എൻജിനീയറിങ്ങിൽ ബിരുദമെടുത്ത പ്രേംജി, ബിസിനസ് രംഗത്തേക്കു കടന്നുവന്നതു പിതാവിന്റെ ആകസ്‌മിക നിര്യാണം നിമിത്തമാണ്. അരനൂറ്റാണ്ടു കൊണ്ട് അതിവിപുലമായ ഒരു ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുവാൻ കഴിഞ്ഞു. സോപ്പുമുതൽ സോഫ്റ്റ്‌വെയർവരെ വൈവിധ്യമാർന്ന മേഖലകളിൽ വിപ്രോ കടന്നെത്തിയിരിക്കുന്നു. നേട്ടത്തെപ്പറ്റി അദ്ദേഹം പറയുന്നത്: ‘‘ഞാൻ വിയർപ്പൊഴുക്കി കെട്ടിപ്പടുത്തതല്ല വിപ്രോ. പിന്നെയോ, എന്റെ സഹപ്രവർത്തകരുടെയും ജോലിക്കാരുടെയും പ്രയത്നഫലത്താലാണ്.’’

അദ്ദേഹത്തിന്റെ ജീവിതശൈലി ശ്രദ്ധേയമാണ്. അസിം പ്രേംജിക്ക് ഉറങ്ങാൻ പഞ്ചനക്ഷത്ര ഹോട്ടൽ വേണമെന്നു ധരിക്കുന്നവർക്കു തെറ്റി. നല്ല ആഹാരവും പരിചരണവും കിട്ടുന്ന ഏതു ഹോട്ടലിലും അദ്ദേഹം താമസിക്കും. പണം ധാരാളമുള്ളതുകൊണ്ടു ഹോട്ടൽ ബിൽ നോക്കാതെ പണം നൽകുന്ന ശീലവും അദ്ദേഹത്തിനില്ല. ബില്ല് കിട്ടിയാൽ വിപ്രോയിലെ ജൂനിയർ എൻജിനീയർമാർ പോലും ചെയ്യാത്ത കാര്യം അദ്ദേഹം ചെയ്യും. ഓരോന്നും കണക്കുകൂട്ടി ശരിയാണോയെന്നു നോക്കും. ഇവിടെ വില കൂടുതലാണെന്നു പറയാനും അധികം താമസമുണ്ടാകില്ല. ടിവി ക്യാമറകൾക്കു മുന്നിൽ ഇത്രയും നാണമുള്ള ചെയർമാൻ ഉണ്ടാകില്ലെന്നാണു ചാനലുകൾ പറയുന്നത്. വിമാനത്തിൽ ഇക്കോണമി ക്ലാസിൽ മാത്രമേ സഞ്ചരിക്കയുള്ളൂ. വിപ്രോ ജീവനക്കാർക്കും സുഹൃത്തുക്കൾക്കും എപ്പോൾ വേണമെങ്കിലും അദ്ദേഹത്തിന്റെ മുറിയിലേക്കു കടന്നുചെല്ലാം. 

‘‘എന്റെ പിതാവിൽനിന്നു ഞാൻ പഠിച്ച വലിയ പാഠം എല്ലാ കാര്യങ്ങളിലും ആർജവത്വവും സുതാര്യതയും പുലർത്തുക എന്നതാണ്.’ മൂല്യങ്ങൾ മുറുകെപ്പിടിക്കുന്നതിന്റെ ഫലമായി വ്യാപാരബന്ധുക്കളെ നേടാനല്ലാതെ നഷ്‌ടപ്പെടാൻ ഇടവന്നിട്ടില്ല’’ പ്രേംജി പറയുന്നു.

തന്റെ ജീവനക്കാരിൽനിന്നു സത്യസന്ധത അദ്ദേഹം പ്രതീക്ഷിക്കുന്നു. ഒരിക്കൽ ഒരു ജീവനക്കാരൻ തീവണ്ടിയിൽ സെക്കൻഡ് ക്ലാസിൽ യാത്രചെയ്‌തശേഷം ഫസ്‌റ്റ് ക്ലാസിന്റെ ബിൽ നൽകി. ഇതേപ്പറ്റി പ്രേംജി അറിഞ്ഞപ്പോൾ അയാളെ തൽക്ഷണം ജോലിയിൽനിന്നു പിരിച്ചുവിട്ടു. എന്നാൽ അയാൾ തൊഴിലാളി യൂണിയൻ നേതാവായിരുന്നതിനാൽ മുംബൈ ഓഫിസിലെ ജോലിക്കാരെ സംഘടിപ്പിച്ച് സമരവും മറ്റു സന്നാഹങ്ങളും ഉണ്ടാക്കി. അതു രണ്ടര മാസത്തോളം നീണ്ടുനിന്നു. അദ്ദേഹം ഒട്ടും വഴങ്ങിയില്ല. സമരം തനിയെ കെട്ടടങ്ങി. ‘‘ആർജവത്വത്തെപ്പറ്റിയും സത്യസന്ധതയെപ്പറ്റിയും പറഞ്ഞതുകൊണ്ടായില്ല; അവ പ്രാവർത്തികമാക്കുകയാണാവശ്യം’’ എന്നാണ് അദ്ദേഹം പറഞ്ഞത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
FROM ONMANORAMA