അന്ന് ഫെയ്സ്ബുക്ക് ജോലി നിഷേധിച്ചു; വാശിയിൽ വാട്സാപ് തുടങ്ങി, പിന്നീട് നടന്നത് ചരിത്രം

Jan_Koum
SHARE

അമേരിക്കയിലെ സാൻഫ്രാൻസിസ്കോ, 11 വർഷം മുൻപ്. ഫെയ്സ്ബുക്കിന്റെ ആസ്ഥാനത്ത് ജോലിക്കു ശ്രമിച്ചു യാൻ കൂം എന്ന ചെറുപ്പക്കാരൻ ഇന്റർവ്യൂ ബോർഡിനു മുന്നിൽ ഇരുന്നു. എന്താണു കാരണമെന്നറിയില്ല, ജോലി ലഭിച്ചില്ല. സങ്കടം തോന്നിയെങ്കിലും തോൽക്കാൻ ആ യുവാവു തയാറല്ലായിരുന്നു. 2014 ഫെബ്രുവരിയിൽ വാട്സാപ്പിനെ സ്വന്ത മാക്കിക്കൊണ്ടു ടെക്നോളജി രംഗത്തെ ഏറ്റവും വലിയ ഏറ്റെടുക്കൽ ഫെയ്സ് ബുക്ക് നടത്തിയപ്പോൾ കാലം ഒരു മധുര പ്രതികാരം ചെയ്യുകയായിരുന്നു. 7 വർഷം മുൻപു ഫെയ്സ്ബുക്കിൽ ജോലി ലഭിക്കാതെ പുറത്തേക്കു പോയ ആ ചെറുപ്പക്കാരനായിരുന്നു വാട്സാപ്പിന്റെ സ്ഥാപകരിൽ ഒരാൾ. ഫെയ്സ്ബുക്കിന്റെ ഡയറക്ടർ ബോർഡ് അംഗമായി യാൻ കൂം മാറിയെന്നതു കാലത്തിന്റെ കാവ്യനീതി. 19 ബില്യൺ ഡോളറിനു വാട്സാപ് കൈമാറിയതോടെ ലോകത്തിലെ അതിസമ്പന്നനായി യാൻ കൂം മാറി. വിജയത്തിന്റെ ഓരോ പടവുകൾ കയറുമ്പോഴും യാൻ കൂമിന്റെ മനസ്സു ദുരിതം അനുഭവിക്കുന്നവർക്കൊപ്പമായിരുന്നു. ഒട്ടേറെ ചാരിറ്റി പ്രവർത്തനങ്ങൾക്കു യാൻ കൂം കയ്യയച്ചു സംഭാവന നൽകി. അതിന് അദ്ദേഹത്തിന്റേതായ ചില കാരണങ്ങളുണ്ട്. വിടാതെ പിൻതുടർന്ന കഠിന ദാരിദ്ര്യത്തിന്റെ ഒരു ബാല്യകാലമുണ്ടായിരുന്നു അദ്ദേഹത്തിന്. 

യുക്രെയ്നിലെ ഒരു ഉൾഗ്രാമത്തിലായിരുന്നു യാൻകൂമിന്റെ ജനനം. വൈദ്യുതി പോലുമില്ലാത്ത വീട്ടിൽ കൊടുംതണുപ്പിൽ അച്ഛനും അമ്മയും മുത്തശ്ശിയുമൊന്നിച്ചായിരുന്നു ജീവിതം. പട്ടിണി അകറ്റാനായി കുടുംബം അമേരിക്കയിലേക്കു കുടിയേറി. എന്നാൽ പിതാവിന് അവരോടൊപ്പം പോകാൻ സാധിച്ചില്ല. അദ്ദേഹം യുക്രെയ്നിൽ തുടർന്നു. പിന്നീടൊരിക്കലും കുടുംബത്തിനൊപ്പം ചേരാൻ അദ്ദേഹത്തിനായില്ല. യുക്രെയ്നിൽ വച്ചുതന്നെ അദ്ദേഹം മരിച്ചു. 

കലിഫോർണിയയിലെ മൗണ്ടൻവ്യൂവിൽ അവർക്ക് ഒരു ചെറിയ വീടു വാടകയ്ക്കു ലഭിച്ചു. കുടുംബം പുലർത്താനായി അമ്മ കുഞ്ഞുങ്ങളെ നോക്കുന്ന ജോലിക്കു പോയിത്തുടങ്ങി. അന്നന്നത്തെ അന്നത്തിനു പോലും വക കിട്ടാതായതോടെ യാൻകൂമും ജോലിക്കു പോകേണ്ടി വന്നു. സ്കൂളിൽ പോകേണ്ട പ്രായത്തിൽ കടകളുടെ തറ വൃത്തിയാക്കുന്ന ജോലിയിലായിരുന്നു യാൻ. സമപ്രായക്കാർ സ്കൂളിൽ പോകുന്നതു കൊതിയോടെ ആ ബാലൻ കണ്ടു. പഠിക്കണം. എന്ന അതിയായ ആഗ്രഹം കൊച്ചു യാനിനെ വേട്ടയാടി. ഒഴിവു സമയമില്ലാതെ ജോലിയെടുത്ത യാൻ പഠനത്തിനായി ചെറിയൊരു വിഹിതം കണ്ടെത്തി. ഹൈസ്കൂളിൽ ചേർന്നു പഠിച്ചു. 

കംപ്യൂട്ടർ പ്രോഗ്രാമിങ്ങിൽ താൽപര്യം തോന്നിയ യാൻ പുസ്തകങ്ങൾ വായിച്ചു സ്വയം പഠനം ആരംഭിച്ചു. തുടർന്നു സാൻ ഹോസെ സ്റ്റേറ്റ് സർവകലാശാലയിൽ ചേർന്നു. 

1997 ൽ യാഹുവിൽ ഇൻഫ്രാസ്ട്രക്ചർ എൻജിനീയറായി ജോലിയിൽ പ്രവേശിച്ചു. യാൻ അവിടെ 9 വർഷം ജോലി ചെയ്തു. തുടർന്നാണു ഫെയ്സ്ബുക്കിൽ ജോലിക്കു ശ്രമിക്കുന്നത്. ഇതിനിടെ കാൻസർ ബാധിച്ച് അമ്മ മരിച്ചു. തുടർന്നു മുത്തശ്ശിയും. തീർത്തും ഒറ്റപ്പെട്ടുപോയ അദ്ദേഹത്തെ ആ കാലത്തു വീഴാതെ താങ്ങി നിർത്തിയതു വാട്സാപ്പിന്റെ സഹസ്ഥാപകൻ കൂടിയായി മാറിയ ബ്രയാൻ ആക്ടെന്ന സുഹൃത്തായിരുന്നു. ബ്രയാനും യാനും യാഹുവിലെ സഹപ്രവർത്തകരായിരുന്നു.

ഐഫോണിലെ ആപ്ലിക്കേഷൻ സോഫ്റ്റ്‍വെയറുകളുടെ വിപണന സാധ്യത മനസ്സിലാക്കിയതോടെ അത്തരത്തിൽ ഒന്നു സൃഷ്ടിക്കണമെന്നു യാൻ ഉറപ്പിച്ചു. വാട്സാപ് എന്ന ആശയം മനസ്സിൽ ഒരു മരമായി വളർന്നു. പക്ഷേ, കയ്യിൽ പണം കുറവായിരുന്നു. അങ്ങനെയാണു ബ്രയാൻ ആക്ടുമായി സഹകരിക്കുന്നത്. 2009 ൽ യാനിന്റെ ജന്മദിനമായ ഫെബ്രുവരി 24 നു വാട്സാപ്പിനു തുടക്കം കുറിച്ചു. 2014 ഫെബ്രുവരിയിൽ വാട്സാപ്, ഫെയ്സ്ബുക് സ്ഥാപകനായ സക്കർബർഗിനു കൈമാറി. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ടു ഫെയ്സ്ബുക്കുമായുണ്ടായ ആശയഭിന്നതയെ തുടർന്നു 2018 –ൽ യാൻ കൂം കമ്പനിയിൽ നിന്നു ജോലി രാജിവച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ