sections
MORE

പരാജയങ്ങൾ വേട്ടയാടി, ഒടുവിൽ കിരീടം! അറിയണം സിന്ധു താണ്ടിയ കനൽവഴികൾ

PV Sindhu
SHARE

പി.വി. സിന്ധു ലോക ബാഡ്മിന്റൻ കിരീടം നേടിയപ്പോൾ ത്രില്ലടിക്കാത്തവരുണ്ടോ? ഏറ്റവും മികച്ച കരിയറുകളിലൊന്നാണ് സ്പോർട്സ്– ഏറ്റവും വെല്ലുവിളി നിറഞ്ഞതും. സ്പോർട്സ് കരിയറാക്കാമെന്നു കരുതുന്നവർ കണ്ടുപഠിക്കേണ്ട പലതും സിന്ധുവിലുണ്ട്. ലോകത്തെ പ്രമുഖ സാമ്പത്തിക പ്രസിദ്ധീകരണമായ ഫോബ്സ് മാസികയുടെ കണക്കുപ്രകാരം ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന വനിതാ കായികതാരങ്ങളുടെ പട്ടികയി‍ൽ 13–ാം സ്ഥാനത്താണു സിന്ധു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ വരുമാനം 39 കോടി രൂപ

∙ സിന്ധുവിന്റെ അച്ഛൻ പി.വി. രമണയും അമ്മ പി.വിജയയും ദേശീയ വോളിബോൾ താരങ്ങളായിരുന്നു. ചേച്ചി പി.വി. ദിവ്യ ഹാൻഡ്ബോൾ താരവും. എന്നാൽ സിന്ധു തിരഞ്ഞെടുത്തതു ബാഡ്മിന്റൻ. മകൾക്ക് ഇഷ്ടമുള്ള കായിക ഇനം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അച്ഛനമ്മമാർ നൽകി. 

∙ എട്ടാം വയസ്സിൽ തന്നെ സിന്ധു ബാഡ്മിന്റൻ കളിച്ചുതുടങ്ങി. തുടക്കത്തിൽ തന്നെ പ്രഫഷനലായി അടിസ്ഥാന പാഠങ്ങൾ പഠിച്ചതാണു പിൽക്കാല കരിയറിൽ നിർണായകമായത്. സെക്കന്തരാബാദിലെ ഇന്ത്യൻ റെയിൽവേ ഇൻസ്റ്റിറ്റ്യൂട്ടിലെ കോർട്ടിലായിരുന്നു പരിശീലനത്തുടക്കം. പിന്നീട് മുൻ ഓൾ ഇംഗ്ലണ്ട് ചാംപ്യൻ പുല്ലേല ഗോപീചന്ദിന്റെ ഹൈദരാബാദിലെ അക്കാദമിയിലെത്തി. 

∙ പുലർച്ചെ മൂന്നിന് ഏഴുന്നേറ്റ് 5–6 കിലോമീറ്റർ സഞ്ചരിച്ച് അക്കാദമിയിലെത്തി പരിശീലിക്കുകയായിരുന്നു പതിവ്. പഠനവും മറ്റും അതിനനുസരിച്ചു ചിട്ടപ്പെടുത്തി. മാതാപിതാക്കളും മകൾക്കായി ദിനചര്യകളിൽ മാറ്റം വരുത്തി. 

∙ ചെറിയ പ്രായത്തിൽ തന്നെ ഏറെ മത്സരങ്ങളിൽ പങ്കെടുത്തതു നേട്ടമായി. സ്പോൺസർമാരെ കിട്ടുന്നതിലും രാജ്യാന്തര ടൂർണമെന്റുകളിൽ അവസരം കിട്ടാനും ഇതു തുണച്ചു. 

∙ മറ്റുള്ളവരിൽനിന്നു പ്രചോദനം ഉൾക്കൊള്ളുന്നതും പിന്നീട് സ്വയം പ്രചോദനം കണ്ടെത്തുന്നതുമാണ് സിന്ധുവിന്റെ വലിയ ഗുണം. 2001ൽ പുല്ലേല ഗോപീചന്ദ് ഓൾ ഇംഗ്ലണ്ട് ഓപ്പൺ കിരീടം ചൂടിയതായിരുന്നു സിന്ധുവിന്റെ ഏറ്റവും വലിയ പ്രചോദനം. സൈന നെഹ്‌വാൾ 2012 ലണ്ടൻ ഒളിംപിക്സിൽ വെങ്കലം നേടിയതും ഏറെ പ്രചോദിപ്പിച്ചു. അടുത്ത ഒളിംപിക്സിൽ സിന്ധു വെള്ളി നേടുകയും ചെയ്തു. 

∙ തുടർച്ചയായി ഫൈനലുകളിൽ പരാജയപ്പെടുന്നതായിരുന്നു സിന്ധുവിന്റെ ഏറ്റവും വലിയ പ്രശ്നം. കളിയിലെ ടെക്നിക് മെച്ചപ്പെടുത്തിയതിനൊപ്പം സമ്മർദ ഘട്ടങ്ങളിൽ മനഃസാന്നിധ്യം നിലനിർത്താനും കൂടുതൽ ശ്രദ്ധ ചെലുത്തി. അതിന്റെ ഫലമാണ് കഴിഞ്ഞ രണ്ടു തവണ ഫൈനലിൽ തോറ്റ ലോക ചാംപ്യൻഷിപ്പിൽ ഇത്തവണ നേടിയ സ്വർണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
FROM ONMANORAMA