ADVERTISEMENT

ദുബായിലെ ജോലി വിട്ടെറിഞ്ഞ് നാട്ടിലേക്കു വിമാനം കയറാൻ അനൂപിനു പ്രേരണയായത് സർക്കാർ ജോലി എന്ന ആഗ്രഹമാണ്. അതിനായി പരിശീലനം തുടങ്ങിയ അനൂപ് ഒന്നിനു പിറകെ ഒന്നായി ഇടംപിടിച്ചത് 12 റാങ്ക് ലിസ്റ്റുകളിലാണ്. 

മലപ്പുറം ജില്ലയിലെ എൽഡി ക്ലാർക്ക്, സിവിൽ എക്സൈസ് ഒാഫിസർ, ബീറ്റ് ഫോറസ്റ്റ് ഒാഫിസർ, അസിസ്റ്റന്റ് പ്രിസൺ ഒാഫിസർ, കമ്പനി/കോർപറേഷൻ/ബോർഡ് അസിസ്റ്റന്റ്, ലാസ്റ്റ് ഗ്രേഡ്, ഫയർമാൻ തുടങ്ങി 12 പിഎസ്‌സി ലിസ്റ്റുകളിലാണ് ബികോം ബിരുദധാരിയായ അനൂപ് ഉൾപ്പെട്ടിട്ടുള്ളത്. കാസർകോട് ജില്ലയിലെ വിവാദമായ (കെഎപി–4) സിവിൽ പൊലീസ് ഒാഫിസർ റാങ്ക് ലിസ്റ്റിൽ ക്രമക്കേട് കാണിച്ചവർ പുറത്തായപ്പോൾ മാർക്ക് അടിസ്ഥാനത്തിൽ ഒന്നാമതെത്തിയത് അനൂപാണ്. ഒഎംആർ പരീക്ഷയിൽ 71 മാർക്കാണ് അനൂപിന്. ലിസ്റ്റിൽ മറ്റൊരാൾക്കുകൂടി 71 മാർക്കുണ്ടെങ്കിലും പ്രായത്തിന്റെ അടിസ്ഥാനത്തിൽ അനൂപാണ് ഒന്നാമൻ. 

നീലേശ്വരം തൈക്കടപ്പുറം കൊട്ടറച്ചാൽ വീട്ടിൽ അനൂപ് 2016 മുതൽ രണ്ടു വർഷത്തെ ചിട്ടയായ പരിശീലനത്തിനൊടുവിലാണ് പിഎസ്‌സി റാങ്ക് ലിസ്റ്റുകളിൽ ഇടംപിടിച്ചു തുടങ്ങിയത്. കാഞ്ഞങ്ങാട്ടായിരുന്നു തുടക്കം. പിന്നീടു തിരുവനന്തപുരത്തേക്കു വണ്ടി കയറി. അവിടെ വീട് വാടകയ്ക്കെടുത്ത് പരീശീലനവും കംബൈൻഡ് സ്റ്റഡിയും സ്ഥിരമാക്കി. കോച്ചിങ് സ്ഥാപനത്തിൽ നിന്നുള്ള മാതൃകാ ഒഎംആർ ഷീറ്റിൽ സ്ഥിരമായി പരീക്ഷ എഴുതി പരിശീലിക്കുമായിരുന്നു. 

റെയിൽവേ ഗ്രൂപ്പ് ഡി റാങ്ക് ലിസ്റ്റിൽ നിന്ന് സിഗ്നൽ വിഭാഗത്തിൽ ഇപ്പോൾ സേലത്തു ജോലി ലഭിച്ചിട്ടുണ്ട്. എന്നാൽ, പിഎസ്‌സി വഴി നിയമന ശുപാർശ ലഭിച്ചാൽ ഈ ജോലി ഉപേക്ഷിക്കാനാണു തീരുമാനം. ദിനേശ് ബീഡി തൊഴിലാളികളായിരുന്ന പി.അശോകന്റെയും രമയുടെയും മകനാണ്. ഏക സോഹോദരി രമ്യ പിഎസ്‌സി പരീക്ഷാ പരിശീലനത്തിനൊപ്പം ഗെസ്റ്റ് ലക്ചററായും ജോലി ചെയ്യുന്നു. 

പഠിച്ചതുകൊണ്ടു മാത്രം റാങ്ക് ലിസ്റ്റിൽ മുന്നിലെത്തണമെന്നില്ല. ഒഎംആർ പരീക്ഷയിൽ ഒന്നേകാൽ മണിക്കൂറുകൊണ്ട് 100 ചോദ്യങ്ങൾക്ക് ഉത്തരമെഴുതാൻ കഴിയണം. അതിന് പരമാവധി മാതൃകാ പരീക്ഷകൾ എഴുതി പരിശീലിക്കണം. പരീക്ഷാ പരിശീലനത്തിനു തൊഴിൽ വീഥി ഏറെ പ്രയോജനകരമായിരുന്നു. സിവിൽ പൊലീസ് ഒാഫിസർ തസ്തികയ്ക്ക് തൊഴിൽവീഥി പ്രസിദ്ധീകരിച്ച എല്ലാ മാതൃകാ ചോദ്യപേപ്പറുകളും കൃത്യമായി ചെയ്തു പഠിച്ചു. ഇതിൽ നിന്ന് ധാരാളം ചോദ്യങ്ങൾ പരീക്ഷയ്ക്കു വരികയും ചെയ്തു.   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com