ഉപരിപഠനം ഉപേക്ഷിച്ചു പിഎസ്‌സി പഠിച്ചു; ഇടംനേടിയത് ഒരു ഡസനോളം റാങ്ക് ലിസ്റ്റുകളിൽ

Nandakumar
SHARE

വീട്ടിലെ സാമ്പത്തിക സ്ഥിതി മോശമായപ്പോൾ ബിരുദാനന്തര ബിരുദപഠനം പാതിവഴിയിൽ ഉപേക്ഷിച്ച്  ജോലി തേടി ഇറങ്ങിയതാണ് നന്ദകുമാർ. ആഗ്രഹിച്ച സർക്കാർ ജോലിയിലേക്കുള്ള വഴി നന്ദകുമാറിന് അതികഠിനമായിരുന്നു. പിഎസ്‌സി കോച്ചിങ് സെന്ററിൽ ഫീസ് നൽകി പഠിക്കാനുള്ള സാഹചര്യമില്ലാതിരുന്നതിനാൽ തൊഴിൽവീഥിയായിരുന്നു ഏക ആശ്രയം. ഒപ്പം  കൂട്ടുകാരോടൊത്ത് കംബൈൻഡ് സ്റ്റഡിയും.

ദൃഢനിശ്ചയത്തോടെയുള്ള ചിട്ടയായ പഠനം ആശിച്ച സർക്കാർ ജോലി തന്നെ നന്ദകുമാറിനു നേടിക്കൊടുത്തു. ഒന്നല്ല, ഒരു ഡസനോളം പിഎസ്‌സി റാങ്ക് ലിസ്റ്റിലാണ് ഈ സൈക്കോളജി ബിരുദധാരി മികച്ച റാങ്കുകൾ കരസ്ഥമാക്കിയത്. 

തിരുവനന്തപുരം ജില്ലയിലെ എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റിൽ  നിന്ന് പൊതുമരാമത്ത് വകുപ്പിൽ നിയമനശുപാർശ ലഭിച്ച നന്ദകുമാർ ഇപ്പോൾ പിഡബ്ല്യുഡിയുടെ സെക്രട്ടേറിയറ്റ് കെട്ടിടവിഭാഗത്തിൽ എൽഡി ക്ലാർക്കാണ്. 

തനിക്ക് സർക്കാർ ജോലി ലഭിച്ചതിന്റെ എല്ലാ ക്രെഡിറ്റും തൊഴിൽവീഥിക്ക് നൽകുന്നു നന്ദകുമാർ.  തിങ്കളാഴ്ച ഇറങ്ങുന്ന തൊഴിൽവീഥി രാവിലെതന്നെ വാങ്ങും. പരീക്ഷാ പരിശീലനങ്ങളിൽ ഭൂരിഭാഗവും അന്നുതന്നെ ഹൃദിസ്ഥമാക്കും. കംബൈൻഡ് സ്റ്റഡിക്കിടെ കൂട്ടുകാരോട് ഇത് െഷയർചെയ്ത് അനുബന്ധവിവരങ്ങൾകൂടി പഠിക്കും. പരീക്ഷാ പരിശീലനത്തിനൊപ്പം  വിവിധ സ്ഥാപനങ്ങളിൽ പരിശീലന ക്ലാസുകൾ എടുക്കാറുണ്ടായിരുന്നു. നന്ദകുമാറിന്റെ കൈവശമുണ്ടായിരുന്ന തൊഴിൽവീഥിയുടെ കഴിഞ്ഞ 15 വർഷത്തെ വിപുലമായ കലക്ഷൻ അടുത്തിടെയാണ് പരീക്ഷാപരിശീലനം നടത്തുന്ന ഉദ്യാഗാർഥികൾക്കു കൈമാറിയത്. 

കെഎസ്ആർടിസി റിസർവ് കണ്ടക്ടർ, ജയിൽ വകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഒാഫിസർ, കെഎസ്എഫ്ഇയിൽ ലാസ്റ്റ് ഗ്രേഡ്, അസിസ്റ്റന്റ്, ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡിൽ എൽഡി ക്ലാർക്ക്, വിവിധ വകുപ്പുകളിൽ എൽഡി ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് എന്നീ റാങ്ക് ലിസ്റ്റുകളിലും സിവിൽ പൊലീസ് ഒാഫിസർ, സിവിൽ എക്സൈസ് ഒാഫിസർ, ബീറ്റ് ഫോറസ്റ്റ് ഒാഫിസർ, എക്സൈസ് പ്രിവന്റീവ് ഒാഫിസർ, ഫയർമാൻ എന്നീ ഷോർട് ലിസ്റ്റുകളിലുമാണ് നന്ദകുമാർ ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ റിസർവ് കണ്ടക്ടർ, അസിസ്റ്റന്റ് പ്രിസൺ ഒാഫിസർ, കെഎസ്എഫ്ഇ ലാസ്റ്റ് ഗ്രേഡ്, എൽഡിസി എന്നീ തസ്തികകളിൽ ജോലിയിൽ പ്രവേശിച്ചു. 

വെള്ളനാട് വെളിയന്നൂർ ചാങ്ങ നന്ദകൃഷ്ണയിൽ ശ്രീകുമാരൻ നായരുടെയും സത്യഭാമയുടെയും മകനാണ്. ഭാര്യ നീതി ആർ ചന്ദ്രൻ പിഎസ്‌സി പരീക്ഷാപരിശീലന രംഗത്ത് സജീവമാണ്. ഒരു വയസുകാരൻ സാർവിക് നന്ദനാണ് മകൻ. പാതിവഴിയിൽ മുടങ്ങിയ ബിരുദാനന്തര ബിരുദ പഠനം പൂർത്തിയാക്കുന്നതോടൊപ്പം പിഡബ്ല്യുഡി ഡിപ്പാർട്മെന്റ് ടെസ്റ്റ് എഴുതി ഡിവിഷനൽ അക്കൗണ്ടന്റ് ആകുകയാണ് നന്ദകുമാറിന്റെ ഇപ്പോഴത്തെ ലക്ഷ്യം.

‘‘തൊഴിൽവീഥിയിലെ പരീക്ഷാപരിശീലനങ്ങളാണ് പിഎസ്‌സി റാങ്ക് ലിസ്റ്റുകളിൽ മികച്ച നേട്ടം കൈവരിക്കുന്നതിന് സഹായിച്ചത്. പരീക്ഷാ പരിശീലനത്തോടൊപ്പം ഉദ്യോഗാർഥികളുടെ പ്രശ്നങ്ങളിൽ  ഇടപെട്ട് പരിഹാരം കാണുന്നതിൽ തൊഴിൽവീഥി പുലർത്തുന്ന ജാഗ്രത അഭിനന്ദനീയമാണ്. ഇതു നേരിട്ടറിയാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. തൊഴിൽവീഥി പോലൊരു പ്രസിദ്ധീകരണം ഒപ്പമുണ്ടെങ്കിൽ പിഎസ്‌സി വഴി സർക്കാർ ജോലി നേടുക കൂടുതൽ എളുപ്പമാണ്’’.

Content Summary: Kerala PSC Success Story, Nandakumar

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
FROM ONMANORAMA