ADVERTISEMENT

1998, അർജന്റീനയിലെ റൊസാരിയോ. പ്രാദേശികമായി നടക്കുന്ന ഫുട്ബോൾ മത്സരത്തിൽ കാണികൾക്കു കൗതുകമേകി ഒരു കൊച്ചുബാലൻ പന്തുമായി എതിരാളികൾക്കിടയിലൂടെ പായുകയാണ്. എതിരാളികളെ നിഷ്്പ്രഭരാക്കി ആ മിടുക്കൻ ഗോൾ നേടിയപ്പോൾ അവിടെ കൂടിയിരുന്നവർ ആർപ്പുവിളിച്ചു. ലോകത്തിന്റെ ഫുട്ബോൾ ഭൂപടങ്ങൾക്കു മുകളിൽ ആ ആർപ്പുവിളി പടരാൻ കാലങ്ങളോളം കാത്തുനിൽക്കേണ്ടി വന്നില്ല. ഫുട്ബോൾലോകം മുഴുവൻ ആ മിടുക്കനുവേണ്ടി കയ്യടിച്ചു. അതു മറ്റാരുമായിരുന്നില്ല. മികച്ച ഫുട്ബോളർക്കുള്ള ബാലൺ ദി ഓർ പുരസ്കാരം ആറാം തവണയും സ്വന്തമാക്കിയ ലയണൽ മെസ്സി. എന്നാൽ ലോക ഫുട്ബോളറായി മാറുന്നതിനു മുൻപു ഫുട്ബോളിന്റെ ഈ മിശിഹായ്ക്കും നടന്നു തീർക്കാൻ മുള്ളുകൾ നിറഞ്ഞ വഴികളുണ്ടായിരുന്നു.

1987ജൂൺ 24നു സ്റ്റീൽ ഫാക്ടറി തൊഴിലാളിയായ ജോർജ് ഹൊറാസിയോ മെസ്സിയുടെയും സെലിയ മരിയ ഗുജിറ്റിനി എന്ന തൂപ്പുകാരിയുടെയും 4 മക്കളിൽ മൂന്നാമനായാണു ലയണൽ മെസ്സിയുടെ ജനനം.

നന്നേ ചെറുപ്പത്തിലേ മെസ്സി ഫുട്ബോൾ കളിച്ചുതുടങ്ങി. പിതാവ് ജോർജ് ഒഴിവു സമയങ്ങളിൽ ഗ്രാന്റോളിൽ എന്ന പ്രാദേശിക ക്ലബ്ബിൽ കുട്ടികൾക്കു ഫുട്ബോൾ പരിശീലനം നൽകിയിരുന്നു. 5–ാം വയസ്സിൽ മെസ്സിയും ക്ലബ്ബിൽ ചേർന്നു. വൈകാതെ 1995ൽ റൊസാരിയോയിലെ പ്രധാന ക്ലബ്ബുകളിൽ ഒന്നായ ന്യൂവെൽസ് ഓൾഡ് ബോയ്സിൽ പ്രവേശിച്ചു. 10 വയസ്സായപ്പോൾ ജീവിതംപോലും വഴിമുട്ടിച്ചുകൊണ്ടു ഗ്രോത്ത് ഹോർമോൺ ഡെഫിഷ്യൻസി എന്ന രോഗം പിടികൂടി. ശരീര വളർച്ചയ്ക്ക് ആധാരമായ ഹോർമോൺ ആവശ്യത്തിന് ഉൽപാദിപ്പിക്കപ്പെടാത്ത അവസ്ഥ. ഏറെനാളത്തെ ചികിത്സകൊണ്ടു രോഗം മാറും. എന്നാൽ അക്കാലത്തു 900 ഡോളറായിരുന്നു പ്രതിമാസം ചികിത്സയ്ക്ക് ആവശ്യം. മാതാപിതാക്കളുടെ വരുമാനംകൊണ്ടു ജീവിതച്ചെലവുകൾ കഴിഞ്ഞുപോകുമെന്നേയുള്ളു. വലിയൊരു ഫുട്ബോളറാകണം എന്നാഗ്രഹിച്ച കൊച്ചുമെസ്സിക്കു ഭാവി വഴിമുട്ടുന്നതായി തോന്നി. ഒരു ഫുട്ബോളർക്ക് ആവശ്യമായ വലുപ്പമോ ആരോഗ്യമോ മെസ്സിക്കുണ്ടായിരുന്നില്ല. കണ്ണുനീരിൽ നനഞ്ഞ തലയിണയിൽ ആ ബാലൻ ദിവസങ്ങളോളം ഉറങ്ങി. കാൽപന്തുകളിയുടെ ലോകം മെസ്സിയെ വിട്ടകലുമോ എന്നുപോലും ഭയന്നു. അർജന്റീനയിലെ ഒരു പ്രമുഖ ക്ലബ്ബായ റിവർ പ്ലേക്ക് മെസ്സിയുടെ കഴിവിൽ വലിയ വിശ്വാസം ഉണ്ടായിരുന്നു. എന്നാൽ മെസ്സിയെ ചികിത്സിക്കാനാവശ്യമായ പണം അവരുടെ കൈവശം ഉണ്ടായിരുന്നില്ല.

ബാർസലോനയുടെ സ്പോട്ടിങ് ഡയറക്ടറായിരുന്ന കാർലസ് റക്സാച്ച് മെസ്സിയെക്കുറിച്ച് അറിയുന്നതാണ് ഈ പ്രതിഭയുടെ ജീവിതം മാറ്റിമറിക്കുന്നത്.മെസ്സിയുടെ കളി നിരീക്ഷിച്ച ശേഷം ബാർസിലോണ  കരാറിൽ ഏർപ്പെട്ടു. മെസ്സി സ്പെയിനിലേക്കു മാറി താമസിക്കാമെങ്കിൽ ചികിത്സിക്കാമെന്ന് ഏറ്റു. മെസ്സി ബാർസലോണയുടെ യൂത്ത് ടീമിൽ കളിച്ചു തുടങ്ങി.

2003 നവംബർ 13നു പോർട്ടോയുമായുമായുള്ള സൗഹൃദ മത്സരത്തിൽ മെസ്സി കളിച്ചു. അതായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ ഔദ്യോഗിക മത്സരം. 2004 ഒക്ടോബർ 16ന് ആദ്യ ലീഗ് മത്സരം കളിച്ചു. ബാർലോനയ്ക്കു വേണ്ടി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ കളിക്കാരനും ലാലിഗയ്ക്കു വേണ്ടി കളിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ കളിക്കാരനുമായി മെസ്സി മാറി.

2004 ജൂണിൽ പരാഗ്വേയ്ക്ക് എതിരായുള്ള അണ്ടർ20 സൗഹൃദ മത്സരത്തിലാണ് അർജന്റീന നാഷനൽ ടീമിൽ മെസ്സിയുടെ അരങ്ങേറ്റം. 2005ലെ ഫിഫ വേൾ‍ഡ് ചാംപ്യൻഷിപ്പിൽ ഏറ്റവും കുടുതൽ ഗോളുകൾ നേടി. ഫൈനലിലെ 2 ഗോളടക്കം 6 ഗോളുകൾ. തുടർന്ന് അർജന്റീന ടീമിലെ സ്ഥിരം സാന്നിധ്യമായി. ലോകകപ്പിലെ ഏറ്റവും പ്രായംകുറഞ്ഞ കളിക്കാരനായിരുന്നു അദ്ദേഹം. പിന്നീടങ്ങോട്ടു ഫുട്ബോളിന്റെ ചരിത്രം മെസ്സി മാറ്റിയെഴുതി. മെസ്സിയുടെ ജീവിതം ഫുട്ബോളിന്റെ ചരിത്രമായി. അങ്ങനെ ഇപ്പോൾ 6ാം തവണ ബാലൺ ദി ഓർ പുരസ്കാരമെന്ന നേട്ടത്തിൽ എത്തി. ഫുട്ബോളിന്റെ ദൈവം മറഡോണ തന്റെ പിൻഗാമി എന്നു വിശേഷിപ്പിച്ച ഏക കളിക്കാരനാണു മെസ്സി. 2007ൽ പാവപ്പെട്ട കുട്ടികളുടെ ആരോഗ്യവും വിദ്യാഭ്യാസവും സംരക്ഷിക്കുന്നതിനുവേണ്ടി ലിയോ മെസ്സി ഫൗണ്ടേഷൻ തുടങ്ങി.  

English Summary: Lionel Messi 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com