sections
MORE

അന്ന് ഫീസടയ്ക്കാൻ വകയില്ലാതെ സ്‌കൂളിൽ നിന്നും പുറത്താക്കി; പിന്നീട് ലോകപ്രശസ്തനായ എഴുത്തുകാരൻ!

charles-dickens
SHARE

ഇംഗ്ലണ്ടിലെ പോർട്സ് മൗത്തിലെ ലാൻഡ്പോർട്ട്. വർഷം 1824. ഒരു ദിവസം സ്കൂൾ വിട്ടു ചാൾസും സഹോദരങ്ങളും വീട്ടിലെത്തുമ്പോൾ അമ്മ കരഞ്ഞുതളർന്ന് ഇരിക്കുന്നു. അച്ഛനെയാണെങ്കിൽ കാണാനുമില്ല. പതിയെ അവർക്കു കാര്യങ്ങൾ മനസ്സിലായി. അവരുടെ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. കടബാധ്യതയാണു കാരണം.

8 മക്കളിൽ രണ്ടാമനാണു ചാൾസ്. പഠിച്ചു മിടുക്കനായി ഉയർന്ന ജീവിതം നയിക്കണമെന്നായിരുന്നു ആഗ്രഹം. ആ ബാലന്റെ സ്വപ്നങ്ങൾക്കു മേൽ വീണ ആദ്യത്തെ കരടായിരുന്നു പിതാവിന്റെ ജയിൽ വാസം. നിത്യജീവിതത്തിനു വകയില്ലാതായതോടെ സ്കൂൾ ഫ‌ീസ് കൊടുക്കാൻ കഴിയാതായി. അതോടെ സ്കൂളിൽ നിന്നു പുറത്താക്കി. അന്നന്നത്തെ അന്നത്തിനു പോലും വകയില്ല. അമ്മയും സഹോദരങ്ങളും പട്ടിണി കിടക്കുന്നതു കാണാൻ കഴിയാത്തതിനാൽ 12–ാം വയസ്സിൽ ആ ബാലൻ കുടുംബഭാരം ചുമലിലേറ്റി. കിട്ടാവുന്ന ജോലികളൊക്കെ ചെയ്തു. ഷൂ പോളിഷ് ചെയ്യുന്ന ജോലി മുതൽ ചുമടെടുപ്പുവരെ. കിട്ടുന്ന പണം സ്വന്തം കാര്യത്തിനായി ചെലവഴിക്കാതെ അമ്മയെ ഏൽപിച്ചു.

തുടർന്നു പഠിക്കണമെന്നും ജീവിതത്തിൽ വിജയം നേടണമെന്നുമുള്ള ചിന്ത ആ ബാല‌നെ വിടാതെ പിന്തുടർന്നുണ്ടായിരുന്നു. പക്ഷേ, വിധി എതിർത്തുകൊണ്ടേയിരുന്നു. ആ ദുരന്ത കാലത്തു ചാൾസിന് ആകെയുണ്ടായിരുന്ന സന്തോഷം വായനയായിരുന്നു. കൺമുന്നിൽ കിട്ടിയതെല്ലാം വായിച്ചു. ചാൾസ് പോലും അറിയാതെ അയാളിൽ ഒരു എഴുത്തുകാരൻ മൊട്ടിട്ടു തുടങ്ങിയിരുന്നു. കാലം കൽപിച്ചു നൽകിയ ദാരിദ്ര്യവും പട്ടിണിയും അപമാനവും അയാൾ കടലാസിലേക്കു പകർത്തിത്തുടങ്ങി. ആ അക്ഷരങ്ങൾ ലോകത്തോളം വളർന്ന പ്രതിഭയാക്കി ചാൾസിനെ ഉയർത്തി. ആ അനുഭവങ്ങളും ദുരിതവുമെല്ലാം പിൽക്കാലത്തു ലോകം കഥകളായും നോവലുകളായും വായിച്ച് അത്ഭുതം കൊണ്ടു. ഇതു ചാൾസ് ഡിക്കൻസിന്റെ ജീവിതമാണ്. ഇംഗ്ലിഷ് സാഹിത്യത്തിൽ ഷേക്സ്പിയറിനുശേഷം ഏറ്റവും കൂടുതൽ ആളുകൾ വായിക്കുകയും ആരാധിക്കുകയും ചെയ്ത എഴുത്തുകാരന്റെ ജീവിതം.

1812 ഫെബ്രുവരി 7നു ജോൺ ഡിക്കൻസിന്റെയും എലിസബത്തിന്റെയും മകനായാണു ജനനം. പിതാവ് ഇംഗ്ലണ്ടിലെ നേവി ഓഫിസിൽ ക്ലർക്കായിരുന്നു. പിതാവിന്റെ തുച്ഛമായ വരുമാനത്തിലായിരുന്നു ആ കുടുംബം ജീവിച്ചത്. ചാൾസിനു 4 വയസ്സുള്ളപ്പോൾ കുടുംബം നഗരത്തിനു വെളിയിൽ ഒരു കൊച്ചു വീട്ടിലേക്കു താമസം മാറ്റി. അവിടെ ഒരു സ്വകാര്യ സ്കൂളിലാണു ചാൾസും സഹോദരങ്ങളും പഠിച്ചത്. ഒരു വിധത്തിൽ മുന്നോട്ടു നയിക്കുന്നതിനിടെയാണു പിതാവിന്റെ അറസ്റ്റും  ജയിൽ വാസവും. തുടർന്നു കുടുംബം പോറ്റാൻ ജോലിക്കിറങ്ങിയ ചാൾസ് ഒഴിവു സമയം കണ്ടെത്തി പിതാവിനെ ജയിലിൽ സന്ദർശിക്കുമായിരുന്നു.

വർഷം ഒന്നു കഴിഞ്ഞു. പണം ഏതു വിധേനയും കൊടുത്തു തീർക്കാം എന്നെഴുതി നൽകി ജോൺ ഡിക്കൻസ് ജയിൽ മോചിതനായി. പിതാവ് പുറത്തിറങ്ങിയതോടെ പഠനം തുടരാനാകും എന്നാണു ചാൾസ് കരുതിയത്. എന്നാൽ സാമ്പത്തിക സ്ഥിതി മോശമായതിനാൽ ചാൾസിന്റെയും സഹോദരങ്ങളുടെയും പഠനം മുടങ്ങി. താൻ കൂടി ജോലി ചെയ്താൽ മാത്രമേ കുടുംബം മുന്നോട്ടു പോകൂ എന്നു തിരിച്ചറിഞ്ഞതോടെ അദ്ദേഹം തന്റെ സ്വപ്നത്തെ പാതിവഴിയിൽ ഇറക്കിവിട്ടു. തുടർന്നു വക്കീൽ ഗുമസ്തന്റെ വേഷം എടുത്തണിഞ്ഞു. 1832ൽ പത്രപ്രവർത്തകനായി.1836ൽ സ്കെച്ചസ് ബൈ ബോസ് എന്ന കൃതിയിലൂടെ എഴുത്തിന്റെ ലോകത്തേക്കു കടന്നു. 1837ൽ പിക്വിക് പേപ്പേഴ്സ് പ്രസിദ്ധീകരിച്ചു. ആ ഹാസ്യകൃതി ഡിക്കിൻസിനെ പ്രശസ്തിയുടെ നെറുകയിൽ എത്തിച്ചു. തുടർന്നങ്ങോട്ട് എഴുത്തിന്റെ വസന്തകാലമായിരുന്നു, ‘ദ് മിസ്റ്ററി ഓഫ് എഡ്വിൻ ഡ്രൂഡ്’ എന്ന അവസാന നോവൽ എഴുതി പൂർത്തിയാക്കാനാകാതെ 1870 ഫെബ്രുവരി 9ന്  ആ പ്രതിഭ ലോകത്തോടു വിടപറഞ്ഞു.

"നിങ്ങൾ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയ്ക്ക് ഒരുങ്ങുകയാണോ? ഓൺലൈൻ പരീക്ഷാ പരിശീലനവും പ്രിന്റഡ് സ്റ്റഡി മെറ്റീരിയൽസും." സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
FROM ONMANORAMA