വാഷിങ്ടണില്‍ മാര്‍ച്ച് 7 മുതല്‍ 14 വരെ നടക്കുന്ന യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് സെനറ്റ് യൂത്ത് പ്രോഗ്രാമിലേക്ക് അമേരിക്കന്‍ മലയാളിയായ ഉമ അലത് മേനോന്‍ തിരഞ്ഞെടുക്കപ്പെട്ടു. ബിരുദപഠനത്തിനുള്ള 10,000 ഡോളറിന്റെ കോളജ് സ്‌കോളര്‍ഷിപ്പും ഈ പതിനഞ്ചുകാരി കരസ്ഥമാക്കി. ഉമ ഉള്‍പ്പെടെ രണ്ട് ഹൈസ്‌കൂള്‍ വിദ്യാർഥികളാണ് ഫ്ലോറിഡയെ പ്രതിനിധീകരിച്ച് സെനറ്റ് യൂത്ത് പ്രോഗ്രാമില്‍ പങ്കെടുക്കുക.
ഫ്ലോറിഡയിലെ വിന്റര്‍ പാര്‍ക്ക് ഹൈസ്‌കൂള്‍ വിദ്യാർഥിനിയായ ഉമ അലത് മേനോന്‍ സ്‌കൂളിലെ സ്റ്റുഡന്റ് സെനറ്റ് അംഗവും ഫ്യൂച്ചര്‍ ബിസിനസ് ലീഡേഴ്‌സ് ഓഫ് അമേരിക്ക വിര്‍ച്വല്‍ ചാപ്റ്ററിന്റെ റീജണല്‍ പ്രസിഡന്റുമാണ്. കോളജ് ബോര്‍ഡിലെ 15 ആഗോള വിദ്യാർഥി നേതാക്കളില്‍ ഒരാളായ ഉമ ഇന്റര്‍നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് ആര്‍ട്‌സ് ഫെസ്റ്റിവലിന്റെ ആദ്യ യൂത്ത് ഫെല്ലോ കൂടിയാണ്.
അക്കാദമിക പഠനം, നേതൃത്വപാടവം, രാഷ്ട്രീയ താത്പര്യങ്ങള്‍, സേവനസന്നദ്ധത തുടങ്ങി നിരവധി കാര്യങ്ങളെ അടിസ്ഥാനമാക്കി നടത്തിയ പ്രവേശന പ്രക്രിയ വഴിയാണ് ഉമ തിരഞ്ഞെടുക്കപ്പെട്ടത്. അധ്യാപകരും പ്രിന്‍സിപ്പല്‍മാരും നല്‍കുന്ന ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ സ്റ്റേറ്റ് എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റുകളാണ് രാജ്യവ്യാപകമായ തിരഞ്ഞെടുപ്പ് നടത്തുന്നത്.
അമേരിക്കന്‍ കോണ്‍ഗ്രസ് വുമണ്‍ സ്‌റ്റെഫാനി മര്‍ഫിയുടെ ഓഫീസ് നടത്തിയ ഉപന്യാസ മത്സരത്തില്‍ വിജയിച്ച ഉമയെ 2019ല്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സ്റ്റേറ്റ് ഓഫ് ദ യൂണിയന്‍ അഡ്രസിലേക്ക് പ്രത്യേക അതിഥിയായി ക്ഷണിച്ചിരുന്നു. ഉമയുടെ ആദ്യ പുസ്തകം ഹാന്‍ഡ് ഓഫ് ലാങ്‌ഗ്വേജ് 2020 മേയില്‍ പുറത്തിറങ്ങാനിരിക്കുകയാണ്.
വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 104 വിദ്യാർഥികളാണ് പ്രോഗ്രാമില്‍ പങ്കെടുക്കുന്നത്. അമേരിക്കന്‍ രാഷ്ട്രീയ പ്രക്രിയയെ കുറിച്ച് വിദ്യാർഥികള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനും അവരെ പൊതുസേവനത്തിന് പ്രതിജ്ഞാബദ്ധരാക്കുകയുമാണ് സെനറ്റ് യൂത്ത് പ്രോഗ്രാമിന്റെ ലക്ഷ്യം. 1962ലെ സെനറ്റ് റെസല്യൂഷന്‍ 324 പ്രകാരമാണ് യുഎസ് സെനറ്റ് യൂത്ത് പ്രോഗ്രാമിന് രൂപം നല്‍കിയത്. ഹെര്‍സ്റ്റ് ഫൗണ്ടേഷനാണ് ഇതിനുള്ള ഫണ്ട് നല്‍കി വരുന്നത്.
യൂത്ത് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ വാഷിങ്ങ്ടണിലെത്തുന്ന വിദ്യാർഥി പ്രതിനിധികള്‍ അമേരിക്കന്‍ പ്രസിഡന്റ്, സുപ്രീം കോടതി ജസ്റ്റീസ്, സെനറ്റര്‍മാര്‍, ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സ് അംഗങ്ങള്‍, യുഎസ് അംബാസഡര്‍, ദേശീയ മാധ്യമങ്ങളിലെ മുതിര്‍ന്ന അംഗങ്ങള്‍ എന്നിവരുള്‍പ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തും.
English Summary : Uma Alath Menon selected as a delegate to the U.S. Senate Youth Program