ADVERTISEMENT

ഓസ്ട്രേലിയയിലെ മെൽബണിലുള്ള ലാ ട്രോബ് സർവകലാശാലയിലെ ഈ പിഎച്ച്ഡി സ്കോളർഷിപ്പിനു ഗ്ലാമർ കൂടും. തുക 95 ലക്ഷം രൂപയാണെന്നതു മാത്രമല്ല കാര്യം. അതിന്റെ പേര് ‘ദ് ഷാറൂഖ് ഖാൻ സ്കോളർഷിപ്’ എന്നാണ്. കഴിഞ്ഞ വർഷം തുടങ്ങിയ സ്കോളർഷിപ് ഇത്തവണ കിട്ടിയത് തൃശൂർ അഞ്ഞൂർ പാർക്കാടി സ്വദേശി ഗോപികയ്ക്ക് (26). രാജ്യത്തെ 800 അപേക്ഷകരിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട മലയാളി മിടുക്കി.   

തേനീച്ചകൾക്കൊപ്പം
മൃഗശാസ്ത്രം, പരിസ്ഥിതി, തന്മാത്രാ പഠനങ്ങളിലൂടെ കാർഷിക രീതികൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള സ്കോളർഷിപ്പാണിത്.  ഭക്ഷ്യ ഉൽപാദനത്തിൽ തേനീച്ചയ്ക്കുളള പങ്കും ഔഷധ മേഖലയിലെ സാധ്യതകളുമാകും നാലു വർഷത്തെ ഗവേഷണത്തിൽ ഗോപിക പഠിക്കുക. ഏപ്രിലിൽ ആദ്യ ഒരാഴ്ച ഓറിയന്റേഷൻ. തുടർന്ന് ഗവേഷണ പഠനം.  

മണ്ണിന്റെ മണമറിഞ്ഞ്
അഞ്ഞൂർ പാർക്കാടി കൊറ്റൻതറയിൽ ഭാസിയുടെയും ബിന്ദുവിന്റെയും മകളാണു ഗോപിക. തൃശൂർ കേരളവർമ കോളജിൽനിന്നു സുവോളജി ബിഎസ്‌സി. നാട്ടിക എസ്എൻ കോളജിൽനിന്ന് എംഎസ്‌സിക്കു കാലിക്കറ്റ് സർവകാലാശാലയിൽ ഏഴാം റാങ്ക്. കർഷകനായ അച്ഛന്‍ ചികിത്സയിലായിരുന്നപ്പോൾ വീട്ടിലെ കോഴി ഫാം കൈകാര്യം ചെയ്തും കൃഷിയിൽ സഹായിച്ചും ജീവിതത്തിന്റെ തിയറി മാത്രമല്ല, പ്രാക്ടിക്കലും പഠിച്ചു. അമ്മ എൽഐസി ഏജന്റ്. ബെംഗളൂരുവിൽ അക്കൗണ്ടന്റായ കാർത്തികയും ഹയർ സെക്കൻഡറി വിദ്യാർഥി അശ്വതിയും സഹോദരിമാർ.

shah-rukh-khan-gopika

ഷാറൂഖിൽ നിന്ന്
മെൽബണിലെ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലുമായി ലാ ട്രോബ് യൂണിവേഴ്സിറ്റിയുടെ 10 വർഷത്തെ പങ്കാളിത്തമാണ് പിഎച്ച്ഡി സ്കോളർഷിപ്പിനു ഷാറൂഖിന്റെ പേരു നൽകാൻ കാരണമായത്. കഴിഞ്ഞയാഴ്ച മുംബൈയിൽ നടന്ന ചടങ്ങിൽ ഷാറൂഖിൽനിന്നു ഗോപിക സ്കോളർ‍ഷിപ് ഏറ്റുവാങ്ങി.

ഉപരിപഠനം വിദേശത്തു വേണമെന്നുറപ്പിച്ച് ഗോപിക സ്വന്തം നിലയ്ക്ക് ഇന്റർനെറ്റിൽ നടത്തിയ അന്വേഷണമാണു ലാ ട്രോബിലേക്കെത്തിച്ചത്; ഒപ്പം ഷാറൂഖ് സ്കോളർഷിപ്പിലേക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com