ADVERTISEMENT

‘പുതിയ ദിവസം, പുതിയ ജീവിതം, പുതിയ പ്രതീക്ഷകൾ’. കഴിഞ്ഞ നവംബർ ഒന്നിന് മീനാക്ഷി ബൊഡ്ഡോഡി വാട്സാപ് സ്റ്റാറ്റസിൽ ഇങ്ങനെ കുറിച്ചു. സ്വപ്നം കാണാൻ പോലും കഴിയാതിരുന്ന ബാല്യത്തോട് പൊരുതി അവൾ പുതിയൊരു ജീവിതം വെട്ടിപ്പിടിച്ച വിജയ നിമിഷമായിരുന്നു അത്.

കൊറഗ ആദിവാസി വിഭാഗത്തിൽ നിന്ന് ആദ്യമായി എംഫിൽ നേടിയ വൊർ‌ക്കാടി ബൊഡ്ഡോഡിയിലെ മീനാക്ഷിയുടെ കുട്ടിക്കാലം പട്ടിണിയും ഇല്ലായ്മകളും നിറഞ്ഞതായിരുന്നു. ദുരിതങ്ങൾക്കു മുന്നിൽ തളർന്നിരിക്കാതെ പൊരുതുകയായിരുന്നു അവൾ. തളർന്നാൽ പിന്നീടൊരിക്കലും ജീവിതത്തിൽ എഴുന്നേൽക്കാൻ കഴിയില്ലെന്ന് ഈ മിടുക്കി അന്നേ ചിന്തിച്ചു. അവളുടെ ജീവിത കഥകളിലൂടെ....

പട്ടിണി നിറഞ്ഞ ബാല്യം

കൊറഗ വിഭാഗത്തിലെ മറ്റു കുട്ടികളുടേത് പോലെ മീനാക്ഷിയുടെ കുട്ടിക്കാലവും പട്ടിണി നിറഞ്ഞതായിരുന്നു. അച്ഛനമ്മമാർ വൈകിട്ട് പണി കഴിഞ്ഞു വരുമ്പോൾ കൊണ്ടു വരുന്ന അരിയും സാധനങ്ങളും കൊണ്ടുവേണം അന്നു വയർ നിറയ്ക്കാൻ. പരമ്പരാഗത തൊഴിലായ കൂട്ട മെടയലായിരുന്നു അച്ഛൻ ശേഖറിന്റെയും അമ്മ ചുക്രുവുവിന്റെയും തൊഴിൽ. ‌

ഓരോ ദിവസവും ഓരോ സ്ഥലങ്ങളിൽ പോയി കാട്ടിൽ നിന്നു വള്ളികൾ ശേഖരിച്ച് അവിടെയിരുന്ന കൂട്ടയും വട്ടിയും മെടയും. അത് വിറ്റുകിട്ടുന്ന പണം കൊണ്ട് അരിയുമായി വീട്ടിലെത്തിയാൽ മാത്രമേ അടുപ്പ് പുകയ്ക്കാൻ കഴിയൂ. അതുവരെ മക്കളായ മീനാക്ഷിയും വിശ്വനാഥയും അരവയറുമായി കാത്തിരിക്കും.

ദിവസവും 8 കിലോമീറ്റർ നടത്തം

വൊർക്കാടി പഞ്ചായത്തിലെ ബൊഡ്ഡോഡിയിലാണ് മീനാക്ഷിയുടെ വീട്. കുന്നും മലകളും നിറഞ്ഞ കൊച്ചു ഗ്രാമപ്രദേശം. അവിടെ നിന്നു 4 കിലോമീറ്റർ നടന്ന് വിയർത്തൊലിച്ചു വേണം സ്കൂളിലെത്താൻ. കാലിൽ പലപ്പോഴും ചെരിപ്പ് പോലും ഉണ്ടാകാറില്ല. കല്ലും മുള്ളും കാലിൽ കയറുമ്പോഴും അവൾ ചിന്തിച്ചത് കൂട്ടുകാരെപ്പോലെ പഠിച്ച് ഒന്നാമതെത്താനായിരുന്നു. സമപ്രായക്കാരൊക്കെ പഠനം നിർത്തി പരമ്പരാഗത തൊഴിലിൽ ഏർപ്പെട്ടപ്പോഴും മീനാക്ഷി പഠനം തുടർന്നു. അരപ്പട്ടിണിക്കിടയിലും അച്ഛനും അമ്മയും എല്ലാ സഹായവും നൽകി.

പഠനം നിർത്തിയാലോ?

ഏഴാം ക്ലാസിൽ അവസാനിക്കേണ്ടതായിരുന്നു മീനാക്ഷിയുടെ പഠനം. അമ്മ രോഗം ബാധിച്ചു പണിക്ക് പോകാൻ കഴിയാതെ കിടപ്പിലായി. അച്ഛൻ കൂട്ട മെടഞ്ഞ് കിട്ടുന്ന പണം കൊണ്ട് വീട്ടുചെലവും ചികിത്സയും നടത്തേണ്ട സ്ഥിതിയായി. വീട്ടുപണി മീനാക്ഷിയുടെ ചുമലിലും. സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തിയാൽ ഭക്ഷണം പാചകം ചെയ്യലും വസ്ത്രം അലക്കലും. പഠനം നിന്നു പോകുമോ എന്നുപോലും ആശങ്കപ്പെട്ടു. അധ്യാപകരും സഹപാഠികളും പക്ഷെ, ചേർത്തു നിർത്തി.

വിദ്യാഭ്യാസം
‌പാത്തൂർ ഗവ. എൽപി സ്കൂളിലായിരുന്നു പ്രാഥമിക പഠനം. കൊടലമുഗറു എയ്ഡഡ് സ്കൂളിൽ ഹൈസ്കൂൾ പൂർത്തിയാക്കി. പ്ലസ്ടു പഠനം കർണാടക കന്യാനയിൽ. മഞ്ചേശ്വരം ഗോവിന്ദപൈ കോളജിൽ നിന്നു ബിരുദം നേടിയ ശേഷം കാസർകോട് ഗവ. കോളജിൽ നിന്നു മാസ്റ്റർ ബിരുദവും എംഫില്ലും. പഠനം തുടരാൻ പലപ്പോഴും പണം പ്രശ്നമായെങ്കിലും സർക്കാരിന്റെ സ്കോളർഷിപ്പും അധ്യാപകരുടെ സഹായവും തുണയായി. എംഫിൽ പഠനത്തിന്റെ മുഴുവൻ ചെലവും നോക്കിയത് കോഴ്സ് ഡയറക്ടറായിരുന്ന ഡോ. ഉമാ മഹേശ്വരിയാണ്.

കുടുംബശ്രീ അനിമേറ്റർ

എംഫിൽ പൂർത്തിയാക്കിയ മീനാക്ഷി ഇപ്പോൾ പുതിയൊരു ദൗത്യത്തിലാണ്. കൊറഗ വിഭാഗക്കാരെ കുടുംബശ്രീയിൽ ചേർക്കാൻ ജില്ലാ മിഷൻ അനിമേറ്റർ ആയാണ് നിയമിച്ചത്. 2 പുതിയ യൂണിറ്റുകൾ രൂപീകരിച്ചു. കുടുംബശ്രീ വിപുലീകരണത്തിനൊപ്പം വിദ്യാഭ്യാസത്തിന്റെ പ്രധാന്യത്തെക്കുറിച്ചും സ്വന്തം ജീവിതത്തിലൂടെ തന്റെ സമൂഹത്തെ പഠിപ്പിക്കുന്നു.

കുടുംബം

എംഎ രണ്ടാം വർഷം പഠിക്കുമ്പോൾ 2012 ൽ ആയിരുന്നു വിവാഹം. ബസ് കണ്ടക്ടറായ മീഞ്ച കുളൂരിലെ രത്നാകരനാണ് ഭർത്താവ്. ഇവർക്കു 4 വയസ്സായ ഒരു മകൻ കൂടിയുണ്ട്- മോക്ഷിത്ത്. നെറ്റ് (നാഷനൽ എലിജിബിലിറ്റി ടെസ്റ്റ്) നേടി അധ്യാപികയാകണമെന്നാണ് മീനാക്ഷിയുടെ ആഗ്രഹം. അടുത്ത ജൂലൈ മാസത്തിലാണ് പരീക്ഷ. അതിനുള്ള തയാറെടുപ്പുകൾ നേരത്തെ തുടങ്ങി. കുടുംബത്തിനു തുണയാകുന്നതിനൊപ്പം താനുൾപ്പെടുന്ന സമൂഹത്തിലെ കുട്ടികളെ സ്വന്തം ജീവിതം കൊണ്ട് പഠിപ്പിച്ച് വിദ്യാഭ്യാസ നിലവാരം ഉയർത്തണമെന്ന ആഗ്രഹവുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com