ADVERTISEMENT

സ്വന്തമായി നടന്നു നീങ്ങാൻ നിപിൻ കുമാറിന് കഴിയില്ല. പഠിക്കാൻ വേണ്ടി വീൽ ചെയറിൽ ക്ലാസിലേക്ക് എത്തുമ്പോൾ മനസ്സ് നിറയെ പ്രതീക്ഷകൾ മാത്രമാണ്. ക്ലാസ് മുറിക്കു അകത്തിരുന്നു മകൻ പഠിക്കുമ്പോൾ അമ്മ ശാന്ത വരാന്തയിൽ എവിടെയെങ്കിലും ഇരിക്കും. ഇടവേളകളിൽ മകന്റെ അടുത്തെത്തി അവൻ ആവശ്യപ്പെടുന്ന കാര്യങ്ങൾ ചെയ്തുകൊടുക്കും. 

പഠിക്കാൻ‌‍ മിടുക്കനായ മകനെ ഉന്നത നിലയിലേക്കു കൈപിടിച്ച് ഉയർത്താൻ കഷ്ടപ്പെടുന്ന ഒരമ്മയുടെ കഥയാണിത്. കാഞ്ഞങ്ങാട് നെഹ്‌റു ആർട്സ് ആൻഡ് സയൻസ് കോളജിലെ രണ്ടാം വർഷ മലയാളം ബിരുദ വിദ്യാർഥിയായ ചെറുവത്തൂർ ആനിക്കാടിയിലെ ടി.വി.നിപിൻകുമാറിന്റെ ജീവിതത്തോട് ചേർത്ത് വായിക്കേണ്ടതാണ് ശാന്തയെന്ന വീട്ടമ്മയുടെ ജീവിതവും.

കൂലിത്തൊഴിലാളിയായ ഭർത്താവ് കുഞ്ഞിരാമൻ‌ പണിയെടുത്ത് കൊണ്ടു വരുന്ന തുച്ചമായ തുകയിൽ ജീവിതം തള്ളി നീക്കി മകനെ പഠിപ്പിച്ച് ജോലി നേടാൻ പ്രാപ്തനാക്കുകയാണ് ഈ വീട്ടമ്മ.

ജനിക്കുമ്പോൾ തന്നെ ശാരീരകമായി തളർന്ന അവസ്ഥയിലായിരുന്നു നിപിൻ കുമാർ. എൻഡോസൾഫാൻ മേഖലയായ ചീമേനി പഞ്ചായത്തിന്റെ അതിർത്തി ഗ്രാമമായ ആനിക്കാടിയിലാണ് നിപിൻന്റെ വീടെങ്കിലും വീട് കിടക്കുന്ന സ്ഥലം പിലിക്കോട് പഞ്ചായത്തിൽപ്പെട്ടതിനാൽ എൻഡോസൾഫാൻ വഴിയുള്ള ആനുകൂല്യത്തിന്റെ പട്ടികയിലും നിപിൻന്റെ പേര് വന്നില്ല. ഇതോടെ ചികിത്സയുടെയും ജീവിതത്തിന്റെയും മുന്നിൽ പകച്ചു നിന്ന കുടുംബം പഠിക്കാൻ മിടുക്കനായ മകനെ ഉന്നതിയിലെത്തിക്കണമെന്ന തീരുമാനത്തിൽ ഉറച്ചു നിന്നു.

അച്ഛൻ കുഞ്ഞിരാമൻ ജോലിക്കു പോയി ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ശ്രമിക്കുമ്പോൾ മകനെ പഠിപ്പിക്കാൻ അമ്മ ശാന്ത കൂടെ നിന്നു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം കുട്ടമത്ത് ഗവ. ഹയർസെക്കൻഡറി സ്കൂളിലേക്ക് എത്തിയതോടെ മകനെയുമെടുത്ത് അമ്മ ക്ലാസ് മുറിയിലേക്ക് എത്തുന്നത് പതിവായി. രാവിലെ മുതൽ സ്കൂൾ വിടുന്നത് വരെ ശാന്ത സ്കൂളിൽ തന്നെയിരുന്നു. പ്ലസ്ടു പഠനത്തിനു ശേഷം കാഞ്ഞങ്ങാട് നെഹ്റു ആർട്സ് സയൻസ് കോളജിൽ കഴിഞ്ഞ വർഷം നിപിൻ കുമാറിന് പ്രവേശനം ലഭിച്ചു.

ചെറുവത്തൂരിൽ നിന്നു കിലോമീറ്ററുകൾ താണ്ടി പടന്നക്കാട്ടെ കോളജിലേക്കു മകനെ എത്തിക്കുന്ന കാര്യത്തിൽ ആശങ്കയിലായ ശാന്തയുടെ മുന്നിലേക്ക് സഹായത്തിന്റെ കരങ്ങൾ നീണ്ടു. അംബികാസുതൻ മാങ്ങാടിന്റെ നേതൃത്വത്തിൽ എല്ലാവിധ പിന്തുണയുമായി മലയാള വിഭാഗം ഈ അമ്മയോടൊപ്പം നിന്നു.

ഓട്ടോ വാടക നൽകാൻ ഉദാരമതിയായ ആളുകൾ മുന്നോട്ട് വന്നു. കോളജിലെ പിടിഎ കമ്മിറ്റി ഇടപെട്ട് എല്ലാ മാസവും 1000 രൂപ വീതം നിപിൻ കുമാറിന് നൽകാൻ തീരുമാനമായി. ഇതിനിടയിലാണ് മറ്റൊരു പ്രശ്നം മുന്നിൽ വന്നത്. കോളജിന്റെ രണ്ടാമത്തെ നിലയിലാണ് മലയാളത്തിന്റെ ക്ലാസ് മുറിയുള്ളത്.  മകനെ പഠിപ്പിക്കാൻ ജീവിതം തന്നെ സമർപ്പിച്ച ഈ അമ്മയ്ക്ക് മുൻപിൽ മുകളിലെ ക്ലാസ് മുറി താഴത്തെ നിലയിലേക്ക് മാറ്റി കൊണ്ട് കോളജ് അധികൃതർ തീരുമാനമെടുത്തു.

ഓട്ടോയിൽ കോളജിലെത്തിയാൽ മകനെ എടുത്ത് ക്ലാസ് മുറിയിലേക്ക് എത്തിക്കുന്ന ശാന്തയുടെ മനസ്സ് കണ്ട കോളജിലെ എൻഎസ്എസ് യൂണിറ്റ് സർക്കാർ എജൻസിയുമായി ബന്ധപ്പെട്ട് വീൽചെയർ‌ വാങ്ങി കൊടുത്തു. ഇത്തരത്തിൽ സഹായ ഹസ്തങ്ങൾ എല്ലാം ഈ അമ്മയുടെ മുന്നിലേക്ക് നീണ്ടതോടെ വിപിൻ കുമാർ പഠനത്തിൽ മിടുക്കനായി മുന്നോട്ട് പോയി.

ബിരുദ പഠനത്തിന്റെ രണ്ടാം വർഷം പൂർത്തിയാകാൻ ഇനി ദിവസങ്ങൾ മാത്രം. ഇനിയും കടമ്പകളേറെയുണ്ടെന്നു നന്നായിട്ടാറിയാം ശാന്തയ്ക്ക്. എന്നാൽ മകനെ ലക്ഷ്യത്തിലേക്ക് എത്തിക്കാതെ പിന്മാറില്ലെന്ന ഉറച്ച വിശ്വാസത്തിൽ പ്രതിസന്ധികളോട് പോരാടാൻ തയാറാണ് ശാന്ത.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com