ADVERTISEMENT

ദാരിദ്രത്തിന്റെ നേർചിത്രമായിരുന്നു ഫിലിപ്പീൻസിലെ കിബാവെ എന്ന കർഷക ഗ്രാമം. 2 നേരം പോലും ഭക്ഷണം കഴിക്കാൻ ഗതിയില്ലാത്ത ഗ്രാമീണർ, കയ്യിൽ കിട്ടുന്നതെന്തും ഭക്ഷിക്കുന്ന കുട്ടികൾ, ആശുപത്രി പോയിട്ട് ഒരു ഡോക്ടറുടെ സാന്നിധ്യം പോലുമില്ല. വളക്കൂറില്ലാത്ത മണ്ണ്. കാറ്റിനു പോലും ദാരിദ്രത്തിന്റെ ഗന്ധം. അവിടെയാണു മാനി പക്വിയാവോ ജനിക്കുന്നത്. ബോക്സിങ് ലോകത്തെ അതികായനായി വളരുമ്പോഴും അദ്ദേഹത്തിന്റെ ഉള്ളിൽ വിറങ്ങലിച്ചു നിന്ന ദാരിദ്രകാലത്തിന്റെ ഓർമകളുണ്ട്. ‘പാക്മാൻ’ എന്ന പേരിൽ അദ്ദേഹം എഴുതിയ ആത്മകഥയിൽ പട്ടിണി നിറഞ്ഞ തന്റെ ബാല്യകാലത്തെ കുറിച്ചിട്ടുണ്ട്.

1978 ഡിസംബർ 17നു റൊസാലിയോ പക്വിയാവോയുടെയും ഡയനീഷ്യയുടെയും മകനായിട്ടായിരുന്നു ജനനം. അഞ്ചു സഹോദരങ്ങളായിരുന്നു.

മക്കളെ കഴിയുന്നത്ര പഠിപ്പിക്കണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം. എന്നാൽ പിതാവ് അക്കാര്യമൊന്നും ശ്രദ്ധിച്ചില്ല. അമ്മ സമ്പാദിക്കുന്ന തുച്ഛമായ വരുമാനമായിരുന്നു ആ കുടുംബത്തിന്റെ അന്നം.

ബാല്യം മുതൽ സഹാനുഭൂതി മാന‌ിയുടെ കൂട്ടുകാരനാണ്. അതുകൊണ്ടാണ്, വഴിയിൽ കണ്ട ഒരു തെരുവുനായയെ അവൻ കൂടെക്കൂട്ടിയത്. തനിക്കു ലഭിക്കുന്ന ഭക്ഷണത്തിന്റെ ഒരു പങ്ക് അതിനു നൽകി. മാനിയുടെ ഏറ്റവും അടുത്ത സുഹൃത്തായി അധികം താമസിയാതെ ആ നായ്ക്കുട്ടി. മാനിയും കൂട്ടുകാരും സ്കൂളിൽ പോകുമ്പോഴും ഒഴിവു സമയങ്ങളിൽ കളിക്കുമ്പോഴും നായ കൂടെ കൂടുമായിരുന്നു.

മാനിക്കു 10 വയസ്സുള്ളപ്പോളാണ് അദ്ദേഹത്തെ ഏറെ വേദനിപ്പിച്ച സംഭവമുണ്ടായത്. ജീവനു തുല്യം സ്നേഹിച്ചിരുന്ന നായ്ക്കുട്ടിയെ അവന്റെ പിതാവ് കശാപ്പു ചെയ്തു. അന്നത്തെ പട്ടിണി അകറ്റാൻ അതായിരുന്നു അയാൾ കണ്ടെത്തിയ മാർഗം. മാനി ശക്തമായി എതിർത്തിട്ടും ഫലമുണ്ടായില്ല. ആ ദുരന്തം മാനിയെ തെല്ലൊന്നുമല്ല ഉലച്ചത്. കരഞ്ഞു കരഞ്ഞ് അവൻ തളർന്നു. ഒടുക്കം വീടു വിട്ടിറങ്ങി. അതിനിടെയാണ് പിത‌ാവിനു മറ്റൊരു സ്ത്രീയുമായുളള ബന്ധം അമ്മ അറിയുന്നത്. അതോടെ പ്രശ്നങ്ങളായി. പിതാവ് മക്കളെയും ഭാര്യയെയും ഉപേക്ഷിച്ച് പോയി. പിതാവു വീടു വിട്ടതിനു ശേഷമാണു മാനി പക്വിയാവോ തിരിച്ചു വീട്ടിൽ കയറുന്നത്. തുടർന്ന് 20 വർഷത്തോളം മാനി തന്റെ പിതാവിനോട് സംസാരിച്ചിട്ടില്ല. പട്ടിണിയും ദാരിദ്രവും കൂടിയതോടെ 14–ാം വയസ്സിൽ അവൻ പഠനം ഉപേക്ഷിച്ചു. കിട്ടുന്ന ഏതു ജോലിയും ചെയ്യാൻ തുടങ്ങി.

കടത്തിണ്ണയിലും വഴിയരികിലുമായി താമസം. പൈപ്പ് വെള്ളമാണു പല ദിവസങ്ങളിലും മാനിയുടെ ജീവൻ പിടിച്ചു നിർത്തിയത്. ബ്രൂസ്‌ലിയുടെ കടുത്ത ആരാധകനായി മാറിയ മാനി എങ്ങനെയും ഒരു മാർഷ്യൽ ആർട്ടിസ്റ്റായി മാറണമെന്നുറപ്പിച്ചു. ജോലി ചെയ്തു ലഭിക്കുന്ന പണത്തിന്റെ ഒരു ഭാഗം വീട്ടിലേക്കും ഒരുഭാഗം മാർഷ്യൽ ആർട് പഠിക്കാനും മാറ്റി വച്ചു. അതിനിടെ ഒരു ബോക്സിങ് കോച്ചിനെ പരിചയപ്പെട്ടു. അതായിരുന്നു മാനിയുടെ ജീവിതത്തെ മാറ്റി മറിക്കുന്നത്. അധികം താമസിക്കാതെ തന്നെ ഫിലിപ്പീൻസ് നാഷനൽ അമച്വർ ബോക്സിങ്‌ ടീമിൽ അംഗമായി. കഠിനമായി പരിശ്രമിച്ചു. വിജയം അദ്ദേഹത്തെ തേടിയെത്തി.

10 കൊല്ലത്തിനുള്ളിൽ ലോകം അറിയുന്ന ബോക്സിങ് താരമായി വളർന്നു. തുടർന്നുള്ളതു ചരിത്രം. തുടർച്ചയായി 10 ബോക്സിങ്‌ ടൈറ്റിലുകൾ സ്വന്തമാക്കി മുന്നേറിയ അദ്ദേഹത്തെ ലോക ബോക്സിങ്‌ കൗൺസിൽ ‘ദശാബ്ദത്തിന്റെ ബോക്സർ’ എന്നാണു വിശേഷിപ്പിച്ചത്. 

2009-ൽ സൗത്ത്‌ വെസ്റ്റേൺ സർവകലാശാല ഓണററി ബിരുദം നൽകി. ബോക്സിങ്ങിലെ നേട്ടങ്ങളും മനുഷ്യാവകാശ പ്രവർത്തനങ്ങളും പരിഗണിച്ചായിരുന്നു അംഗീകാരം. 2007-ൽ അദ്ദേഹം രാഷ്ട്രീയത്തിലും ചുവടുവച്ചു. 2016 മുതൽ ഫിലിപ്പീൻസിലെ സെനറ്റ്‌ അംഗം കൂടിയാണ്‌ അദ്ദേഹം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com