ADVERTISEMENT

എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കി കോര്‍പ്പറേറ്റ് മേഖലയില്‍ ജോലി ചെയ്തിരുന്ന രണ്ടു ചെറുപ്പക്കാരായിരുന്നു ധ്രുവ വി. റാവുവും റോഹന്‍ അഭിജിത്തും. ഇതു തനിക്ക് പറ്റിയ പണിയല്ലെന്നു റോഹന്‍ കുറച്ച് മാസങ്ങള്‍ കൊണ്ടു തന്നെ മനസ്സിലാക്കി. ധ്രുവിനു പക്ഷേ, അഞ്ചു വര്‍ഷം ഇവിടെ പിടിച്ചു നിന്നു. ഒടുക്കം കോര്‍പ്പറേറ്റ് ജോലി ഒക്കെ ഉപേക്ഷിച്ച് രണ്ടും പേരും ചെയ്തത് മൈസൂരില്‍ ഒരു ആശ്രമം സ്ഥാപിക്കുകയായിരുന്നു. 

രണ്ട് ചെറുപ്പക്കാര്‍ ഇത്ര ചെറുപ്പത്തില്‍ തന്നെ വിരക്തി തോന്നി ആശ്രമം തുടങ്ങിയോ എന്നു ചിന്തിക്കാന്‍ വരട്ടെ. ഇതു സന്യാസിയും ശിഷ്യന്മാരുമൊക്കെയുള്ള ആത്മീയ മുറ്റി നില്‍ക്കുന്ന സമാധാനപരവും നിശ്ശബ്ദവുമായ ആശ്രമമല്ല. ഈ ആശ്രമത്തില്‍ നിന്നുയരുന്നതു കുട്ടികളുടെ പൊട്ടിച്ചിരിയും ആവേശത്തിരയിളക്കവും ബഹളവുമൊക്കെയാണ്. കുട്ടികള്‍ ശാസ്ത്ര പരീക്ഷണങ്ങളിലും  പര്യവേഷണങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്ന ഒരു സയന്‍സ് ആശ്രമമാണ് ഇത്. 

Team

കോര്‍പ്പറേറ്റ് ജോലി വിട്ടു രണ്ടു പേരും പോയത് സ്‌കൂള്‍ അധ്യാപകരാകാനാണ്. മൈസൂരിലെ മാനസരോവര്‍ പുഷ്‌കരിണി വിദ്യാശ്രമം സ്‌കൂളില്‍. റോഹന്‍ ഇവിടെ ഫിസിക്‌സും കണക്കും ധ്രുവ കെമിസ്ട്രിയും പഠിപ്പിച്ചു. സ്‌കൂളില്‍ പഠിപ്പിക്കവേയാണു വിദ്യാര്‍ഥികളുടെ ജീവിതാഭിലാഷങ്ങളെയും അവര്‍ പഠനത്തില്‍ നേരിടുന്ന പ്രശ്‌നങ്ങളെയും കുറിച്ചൊക്കെ ഇരുവരും കൂടുതലായി അറിയുന്നത്. ഈ അനുഭവ പരിചയമാണു സയന്‍സ് ആശ്രമത്തിലേക്കു വഴി തെളിച്ചത്. 

റോഹന്റെ മുത്തച്ഛന്റെ ഗാരേജില്‍ പണിയായുധങ്ങളൊക്കെയായി കെട്ടിമറിഞ്ഞു റിമോട്ട് കാറും മറ്റുമുണ്ടാക്കി കളിച്ച കുട്ടിക്കാല വിശേഷം പങ്കിടുന്നവരാണ് ഈ സുഹൃത്തുക്കള്‍. ആക്രിക്കടയില്‍ പോയി ചില സാധനങ്ങള്‍ പെറുക്കിയെടുത്ത് അവ കൊണ്ടു പുതുതായി എന്തെങ്കിലുമുണ്ടാക്കുക ഇവര്‍ക്ക് ഹരമായിരുന്നു. ഇതേ അനുഭവം പുതു തലമുറയിലെ കുട്ടികള്‍ക്കായി പുനസൃഷ്ടിക്കുകയാണ് സയന്‍സ് ആശ്രമത്തിലൂടെ ഇവര്‍ ചെയ്തത്. 

2014 ജൂലൈയിലാണ് സയന്‍സ് ആശ്രമം തുടങ്ങുന്നത്. ആദ്യമൊക്കെ ആ ആശയം കുട്ടികളുടെ മാതാപിതാക്കളെ മനസ്സിലാക്കി കൊടുക്കാന്‍ വലിയ ബുദ്ധിമുട്ടായിരുന്നു എന്ന് ഇരുവരും പറയുന്നു. ഇതൊരു ട്യൂഷന്‍ ക്ലാസല്ലെന്നും കുട്ടികളുടെ ചിന്താശീലം വളര്‍ത്താനുള്ള ഇടമാണെന്നും പറഞ്ഞത് ആദ്യമൊന്നും ആര്‍ക്കും മനസ്സിലായില്ല. 

സയന്‍സ് ആശ്രമത്തിലെത്തുന്ന ഓരോ കുട്ടിക്കും പരിഹരിക്കാനുള്ള ഒരു പ്രശ്‌നമാണ് നല്‍കുക. അതിന് അവരെ സഹായിക്കാനുളള ഉപകരണങ്ങള്‍ സ്റ്റോറില്‍ നിന്നെടുക്കാം. ഇതിനു പകരമായി കുട്ടികള്‍ വിര്‍ച്വല്‍ കറന്‍സി നല്‍കണം. ഉപയോഗിക്കാത്ത വസ്തുക്കള്‍ തിരികെ നല്‍കി പണം വാങ്ങാനുള്ള ഓപ്ഷനും ഉണ്ട്. ചാലഞ്ചിന് അവസാനം അവരുടെ പ്രോജക്ടിന്റെ അടിസ്ഥാനത്തില്‍ കുട്ടിക്കു മാര്‍ക്കിടും. 

നാലാം ക്ലാസ് മുതല്‍ മുകളിലോട്ടുള്ള കുട്ടികള്‍ക്കാണ് ഇതില്‍ ചേരുന്നതിന് അവസരം. 5000 രൂപയാണ് ഒരു മൊഡ്യൂളിന്റെ വില. ഇതില്‍ 20 മുതല്‍ 22 സെഷനുകളുണ്ടാകും. ഓരോ സെഷനും ഒരു മണിക്കൂര്‍ ദൈര്‍ഘ്യം. 3ഡി പ്രിന്റര്‍, ടെലിസ്‌കോപ്പ്, ജിഗ്‌സോ മെഷീന്‍, ഹാക്‌സോ ബ്ലേഡ്, ബോള്‍ട്ട് കട്ടര്‍, ഡ്രില്ലിങ്ങ് മെഷീന്‍ തുടങ്ങിയ  ഉപകരണങ്ങളാണ് കുട്ടികള്‍ക്ക് ഉപയോഗിക്കാവുന്നത്. 

ഏഞ്ചല്‍ നിക്ഷേപകരില്‍ നിന്ന് 2 കോടി രൂപ ഫണ്ടിങ്ങ് ലഭിച്ച സയന്‍സ് ആശ്രമം മൈസൂരില്‍ നിന്ന് ബംഗലൂരു, മംഗലൂരു, കൂര്‍ഗ്,  പുണെ, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിച്ചിട്ടുണ്ട്. ട്രെയിനര്‍മാരുടെ വന്‍ സംഘവും 5000ഓളം വിദ്യാര്‍ഥികളുമാണ് സയന്‍സ് ആശ്രമവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com