ADVERTISEMENT

മെഡിക്കൽ പ്രൊഫഷനിൽ നിന്നും സിവിൽ സർവീസിലേക്ക് നടന്നു കയറിയ നിരവധി ഉദ്യോഗസ്ഥരെ നമുക്കറിയാം. എം ബീന , ദിവ്യ എസ് അയ്യർ  തുടങ്ങിയവർ ഐഎഎസ് എന്ന സ്വപ്നം കയ്യെത്തിപ്പിടിച്ചത് മെഡിക്കൽ ഡിഗ്രി നേടിയ ശേഷമാണ്. ഈ ശ്രേണിയിലേക്ക് കൊല്ലം ജില്ലയിൽ നിന്നും ഒരു പിൻഗാമി കൂടി എത്തിയിരിക്കുകയാണ്. ഇത്തവണത്തെ സിവിൽ സർവീസ് പരീക്ഷയിൽ 40ാം റാങ്ക് സ്വന്തമാക്കിയ അശ്വതി ശ്രീനിവാസ് തന്റെ നാലാമത്തെ ശ്രമത്തിലാണ് സ്വപാനനേട്ടം സ്വന്തമാക്കിയത്. ചിട്ടയായ പഠനവും സിവിൽ സർവീസ് നേടിയവരിൽ നിന്നും ലഭിച്ച ഉപദേശങ്ങളും ഒപ്പം കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ സജീവമായതുമാണ് തന്റെ മികച്ച നേട്ടത്തിന് പിന്നിലെന്ന് അശ്വതി പറയുന്നു.

സിവിൽ സർവീസ് എന്ന സ്വപ്നം 

ഞാൻ ചെറുപ്പം മുതൽക്ക് സിവിൽ സർവീസ് സ്വപ്നം കണ്ടു വളർന്ന ഒരു കുട്ടിയായിരുന്നില്ല. ഇഷ്ടമുള്ള പ്രൊഫഷൻ എന്ന നിലക്കാണ് മെഡിസിൻ തിരഞ്ഞെടുത്തതും പഠനം ആരംഭിച്ചതും. എന്നാൽ ഞാൻ ഹൗസ് സർജൻസി ചെയ്യുന്ന സമയത്താണ് സിവിൽ സർവീസ് എന്ന ആഗ്രഹം മനസ്സിൽ കയറിപ്പറ്റുന്നത്. അതിനു പല കാരണങ്ങൾ ഉണ്ടായിരുന്നു. എന്റെ അച്ഛനും അമ്മയും സർക്കാർ സർവീസിൽ ആണ്. അവരിൽ നിന്നും സിവിൽ സർവീസിനെപ്പറ്റി ധാരാളം കേട്ടിട്ടുണ്ട്. പിന്നെ സുഹൃത്തുക്കളിൽ പലരും എൻട്രൻസ് ക്രാക്ക് ചെയ്തതോടെയാണ്  എനിക്കും സിവിൽ സർവീസ് എന്ന ആഗ്രഹം ജനിക്കുന്നത്. 

2016 ൽ ആദ്യ ശ്രമം 

ഹൗസ് സർജൻസി കഴിഞ്ഞ ഉടനെ ഞാൻ സിവിൽ സർവീസിനായുള്ള ശ്രമങ്ങൾ ആരംഭിച്ചു. ആദ്യത്തെ ഒരു വർഷം സെൽഫ് പ്രിപ്പറേഷൻ ആയിരുന്നു. പുസ്തകങ്ങൾ വാങ്ങി ഒറ്റയ്ക്ക് പഠിച്ചു. എന്നാൽ ആദ്യ ശ്രമത്തിൽവിജയം കണ്ടെത്താൻ കഴിഞ്ഞില്ല. അതോടെ ചിട്ടയായ പഠനം ലക്ഷ്യമിട്ടുകൊണ്ട് തിരുവനന്തപുരത്തെ പരിശീലന കേന്ദ്രത്തിൽ ചേർന്നു. ഇത്തവണ വിജയം നേടുന്നത് വരെയുള്ള എന്റെ എല്ലാ സിവിൽ സർവീസ് പരിശീലനങ്ങളും അവിടെ വച്ചായിരുന്നു. കൃത്യമായ സിലബസ്, ചിട്ടയായ  പഠനം ഇതായിരുന്നു പിന്തുടർന്ന രീതി. 

നാലാം ശ്രമത്തിൽ വിജയം

മനസ്സിൽ ഒരു ആഗ്രഹമുണ്ടെങ്കിൽ, അത് സത്യസന്ധമാണെങ്കിൽ വിജയിക്കും വരെ പരിശ്രമിച്ചുകൊണ്ടിരിക്കണം. അത്തരത്തിൽ നടത്തിയ ശ്രമത്തിന്റെ ഫലമാണ് നാല്പതാം റാങ്കിൻറെ മധുരം. ഇത് എന്റെ നാലാമത്തെ പ്രിലിമിനറി എക്സാം ആണ്, രണ്ടാമത്തെ മെയിൻ എക്സാം ആണ്, ആദ്യത്തെ അഭിമുഖവും. വിജയം കാണും വരെ പരിശ്രമം തുടരും എന്ന മനസാണ് വിജയത്തിനുള്ള അടിസ്ഥാനം.

എത്രനേരം പഠിക്കുന്നു എന്നതല്ല പ്രധാനം 

സിവിൽ സർവീസ് ആസ്‌പിറന്റ് ആയ ഒരു വ്യക്തി എത്ര നേരം പഠിക്കുന്നു എന്നതല്ല, എങ്ങനെ പഠിക്കുന്നു എന്നത് തന്നെയാണ് പ്രധാനം. എല്ലാ ദിവസവും ഒരേ പോലെ ആയിരിക്കുകയില്ല. അതിനാൽ താല്പര്യങ്ങൾക്ക് അധിഷ്ഠിതമായി പഠിക്കണം. ഞാൻ ചില ദിവസങ്ങളിൽ 14  മണിക്കൂർ വരെ പഠിച്ചിട്ടുണ്ട്. എന്നാൽ വേറെ ചില ദിവസങ്ങളിൽ പഠിക്കാൻ തീരെ താല്പര്യം തോന്നില്ല. അപ്പോൾ പഠനം നാല് മണിക്കൂർ വരെയായി ചുരുങ്ങും. അതിനാൽ തന്നെ ദിവസവും എത്ര മണിക്കൂർ പഠിക്കുന്നു എന്നതല്ല, എങ്ങനെ പഠിക്കുന്നു എന്നതാണ് പ്രധാനം. ഒറ്റക്കുള്ള പഠനത്തേക്കാൾ ഏറെ അക്കാദമിയിലെ സുഹൃത്തുക്കളുമൊത്തുള്ള കാമ്പയിൻ സ്റ്റഡീസ് ആണ് എനിക്ക് ഗുണകരമായിട്ടുള്ളത്.

വീട്ടുകാരും അധ്യാപകരും  നൽകിയ പിന്തുണ 

സിവിൽ സർവീസ് നേടുക എന്ന് പറഞ്ഞാൽ അത്ര എളുപ്പത്തിൽ പൂർത്തിയാക്കാൻ കഴിയുന്ന ഒരു കാര്യമല്ല. കാരണം അതിന്റെ പരീക്ഷകൾ തന്നെ ഒരു വർഷത്തോളം സമയമെടുത്ത് നടത്തുന്നവയാണ്. അതിനാൽ സ്വയം നടത്തുന്ന തയ്യാറെടുപ്പുകൾക്കൊപ്പം നമുക്ക് ലഭിക്കുന്ന പിന്തുണയും വലിയ ഗുണം ചെയ്യും. എന്റെ കാര്യം പറഞ്ഞാൽ വീട്ടുകാരിൽ നിന്നും സിവിൽ സർവീസ് പരിശീലനം നേടിയ സ്ഥാപനത്തിലെ അധ്യാപകരിൽ നിന്നും പൂർണ പിന്തുണയാണ് ലഭിച്ചത്. അത് പോലെ തന്നെ നേരത്തെ സിവിൽ സർവീസ് നേടിയ നിരവധി സുഹൃത്തുക്കളെയും എനിക്ക് ലഭിച്ചിരുന്നു. ഇവരുടെ കൂടെ ഉപദേശങ്ങൾ കേട്ടായിരുന്നു ഓരോ ഘട്ടത്തിലും എന്റെ പഠനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com