ആദ്യ ശ്രമത്തിൽ 614ാം റാങ്ക്; ഐഎഎസിനായി ശ്രമം തുടരുമെന്ന് 22 കാരൻ ജോൺ

john
SHARE

സിവിൽ സർവീസ് മോഹവുമായി നടക്കുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ആദ്യ ശ്രമത്തിൽ തന്നെ ആ നേട്ടം കൈവരിക്കാൻ കഴിയുക എന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്. ആലപ്പുഴ സ്വദേശിയായ ജോൺ ഇത്തരത്തിൽ ഒരാളാണ്. സിവിൽ സർവീസ് വിജയപ്പട്ടികയിൽ 614ാം റാങ്ക് ആണ് 22  കാരനായ ജോൺ സ്വന്തമാക്കിയിരിക്കുന്നത്. എന്നാൽ ഐഎഎസ് എന്ന സ്വപ്നത്തിലേക്ക് എത്താൻ ഈ റാങ്ക് പര്യാപ്തമായില്ലാത്തതിനാൽ ശ്രമം തുടരും എന്നാണ് ജോൺ പറയുന്നത്. ചിട്ടയായ പരിശീലനത്തിലൂടെ ഒരൊറ്റ വർഷം കൊണ്ട് സിവിൽ സർവീസ് പട്ടികയിൽ ഇടം നേടിയ ജോണിന്റെ കഥയിങ്ങനെ....

പത്താം ക്ലാസ് മുതലുള്ള ആഗ്രഹം 

പത്താം ക്ലാസ് മുതലുള്ള ആഗ്രഹമായിരുന്നു ഒരു സിവിൽ സർവന്റ് ആകുക എന്നത്. ഈ ആഗ്രഹത്തിന്റെ പൂർണ പിന്തുണ നൽകിയത് പളളി വികാരി ആയിരുന്നു. മാതാപിതാക്കളോട് മനസിലുള്ള ആഗ്രഹം അദ്ദേഹത്തിൻറെ പിൻബലത്തോടെ അവതരിപ്പിച്ചപ്പോൾ അവർക്കും പൂർണ സമ്മതം. അങ്ങനെ പത്തം ക്ലാസ് മുതൽ സിവിൽ സർവീസ് എന്ന സ്വപ്നം മനസ്സിൽ കയറി. ഡിഗ്രിക്ക് ഫിസിക്സ് ആയിരുന്നു പാഠ്യവിഷയം. ഡിഗ്രി കഴിഞ്ഞപ്പോഴാണ് പരിശീലനം ആരംഭിച്ചത്. 2018  മുതൽ തിരുവനന്തപുരത്തെ സിവിൽ സർവീസ് കോച്ചിങ് സെന്ററിൽ പോയി പഠനം ആരംഭിച്ചു. 

ചെറിയച്ഛൻ നൽകിയ പിന്തുണ 

ഏതൊരു വ്യക്തിക്കും മനസിൽ ആഗ്രഹങ്ങൾ ഉണ്ടാകും. എന്നാൽ ആ ആഗ്രഹങ്ങൾ നേടിയെടുക്കാൻ പിന്തുണയുമായി കൂടെ ആളുകൾ ഉണ്ടാകുക എന്നതാണ് പ്രധാനം. പഠനകാര്യത്തിൽ മാതാപിതാക്കൾ എനിക്ക് പൂർണ പിന്തുണ നൽകിയിരുന്നു എങ്കിലും സാമ്പത്തികമായി എന്നെ പിന്തുണച്ചതും പഠിപ്പിച്ചതുമെല്ലാം പപ്പയുടെ ഇളയ സഹോദരനായ പാട്രിക് ആണ്. എന്റെ ആഗ്രഹങ്ങൾക്ക് അദ്ദേഹം നൽകിയ പിന്തുണയാണ് കൂടുതൽ ആവേശത്തോടെ പഠിക്കാനും സ്വപ്‌നങ്ങൾ കാണാനും എന്നെ പ്രാപ്തനാക്കിയത്. 

എട്ടു മണിക്കൂർ പഠനം 

ഒരു വർഷം മാത്രമാണ് ഞാൻ കൃത്യമായി സിവിൽ സർവീസ് പഠനത്തിനായി മാറ്റിവച്ചത്. ഈ സമയത്തെല്ലാം ദിവസവും എട്ടു മണിക്കൂർ ഞാൻ പഠിക്കുമായിരുന്നു. കൃത്യമായ ടൈം ടേബിൾ ഉണ്ടാക്കി ചിട്ടയോടെ തന്നെയാണ് പഠനം മുന്നോട്ട് കൊണ്ട് പോയിരുന്നത്. ഒരു വട്ടം പരീക്ഷ എഴുതിയപ്പോഴാണ് കാര്യങ്ങൾ എങ്ങനെയെല്ലാമാണ് എന്ന് പിടി കിട്ടിയത്. അതിനാൽ തന്നെ എനിക്ക് ഇനിയും കൂടുതൽ നന്നായി ചെയ്യാൻ ആകുമെന്നും കൂടുതൽ മികച്ച റാങ്ക് കിട്ടുമെന്നും പ്രതീക്ഷയുണ്ട്. അത്കൊണ്ടാണ് ഇനിയും സിവിൽ സർവീസ് എഴുത്തും എന്ന് പറഞ്ഞത്. 

ഓരോ വ്യക്തിക്കും അവരവരുടേതായ രീതിയുണ്ട് 

സിവിൽ സർവീസിന് തയ്യാറെടുക്കുമ്പോൾ മുൻപ് സിവിൽ സർവീസ് നേടിയ ആളുകളുടെ ടിപ്പുകളും ഉപദേശങ്ങളും നേടുക എന്നത് വളരെ പ്രധാനമാണ്. എന്നാൽ മനസിലാക്കേണ്ട ഒരു കാര്യമെന്താണ് എന്ന് വച്ചാൽ ഓരോ വ്യക്തികൾക്കും അവരവരുടേതായ രീതികളും പൊട്ടൻഷ്യലും ഉണ്ട്. അതിനാൽ ഒരാൾ മറ്റൊരാളെ അത് പോലെ തന്നെ കോപ്പി ചെയ്യരുത്. അങ്ങനെ വരുമ്പോൾ വിജയിക്കാൻ കഴിഞ്ഞു എന്ന് വരില്ല. മറ്റുള്ളവരിൽ നിന്നും ഉപദേശങ്ങൾ സ്വീകരിച്ച ശേഷം സ്വന്തം നിലയ്ക്ക് കാര്യങ്ങൾ ചെയ്യുക.

English Summary: Civil Service Success Stories of John

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA