ADVERTISEMENT

പത്താം വയസ്സില്‍ പിതാവിന്റെ മരണം. 22-ാം വയസ്സിലുണ്ടായ ജനിതക രോഗം അവശേഷിപ്പിച്ച ഭാഗികമായ കാഴ്ച ശക്തി. ജീവിതത്തില്‍ തുടരെയുണ്ടായ ദുരന്തങ്ങളെ കഠിനാധ്വാനം കൊണ്ട് നേരിട്ട ജയന്ത് മാങ്കാളെ എന്ന ചെറുപ്പക്കാരന് ഒടുവില്‍ വിജയത്തിന്റെ വിടര്‍ന്ന പുഞ്ചിരി. സിവില്‍ സര്‍വീസ് പരീക്ഷയില്‍ അഖിലേന്ത്യ തലത്തില്‍ 143-ാം റാങ്ക് നേടിയാണ് ജയന്ത് എന്ന മുംബൈ ബീഡ് സ്വദേശി വെല്ലുവിളികളെയെല്ലാം നിഷ്പ്രഭമാക്കിയത്. 

 

ചെറുപ്രായത്തിലുള്ള പിതാവിന്റെ മരണം ജയന്തിന്റെ മനസ്സിനെ വല്ലാതെ ഉലച്ചു. തുടര്‍ന്നുണ്ടായ സാമ്പത്തിക ബുദ്ധിമുട്ട് കുടുംബത്തിന്റെ താളം തെറ്റിച്ചു. വാട്ടര്‍ പമ്പ് ഓപ്പറേറ്ററായിരുന്ന പിതാവിന്റെ ചെറിയ പെന്‍ഷന്‍ അമ്മയും രണ്ട് സഹോദരിമാരും അടങ്ങുന്ന കുടുംബത്തിന് മതിയാകുമായിരുന്നില്ല. അങ്ങനെയാണ് മകന്റെ പഠനത്തിനായി അമ്മ അച്ചാര്‍ ഉണ്ടാക്കി വില്‍പന തുടങ്ങിയത്. 

 

മെക്കാനിക്കല്‍ എന്‍ജിനീയറിങ് പഠിച്ച ജയന്ത്  ഒരു സ്വകാര്യ സ്ഥാപനത്തില്‍ മെയിന്റനന്‍സ് എന്‍ജിനീയറായി ജോലി തുടങ്ങി. എന്നാല്‍ 22-ാം വയസ്സില്‍  റെറ്റിനിറ്റിസ് പിഗ്മെന്റോസ എന്ന അപൂര്‍വ ജനിതക രോഗം  ഈ ചെറുപ്പക്കാരന്റെ കാഴ്ച ശക്തിയുടെ 75 ശതമാനം കവര്‍ന്നു. ജീവിതം പരിപൂര്‍ണ്ണമായും ഇരുട്ടിലാകും എന്ന് തോന്നിച്ച നാളുകള്‍. ജോലി രാജിവച്ച്  സിവില്‍ സര്‍വീസ് പരീക്ഷാ തയ്യാറെടുപ്പ് തുടങ്ങുമ്പോള്‍ മുന്നിലുണ്ടായിരുന്നത് ഒരു സ്വപ്‌നം മാത്രം. ജീവിതത്തിലെ നിറങ്ങള്‍ മാഞ്ഞെങ്കിലും നിറമാര്‍ന്ന ഈ സ്വപ്നം കഷ്ടപ്പാടുകളോട് പടവെട്ടി മുന്നോട്ട് പോകാനുള്ള കരുത്തേകി. അധ്യാപകരും സുഹൃത്തുക്കളും പിന്തുണയുമായി ജയന്തിന്റെ കൂടെ നിന്നു.

 

2018ല്‍ തന്റെ നാലാം ശ്രമത്തില്‍ ജയന്ത് സിവില്‍ സര്‍വീസ് പരീക്ഷയില്‍ 923-ാംറാങ്ക് നേടിയിരുന്നു. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ സര്‍വീസില്‍ ജോയിന്‍ ചെയ്യാന്‍ സാധിച്ചില്ല. തുടര്‍ന്ന് ഒരു ദേശസാത്കൃത ബാങ്കില്‍ ജോലിക്ക് കയറി. ജോലി ചെയ്തു കൊണ്ട് സിവില്‍ സര്‍വീസ് തയ്യാറെടുപ്പ് തുടര്‍ന്നു.  

 

സാമ്പത്തിക ബുദ്ധിമുട്ട് മൂലം ഓഡിയോ ബുക്കോ സ്‌ക്രീന്‍ റീഡറോ ഒന്നും വാങ്ങാന്‍ ജയന്തിന് സാധിക്കുമായിരുന്നില്ല. അമ്മയും സുഹൃത്തുക്കളും പാഠഭാഗങ്ങള്‍ ഉറക്കെ വായിച്ച് സഹായിച്ചു. വാര്‍ത്തകളും പ്രഭാഷണങ്ങളും ആകാശവാണിയില്‍ നിന്ന് കേട്ടു പഠിച്ചു. സംവാദങ്ങള്‍ക്കായി രാജ്യസഭാ, ലോകസഭാ ടിവികള്‍ കേട്ടു. കൂടാതെ യൂടൂബില്‍ മറാത്തി എഴുത്തുകാരുടെ പ്രസംഗങ്ങളും കേട്ടു. പൂണെ ബ്ലൈന്‍ഡ് മെന്‍സ് അസോസിയേഷന്റെ സഹകരണത്തോടെ സെല്‍ഫോണുകളും ലാപ്‌ടോപ്പുകളും എങ്ങനെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്ന് പഠിച്ചു. അങ്ങനെ സാങ്കേതിക വിദ്യയും കഷ്ടപ്പാടും കൈകോര്‍ത്തപ്പോള്‍ ഒടുവില്‍ ജയന്ത് കാത്തിരുന്ന വിജയമെത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com