96–ാം വയസ്സിൽ ബിരുദം നേടിയ മുത്തച്ഛൻ; കോവിഡിലും തളരാത്ത വിജയം

giuseppe-paterno
Photo Credit: Reuters/ twitter
SHARE

പഠിക്കാന്‍ പ്രായമൊരു തടസ്സമേയല്ല എന്ന് നമ്മുടെ വയോജന വിദ്യാഭ്യാസ പദ്ധതി നമുക്ക് കാട്ടിത്തന്നിട്ടുണ്ട്. 105-ാം വയസ്സില്‍ നാലാം തരം പാസ്സായ നമ്മുടെ കൊല്ലത്തുള്ള മുത്തശ്ശി ഭാഗീരഥിയമ്മ അടക്കം ജീവിക്കുന്ന നിരവധി ഉദാഹരണങ്ങള്‍ നമുക്ക് മുന്നില്‍ ഉണ്ടു താനും. എന്നാല്‍ ഒരു പടി കൂടി കടന്ന് 96-ാം വയസ്സില്‍ ബിരുദപഠനം പൂര്‍ത്തിയാക്കിയ ഒരു മുത്തശ്ശനെ പരിചയപ്പെടാം. ഇറ്റലിക്കാരന്‍ ജുസേപ്പെ പാറ്റേര്‍ണോ ആണ് 96-ല്‍ ബിരുദം നേടി ലോകമെമ്പാടുമുള്ളവരുടെ കയ്യടികള്‍ നേടുന്നത്.

ഇറ്റലിയിലെ പലേര്‍മോ സര്‍വകലാശാലയില്‍ നിന്ന് ചരിത്രത്തിലും തത്വശാസ്ത്രത്തിലുമാണ് ജുസേപ്പെ ബിരുദം നേടിയത്. ഈ നേട്ടം കൈവരിക്കുന്ന ഇറ്റലിയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ഇദ്ദേഹം. 

രണ്ടാം ലോക മഹായുദ്ധത്തില്‍ ഇറ്റാലിയന്‍ നാവികസേനയുടെ ഭാഗമായി പങ്കെടുത്തിട്ടുള്ള ജുസേപ്പെ റയില്‍വേ ജീവനക്കാരാനായിട്ടാണ് ജോലിയില്‍ നിന്ന് വിരമിക്കുന്നത്. ചെറുപ്പകാലത്ത് പഠിക്കാന്‍ ആഗ്രഹമുണ്ടായിരുന്നിട്ടും സിസിലിയിലെ പാവപ്പെട്ട കുടുംബത്തില്‍ നിന്നുള്ള ജുസേപ്പെയ്ക്ക് അതിനുള്ള അവസരം ലഭിച്ചില്ല. ആ സ്വപ്‌നമാണ് തന്റെ 90കളില്‍ ജുസേപ്പെ പൊടി തട്ടിയെടുത്തത്. 

2017ല്‍ അങ്ങനെ ബിരുദപഠനത്തിന് എന്‍ റോള്‍ ചെയ്തു. മൂന്നു വര്‍ഷ കോഴ്‌സ് എങ്ങനെ പൂര്‍ത്തീകരിക്കുമെന്നൊക്കെ ആശങ്ക ഉണ്ടായിരുന്നെങ്കിലും ജുസേപ്പെ ഉത്സാഹപൂര്‍വം മുന്നോട്ട് പോയി. ഗൂഗിളിനേക്കാൾ പുസ്തകങ്ങളോടായിരുന്നു ജുസേപ്പെയ്ക്ക് പ്രിയം. 

രാവിലെ ഏഴു മണിക്ക് പഠിക്കാനായി എഴുന്നേല്‍ക്കും. അമ്മ പണ്ട് സമ്മാനിച്ച ടൈപ്പ്‌റൈറ്റര്‍ ഉപയോഗിച്ചാണ് ഉപന്യാസങ്ങളൊക്കെ ടൈപ്പ് ചെയ്തിരുന്നത്. ഉച്ചയ്ക്ക് ശേഷം വിശ്രമം. പിന്നെ വൈകുന്നേരം മുതല്‍ അര്‍ദ്ധരാത്രി വരെ പഠനം. ഈ പ്രായത്തില്‍ എന്തിന് ഇങ്ങനെ കഷ്ടപ്പെടുന്നു എന്ന് സുഹൃത്തുക്കളും അയല്‍ക്കാരുമൊക്കെ ചോദിച്ചു. പക്ഷേ, ഒരു സ്വപ്‌നം കൈയ്യെത്തി പിടിക്കുന്നതിന്റെ ആനന്ദം അവര്‍ക്ക് ആര്‍ക്കും മനസ്സിലായില്ല. 

ബിരുദ പഠനത്തിന്റെ അവസാന വര്‍ഷത്തില്‍ വഴി മുടക്കിയായി കോവിഡ് എത്തിയപ്പോഴും ഈ മുത്തശ്ശന്‍ തളര്‍ന്നില്ല. ലാപ്‌ടോപ്പ് വഴി ക്ലാസുകളില്‍ പങ്കെടുക്കുന്നതൊക്കെ ബുദ്ധിമുട്ടായിരുന്നു എങ്കിലും ജുസേപ്പെ ആ വെല്ലുവിളിയും ഏറ്റെടുത്തു. ഒടുവില്‍ കഷ്ടപ്പാടുകള്‍ക്കുള്ള പ്രതിഫലമായി ബിരുദം കൈപ്പിടിയിലായി. 

ഇത് കാണാന്‍ തന്റെ ഭാര്യ കൂടെ ഉണ്ടായില്ലല്ലോ എന്നത് മാത്രമാണ് ജുസേപ്പെയുടെ ദുഖം. 14 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവര്‍ മരിച്ചു. പഠനം ഇവിടം കൊണ്ട് അവസാനിപ്പിക്കാന്‍ ജുസേപ്പെയ്ക്ക് ഉദ്ദേശമില്ല. ബിരുദാനന്തരബിരുദമാണ് അടുത്ത ലക്ഷ്യം. തന്റെ അമ്മ 100 വയസ്സ് വരെ ജീവിച്ചിരുന്നു എന്നും ജനിതകഘടകങ്ങള്‍ തുണച്ചാല്‍ തനിക്ക് ബിരുദാനന്തരബിരുദത്തിനുള്ള ബാല്യം ഇനിയും അവശേഷിക്കുന്നതായും ജുസേപ്പെ വിശ്വസിക്കുന്നു. 

English Summary: Italy's oldest student graduates at 96

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA