ADVERTISEMENT

ജനുവരിയിൽ ജെഇഇ മെയിൻ പരീക്ഷയ്ക്കുള്ള ആദ്യ ഊഴത്തിൽ അദ്വൈത് ദീപക് നേടിയത് 99.97 പെർസന്റൈൽ. കേരളത്തിൽ ഒന്നാമത്. അടുത്ത ഘട്ടമായ ജെഇഇ അഡ്വാൻസ്ഡിനു യോഗ്യത ഉറപ്പ്. വീണ്ടും ജെഇഇ മെയിൻ എഴുതേണ്ട കാര്യമില്ലെന്നു വേണമെങ്കിൽ ചിന്തിക്കാം. എന്നാൽ, അദ്വൈത് രണ്ടാമതും എഴുതി. സ്കോർ 99.994 ! സ്വയം മെച്ചപ്പെടുത്തി കേരളത്തിലെ ഒന്നാം റാങ്കും അഖിലേന്ത്യാ 95–ാം റാങ്കും നേടി. ജെഇഇ അഡ്വാൻസ്ഡിനു കഠിനപരിശീലനം തുടരുന്ന അദ്വൈത് പഠനത്തെക്കുറിച്ചു പറയുന്നു.‌

കോവിഡും ലോക്ഡൗണും ആശങ്കയുണ്ടാക്കിയോ ?

അപ്രതീക്ഷിതമായ മാറ്റങ്ങളായിരുന്നു. ഏപ്രിലിലെ പരീക്ഷ സെപ്റ്റംബറിലേക്കു മാറ്റി. എന്നാൽ, ഇതൊന്നും പഠനത്തെ ബാധിച്ചില്ല. ലോക്ഡൗൺ കാലത്തും ദിവസം 8 മണിക്കൂറിലേറെ പഠിക്കുമായിരുന്നു. ശ്രദ്ധ മാറാതിരിക്കാൻ പ്രത്യേകം ശ്രമിച്ചു. അതിനിടെ സിബിഎസ്ഇ പ്ലസ്ടു പരീക്ഷയും കഴിഞ്ഞു. 500ൽ 491 മാർക്ക് നേടി.

വീണ്ടും ഒന്നാം സ്ഥാനത്തെത്തിച്ച തയാറെടുപ്പ് എങ്ങനെയായിരുന്നു ?

ജനുവരിയിലെ പരീക്ഷയിൽ നല്ല സ്കോർ ലഭിച്ചത് ആത്മവിശ്വാസം കൂട്ടി. പിന്നെ ബോർഡ് എക്സാമിനു തയാറെടുത്തു. അതിനു ശേഷം ജെഇഇ അഡ്വാൻസ്ഡിനു വേണ്ടിയായിരുന്നു തയാറെടുപ്പ്. ഇതിനു വിഷയങ്ങൾ ആഴത്തിൽ പഠിക്കണം. യഥാർഥത്തിൽ ഈ തയാറെടുപ്പാണ് ഇത്തവണ ഗുണമായത്.

ബോർഡ് എക്സാമിനു ശേഷം മോക് ടെസ്റ്റുകൾക്കാണു പ്രാധാന്യം കൊടുത്തത്. ഓരോ ടെസ്റ്റിലും മാർക്ക് കുറയുന്ന ഭാഗങ്ങൾ വീണ്ടും പഠിക്കുന്ന രീതിയായിരുന്നു. ഓൺലൈനിൽ തന്നെ മോക് ടെസ്റ്റുകൾ ചെയ്തതു പരീക്ഷ എളുപ്പമാക്കി.

കോവിഡ് പശ്ചാത്തലത്തിൽ ഭാവി പദ്ധതികൾ ?

ഐഐടി മദ്രാസിൽ ബിടെക് കംപ്യൂട്ടർ സയൻസ് പഠിക്കണമെന്നാണ് ആഗ്രഹം. ഈ ലക്ഷ്യം മുൻപേ ഉണ്ടായിരുന്നെങ്കിലും കോവിഡ് കാലത്ത് കംപ്യൂട്ടർ സയൻസിന്റെ പ്രാധാന്യം വർധിക്കുന്നത് എല്ലാവരും കണ്ടു. ഡേറ്റ സയൻസും ആർട്ടിഫിഷ്യൽ ഇന്റലിജൻസുമാകും ഇനി നിർണായകം.

ജെഇഇ എഴുതാൻ ആഗ്രഹിക്കുന്നവരോട് പറയാനുള്ളത് ?

കഠിനാധ്വാനമല്ലാതെ മറ്റൊരു മാർഗവുമില്ല. പ്ലസ് ടു പഠന കാലത്ത് ക്ലാസുള്ള ദിവസങ്ങളിൽ 7 മണിക്കൂറും ക്ലാസില്ലാത്ത ദിവസങ്ങളിൽ 15 മണിക്കൂറും പഠനത്തിനായി നീക്കിവച്ചിരുന്നു. വിനോദങ്ങൾക്കു തൽക്കാലം അവധിയും നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com