സുരക്ഷാ പിഴവു കണ്ടെത്താൻ, കംപ്യൂട്ടറിൽ ‘പുലി’യാവണമെന്നില്ല: ഷെഫീക്ക് റഹ്‌മാൻ

HIGHLIGHTS
  • ഷെഫീക്കിന് ഗൂഗിളിന്റെ വൾനറബിലിറ്റി റിവാർഡ് പ്രോഗ്രാമിലൂടെ (വിആർപി) 2,000 ഡോളർ സമ്മാനം ലഭിച്ചു
shafeeq-01
SHARE

കുട്ടിക്കാലം മുതൽ നെഞ്ചോടു ചേർത്തു വച്ചൊരു ഇഷ്ടത്തിലൂടെ ജീവിതത്തിൽ മറക്കാനാകാത്ത സമ്മാനം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഷഫീക്ക് റഹ്‌മാൻ. ഈ പാലക്കാട് സ്വദേശി ഇപ്പോൾ വാർത്തകളിലൂടെ ശ്രദ്ധ നേടുന്നത് ഗൂഗിൾ നൽകിയ ഒരു സമ്മാനത്തിലൂടെയാണ്. പാമ്പാടി നെഹ്‌റു കോളജിലെ അവസാന വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥിയായ ഷെഫീക്കിന് ഗൂഗിളിന്റെ വൾനറബിലിറ്റി റിവാർഡ് പ്രോഗ്രാമിലൂടെ (വിആർപി) 2,000 ഡോളർ സമ്മാനം ലഭിച്ചു. നികുതി കുറച്ച് 1.32 ലക്ഷം രൂപയാണ് ലഭിച്ചത്. വെർച്വൽ ലോകത്തോടുള്ള ഇഷ്ടത്തെക്കുറിച്ചും ഗൂഗിളിന്റെ സമ്മാനത്തെക്കുറിച്ചും ഷെഫീക്ക് തന്നെ പറയട്ടെ...

∙ ഗൂഗിളിന്റെ വൾനറബിലിറ്റി റിവാർഡ് പ്രോഗ്രാമിലൂടെ (വിആർപി) സമ്മാനം ലഭിച്ചതിനെക്കുറിച്ച്?

ഗൂഗിൾ പോലുള്ള കമ്പനികൾ അവരുടെ ഉൽപന്നങ്ങളിലെയോ സേവനങ്ങളിലെയോ ബഗുകളും സുരക്ഷാ പിഴവുകളും കണ്ടെത്തി റിപ്പോർട്ട് ചെയ്യുന്നവർക്ക് റിവാർഡ്സ് നൽകുന്ന പതിവുണ്ട്. ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളോ ബഗുകളോ റിപ്പോർട്ട് ചെയ്താൽ, അത് ശരിയാണെന്ന് അവർക്ക് ബോധ്യമായാൽ അവർ ആ ഇഷ്യൂ സോൾവ് ചെയ്യും. അത് കണ്ടെത്തുന്നവർക്ക് റിവാർഡും നൽകും. അതിന് കുറേ മെതേഡുകളുണ്ട്. മുൻപും ഞാൻ ബഗ് കണ്ടെത്തി റിപ്പോർട്ട് ചെയ്യുമായിരുന്നെങ്കിലും ലോക്ഡൗൺ സമയത്താണ് ഇതിൽ കൂടുതൽ ശ്രദ്ധിച്ചു തുടങ്ങിയത്. ധാരാളം ഒഴിവു സമയം കിട്ടിയിരുന്നതുകൊണ്ട് ഓരോ സൈറ്റിലും ടെസ്റ്റ് ചെയ്ത് ബഗുകൾ കണ്ടെത്തി റിപ്പോർട്ട് ചെയ്തിരുന്നു. ഒരു വ്യക്തിയുടെ ഇമെയിലിൽ മറ്റൊരു ഇമെയിൽ ആഡ് ചെയ്യാൻ ശ്രമിക്കുമ്പോഴുണ്ടാകുന്ന സുരക്ഷാ പിഴവ് റിപ്പോർട്ട് ചെയ്തതിനാണ് എനിക്ക് റിവാർഡ് ലഭിച്ചത്. 

∙ ആദ്യമായാണോ ഇങ്ങനെയൊരു അംഗീകാരം? 

അതേ. മുൻപും ബഗ് റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും ഒരു റിവാർഡ് ലഭിക്കുന്നത് ആദ്യമായാണ്. നേരത്തേ ബഗുകൾ കണ്ടെത്തി റിപ്പോർട്ട് ചെയ്തപ്പോഴെല്ലാം അവരുടെ റിപ്ലേ ലഭിച്ചിരുന്നു. റിപ്പോർട്ടുകൾ കറക്ടല്ല  എന്ന മട്ടിലുള്ള മറുപടികളായിരുന്നു അതെല്ലാം.

shafeeq-02

∙ കുട്ടിക്കാലം തൊട്ടേ കംപ്യൂട്ടർ സയൻസിൽ താൽപര്യമുണ്ടോ?

തീർച്ചയായും. കംപ്യൂട്ടറിനോടുള്ള ഇഷ്ടം മനസ്സിലാക്കിയ ബാപ്പ അബ്ദു റഹ്‌മാൻ ചെറുപ്പത്തിൽത്തന്നെ  എനിക്കൊരു ലാപ്ടോപ് സമ്മാനിച്ചിരുന്നു. അന്നൊക്കെ ഞാൻ കംപ്യൂട്ടർ കേടാക്കുമ്പോൾ, അവൻ തന്നെ അതു നന്നാക്കട്ടെ എന്ന് വീട്ടിലുള്ളവരോട് എന്റെ ഇക്ക ദേഷ്യത്തോടെ പറയുമായിരുന്നു. ടെക്നിക്കൽ മേഖലയിലുള്ള എന്റെ കഴിവ് ആദ്യം തിരിച്ചറിഞ്ഞതും പ്രോത്സാഹിപ്പിച്ചതും എന്റെ ഇക്കയാണ്. ആ ഇക്ക തന്നെയാണ് ഞാൻ പത്താം ക്ലാസ് പാസായപ്പോൾ എനിക്ക് പുതിയൊരു ലാപ്ടോപ് വാങ്ങിത്തന്നതും പ്ലസ്ടുവിന് എന്നെക്കൊണ്ട് കംപ്യൂട്ടർ സയൻസ് എടുപ്പിച്ചതും. അങ്ങനെ ഞാൻ പോലും അറിയാതെ എന്റെ കഴിവുകളെ പ്രോത്സാഹിപ്പിച്ചത് എന്റെ ഇക്ക സക്കറിയയാണ്. മുതിരുമ്പോൾ സോഫ്റ്റ്‌വെയർ എൻജിനീയറാവണം എന്ന് കുട്ടിക്കാലം മുതൽ ഞാൻ പറയാറുണ്ടായിരുന്നു. അതായിരുന്നു മനസ്സിലെ ആഗ്രഹവും.

∙ ജിമെയിലിലെ ബഗ് കണ്ടെത്താനുണ്ടായ സാഹചര്യമെന്തായിരുന്നു?

നേരത്തേ സൂചിപ്പിച്ചതുപോലെ ഒരു വ്യക്തിയുടെ ഇമെയിലിൽ മറ്റൊരു ഇമെയിൽ ആഡ് ചെയ്യാൻ ശ്രമിച്ചപ്പോഴാണ് ഒരു സുരക്ഷാ പിഴവ് ശ്രദ്ധയിൽപ്പെട്ടത്. ഒടിപിയുമായി ബന്ധപ്പെട്ടതായിരുന്നു അത്.  ഒടിപി പേജിലൊക്കെ ടെസ്റ്റ് ചെയ്തു നോക്കുമായിരുന്നു. ഒടിപി അടിക്കുമ്പോൾ 10 പ്രാവശ്യം വരെയൊക്കെ തെറ്റിച്ചടിച്ചു. അപ്പോൾ കുഴപ്പമില്ല. നൂറെണ്ണം തെറ്റിച്ചു, അപ്പോഴും യാതൊരു കുഴപ്പവും കണ്ടില്ല. സാധാരണയായി, തെറ്റായ ഒടിപി നമ്പർ തുടർച്ചയായി നൽകിയാൽ അത് എക്സപയർ ആവുകയോ ക്യാപ്ച്ചേ വരുകയോ ചെയ്യും. പക്ഷേ ഇവിടെ അത്തരം ഒരു എററും (error) കാണിക്കുന്നില്ല. പത്തും പതിനാറും പ്രാവശ്യം തെറ്റായ ഒടിപി നമ്പർ അടിച്ചു നൽകിയിട്ടും എറർ ഒന്നും കാണിക്കുന്നില്ല. കോടിക്കണക്കിന് റിക്വസ്റ്റുകൾ ടൂൾ വച്ച് ഒറ്റയടിക്കു കയറ്റാനുള്ള സാഹചര്യം നിലവിലുണ്ട്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ ഒടിപി നമ്പർ നാലു ഡിജിറ്റ് ആണെങ്കിൽ സീറോ മുതൽ 9999 വരെയുള്ള നമ്പറുകൾ തുടർച്ചയായി അടിച്ചു നൽകാം. തീർച്ചയായും ഈ നമ്പറുകളിൽ ഏതെങ്കിലുമൊന്നിൽ ശരിയായ ഒടിപി നമ്പറും ഉൾപ്പെടുമല്ലോ. ഒടിപി മാത്രം അറ്റാക്ക് ചെയ്ത് റെസ്പോൺസ് ഫിൽറ്റർ ചെയ്തു കിട്ടുകയും ചെയ്യും. അപ്പോൾ ഏതാണ് ഒടിപി എന്ന് കൃത്യമായി മനസ്സിലാക്കാം. അത്രയ്ക്ക് സിംപിളാണിത്.

ഒടിപി പേജിലൊക്കെ ടെസ്റ്റ് ചെയ്തു നോക്കുമായിരുന്നു. എന്റെ ഇമെയിലിൽ മറ്റൊരു ഇമെയിൽ ക്രിയേറ്റ് ചെയ്യാൻ നോക്കിയപ്പോൾ  അവിടെ ഒടിപി വന്നു. അപ്പോൾ വെറുതെ ഒന്നു ടെസ്റ്റ് ചെയ്തു നോക്കിയതാണ്. മുൻപും ഈ പേജിൽത്തന്നെ ഞാൻ ടെസ്റ്റ് ചെയ്തു നോക്കിയിരുന്നു. അന്ന് ഡിഎൻഎ സർഫെസിൽ ചെറിയ ഒരു വ്യത്യാസമുണ്ടായിരുന്നു.  ഇപ്പോൾ അത് ചേഞ്ച് ആയിട്ടുണ്ട്. മുൻപും ടെസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നെങ്കിലും കറക്ട് ആയിട്ട് കിട്ടിയത് ഇപ്പോഴാണ്. മുൻപൊക്കെ റിപ്പോർട്ട് ചെയ്യുമ്പോൾ ഡെമോൺസ്ട്രേഷൻ ശരിയല്ല അല്ലെങ്കിൽ അവർ പ്രിവൻഷൻ മെതേഡ് സ്വീകരിച്ചിട്ടുണ്ട് എന്നുള്ള തരത്തിലുള്ള റിപ്ലേ ആയിരുന്നു കിട്ടിയിരുന്നത്. 

shafeeq-03

∙ കോഴ്സ് ഈ വർഷം കഴിയില്ലേ, എന്തൊക്കെയാണ് ഭാവി പരിപാടികൾ?

സെക്യൂരിറ്റി അനലിസ്റ്റ് ആയി ജോലി ചെയ്യണമെന്നാണ് ഇപ്പോഴുള്ള ആഗ്രഹം. നവനീത്, ഉമ്മർ എന്നീ സുഹൃത്തുക്കളുമായി ചേർന്ന് ഒരു ഒടിടി പ്ലാറ്റ്ഫോം ഡെവലപ് ചെയ്തുകൊണ്ടിരിക്കുകയാണ്.  പഠനം പൂർത്തിയാക്കുന്നതിനു മുൻപ് ഞങ്ങളുടേതായ ഒരു ആപ് സമൂഹത്തിലെത്തിക്കണം എന്നുള്ളതാണ് ഞങ്ങളുടെ ഏറ്റവും വലിയ ആഗ്രഹം. വെബ്സൈറ്റ്, ആപ് ഡെവലപ്മെന്റ്, ഡിജിറ്റൽ മാർക്കറ്റിങ് എന്നിവയും ചെയ്യാറുണ്ട്. ഒരു സിനിമയുടെ ഡിജിറ്റൽ മാർക്കറ്റിങ് ചെയ്യാനുള്ള അവസരം ഞങ്ങൾക്കു ലഭിച്ചിട്ടുണ്ട്. അത് സംബന്ധിച്ച ചർച്ചകൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചെറിയ തോതിൽ ഗെയിമുകളും ഡെവലപ് ചെയ്യാൻ ശ്രമിക്കാറുണ്ട്. പഠനത്തിരക്കും മറ്റും മൂലം വലിയ ഗെയിമുകൾ ഡെവലപ് ചെയ്യുന്നതിലേക്കൊക്കെ കടക്കാൻ പരിമിതികളുണ്ട്.   

English Summary: Success Story Of Shafeeq Rahman

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA