കളിച്ചുവളർന്ന വീടിന്റെ ടെറസിൽനിന്ന് വിധി ഷെറിൻ ഷഹാനയെ തള്ളിയിടുമ്പോൾ എംഎ പൊളിറ്റിക്കൽ സയൻസ് അവസാന വർഷ ഫലം കാത്തിരിക്കുകയായിരുന്നു അവൾ. വീഴ്ചയിൽ നട്ടെല്ലിനു കാര്യമായി ക്ഷതമേറ്റ ആ 22കാരിയുടെ ജീവിതം കുറേനാളത്തേക്ക് നാലുചുമരുകളുടെ ഇട്ടാവട്ടത്തിൽ, വീൽചെയറിലായി. പക്ഷേ വയനാട് കമ്പളക്കാട് തേനൂട്ടിക്കല്ലിങ്ങൽ പരേതനായ ഉസ്മാന്റെയും ആമിനയുടെയും മക്കളിൽ ഇളയവളായ ഷെറിന് ബോധ്യമുണ്ടായിരുന്നു, അപ്രതീക്ഷിത ദുരന്തത്തോട് മുഖം തിരിച്ചും ചുറ്റുമുള്ളവരെ വെറുത്തും കാലം കഴിക്കലല്ല തന്റെ നിയോഗമെന്ന്. അന്നുമുതൽ അവൾ ജീവിതത്തെ തീവ്രമായി സ്നേഹിച്ചു. ശാരീരിക ബുദ്ധിമുട്ടു വകവയ്ക്കാതെ പഠിച്ചു, യുജിസി നാഷനൽ എലിജിബിലിറ്റി ടെസ്റ്റ് പാസായി. അയൽപക്കത്തെ കുഞ്ഞു പൂമ്പാറ്റക്കുഞ്ഞുങ്ങളുടെ ഏറെ പ്രിയപ്പെട്ട ട്യൂഷൻ ചേച്ചിയായി. പാക്കിസ്ഥാനിലെ സാമൂഹികപ്രവർത്തക മുനിബ മസരി തന്നെ ഏറെ പ്രചോദിച്ച വ്യക്തിയാണെന്നു പറഞ്ഞുകൊണ്ട് ഷെറിൻ തന്റെ ജീവിതകഥ മനോരമ ഓൺലൈൻ വായനക്കാരുമായി പങ്കുവയ്ക്കുകയാണ്.
∙ ഒറ്റദിവസം കൊണ്ടാണ് ജീവിതത്തിൽ അപ്രതീക്ഷിത മാറ്റങ്ങളുണ്ടായത്. അതിജീവനം എങ്ങനെയായിരുന്നു?
അപകടത്തിനു ശേഷം രണ്ടു വർഷത്തോളം പൂർണ്ണമായും കിടക്കയിൽത്തന്നെയായിരുന്നു. അതിനു ശേഷം വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു. ജീവിതത്തിലെ ഈ സമയവും കടന്നു പോകണം എന്ന ചിന്തയിൽ നിന്നാണ് മുന്നോട്ടു പഠിക്കണമെന്നും ഒരു ജോലി നേടണമെന്നുമൊക്കെ തീരുമാനിച്ചുറപ്പിച്ചത്. വീഴ്ചയുടെ സങ്കടത്തിൽ, എല്ലാം നഷ്ടപ്പെട്ടു എന്ന ചിന്തയിൽ തളർന്നു കിടക്കരുതെന്നും പഠിക്കണമെന്നുമൊക്കെ ചുറ്റുമുള്ളവർ പറയുമായിരുന്നു. പക്ഷേ സ്പൈൻ ഇൻജുറി ആയതുകൊണ്ട് പരസഹായമില്ലാതെ എഴുന്നേൽക്കാനും അധികനേരം ഇരിക്കാനുമൊന്നും കഴിയുമായിരുന്നില്ല. ആ സമയത്ത് പഠിക്കാനൊക്കെ വളരെ ബുദ്ധിമുട്ടായിരുന്നു. സർജറിയും മരുന്നുകളുമൊക്കെ കാരണം ആ സമയത്ത് എനിക്ക് കാര്യമായ ഓർമക്കുറവും ഉണ്ടായിരുന്നു. മുൻപ് പഠിച്ചതൊക്കെ പാടേ മറന്നിരുന്നു. കുറേ സമയം തുടർച്ചയായി പുസ്തകങ്ങളിലേക്ക് നോക്കാനൊക്കെ വളരെ ബുദ്ധിമുട്ടായിരുന്നു. പിന്നെ ഇതിനെയെല്ലാം അതിജീവിച്ച് പഠിച്ചു തുടങ്ങിയപ്പോൾ നല്ല താൽപര്യം തോന്നിത്തുടങ്ങി. ഗൂഗിൾ, സുഹൃത്തുക്കൾ സമ്മാനിച്ച പുസ്തകങ്ങൾ എന്നിവയെ ആശ്രയിച്ച് പഠിച്ചു തുടങ്ങി. മറ്റു കോച്ചിങ് ഒന്നുമില്ലാതെ തനിയെ പഠിച്ചാണ് അപകടശേഷം ആദ്യത്തെ പരീക്ഷയെഴുതിയത്.
∙ അപകടത്തിനു ശേഷം വ്യക്തി എന്ന നിലയിലുണ്ടായ മാറ്റങ്ങൾ?
വളരെ സെൻസിറ്റീവ് സ്വഭാവമുള്ള ആളായിരുന്നു മുൻപ്. ഒട്ടും ബോൾഡല്ല. അധികം കൂട്ടുകാരുമില്ലായിരുന്നു. കോളജിൽ പോവുക, പഠിക്കുക, തിരിച്ചു വരിക അങ്ങനെയായിരുന്നു. അധികം കൂട്ടുകാരില്ലാത്തതുകൊണ്ടുതന്നെ അപകടത്തിൽ നിന്നുള്ള തിരിച്ചു വരവിനായി വല്ലാതെ ബുദ്ധിമുട്ടിയിരുന്നു. വെറുതെ സങ്കടപ്പെട്ടിരുന്നിട്ടു കാര്യമില്ലെന്ന് പിന്നീട് മനസ്സിലായി. ആ അവസ്ഥയിൽ എനിക്കു ചെയ്യാൻ കഴിയുന്ന ഒരേയൊരു കാര്യം പഠിക്കുക എന്നത് മാത്രമാണെന്നു ബോധ്യപ്പെട്ടു. വന്നതു വന്നു, അതിനെ അതിജീവിക്കണം എന്ന ചിന്തയിൽ നിന്നാണ് ബോൾഡ് ആയി കാര്യങ്ങളെ ഉൾക്കൊള്ളാൻ പഠിച്ചത്. കാരണം ആ സമയത്ത് പിന്തുണയ്ക്കാൻ അങ്ങനെയാരും ഉണ്ടായിരുന്നില്ല. എന്റെ കാര്യം ഞാൻ തന്നെ നോക്കണം എന്ന അവസ്ഥയായിരുന്നു.

∙ ഒരു ദുരന്തത്തിനും തോൽപിക്കാനാവില്ല എന്ന് തെളിയിക്കാനായിരുന്നോ നെറ്റ് പരീക്ഷയ്ക്ക് തയാറെടുത്തത്?
ചികിൽസാകാലത്തു കഴിച്ചിരുന്ന മരുന്നുകൾക്ക് സെഡേഷനുണ്ടായിരുന്നു. കാര്യമായ ഓർമക്കുറവും അനുഭവിച്ചിരുന്നു. കൂടുതൽ പരുക്ക് കഴുത്തിനു താഴെയായിരുന്നു. ജീവിക്കാൻ ഒരു ശതമാനം മാത്രമായിരുന്നു സാധ്യത. അപകടത്തിനു ശേഷം ആശുപത്രിയിലെത്തിച്ചപ്പോൾ ഒരു ശസ്ത്രക്രിയ വേണമായിരുന്നു. അതിന് നല്ലൊരു തുക ചെലവാകും. ഞങ്ങൾ മിഡിൽക്ലാസ് കുടുംബം ആയതുകൊണ്ട് സർജറി എന്ന റിസ്ക് എടുക്കണോ എന്ന് ഡോക്ടർമാർ ചോദിച്ചിരുന്നു. കാരണം ആ അവസ്ഥയിൽ അഞ്ചാറു ദിവസത്തിൽക്കൂടുതൽ ഞാൻ ജീവിക്കില്ലെന്ന് ഡോക്ടർമാർക്ക് ഉറപ്പായിരുന്നു. മെഡിക്കൽ കോളജിൽ കൊണ്ടുപൊയ്ക്കോളൂവെന്ന് പറഞ്ഞിരുന്നു. പക്ഷേ എന്റെ വീട്ടുകാരുടെ നിർബന്ധത്തെത്തുടർന്ന് ആ സ്വകാര്യ ആശുപത്രിയിൽത്തന്നെ ശസ്ത്രക്രിയ നടത്തി. പക്ഷേ ഞാൻ മരിച്ചു പോകുമെന്ന് എനിക്കുറപ്പായിരുന്നു. ആശുപത്രിയിലേക്ക് ആംബുലൻസിൽ പോയപ്പോൾ പോലും ഞാൻ ചിരിച്ചുകൊണ്ടാണ് പോയത്. കാരണം ചിരിച്ചുകൊണ്ട് മരിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. ശസ്ത്രക്രിയ പിറ്റേന്നത്തേക്കാണ് നിശ്ചയിച്ചിരുന്നത്. അത്രയും നേരം എനിക്ക് വെള്ളംപോലും കുടിക്കാൻ പറ്റിയിരുന്നില്ല. വെള്ളം കുടിച്ചാൽ ഒടിഞ്ഞു നിൽക്കുന്ന എല്ലുകൾക്കിടയിൽ പ്രശ്നമുണ്ടാകാൻ സാധ്യതയുള്ളതുകൊണ്ട് വെള്ളം കുടിക്കാൻ പറ്റില്ലെന്ന് അവർ നിർദേശിച്ചു. ജീവൻ പോയാലും വേണ്ടില്ല ഒരു തുള്ളിവെള്ളം കുടിക്കാൻ പറ്റിയിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിച്ചിരുന്നു. ഞാൻ വല്ലാതെ കരഞ്ഞു ബഹളം വച്ചു. 24 മണിക്കൂർ നീണ്ടു നിന്ന ശസ്ത്രക്രിയയ്ക്കു ശേഷം ബോധം വന്നപ്പോൾ രണ്ടാഴ്ചയോളം എനിക്ക് ചുറ്റുമുള്ളവരെപ്പോലും തിരിച്ചറിയാനായില്ല. നടന്ന പല കാര്യങ്ങളെക്കുറിച്ചും എനിക്ക് ഓർത്തെടുക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. പഠിച്ച കാര്യങ്ങളെയോ, അധ്യാപരെയോ ഒന്നും ഓർമയില്ല. ആ സമയത്ത് ഓരോരുത്തരും ബുക്സ് ഒക്കെ കൊണ്ടുത്തരുമായിരുന്നു. പക്ഷേ വാക്കുകൾ പോലും വായിക്കാൻ പറ്റുന്നില്ല. പിന്നെ തെറപ്പിയുടെ ഭാഗമായി മലയാളം, ഇംഗ്ലിഷ് അക്ഷരമാലകൾ എഴുതിപ്പഠിച്ചും വാക്കുകൾ കൂട്ടിവായിച്ചു പഠിച്ചുമൊക്കെയാണ് വീണ്ടും വായിക്കാനൊക്കെ തുടങ്ങിയത്. പാട്ടുകളൊക്കെ കേട്ടാണ് ചില വാക്കുകളൊക്കെ പഠിച്ചെടുത്തത്. അത്രയും ഭീകരമായിരുന്നു ആ സമയത്തെ അവസ്ഥ. കുറേ നേരം തുടർച്ചയായി ഇരിക്കാൻ കഴിയാത്തതുകൊണ്ടും ബെഡ്‌സോർ പോലെയുള്ള മുറിവുകൾ കൊണ്ടും വായനയും പഠനവുമൊക്കെ ബുദ്ധിമുട്ടായിരുന്നു. ഒരപാട് സ്ട്രഗിൾ ചെയ്തു. കൂടുതൽ നേരം ഇരുന്നു പഠിക്കുമ്പോൾ കഴുത്തിന് സഹിക്കാനാകാത്ത വേദന വരും. പക്ഷേ എന്നെക്കൊണ്ടു കഴിയുന്ന വിധം മാക്സിമം മൂന്നും നാലും മണിക്കൂറൊക്കെ ഞാൻ മിനക്കെട്ടിരുന്നു പഠിച്ചാണ് നെറ്റിനു തയാറെടുത്തത്.
∙ പൊളിറ്റിക്കൽ സയൻസിനോടുള്ള ഇഷ്ടം?
ഇഷ്ടമെന്നു പറയാൻ പറ്റുമോയെന്നറിയില്ല. പ്ലസ്ടു കഴിഞ്ഞ് വേറെ വിഷയങ്ങൾ പഠിക്കാനായിരുന്നു ഇഷ്ടം. പക്ഷേ വീട്ടിൽ ഞാനും ഉമ്മയും മാത്രമായതിനാൽ നാടുവിട്ട് പുറത്തുപോയി പഠിക്കാൻ കഴിയുന്ന സാഹചര്യമായിരുന്നില്ല. അതുകൊണ്ട് വീട്ടിൽനിന്ന് പോയിവന്ന് പഠിക്കാവുന്ന കോളജിൽ ഉണ്ടായിരുന്ന കോഴ്സ് എന്ന നിലയിലാണ് പൊളിറ്റിക്കൽ സയൻസ് തിരഞ്ഞെടുത്തത്. ഡിഗ്രിയും പിജിയുമൊക്കെ ചെയ്തപ്പോഴും പൊളിറ്റിക്സിനോട് വലിയ താൽപര്യമൊന്നും തോന്നിയിരുന്നില്ല. പിന്നെ അപകടത്തിനു ശേഷം വെറുതെയിങ്ങനെ ചിന്തിക്കുമായിരുന്നു. ഒന്നും ചെയ്യാൻ കഴിയാത്തതുകൊണ്ട് ഒത്തിരി സമയമുണ്ടായിരുന്നതിനാൽ ആ സമയത്ത് പത്രങ്ങളും പുസ്തകങ്ങളുമൊക്കെ വായിച്ചു വായിച്ചാണ് പൊളിറ്റിക്കൽ സയൻസ് എന്ന വിഷയത്തെ ഇഷ്ടപ്പെട്ടു തുടങ്ങിയത്.
∙ സ്വപ്നങ്ങൾ കൈയെത്തിപ്പിടിക്കാൻ ഒന്നും ഒരു തടസ്സമല്ലെന്ന ധൈര്യം വന്നതെപ്പോഴാണ്?
ഒരു വർഷത്തോളം വെല്ലൂരായിരുന്നു ട്രീറ്റ്മെന്റ്. ഒരു വർഷം കഴിഞ്ഞ് വീട്ടിലേക്ക് തിരികെ വന്നപ്പോൾ ജീവിതം മുഴുവൻ മാറിപ്പോയി. പോയ ആളായല്ല ഞാൻ തിരിച്ചു വന്നത്. കുറച്ചുകാലം വല്ലാത്ത ഡിപ്രഷനിലായിരുന്നു. ഒന്നിനോടും താൽപര്യമില്ല, ആരെങ്കിലും എന്തെങ്കിലും കാര്യങ്ങളെക്കുറിച്ച് പറഞ്ഞാൽ ഉൾക്കൊള്ളാൻ കഴിയില്ല. ഈ അവസ്ഥയെ മറികടക്കണമെന്നൊക്കെ ഉപദേശിക്കുന്നവരോട് വല്ലാത്ത ദേഷ്യമായിരുന്നു. ഇത് എന്റെ ജീവിതമല്ലേ, എന്തിനാണ് അവരതിലൊക്കെ അഭിപ്രായം പറയുന്നത് എന്നൊക്കെ തോന്നിയിരുന്നു. എങ്ങനെയെങ്കിലും മരിച്ചാൽ മതി എന്ന ചിന്തയായിരുന്നു. പക്ഷേ തനിയെയൊന്നിരിക്കാൻ പോലും കഴിയാത്തയാളിന് മരിക്കുക പോലും അസാധ്യമല്ലേ. കാണുന്ന എല്ലാവരോടും ദേഷ്യവും വെറുപ്പുമൊക്കെയായിരുന്നു. കാണാൻ വരുന്ന ആളുകളൊക്കെ സഹതപിക്കുന്നതുകൊണ്ട് പിന്നെപ്പിന്നെ ആരെയും കാണാൻ പോലും താൽപര്യമില്ലാതായി. വീട്ടിൽ ആരും വരുന്നതൊന്നും ആ സമയത്ത് ഇഷ്ടമല്ലായിരുന്നു.
പിന്നീട് വീടിനടുത്തുള്ള കുട്ടികളൊക്കെ വന്നു സംസാരിച്ചു തുടങ്ങി. അവരെ അവഗണിക്കാൻ പറ്റാത്ത അവസ്ഥ വന്നു. അങ്ങനെ അവരോടു സംസാരിച്ചു തുടങ്ങി. പിന്നെ അവർ ഓരോരോ സംശയങ്ങളുമായിട്ടു വന്നു തുടങ്ങി. അങ്ങനെയാണ് എന്തുകൊണ്ട് ഇവർക്ക് ട്യൂഷനെടുത്തു കൂടാ എന്നൊരു ചിന്ത മനസ്സിൽ വന്നത്. അങ്ങനെയാണ് കുട്ടികൾക്ക് ട്യൂഷനെടുത്തു തുടങ്ങിയത്. അവരോടു സംസാരിച്ചു സംസാരിച്ചാണ് പുറംലോകവുമായി ഇടപഴകാൻ ഞാൻ വീണ്ടും പഠിച്ചത്. ശരിക്കും പറഞ്ഞാൽ അപകടത്തിനു ശേഷം ആളുകളോട് ഇടപഴകുന്നത് എങ്ങനെയാണെന്നു പോലും ഞാൻ മറന്നു പോയിരുന്നു. ചികിൽസ, ഡോക്ടർമാർ അങ്ങനെയൊരു ലോകത്തു മാത്രമായിരുന്നല്ലോ അത്രയും നാളും. കുട്ടികൾ പഠിക്കുന്നതു കണ്ടപ്പോൾ എനിക്കും പഠിക്കണമെന്നു തോന്നി. ആ സമയത്താണ് പഠിക്കാൻ തുടങ്ങിയത്. എന്റെ സഹോദരിയുൾപ്പടെ എല്ലാവരും പറയുമായിരുന്നു പഠിക്കണം ജോലി നേടണമെന്നൊക്കെ. എങ്കിൽ മാത്രമേ സമാനമായ അവസ്ഥയിലുള്ളവർക്ക് അതിജീവന കഥ പറഞ്ഞുകൊടുക്കാൻ സാധിക്കൂ എന്നൊക്കെ അവർ എന്നോടു പറയുമായിരുന്നു. കാരണം 22 വയസ്സിൽ ഒരു പെൺകുട്ടി ജീവിതം തുടങ്ങുന്ന സമയത്തല്ലേ അപകടം സംഭവിച്ചതും എന്റെ ജീവിതം കീഴ്മേൽ മറിഞ്ഞതും. ആ ഉപദേശങ്ങളൊക്കെ കേട്ട് ഒരു സുപ്രഭാതത്തിൽ ഞാൻ പഠിച്ചു തുടങ്ങിയതല്ല. ഞാൻ പോലുമറിയാതെ എന്റെ ജീവിതം മാറിയതാണ്. പിന്നീട് തിരിഞ്ഞു നോക്കിയപ്പോൾ ഇതൊക്കെ ഞാൻ തന്നെയാണോ ചെയ്തതെന്ന് എനിക്ക് തോന്നി.

∙ വയലിൻ, ചിത്രരചന എന്നീ ഇഷ്ടങ്ങളെക്കുറിച്ച്?
അപകടത്തിനു ശേഷം വിരലുകൾ ചലിപ്പിക്കാനൊക്കെ ബുദ്ധിമുട്ടുണ്ടായിരുന്നു. ചികിൽസയുടെ ഭാഗമായുള്ള തെറപ്പിയുടെ സമയത്ത് ഡോക്ടർമാരുടെ നിർദേശമനുസരിച്ചാണ് ചിത്രരചന തുടങ്ങിയത്. ചികിൽസയുടെ ഭാഗമായി നിർബന്ധിച്ച് ചെയ്യിക്കുന്നതുകൊണ്ട് എനിക്ക് തീരെ താൽപര്യമില്ലായിരുന്നു. ചെറിയ അസുഖം വന്നുപോലും ആശുപത്രിയിൽ പോകാതിരുന്ന എനിക്ക് നീണ്ട ആശുപത്രി വാസവും ചികിൽസയുമൊക്കെ വല്ലാതെ അസ്വസ്ഥതയുണ്ടാക്കിയിരുന്നു. അതുകൊണ്ടുതന്നെ തെറപ്പിയുടെ കാര്യമൊക്കപ്പറഞ്ഞ് നിർദേശങ്ങൾ തരുമ്പോൾ വല്ലാതെ ദേഷ്യം വരുമായിരുന്നു. വീട്ടിൽ തിരികെ വന്നപ്പോൾ കാര്യമായൊന്നും ചെയ്യാനില്ല. ആ സമയത്ത് പെയിന്റ് ചെയ്യാനുള്ള കാര്യങ്ങളൊക്കെ ആളുകൾ സമ്മാനം തന്നു. അങ്ങനെയാണ് ചിത്രരചന തുടങ്ങിയത്. സ്കൂളിൽ പഠിക്കുമ്പോൾ എന്തെങ്കിലുമൊക്കെ വരയ്ക്കുമെന്നല്ലാതെ എനിക്ക് ചിത്രരചനയോട് താൽപര്യമൊന്നുമുണ്ടായിരുന്നില്ല. ഞാൻ വരയ്ക്കാൻ തുടങ്ങിയപ്പോൾ അടുത്ത വീട്ടിലെ കുട്ടികളും എന്റെ കൂടെയിരുന്ന് ചിത്രം വരയ്ക്കാനെത്തും. വയലിനും മുൻപ് പഠിച്ചിട്ടില്ല. എന്ത് ഇൻസ്ട്രമെന്റാണ് ഇഷ്ടമെന്ന് തെറപ്പിസ്റ്റുകൾ ചോദിച്ചിരുന്നു. അപ്പോൾ വയലിൻ വായിക്കുന്നതു കേൾക്കാനിഷ്ടമാണെന്ന് ഞാൻ പറഞ്ഞു. അങ്ങനെയാണെങ്കിൽ എന്തുകൊണ്ട് നിനക്കതു ചെയ്തുകൂടായെന്ന് അവർ ചോദിച്ചു. അങ്ങനെയാണ് വയലിൻ ക്ലാസിനു ചേർന്നത്. പക്ഷേ ആശുപത്രിയിൽ നിന്ന് മടങ്ങിയപ്പോൾ വീട്ടിൽവന്ന് ക്ലാസെടുക്കാനൊന്നും ആരെയും കിട്ടിയില്ല. വയലിൻ പഠിച്ചു എന്നു പറയാൻ പറ്റില്ല, പഠിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. വിരലുകൾ നന്നായി ചലിപ്പിക്കാനാകാത്തതുകൊണ്ട് അതെത്രത്തോളം സക്സസ് ആകുമെന്ന് എനിക്കറിയില്ല. ഒരുപാട് സ്ട്രെയിൻ ചെയ്യാൻ പറ്റാത്തതുകൊണ്ട് അത് പഠിക്കാൻ തുടക്കമിട്ടു എന്നുമാത്രം.
∙ പഠനം തുടരണ്ടേ? ഏതു ജോലിയിലാണ് താൽപര്യം?
പിഎച്ച്ഡി ചെയ്യണമെന്നുണ്ട്. അതിനു ശേഷം കോളജ് അധ്യാപികയാകണമെന്നാണ് ആഗ്രഹം. അതിനേക്കാളേറെയിഷ്ടമാണ് മോട്ടിവേഷനൽ സ്പീക്കറാകാൻ. എന്തൊക്കെ കടമ്പകൾ കടന്നാണ് ഞാൻ വന്നതെന്നും ജീവിതത്തിൽ എന്തു പ്രതിസന്ധിയുണ്ടായാലും സ്വപ്നങ്ങൾ സ്വന്തമാക്കാൻ അതൊന്നും തടസ്സമല്ലെന്നും എന്നപ്പോലെയുള്ളവർക്ക് പറഞ്ഞുകൊടുക്കണമെന്നും ആഗ്രഹിക്കുന്നുണ്ട്. എനിക്ക് അപകടം സംഭവിച്ച സമയത്ത് എന്റെ ഉപ്പ മരിച്ചിരുന്നു. അതാണ് എന്നെ ഏറ്റവും കൂടുതൽ തളർത്തിയത്. അപകടവിവരമറിഞ്ഞ് എത്തിയവരിൽ പലരും എനിക്ക് നടക്കാൻ പറ്റില്ലല്ലോ എന്നു പറഞ്ഞ് സഹതപിക്കുമ്പോൾ ശാരീരികമായുള്ള ബുദ്ധിമുട്ടിനേക്കാൾ എന്നെ അസ്വസ്ഥയാക്കിയത് ഉപ്പ മരിച്ചതിന്റെ മാനസിക വിഷമമാണ്. മനസ്സിന് ശക്തിയുണ്ടെങ്കിൽ ശാരീരിക ബുദ്ധിമുട്ടുകളെ വേഗം തരണം ചെയ്യാമെന്നൊക്കെ ഇപ്പോൾ ഞാൻ ആളുകൾക്ക് പറഞ്ഞു കൊടുക്കാറുണ്ട്. വളരെ ചെറുപ്പത്തിൽത്തന്നെ അപകടങ്ങൾ പറ്റി വീട്ടിൽ ഒതുങ്ങിപ്പോയ ഒരുപാട് ആളുകളുടെ അനുഭവങ്ങൾ എനിക്ക് അപകടം പറ്റിയ സമയത്ത് ഞാൻ കേട്ടിട്ടുണ്ട്. അത്തരം ആളുകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ കഴിയുന്ന വിധത്തിൽ എന്തെങ്കിലും ചെയ്യണമെന്നാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹം.
∙ പാക്ക് സാമൂഹിക പ്രവർത്തക മുനിബ മസരിയാണ് പ്രചോദനമെന്നു പറഞ്ഞിട്ടുണ്ട്?
എനിക്ക് അപകടം പറ്റിയ സമയത്തൊന്നും ഫോൺ അധികം ഉപയോഗിക്കാൻ പറ്റുമായിരുന്നില്ല. പിന്നെ ഫോൺ ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ ഒരുപാടുപേർ മുനിബ മസരിയുടെ വിഡിയോകൾ അയച്ചു തരുമായിരുന്നു. എന്തിനാണ് എല്ലാവരും എനിക്ക് ഈ വിഡിയോ അയച്ചു തരുന്നത് എന്നൊക്കെ ഞാൻ ചിന്തിച്ചിരുന്നു. കാരണം വീൽചെയറിൽ കുറേക്കാലം ഇരിക്കേണ്ടി വരുമെന്നൊന്നും അന്ന് എനിക്കറിയില്ലായിരുന്നു. ഞാനിങ്ങനെയൊന്നും അല്ലല്ലോ, കുറച്ചുനാൾ കഴിയുമ്പോൾ എല്ലാം ശരിയാകുമല്ലോ, പിന്നെന്തിനാണ് എല്ലാവരും ഇവരുടെ വിഡിയോ അയയ്ക്കുന്നത് എന്നൊക്കെ ചിന്തിച്ചിരുന്നു. പിന്നെ മസരിയുടെ ഭംഗി കണ്ട് ആ വിഡിയോസ് കണ്ടു തുടങ്ങി. അപ്പോൾ അവരുടെ ജീവിതവും എന്റെ ജീവിതവും തമ്മിൽ ഒരുപാട് സാമ്യങ്ങൾ ഉണ്ടെന്നു തോന്നി. ഏകദേശം ഒരേ പരുക്കുകളാണ് ഞങ്ങൾക്കിരുവർക്കും സംഭവിച്ചത്, ഏതാണ്ട് ഒരേ പ്രായത്തിൽ. അവർ ഭയപ്പെട്ടിരുന്ന കാര്യങ്ങളെയെല്ലാം ഞാനും ഭയപ്പെട്ടിരുന്നു. അങ്ങനെയാണ് അവരുടെ വ്യക്തിത്വത്തോട് താൽപര്യം തോന്നിയതും പിന്നെ അവരുടെ എല്ലാ ടോക്കും കേൾക്കാൻ തുടങ്ങിയതും. പിന്നെ അവരുടെ ബയോഗ്രഫിയൊക്കെ തപ്പിയെടുത്ത് വായിച്ചു. മുനിബ മസരി എന്നെ ഒരുപാട് ഇൻസ്പയർ ചെയ്തിട്ടുണ്ട്.

∙ കുടുംബത്തിൽ നിന്നുള്ള പിന്തുണ?
എനിക്കങ്ങനെ ഒരുപാട് ബന്ധുക്കളൊന്നുമില്ല. ഉമ്മയും സഹോദരിയുമാണുള്ളത്. അവർ നന്നായി പിന്തുണയ്ക്കുന്നുണ്ട്. യുണൈറ്റഡ് നേഷൻസ് ദുരന്ത ലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടിയും അതിജീവനകാലത്ത് ഏറെ പിന്തുണ നൽകി. സഹോദരി വഴിയാണ് അദ്ദേഹത്തെ പരിചയപ്പെട്ടത്. എനിക്ക് ജോലിചെയ്യാൻ സാധിക്കും എന്ന് എന്നെ ബോധ്യപ്പെടുത്താനായി ഡേറ്റാ കലക്‌ഷൻ, പൊളിറ്റിക്കൽ അനലൈസ് തുടങ്ങിയ ജോലികൾ അദ്ദേഹം എന്നെ ഏൽപിച്ചിരുന്നു. എന്നെ എൻഗേജ്ഡ് ആക്കാനാണ് അദ്ദേഹം അങ്ങനെ ചെയ്തത്. ആറുമാസത്തോളം അത്തരം ജോലികൾ ചെയ്തിരുന്നു. പിന്നെ പഠനത്തിന്റെ തിരക്കായപ്പോഴാണ് അത് നിർത്തിയത്.
∙ എന്താണ് ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം?
എന്റെ നാടായ വയനാട്ടിൽ ഒരു മെഡിക്കൽ കോളജ് വരണം എന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം. ഇവിടെയൊരു മെഡിക്കൽ കോളജ് ഇല്ലാത്തതുകൊണ്ടാണ് എന്റെ അവസ്ഥ ഇത്ര ഗുരുതരമായത് എന്നാണു ഞാൻ വിശ്വസിക്കുന്നത്. അപകടത്തിൽ നട്ടെല്ലിനു സാരമായി പരുക്കേൽക്കുന്ന ആളുകളെ അപകടം സംഭവിച്ചു മൂന്നുനാലു മണിക്കൂറിനുള്ളിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയരാക്കാറുണ്ട്. എന്റെ കാര്യത്തിൽ എത്രയും വേഗം അങ്ങനെയൊരു ചികിൽസ കിട്ടിയിരുന്നുവെങ്കിൽ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടേനേ. ഇവിടെ നല്ല ഹോസ്പിറ്റൽ സംവിധാനങ്ങളില്ലാത്തതിനാൽ ഇത്തരം സാഹചര്യങ്ങളിൽ ഞങ്ങളുടെ നാട്ടുകാർ ചികിൽസ തേടി കോഴിക്കോട് മെഡിക്കൽ കോളജിനെ ആശ്രയിക്കുകയാണ് പതിവ്. വയനാടു ചുരത്തിലെ ബ്ലോക്കിനെക്കുറിച്ചൊക്കെ എല്ലാവർക്കും അറിയാവുന്നതല്ലേ. അപകടശേഷം അഞ്ചുമണിക്കൂറോളമെടുത്താണ് എന്നെ ആശുപത്രിയിലെത്തിച്ചത്. ദീർഘനേരത്തെ യാത്രയൊക്കെ എന്റെ പരുക്കുകളെ കൂടുതൽ സങ്കീർണ്ണമാക്കി. വയനാട്ടിൽ ഒരു മെഡിക്കൽ കോളജ് ഇല്ലാത്തതുകൊണ്ട് കൃത്യസമയത്ത് ശരിയായ ചികിൽസ കിട്ടാതെ ജീവിതം നഷ്ടപ്പെട്ട ഒരുപാട് വ്യക്തികളിൽ ഒരാളാണ് ഞാൻ. എന്നെപ്പോലെ ഒരുപാടു പേർ ഇവിടെയുണ്ട്.
English Summary: Success Story of Sherin Shahana