ADVERTISEMENT

ആധുനിക സാങ്കേതിക വിദ്യകളുടെ വളർച്ച വിദ്യാഭ്യാസ മേഖലയ്ക്കായി തുറന്നു വയ്ക്കുന്ന സാധ്യതകൾ ഏറെയാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ക്ലാസ് റൂമുകൾ ഓൺലൈനായി മാറിയതൊഴിച്ചാൽ ഈ സാധ്യതകൾ ഒന്നും ഇപ്പോഴും കാര്യമായി പ്രയോജനപ്പെടുത്തുന്നില്ല എന്നു വേണം പറയാൻ. എന്നാൽ ഇംഗ്ലിഷ് സാഹിത്യ പഠനത്തിൽ നൂതന ആശയങ്ങൾ ആവിഷ്കരിച്ച് സാങ്കേതികവിദ്യകളുടെ സഹായത്തോടെ വിദ്യാഭ്യാസ മേഖലയിൽത്തന്നെ വേറിട്ട പാത ഒരുക്കിയിരിക്കുകയാണ് തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ടോട്ടൽ ഇംഗ്ലിഷ് സൊല്യൂഷൻസ് (ടെസ്) എന്ന സ്ഥാപനം. വിദ്യാർഥികൾക്ക് ക്രിയാത്മകമായി ആശയങ്ങൾ പങ്കുവയ്ക്കാനുള്ള വേദി ഒരുക്കണം എന്ന ദൃഢനിശ്ചയത്തിൽ ഡോ. കല്യാണി വല്ലത്ത് എന്ന വനിതയാണ് രണ്ടു പതിറ്റാണ്ട് മുൻപ് സ്ഥാപനം ആരംഭിച്ചത്. സാമൂഹിക പ്രതിബദ്ധതയോടെ അധ്യാപനത്തിലും ബിസിനസിലും മികവു പുലർത്തി വിദ്യാർഥികൾക്ക് പ്രചോദനമേകുന്ന ഡോ. കല്യാണി വല്ലത്ത് തന്റെ അധ്യാപന രീതിയെക്കുറിച്ച് മനോരമ ഓൺലൈനിനോട് മനസ്സ് തുറക്കുന്നു.

tes-01

അധ്യാപികയിൽനിന്നു സംരംഭകയിലേക്കുള്ള ചുവടുവയ്പ്

മാതാപിതാക്കൾ അധ്യാപകരായിരുന്നതുകൊണ്ട് അധ്യാപനം രക്തത്തിൽ അലിഞ്ഞു ചേർന്നതാണ്. ഇംഗ്ലിഷിൽ ഉയർന്ന മാർക്കോടെ ബിരുദാനന്തര ബിരുദം നേടിയ ശേഷം അധ്യാപികയാകാൻ ആഗ്രഹിച്ചെങ്കിലും പണം കൊടുത്ത് ജോലി തേടുന്ന സമ്പ്രദായത്തോട് അന്നേ എതിർപ്പായിരുന്നു. സർക്കാർ ജോലിക്കായി കാത്തുനിൽക്കാതെ സ്വന്തം നിലയിൽ അധ്യാപികയായിക്കൂടേ എന്ന ചിന്തയായിരുന്നു ആദ്യ ചവിട്ടുപടി. സംരംഭക ആകണമെന്ന ആഗ്രഹവും അധ്യാപനത്തിലെ താൽപര്യവും കൈമുതലാക്കി അങ്ങനെ കുറച്ചു ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് ക്ലാസെടുത്തു തുടങ്ങി. വ്യത്യസ്തമായ അധ്യാപന രീതിയോട് കൂടുതൽ കുട്ടികൾ താല്പര്യം കാണിച്ചതോടെ കുറച്ചു നാളുകൾക്കകം തന്നെ ഒരു കോച്ചിങ് സെന്റർ എന്ന നിലയിലേക്ക് സ്ഥാപനം വളർന്നു.

വഴിതെളിച്ചത് കാനഡയിലെ പഠനകാലം 

ബിരുദാനന്തര ബിരുദത്തിനുശേഷം കാനഡയിൽ റിസർച്ച് ചെയ്യാൻ അവസരം ലഭിച്ചിരുന്നു. അവിടുത്തെ പഠനരീതി ഏറെ ആകർഷിക്കുകയും ചെയ്തു. അധ്യാപകരും വിദ്യാർഥികളും  പരസ്പരം അറിവു പങ്കിടുന്ന ക്ലാസ്മുറി എന്ന ആശയം അന്നേ മനസ്സിൽ ഉടലെടുത്തതാണ്. ക്ലാസ്സുകൾ സ്വന്തമായി എടുത്തു തുടങ്ങിയപ്പോൾ പഠനവും അധ്യാപനവും ഒരേ രീതിയിൽ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ട് തോന്നി. അപ്പോഴാണ് കുട്ടികൾക്കൊപ്പം ചേർന്ന് പഠിച്ചുകൊണ്ട് അവർക്ക് അറിവ് പകർന്നു കൊടുക്കുന്ന അധ്യാപന രീതി സ്വീകരിച്ചത്. 

kalyani-vallath-01

അധ്യാപനത്തിലെ വേറിട്ട വഴികൾ

ഇംഗ്ലിഷ് സാഹിത്യവുമായി ബന്ധപ്പെട്ട ഏതെങ്കിലും ഒരു വിഷയത്തെക്കുറിച്ച് അടിസ്ഥാന വിവരങ്ങളടങ്ങിയ പവർ പോയിൻറ് പ്രസന്റേഷനുകൾ വിദ്യാർഥികൾക്കായി തയാറാക്കിയായിരുന്നു തുടക്കം. അവയെപ്പറ്റി കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ വിദ്യാർഥികൾക്ക് അവസരം നൽകി. റിസർച്ച് ടോപിക്ക് എന്ന നിലയിലാണ് വിദ്യാർഥികൾക്ക് അസൈൻമെന്റ് നൽകിയത്. തയാറാക്കുന്ന അസൈൻമെന്റുകൾക്ക് സ്റ്റൈപൻഡും നൽകിത്തുടങ്ങി.

കുട്ടികൾക്കൊപ്പം ചേർന്ന് ഓരോ വിഷയത്തെക്കുറിച്ചും തുറന്ന ചർച്ചകളും വിലയിരുത്തലുകളും നടത്തിയതോടെ പഠനത്തെക്കുറിച്ചുള്ള വിദ്യാർഥികളുടെ കാഴ്ചപ്പാടു തന്നെ മാറുകയായിരുന്നു. പത്തു വർഷം കൊണ്ട് തയാറാക്കിയ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള പവർ പോയിൻറ് പ്രസന്റേഷനുകൾ 'കണ്ടംപററി എൻസൈക്ലോപീഡിയ ഓഫ് ഇംഗ്ലിഷ് ലിറ്ററേച്ചർ' എന്ന പേരിൽ പല വാല്യങ്ങളായി പുറത്തിറക്കി. അതിന് കേരളത്തിനകത്തും പുറത്തും വൻ സ്വീകാര്യതയാണ് ലഭിച്ചത്. 

tes-04

ഓരോ വിദ്യാർഥിയുടെയും മനസ്സിൽ ഒരു കുട്ടി ഉണ്ടാവും. അതു മനസ്സിലാക്കി കളികളിലൂടെ ഇംഗ്ലിഷ് സാഹിത്യത്തോട് താത്പര്യം വർദ്ധിപ്പിക്കുവാനും ഓരോ വിഷയത്തെക്കുറിച്ചും ആഴത്തിൽ മനസ്സിലാക്കാനും സഹായിക്കുന്ന രീതിയിലാണ് ക്ലാസുകൾ എടുക്കുന്നത്. വിദ്യാർഥികൾ തയ്യാറാക്കിയ പുസ്തകങ്ങൾ അവരുടെ പേരിൽത്തന്നെ പുറത്തിറക്കാനും സാധിക്കുന്നുണ്ട്. പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന വീട്ടമ്മമാരും വിദ്യാർഥികളിൽ ഉൾപ്പെടുന്നു. ഇത്തരം അവസരങ്ങൾ അവർക്ക് നൽകുന്ന പ്രചോദനം ചെറുതല്ല . 

സാഹിത്യ പഠനത്തെ നിത്യജീവിതവുമായി ബന്ധപ്പെടുത്താം

ക്ലാസ് റൂമുകളിലെ പഠനത്തിനു പുറമേ വിദ്യാർഥികളുമായി ചേർന്ന് മറ്റ് നിരവധി സംരംഭങ്ങൾക്കും ഡോ. കല്യാണി വല്ലത്ത് ആരംഭം കുറിച്ചിട്ടുണ്ട്. ഇംഗ്ലിഷ് സാഹിത്യത്തെ അടിസ്ഥാനമാക്കി ലൈഫ്സ്റ്റൈൽ ഉൽപന്നങ്ങൾ വിൽക്കുന്ന ക്യൂ ഷോപ്പ് എന്ന ഓൺലൈൻ സ്റ്റോർ, സാഹിത്യ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്ന ബോധി ട്രീ ബുക്സ്, ഗെയിമുകളിലൂടെ സാഹിത്യപഠനം സാധ്യമാകുന്ന ഏസ് ഓഫ് ക്ലബ്സ്, സാഹിത്യ വിദ്യാർഥികൾക്ക് തൊഴിൽസാധ്യതകൾ ഒരുക്കുന്ന ഇ - പ്രോഫ് എന്ന സംഘടന എന്നിവയെല്ലാം ഏറെ ജനശ്രദ്ധ നേടിയവയാണ്. 

tes-05

ഓൺലൈൻ ക്ലാസുകൾ വിജയകരമാക്കാനുള്ള സീക്രട്ട്

കോവിഡ് വ്യാപനത്തെ തുടർന്ന് ക്ലാസുകൾ ഓൺലൈനായി മാറിയതോടെ വിദ്യാർഥികൾക്ക് പഠനം മുൻപത്തെ പോലെ അത്ര എളുപ്പമല്ല. എന്നാൽ ഓൺലൈൻ ക്ലാസുകൾ അധ്യാപകരിൽ ചുരുങ്ങി പോകാതെ വിദ്യാർഥികളെ കേന്ദ്രീകരിച്ചായാൽ ഏറെ ഗുണം ചെയ്യുമെന്ന് ഡോ. കല്യാണി വല്ലത്ത് പറയുന്നു. ക്ലാസ് എടുക്കുന്ന സമയത്ത് മാത്രം പഠനം ഒതുങ്ങി പോവരുത് . വിദ്യാർഥികൾക്കായി വാട്സാപ്പ് ഗ്രൂപ്പുകളുണ്ടാക്കി നേരിട്ടുള്ള ക്ലാസുകളിൽ എന്നപോലെ പോലെ പലതരം ആക്ടിവിറ്റികൾ അവർക്ക് നൽകുന്നു. ക്വിസ്സുകളും ചർച്ചകളും ഒക്കെയായി വിദ്യാർഥികൾ കൂടുതൽ സമയവും ഇത്തരം ഗ്രൂപ്പുകളിൽ സജീവമാണ്. 

tes-03

മലയാളികൾക്ക് ഇംഗ്ലിഷ് ഭാഷയോടുള്ള മനോഭാവം..

മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മലയാളികൾ ഇംഗ്ലിഷ് ഭാഷ ഉപയോഗിക്കുന്നതിൽ അൽപം മടികാണിക്കാറുണ്ട് എന്നാണ് മനസ്സിലാവുന്നത്. അത് ഇംഗ്ലിഷ് കൂടുതൽ അറിയാവുന്നതുകൊണ്ടാണ് എന്ന് വേണം കരുതാൻ. ഇവിടെ ഭാഷ നന്നായി അറിയാവുന്നവരാണ് ഏറെയും. അതിനാൽ ഇംഗ്ലിഷ് ഉപയോഗിക്കുമ്പോൾ തെറ്റു വന്നാൽ മറ്റുള്ളവർക്ക് എളുപ്പത്തിൽ മനസ്സിലാകും എന്നതാണ് അവരെ പിന്നോട്ട് വലിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽ ഉള്ളവർ വ്യാകരണത്തിലേയോ പ്രയോഗത്തിലേയോ തെറ്റുകൾ കണക്കിലെടുക്കാതെ സംസാരിക്കുന്നു.

tes-02

മാറേണ്ടത് ഇംഗ്ലിഷ് ഭാഷയെ വേറിട്ട വിഷയമായി കാണുന്ന വിദ്യാഭ്യാസരീതി

കണക്കും ശാസ്ത്രവും ഒക്കെ പോലെ ഒരു വിഷയം എന്ന നിലയ്ക്കാണ് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഇപ്പോഴും ഇംഗ്ലിഷ് ഉൾപ്പെടുത്തിയിട്ടുള്ളത്. സ്കൂൾ പഠനത്തിനു ശേഷവും ഇംഗ്ലിഷിനെ മറ്റൊരു വിഷയമായി മാറ്റി നിർത്താതെ ഏത് വിഷയമാണോ വിദ്യാർഥി തിരഞ്ഞെടുക്കുന്നത് അതിനെ അടിസ്ഥാനമാക്കിയുള്ള ഇംഗ്ലിഷ് പരിശീലനം നൽകുന്നതാണ് കൂടുതൽ ഉപകാരപ്രദം. അതേപോലെ പഠനം അധ്യാപകരിലേക്ക് ഒതുങ്ങി പോകാതെ കുട്ടികളിൽ കേന്ദ്രീകൃതമാകേണ്ടതുണ്ട്. സ്വയം കാര്യങ്ങൾ പഠിച്ചെടുക്കാനുള്ള അവസരം വിദ്യാർഥികൾക്ക് ലഭിക്കണം. പഠിച്ചത് മനപ്പാഠമാക്കി പകർത്തുന്ന രീതി മാറി വിദ്യാർഥികളുടെ ആശയങ്ങൾക്കും ക്രിയാത്മകതയ്ക്കും മുൻതൂക്കം നൽകുന്ന തരത്തിൽ പരീക്ഷകളിലും മാറ്റം വരേണ്ടത് അനിവാര്യമാണ്.

സംരംഭക എന്ന നിലയിൽ രാജ്യാന്തര അംഗീകാരം

സ്ത്രീ സംരംഭക എന്ന നിലയിൽ കാഴ്ചവയ്ക്കുന്ന വ്യത്യസ്തമായ പ്രവർത്തനങ്ങളും ആശയങ്ങളും കണക്കിലെടുത്ത് ഓക്സ്ഫഡിലെ വിമൺ ലീഡർഷിപ്പ് സിംപോസിയത്തിൽ നാലു തവണ പ്രബന്ധം അവതരിപ്പിക്കാനുള്ള അവസരം ഡോ. കല്യാണി വല്ലത്തിന് ലഭിച്ചിട്ടുണ്ട്. ഡോ. കല്യാണിയുടെ വർഷങ്ങൾ നീണ്ട അധ്യാപന ജീവിതത്തിൽനിന്നു പ്രചോദനമുൾക്കൊണ്ട് സ്വന്തംനിലയിൽ സംരംഭങ്ങൾ ആരംഭിച്ച വിദ്യാർഥികൾ നിരവധിയാണ്. ഇവർക്കെല്ലാം വേണ്ട സഹായ സഹകരണങ്ങൾ നൽകാനും ഡോ. കല്യാണി മുൻപന്തിയിലുണ്ട്.

tes-06

വർഷങ്ങൾ നീണ്ട കഠിനപ്രയത്നവും ദൃഢനിശ്ചയവുമാണ് ഇംഗ്ലിഷ് സാഹിത്യ പഠന രംഗത്ത് ആയിരക്കണക്കിന് വിദ്യാർഥികൾക്ക് പ്രചോദനമേകിക്കൊണ്ട് ഒരു പുതിയ പാത ഒരുക്കുന്നതിന് ഡോ. കല്യാണി വല്ലത്തിന് സഹായകരമായത്.     യൂണിവേഴ്സിറ്റി കോളേജിലെ പ്രിൻസിപ്പലും ഓംബുഡ്സ്മാനുമായിരുന്ന പ്രൊഫസർ ബാലകൃഷ്ണൻ നായരുടെ മകളാണ് ഡോ. കല്യാണി. ഓരോ ചുവടുവയ്പിലും പൂർണ്ണ പിന്തുണയേകി കൊണ്ട് ഭർത്താവ് സുധീപും മകൻ ഹരിഹരനും ഇവർക്കൊപ്പമുണ്ട്.

English Summary: Success Story Of Dr. Kalyani Vallath- Total English Solutions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com