റാങ്ക് കിട്ടിയതും ഒളിച്ചുവയ്ക്കേണ്ടി വന്നു; ദുരിതം താണ്ടി വിജയമധുരം; നൗജിഷ

HIGHLIGHTS
  • വലിയ സങ്കടക്കടൽ കടക്കേണ്ടി വന്നെങ്കിലും ഇപ്പോൾ വിജയമധുരം നുകരുകയാണ് ഈ മിടുക്കി
noujisha
SHARE

പിഎസ്‌‌സി പരീക്ഷയ്ക്ക് ഉയർന്ന റാങ്ക് നേടാനായി കഠിനമായി പരിശ്രമിക്കുന്ന നിരവധി ഉദ്യോഗാർഥികളുണ്ട്. അത്തരത്തിലൊരാളായിരുന്നു പേരാമ്പ്രക്കാരി നൗജിഷ. പക്ഷേ ആഗ്രഹിച്ചിരുന്ന റാങ്ക് തേടിയെത്തിയപ്പോള്‍ അതാരോടും പറയാതെ ഒളിച്ചുവയ്ക്കേണ്ട അവസ്ഥ പോലും വന്നിട്ടുണ്ട് നൗജിഷയ്ക്ക്. അതും ജീവിതം കൈവിട്ട് പോകുമോ എന്ന് ഭയന്ന്. പക്ഷേ പേടിയുടെ കാലമൊക്കെ പഴങ്കഥയാക്കി നൗജിഷ ഇന്നൊരു പൊലീസ് ഉദ്യോഗസ്ഥയാകാൻ തയ്യാറെടുക്കുകയാണ്. 

മുപ്പത്തി ഒന്ന് വർഷങ്ങൾക്കുള്ളിൽ ഒരു വലിയ സങ്കടക്കടൽ കടക്കേണ്ടി വന്നെങ്കിലും ഇപ്പോൾ വിജയമധുരം നുകരുകയാണ് ഈ മിടുക്കി. ആഘോഷമാക്കേണ്ട റാങ്ക് ലിസ്റ്റ് ഒളിച്ചുവയ്ക്കേണ്ടി വന്നതു മുതൽ മറ്റുള്ളവർക്ക് പ്രചോദനമായി മാറിയ അതിജീവനം വരെയെത്തി നില്‍ക്കുന്ന പോരാട്ട കഥയെ കുറിച്ച് മനസ്സ് തുറക്കുകയാണ് നൗജിഷ.

കൂലിപ്പണിക്കാരനായ അച്ഛൻ കഷ്ടപ്പെട്ട് പഠിപ്പിച്ചതാണ് നൗജിഷയെ. ആ പ്രയാസങ്ങൾ മനസ്സിലാക്കി തന്നെ അവൾ നന്നായി പഠിച്ചു. 2013ലായിരുന്നു എംസിഎ ബിരുദധാരിയായ നൗജിഷയുടെ വിവാഹം. ഇതോടെ ജിവിതം കീഴ്മേല്‍ മറിഞ്ഞു. ജോലിയ്ക്ക് പോകണമെന്ന് വിവാഹത്തിന് മുൻപ് തന്നെ പറഞ്ഞിരുന്നെങ്കിലും ഒന്നും പാലിക്കപ്പെട്ടില്ല. അടുക്കളയിൽ കഴിയാനുള്ള പെണ്ണുങ്ങൾ എന്തിനാണ് വീടിന്പുറത്ത് പോകുന്നതെന്ന ചോദ്യത്തിന് മുൻപിൽ നൗജിഷ പകച്ചു.

പൊരുത്തക്കേടുകള്‍ ശാരീരികമായും മാനസികമായും നിരന്തരം പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്നതിലേക്ക് വഴിവച്ചു. മൂന്ന് വർഷത്തെ യാതനകൾക്കൊടുവിൽ സഹനത്തിന്റെ പാതവെടിഞ്ഞ് അവൾ പ്രതികരിച്ചു. ഒടുവിൽ ഭർത്താവിന്റെ വീട് ഉപേക്ഷിച്ച് ഒന്നര വയസ്സുകാരനായ മകനുമായി മടങ്ങി. 

2016 മുതലാണ് നൗജിഷ പഠനത്തിനും പുതിയ ജീവിതത്തിനുമുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കുന്നത്. വീടിനടുത്തുള്ള ടോപ്പേഴ്സ് എന്ന സ്ഥാപനത്തിൽ പഠനത്തിനെത്തി. പക്ഷേ കേസും കോടതിയും പലപ്പോഴും ക്ളാസുകള്‍ മുടക്കി. അപ്പോഴും ആരോടും ഒന്നും പറയാതെ ശകാരങ്ങൾ കേട്ടു. പക്ഷേ പഠനത്തില്‍ മിടുക്കിയായ നൗജിഷയുടെ അവസ്ഥ മനസ്സിലാക്കിയ അധ്യാപകര്‍ ഫീസ് പോലും വാങ്ങാതെയാണ് പിന്നിട് പഠനത്തിനുള്ള സൗകര്യം ഒരുക്കിയത്. ഒന്നര വർഷത്തെ പ്രയത്നത്തിന് ഒടുവിൽ കഴിഞ്ഞ ഡിസംബറോടെ 141–ആം റാങ്കുമായി നൗജിഷ പിഎസ്സി റാങ്ക് പട്ടികയിൽ ഇടം പടിച്ചു. ഒരുമാസമായി വനിതാ പൊലീസ് ട്രയിനിങ്ങിലാണ് ഈ മിടുക്കി. ആ മടക്കം ജീവിതത്തില്‍ ഒന്നിനും അവസാനമല്ലെന്നും തന്റെ വഴി ശരിയായിരുന്നുവെന്നും അവള്‍ തെളിയിച്ചു.

തീരുമാനങ്ങളെ തിരുത്താന്‍ അനവധി പിൻവിളികളുണ്ടായി. പക്ഷേ ജീവിതത്തിന് അർഥമുണ്ടാകണമെന്നും ജോലി നേടണമെന്നുമുള്ള ലക്ഷ്യബോധത്തിൽ നിന്ന് നൗജിഷയെ ഒന്നിനും പിന്‍തിരിപ്പിക്കാനായില്ല. താൻ അനുഭവിച്ച കഷ്ടപ്പാടും ബുദ്ധിമുട്ടും ഒരു ഘട്ടത്തിൽ വാശിയായി മാറിയപ്പോൾ നേട്ടങ്ങളുടെ തിരമാലയായി നൗജിഷയുടെ ജീവിതം. നിരന്തര പരിശ്രമത്തിൽ പല ലിസ്റ്റുകളിലും ഇടം നേടി. പക്ഷേ എട്ടാം റാങ്ക് ലഭിച്ച ലിസ്റ്റ് പോലും അവള്‍ക്ക് മറച്ചുവയ്ക്കേണ്ടി വന്നു. വിവാഹ മോചനവുമായി ബന്ധപ്പെട്ട് കേസ് നടക്കുമ്പോൾ തന്റെ പേര് ലിസ്റ്റിലുണ്ടെന്നറിഞ്ഞാൽ ബന്ധം പിരിയുന്നതിൽ നിന്ന് ഭര്‍തൃകുടുംബം പിന്മാറുമോ എന്ന് ഭയന്നായിരുന്നു അത്. 

'ജീവിതം അവസാനിപ്പിക്കാൻ കിണറിന്റെ പടിവരെ എത്തി തിരിച്ച് നടന്നതാണ് ഞാൻ. നമ്മുടെ ജീവിതം നമ്മൾ തിരഞ്ഞെടുക്കണം. ഇഷ്ടങ്ങൾക്ക് അനുസരിച്ച് ജീവിച്ച് തീർക്കണം. ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. സമൂഹത്തില്‍ ഇന്നും ഗാർഹിക പീഡനം സഹിക്കുന്ന നിരവധി പെൺകുട്ടികളുണ്ട്. വിദ്യാഭ്യാസവും ജോലിയും ഉള്ളവർപോലും അതിൽ ഉൾപ്പെടും. വെമ്പായത്ത് കഴിഞ്ഞ ദിവസം മരിച്ച പെൺകുട്ടി അത്തരത്തിലൊരു ഇരയാണ്. ഇനി ഒരിക്കലും അത്തരം ദുരന്തങ്ങൾ ഉണ്ടാവാതിരിക്കാനാണ് എന്റെ അനുഭവങ്ങൾ ഞാൻ തുറന്ന് പറയുന്നത്‌'.. ഉറച്ച സ്വരത്തിൽ നൗജിഷ പറയുന്നു.

Read More>>

English Summary: Kerala PSC Success Story Of Noujisha

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA