ADVERTISEMENT

പ്രശസ്തരുടെ ജീവചരിത്രം അടയാളപ്പെടുത്തുന്ന യുഎസിലെ മാർക്വിസ് ഹു ഈസ് ഹു പുസ്തകത്തിൽ മലയാളി വനിത. കോട്ടയം സ്വദേശി സ്‌നേഹ സാബുവാണ് പുസ്തകത്തിൽ ഇടം നേടിയത്. 1898ൽ ആൽബർട് നെൽസൺ മാർക്വിസ് പ്രസിദ്ധീകരിക്കാൻ തുടങ്ങിയ മാർക്വിസ് ഹു ഈസ് ഹുവിനു 120 വർഷങ്ങളിലധികം ചരിത്രമുണ്ട്. യുഎസിലെ പ്രമുഖ വ്യക്തിത്വങ്ങളെയും ലോകമെമ്പാടും വിവിധ മേഖലകളിൽ വിജയിച്ചവരെയും പുസ്തകത്തിൽ ഉൾപ്പെടുത്താറുണ്ട്. 2020ൽ മഹാമാരിക്കാലത്തു മുൻഗണന നൽകേണ്ട പദ്ധതികൾ തിരഞ്ഞെടുക്കാനുള്ള ഒരു രൂപരേഖ സ്‌നേഹ തയാറാക്കിയിരുന്നു. പാൻഡെമിക് പ്രയോറിട്ടൈസേഷൻ മെട്രിക്സ് എന്നറിയപ്പെട്ട ഇത് ഓസ്‌ട്രേലിയൻ സംസ്ഥാനം ന്യൂ സൗത്ത് വെയിൽസിന്റെ പബ്ലിക് അഡ്മിനിസ്‌ട്രേഷൻ മന്ത്രാലയത്തിനു സമർപ്പിച്ചു. ഇത് 60 പ്രാദേശിക കൗൺസിലിലേക്കും സംസ്ഥാനം വ്യാപിപ്പിച്ചത് കോവിഡ് കാലത്തെ സ്നേഹയുടെ മികച്ച തൊഴിൽ സംഭാവനയായി.

 

കോട്ടയം കങ്ങഴ ഇളംതുരുത്തിൽ കുടുംബാംഗമായ സ്‌നേഹ, നിലവിൽ ഓസ്‌ട്രേലിയയിൽ വേവർലി കൗൺസിലിൽ കോർപറേറ്റ് പ്ലാനിങ് ആൻഡ് റിപ്പോർട്ടിങ് കോർഡിനേറ്ററാണ്. നഗരാസൂത്രണമാണ് സ്‌നേഹയുടെ തൊഴിൽ മേഖല. നഗരങ്ങളുടെ ഭാവി മുന്നിൽ കണ്ടുള്ള പ്ലാനുകളും പദ്ധതികളും തയാറാക്കലാണ് ഇതിൽ പ്രധാനം. ഇതിനായി സർക്കാർ, രാഷ്ട്രീയക്കാർ, മറ്റുകക്ഷികൾ എന്നിവരുമായി നിരന്തരം ഇടപെടുന്നതും റിപ്പോർട്ടുകൾ തയാറാക്കുന്നതും ജോലിയുടെ ഭാഗമാണ്.ഇപ്പോഴത്തെ ജോലിക്കു മുൻപ് സ്വകാര്യ, മീഡിയ, എൻജിഒ, സർക്കാർ സെക്ടറുകളിൽ തന്റെ പ്രവർത്തന വൈദഗ്ധ്യം സ്‌നേഹ പ്രകടിപ്പിച്ചിട്ടുണ്ട്.

sneha

ബാങ്കോക്കിൽ നടന്ന യുഎൻ പോസ്റ്റ് എംഡിജി ചർച്ചയിൽ സ്‌നേഹ പങ്കെടുത്തിട്ടുണ്ട്. സന്നദ്ധ സംഘടനയായ ഹാബിറ്റാറ്റ് ഫോർ ഹ്യുമാനിറ്റി ഇന്‌റർനാഷനലിനു വേണ്ടിയായിരുന്നു ഇത്. ഈ സംഘടനയുടെ ഏഷ്യാ പസിഫിക് മേഖലയിലെ അസോഷ്യേറ്റ് ഡയറക്ടർ എന്ന നിലയിൽ സേവനമനുഷ്ടിച്ച സ്‌നേഹ 18 രാജ്യങ്ങളുടെ ആസൂത്രണത്തിൽ തന്റെ സംഭാവനകൾ നൽകി. തന്റെ കരിയറിലെ ഏറ്റവും മികച്ച റോളായിട്ടാണ് ഈ തസ്തികയിലെ പ്രവർത്തനത്തെ സ്‌നേഹ വിശേഷിപ്പിക്കുന്നത്.

 

2007ൽ രാജസ്ഥാനിൽ ബരാൻ ജില്ലയിൽ നടത്തിയ ഒരു സന്ദർശനമാണ് സന്നദ്ധസേവനത്തിലും ആസൂത്രണത്തിലും തന്റെ കരിയർ വളർത്താൻ സ്‌നേഹയ്ക്കു പ്രചോദനമേകിയത്. ഇവിടെ  ഒരു ഗ്രാമത്തിലെ ആളുകൾക്കിടയിൽ നടമാടിയ ദാരിദ്ര്യവും വിവിധ രോഗാവസ്ഥകളും നേരിട്ടു കണ്ടത് ഇതിന് കാരണമായി. ജയ്പുരിൽ ബാലവേലയുടെ ആധിക്യം, മുംബൈയിലും ഫിലിപ്പൈൻസിലെ മനില നഗരത്തിലും ബംഗ്ലദേശിലും കംബോഡിയയിലുമുള്ള ചേരിനിവാസികളുടെ ദുരിതപൂർണമായ ജീവിതം തുടങ്ങിയവയ്ക്കു പരിഹാരങ്ങൾ കണ്ടെത്താൻ സ്നേഹ ശ്രമിച്ചിട്ടുണ്ട്. കംബോഡിയയിൽ സ്നേഹ ഉൾപ്പെടെയുള്ള സംഘത്തിന്റെ പഠനങ്ങളും നിർദേശങ്ങളും അവിടത്തെ സർക്കാർ നടപ്പാക്കുകയും പ്രശ്നത്തിൽ പുരോഗതി നേടുകയും ചെയ്തിരുന്നു. യുപിയിൽ പ്രസവശേഷം സ്ത്രീകളുടെ ആരോഗ്യപരിപാലനം കുറ്റമറ്റതാക്കി പ്രസവാനന്തര മരണങ്ങൾ കുറയ്ക്കാനുള്ള നി‍ർദേശങ്ങളും നടപ്പിൽ വന്നു.

 

കോട്ടയം കളത്തിപ്പടി മരിയൻ ജൂനിയർ കോളജിൽ പ്രീഡിഗ്രി പഠനത്തിനു ശേഷം കോട്ടയം സിഎംഎസ് കോളജിൽ നിന്ന് കമ്യൂണിക്കേറ്റിവ് ഇംഗ്ലിഷിൽ സ്‌നേഹ ബിരുദം നേടി. തുടർന്നു മദ്രാസ് ക്രിസ്ത്യൻ കോളജിൽ നിന്ന് ഒന്നാം റാങ്കോടെ മാസ് കമ്യൂണിക്കേഷനിൽ എംഎ ബിരുദം. ഇതിനു ശേഷം കുറെക്കാലം ചെന്നൈയിൽ , പ്ലാൻമാൻ കൺസൽട്ടിങ്, എൻഎംടിവി, വേൾഡ് വിഷൻ തുടങ്ങിയ സ്ഥാപനങ്ങളിൽ 2009 വരെ ജോലി ചെയ്തു. വേൾഡ് വിഷനിലാണ് കോർപറേറ്റ് പ്ലാനർ എന്ന തസ്തികയിൽ ആദ്യമായി തൊഴിൽ ലഭിച്ചത്. 2009ൽ ഓസ്‌ട്രേലിയയിലേക്കു താമസം മാറ്റിയ സ്‌നേഹ രണ്ടു വർഷം തദ്ദേശ ഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു തൊഴിലുകളെടുത്തു. പിന്നീട് ഓസ്‌ട്രേലിയയിൽ നിന്നു തന്റെ തട്ടകം രണ്ടുവർഷത്തേക്ക് തായ്‌ലൻഡിലേക്കു പോയി. ഇവിടെയാണു ഹാബിറ്റാറ്റിൽ ജോലി ചെയ്തത്. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ വർധിച്ചു വരുന്ന വീടില്ലാത്തവരുടെ എണ്ണം കുറയ്ക്കാനും ഇവർക്കു പുനരധിവാസം ഉറപ്പാക്കാനുമായിരുന്നു ഊന്നൽ.

 

2013ൽ ഓസ്‌ട്രേലിയയിൽ തിരിച്ചെത്തി ഹാബിറ്റാറ്റിനു വേണ്ടിയുള്ള പ്രവർത്തനം തുടർന്നു.ഇതിനിടയിൽ തന്നെ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ്, ഹാർവഡ് ബിസിനസ് സ്കൂൾ, ഓസ്ട്രേലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങളിൽ നിന്നു വിവിധ ഡിഗ്രികളും വിദ്യാഭ്യാസയോഗ്യതകളും നേടി.

 

നിരവധി അംഗീകാരങ്ങളും സ്‌നേഹയെത്തേടി എത്തിയിട്ടുണ്ട്. 2008ൽ വേൾഡ് ബാങ്കിന്റെ ഇന്ത്യയെ പശ്ചാത്തലമാക്കിയുള്ള ചർച്ചയിൽ പങ്കെടുത്തു. 2018ൽ വേവർലി നഗരഭരണകൂടത്തിൽ നിന്നും മികച്ച പ്രവർത്തനത്തിനുള്ള അവാർഡും നേടി. പ്രഫഷനൽ നൈപുണ്യത്തിനു പുറമേ, പെയിന്റിങ്, സാഹിത്യം, പാചകം തുടങ്ങിയവയിലും സ്‌നേഹയ്ക്ക് അവഗാഹമുണ്ട്. ഓസ്‌ട്രേലിയയിൽ നിന്നു തിരിച്ചുവരാനും കേരളത്തിലേക്കു തന്റെ പ്രവർത്തനം ഭാവിയിൽ പറിച്ചുനടാനും ഇവർക്ക് ആഗ്രഹമുണ്ട്. എഴുത്തുകാരി കൂടിയായ ഇവർ കുട്ടികൾക്കായി മുപ്പതിലധികം ചെറുകഥകളും 7 കവിതകളും രചിച്ചിട്ടുണ്ട്. ഇപ്പോൾ ഒരു ക്രൈംഫിക്‌ഷൻ നോവലിന്റെ പണിപ്പുരയിലാണ്.

 

കങ്ങഴ ഇളംതുരുത്തിൽ സുധ, സാബു എന്നിവരുടെ മകളാണു സ്നേഹ. ഓസ്‌ട്രേലിയയിൽ സിറ്റി ബാങ്കിൽ ഉദ്യോഗസ്ഥനായ വിനു തോമസാണു ഭർത്താവ്. സഹോദരൻ സിറിയക് പൊതുപ്രവർത്തകനാണ്. 

English Summary: Success Story Of Sneha Sabu: Marquis Who's Who Book

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com