പഠിച്ചത് മലയാളം മീഡിയംസ്കൂളിൽ; ‘Why not’ എന്ന ചോദ്യം ഹന്നയെ എത്തിച്ചത് യുഎന്നിൽ, മാതൃകയാക്കാം ഈ മിടുക്കിയെ

HIGHLIGHTS
  • പഠിച്ചു ജോലി നേടുകയാകണം പെൺകുട്ടികളുടെ ഏറ്റവും പ്രധാന ലക്ഷ്യം
dr-hanna-paulose
ഡോ. ഹന്ന പൗലോസ്
SHARE

ബിടെക് ഒന്നാം വർഷം ടോക്കിയോയിലെ കോൺഫറൻസിലേക്കു ക്ഷണം. ഒറ്റയ്ക്ക് അവിടെവരെയോ... പലരും ആശങ്കപ്പെട്ടു. പക്ഷേ ഹന്ന ചോദിച്ചു, Why not ? ആ യാത്ര യുഎൻ വരെയെത്തിയ കഥയാണിത്

കോതമംഗലം എംഎ കോളജിൽ ഒന്നാം വർഷം ബിടെക്കിനു പഠിക്കവെ എറണാകുളം മഴുവന്നൂർ സ്വദേശി ഹന്ന പൗലോസിന് ടോക്കിയോയിൽ ഒരു കോൺഫറൻസിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. ഒറ്റയ്ക്ക് അവിടെവരെയോ... പലരും ആശങ്കപ്പെട്ടു. അന്നു പോകാൻതന്നെ തീരുമാനിച്ച ഹന്ന ഇന്നു യുഎൻ വേൾഡ് ഫുഡ് പ്രോഗ്രാമിൽ ഇംപാക്ട് വലിഡേഷൻ ഓഫിസറാണ്. വയസ്സ് 29; സഞ്ചരിച്ച രാജ്യങ്ങൾ 23. മഴുവന്നൂർ എംആർഎസ്‌വി മലയാളം മീഡിയം സ്കൂളിൽനിന്ന് യുഎന്നിലേക്കുള്ള ആ യാത്ര വിദ്യാർഥികൾക്കു പ്രചോദനപാഠമാണ്. 

കോതമംഗലം TO ടോക്കിയോ 

കുട്ടിക്കാലത്ത് അമ്മയും അച്ഛനും വാങ്ങിത്തന്ന പുസ്തകങ്ങളിലൂടെ വിമാനങ്ങളും ബഹിരാകാശയാത്രകളും ഹന്നയുടെ മനസ്സിൽ കയറിക്കൂടി; ഒപ്പം എയ്റോസ്പേസ് എൻജിനീയറിങ് എന്ന പഠനമേഖലയും. ബിടെക്കിന് തിരഞ്ഞെടുത്തത് മെക്കാനിക്കൽ. ഒപ്പം എയ്റോസ്പേസിനെക്കുറിച്ചു കൂടുതലറിയാനും അതിൽ ഗവേഷണം നടത്തുന്നവരോടു സംസാരിക്കാനും ശ്രമിച്ചു. അവർ നിർദേശിച്ച പ്രബന്ധങ്ങൾ വായിച്ചു. അവയെല്ലാം ചേർത്ത് ഹന്ന എഴുതിയ റിവ്യൂ പേപ്പറിന്റെ മികവ് ഈ വിദഗ്ധരുടെ ശ്രദ്ധ പിടിച്ചുപറ്റി. അങ്ങനെ ടോക്കിയോയിലെ കോൺഫറൻസിലേക്കു ക്ഷണം ലഭിച്ചതായിരുന്നു വഴിത്തിരിവ്. 

അവിടെനിന്നു ലഭിച്ച ബന്ധങ്ങളുപയോഗിച്ച് ഇന്റേൺഷിപ് ചെയ്തത് ബെംഗളൂരു ഐഐഎസ്‌‍സിയിൽ; പ്രോജക്ട് ചെയ്തത് ഐഐടി മദ്രാസിലെ പ്രഫസർക്കൊപ്പം.

ബിടെക്  TO ഹ്യുമൻ സയൻസസ് 

ബിടെക് കഴിഞ്ഞപ്പോൾ സമൂഹത്തിൽ നേരിട്ട് ഇടപെടാൻ സാധിക്കുന്ന കരിയറായി ലക്ഷ്യം. ഉപരിപഠനത്തിനു സാമൂഹികശാസ്ത്ര മേഖല തിരഞ്ഞെടുത്തു. വിദേശ സർവകലാശാലകളിലെ പ്രഫസർമാർക്ക് ഇമെയിൽ അയച്ചു. എല്ലാവരും മറുപടി തന്നേക്കില്ല, എങ്കിലും ശ്രമിക്കുക എന്നാണു ഹന്ന പറയുന്നത്. തുടർന്ന് യുഎസിലെ ഒഹായോ സ്റ്റേറ്റ് സർവകലാശാലയിലെ ഹ്യൂമൻ സയൻസസ് വകുപ്പിൽ ഇന്റഗ്രേറ്റഡ് പിഎച്ച്ഡിക്കു സ്കോളർഷിപ്പോടെ പ്രവേശനം ലഭിച്ചു. 5 വർഷത്തിനിടെ സ്കൈ ഡൈവിങ് വരെ പഠിച്ചു. സമ്മർ വെക്കേഷനിൽ മറ്റു സർവകലാശാലകളിൽ വിസിറ്റിങ് സ്കോളറായി പോയി. വിവിധ രാജ്യങ്ങളിലേക്ക് ഒറ്റയ്ക്കുള്ള യാത്രകൾ. രണ്ടാം വർഷം കഴിഞ്ഞ് യുഎൻ എൻവയൺമെന്റ് പ്രോഗ്രാമിൽ ഇന്റേൺഷിപ്. ദുരന്ത ലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടിയോടൊപ്പം പ്രവർത്തിച്ചു. അക്കാലത്തുണ്ടായ നേപ്പാൾ ഭൂമികുലുക്കത്തിന്റെ പരിസ്ഥിതി ആഘാത പഠനത്തിന്റെ ഭാഗമാകാനും അവസരം ലഭിച്ചു. തുടർന്ന് യുഎൻ വേൾഡ് ടൂറിസം ഓർഗനൈസേഷൻ അഡ്വാൻസ്‍ഡ് പിഎച്ച്ഡി ഫെലോസിനെ തേടിയപ്പോൾ ഹന്ന അപേക്ഷ നൽകി. പിഎച്ച്ഡി കോഴ്സിന്റെ അവസാന വർഷം സ്പെയിനിലെ മഡ്രിഡിൽ വേൾഡ് ടൂറിസം പ്രോഗ്രാമിലാണു പ്രവർത്തിച്ചത്. 

വേൾഡ് ഫുഡ് പ്രോഗ്രാമിലേക്ക് 

പഠനം കഴിഞ്ഞ് യുഎൻ ഉൾപ്പെടെ ആഗോള വികസന രംഗത്തെ അവസരങ്ങൾ തിരഞ്ഞ ഹന്ന യുഎൻ വിമനിൽ ക്ലൈമറ്റ് സ്പെഷലിസ്റ്റായി. കാലാവസ്ഥാ വ്യതിയാനങ്ങളും പ്രകൃതിദുരന്തങ്ങളും സ്ത്രീകളെയും കുട്ടികളെയും എങ്ങനെ ബാധിക്കുന്നുവെന്നു ജോലിയുടെ ഭാഗമായി പഠിച്ചു. പിന്നീടാണ് യുഎൻ വേൾഡ് ഫുഡ് പ്രോഗ്രാമിൽ (ഡബ്ല്യുഎഫ്പി) എത്തിയത്. ഇറ്റലിയിലെ റോമാണ് ലോകത്തിലെ ഏറ്റവും വലിയ ദുരിതാശ്വാസ സംഘടനയായ ഡബ്ല്യുഎഫ്പിയുടെ ആസ്ഥാനം. പ്രധാനമായും ചില ആഫ്രിക്കൻ രാജ്യങ്ങളാണ് ഹന്നയുടെ ചുമതലയിലുള്ളത്. ദുരന്തബാധിത പ്രദേശങ്ങളിൽ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുകയാണ് മുഖ്യ ലക്ഷ്യം. സാഹചര്യം ആവശ്യപ്പെടുന്നതനുസരിച്ച് ഏതു പാതിരാത്രിയിലും ജോലി ചെയ്യണം. 

യുഎൻ അവസരങ്ങൾ

യുഎന്നിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ കരിയർ വിഭാഗമാണ് ജോലിക്കും ഇന്റേൺഷിപ്പിനുമായി ആശ്രയിക്കേണ്ടത് (careers.un.org). ചില യുഎൻ ഏജൻസികൾ അവരുടെ വെബ്സൈറ്റിലൂടെയും ഒഴിവുകൾ അറിയിക്കും. വ്യാജ സൈറ്റുകൾ ഒരുപാടുണ്ടെന്നതും ശ്രദ്ധിക്കണം. അക്കാദമിക് മികവിനൊപ്പം പഠനകാലത്തെ എക്സ്ട്രാ കരിക്കുലർ പ്രവർത്തനങ്ങളും ഗുണം ചെയ്യും. ഇന്റേൺഷിപ്പിനു യുഎന്നിൽ തന്നെ പോകാൻ സാധിച്ചില്ലെങ്കിലും നാട്ടിലെ എൻജിഒകളിൽ പ്രവർത്തിക്കുന്നതും കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കും. ഒമാൻ ആരോഗ്യവകുപ്പിൽ ഉദ്യോഗസ്ഥയായിരുന്ന വത്സയുടെയും സംസ്ഥാന നിയമവകുപ്പിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായിരുന്ന പൗലോസിന്റെയും മകളാണ് ഹന്ന. ഭർത്താവ് ഷിജോയ് വർഗീസ് ഡൽഹിയിൽ റോക്കിമൗണ്ടൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി ചെയ്യുന്നു. 

കുട്ടിക്കാലത്തെ വായനശീലമാണ് ഭാഷാപരമായ അടിത്തറ സമ്മാനിച്ചത്. പഠിക്കുന്ന കാലത്തുതന്നെ അധ്യാപകരോ സുഹൃത്തുക്കളോ ആയ മെന്റേഴ്സിനെ കണ്ടെത്തിയുള്ള നെറ്റ്‌വർക്കിങ് പ്രധാനം. ബന്ധങ്ങൾ സൃഷ്ടിക്കുക. പഠിച്ചു ജോലി നേടുകയാകണം പെൺകുട്ടികളുടെ ഏറ്റവും പ്രധാന ലക്ഷ്യം. സ്വന്തമായി സമ്പാദിക്കാനും അതു സ്വന്തമായി ചെലവഴിക്കാനും സ്വാതന്ത്ര്യം ഉണ്ടാകണം. - ഡോ. ഹന്ന പൗലോസ് 

English Summary: Success Story Of Hanna Paulose UN World Food Programme Impact Validation Officer

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഉരുൾ പൊട്ടിയ കൂട്ടിക്കലിന്റെ ആകാശദൃശ്യങ്ങൾ

MORE VIDEOS
FROM ONMANORAMA