ADVERTISEMENT

ഹോട്ടൽ മാനേജ്മെന്റ് രംഗത്തു സ്ത്രീകൾക്കു ഉയരാൻ പറ്റില്ല എന്ന ധാരണ തിരുത്തി സുമ നായരുടെ വിജയം. കേരളത്തിലെ ഫൈവ് സ്റ്റാർ ഡീലക്സ് ഹോട്ടലിൽ ജനറൽ മാനേജർ പദവി വഹിക്കുന്ന വനിത എന്ന ബഹുമതി കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി സുമ നായർക്കു സ്വന്തം. കുറച്ചു സ്ത്രീകൾ മാത്രമേ ഇന്ത്യയിൽ ഈ പദവി വഹിക്കുന്നുള്ളൂ. കൊല്ലം അഷ്ടമുടി റാവിസ് ഹോട്ടലിന്റെ ജനറൽ മാനേജരായാണ് സുമ നിയമിതയായത്. തന്റെ കരിയർ വഴികളെ കുറിച്ചും ഹോട്ടൽ മാനേജ്മെന്റ് രംഗത്തെ സാധ്യതകളെ കുറിച്ചും സുമ നായർ സംസാരിക്കുന്നു.

 

സ്വയം തിരഞ്ഞെടുത്ത കരിയർ

ഞാൻ പ്ലസ് ടു വരെ പഠിച്ചത് ഒഡീഷയിലാണ്. അച്ഛൻ മോഹൻ നായർ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിലാണു ജോലി ചെയ്‌തിരുന്നത്‌. അന്നു പത്രങ്ങളിൽ കാണുന്ന പരസ്യങ്ങളിൽ മിക്കവയും ഹോട്ടൽ മാനേജ്‌മെന്റ് അല്ലെങ്കിൽ നഴ്സിങ്ങിനെ കുറിച്ചായിരുന്നു. എന്റെ താൽപര്യം ഹോട്ടൽ മാനേജ്‌മെന്റായിരുന്നു. പക്ഷേ വീട്ടുകാർക്ക് ഇഷ്ടമല്ലായിരുന്നു. സ്ത്രീകൾക്കു പറ്റിയ കരിയറാണോ, സുരക്ഷ എത്രത്തോളമുണ്ടാകും എന്ന ചിന്തകളായിരുന്നു അവരെ അലട്ടിയിരുന്നത്. എന്റെ നിർബന്ധത്തിനാണ് ഈ രംഗത്തേക്കു വന്നത്.

 

suma-with-ravi-pillai
സുമ നായർ റാവിസ് ചെയർമാൻ ഡോ. ബി.രവിപിള്ള, മകൾ ഡോ.ആരതി രവിപിള്ള എന്നിവരോടൊപ്പം

ക്ലബ് മഹീന്ദ്ര വഴി റാവിസ്

ഹോട്ടൽ മാനേജ്മെന്റ് പഠിച്ചതു മംഗലാപുരം ശ്രീദേവി കോളജിലാണ്. അവിടെ വച്ചു ക്യാംപസ് സിലക്‌ഷൻ കിട്ടി. ആദ്യം ജോയിൻ ചെയ്‌തത് കുടകിലുള്ള ക്ലബ് മഹീന്ദ്രയിലാണ്. അവിടെനിന്നു മികച്ച ട്രെയിനിങ് കിട്ടി. തുടർന്ന് ഗോവ, മൂന്നാർ, തേക്കടി എന്നിങ്ങനെ ക്ലബ് മഹീന്ദ്രയുടെ എട്ടോളം റിസോർട്ടുകളിൽ ജോലി ചെയ്തു. തുടർന്ന് അവിടെത്തന്നെ ഓപ്പറേഷൻ മാനേജരായും ജോലി ചെയ്‌തു. 12 വർഷത്തോളം ക്ലബ് മഹീന്ദ്രയിൽ ഉണ്ടായിരുന്നു. റാവിസിൽ എത്തിയിട്ടു നാലു വർഷമാകുന്നു, റിസോർട്ട് മാനേജരായാണ് ഇവിടെ കരിയർ തുടങ്ങിയത്.

 

ഹോട്ടൽ മാനേജ്മെന്റ് രംഗവും സ്ത്രീകളും

സ്ത്രീകൾ മുമ്പത്തേക്കാളും കൂടുതലായി ഈ മേഖലയിലേക്കു വരുന്നുണ്ട്. പക്ഷേ എന്തുകൊണ്ടോ സ്ത്രീകൾക്കു കരിയറിൽ ഉയരാൻ സാധിക്കുന്നില്ല. ഇടയ്ക്കു വച്ച് അവരുടെ കരിയർ ബ്രേക്ക് ചെയ്യുന്നു. 

suma-with-amir
ആമിർ ഖാനോടൊപ്പം സുമ നായർ

 

കരിയറിൽ എനിക്കു ലിംഗവിവേചനം നേരിടേണ്ടി വന്നിട്ടില്ല. സ്ത്രീ എന്ന നിലയിൽ എന്റെ ജോലികളിലും ഞാൻ വ്യത്യാസമൊന്നും കാണിച്ചിട്ടില്ല. അതായിരിക്കാം ഞാൻ ഇവിടെ വരെ എത്തിയത്. ജോലി ചെയ്ത സ്ഥാപനങ്ങളും എന്നോട് അങ്ങനെയൊരു വിവേചനം കാണിച്ചിട്ടില്ല. നല്ല സഹകരണം ആയിരുന്നു ഇതുവരെ കിട്ടിയത്. പ്രമോഷനും ഫെസിലിറ്റീസും യഥാസമയം കിട്ടിയിട്ടുണ്ട്. റാവിസിൽ എനിക്കു ലഭിച്ച അംഗീകാരം ഈ രംഗത്തു ജോലിനോക്കുന്ന വനിതകളുടെ വളർച്ചക്കു ഗുണമാകണം എന്ന ആഗ്രഹം എനിക്കുണ്ട്.

 

അതിഥികൾ നിരവധി

ഒരു ഹോട്ടലിൽ നമ്മൾ സ്വീകരിക്കുന്നതു പല രീതിയിലുള്ള ഗെസ്റ്റുകളെയാണ്. പല സ്ഥലങ്ങളിൽ വരുന്ന വ്യത്യസ്ത സ്വഭാവക്കാർ. അവർക്ക് മികച്ച എക്സ്പീരിയൻസ്, മനോഹരമായ ഓർമകൾ സമ്മാനിക്കുകയാണ് ഞങ്ങളുടെ ജോലി. ഇതേ മാനസിക സംതൃപ്തി സ്റ്റാഫിനും നൽകാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. കാരണം അവർ ഹാപ്പി ആയിരുന്നാലേ ഗെസ്റ്റും ഹാപ്പിയാകൂ. 

suma-with-family
സുമ നായർ കുടുംബത്തോടൊപ്പം

 

ഇതൊരു ഗ്ലാമറസ് ഫീൽഡ് ആണ്. ജോലിയുടെ ഭാഗമായി സെലിബ്രിറ്റീസിനെ അടുത്തു കാണാൻ പറ്റും. റാവിസിൽ ജോയിൻ ചെയ്‌ത ശേഷം എന്റെ ഫസ്റ്റ് വിഐപി അതിഥി അന്നത്തെ ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിങ് ആയിരുന്നു. ആമിർ ഖാൻ, മനോജ് കെ. ജയൻ, ദുൽഖർ, കെ. എസ്. ചിത്ര തുടങ്ങി ധാരാളം പേരെ സ്വീകരിക്കാൻ പറ്റി.

 

കോവിഡും ഇൻഡസ്ട്രിയും

കോവിഡിന്റെ വരവോടെ ആയുർവേദ ചികിത്സ കൂടി ലക്ഷ്യമിട്ട് എത്തുന്ന വിദേശ സഞ്ചാരികൾ, ഉത്തരേന്ത്യൻ ഡെസ്റ്റിനേഷൻ വെഡിങ് എന്നിവയ്ക്ക് കുറവുണ്ടായി. എല്ലാവർക്കും വാക്‌സീൻ ലഭിക്കുന്നതോടെ ടൂറിസം രംഗം പഴയ പ്രതാപത്തിലേക്ക് തിരിച്ചു വരുമെന്നു പ്രതീക്ഷിക്കുന്നു. 

 

പെൺകുട്ടികളോട് പറയാനുള്ളത്

ഇഷ്ടം പോലെ അവസരങ്ങൾ ഉള്ള ഫീൽഡാണ് ഹോട്ടൽ മാനേജ്മെന്റ്. എൻജിനീയറിങ്, എച്ച്ആർ, ഫ്രണ്ട് ഓഫിസ്, ഹൗസ് കീപ്പിങ് അങ്ങനെ പല ഡിപ്പാർട്മെന്റുകൾ ഈ രംഗത്തുണ്ട്. പൊതുവേ ഇതിനെക്കുറിച്ച് ആൾക്കാർക്ക് വ്യക്തമായ കാഴ്ചപ്പാടില്ല, അതായിരിക്കണം സ്ത്രീകൾ ഈ രംഗത്തു വേണ്ടത്ര ശോഭിക്കാത്തത്. ഒരു ഡിപ്പാർട്മെന്റിലെ ജോലി നമുക്കു പറ്റുന്നില്ല എന്നു തോന്നുകയാണെങ്കിൽ മറ്റു വിഭാഗത്തിലേക്കു മാറുവാൻ സാധിക്കും. ഹൗസ് കീപ്പിങ്ങ് വിഭാഗത്തിലാണ് എന്റെ കരിയറിന്റെ തുടക്കം. ഫ്രണ്ട് ഒാഫീസടക്കം മറ്റു വിഭാഗങ്ങളിൽ സേവനമനുഷ്ഠിക്കാനും കാര്യങ്ങൾ പഠിക്കാൻ സാധിച്ചതുമാണ് എന്റെ വിജയം.

 

സപ്പോർട്ട്

ഭർത്താവ് ശ്രീജിത്ത് ബെംഗളൂരു അസെഞ്ചെറിൽ ജോലി ചെയ്യുന്നു. മകൻ പത്തു വയസ്സുകാരൻ ആര്യൻ. വീട്ടുകാര്യങ്ങളും കരിയറും ഒരുമിച്ചു കൊണ്ടുപോകാൻ സാധിക്കുന്നത് ഭർതൃമാതാവ് ശ്രീദേവി നൽകുന്ന പിന്തുണ കൊണ്ടാണ്. അതുപോലെ റാവിസ് മാനേജ്മെന്റും സഹപ്രവർത്തകരും നൽകുന്ന പിന്തുണ വളരെ വലുതാണ്. ഉത്തരവാദിത്വമേറിയ ഈ പദവിയിൽ എത്തിച്ചേരാനായതും അതുകൊണ്ടു തന്നെയാണ്.

English Summary: Success Story Of Suma Nair- GM Of Raviz Ashtamudi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com