ADVERTISEMENT

അയർലൻഡ് ഭാവിയിൽ ഐടി വിദ്യാഭ്യാസത്തിന്റെ ഹബ്ബായി മാറുമോ? ശുഭപ്രതീക്ഷയോടെ അതെയെന്ന് ഉത്തരം നൽകുകയാണ് കൊച്ചിയിൽ നിന്നുള്ള കംപ്യൂട്ടർ സയൻസ് ബിരുദധാരിയായ ടോണി സാജൻ. അയർലൻഡിലെ മയ്‌നൂഥ് ദേശീയ സർവകലാശാലയിൽ ടോണി ഫുൾ സ്‌കോളർഷിപ്പോടെ ഒരു വർഷ ഐടി മാസ്‌റ്റേഴ്‌സിന് അഡ്മിഷൻ നേടിയിട്ടുണ്ട്. സെപ്റ്റംബറിൽ കോഴ്‌സ് തുടങ്ങും.

 

നഴ്‌സിങ് തൊഴിൽമേഖലയ്ക്കു പേരുകേട്ട അയർലൻഡ് ഭാവിയിൽ ഐടി വ്യവസായത്തിനു വലിയ സാധ്യതയുള്ള സ്ഥലമാണെന്നു ടോണി പറയുന്നു. ഫെയ്‌സ്ബുക്, മൈക്രോസോഫ്റ്റ് ഉൾപ്പെടെ ലോകത്തെ പല മുൻനിര ഐടി കമ്പനികളുടെയും യൂറോപ്യൻ ഹെഡ് ഓഫിസ് അയർലൻഡിൽ ആയി വരുന്നുണ്ട്. ഒരു വർഷ മാസ്റ്റേഴ്‌സ് പ്രോഗ്രാമുകളാണ് അയർലൻഡിൽ സാധാരണയായുള്ളത്. ഇംഗ്ലിഷ് ഭാഷ പൂർണമായും ഉപയോഗിക്കപ്പെടുന്ന രാജ്യമെന്ന മെച്ചവും വേറെ. ഇതെല്ലാം ഇന്ത്യൻ കംപ്യൂട്ടർ സയൻസ് വിദ്യാർഥികളെ ഇങ്ങോട്ട് ആകർഷിച്ചേക്കാവുന്ന ഘടകമാണെന്നാണു ടോണിയുടെ അഭിപ്രായം.

 

തൊടുപുഴ അക്കപ്പടിക്കൽ സാജൻ ജെയിംസിന്റെയും സിമ്മിയുടെയും മകനായ ടോണി, ഇപ്പോൾ കൊച്ചി മരടിലാണു താമസം. പിതാവ് സാജൻ ഇവിടെ കൊച്ചിൻ പോർട് ട്രസ്റ്റിൽ ഉദ്യോഗസ്ഥനാണ്.

 

പോർട് ട്രസ്റ്റിന്റെ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ്ടു വരെ പഠിച്ച ടോണി തൃക്കാക്കര ഗവൺമെന്റ് മോഡൽ എൻജിനീയറിങ് കോളജിലാണു കംപ്യൂട്ടർ സയൻസ് എൻജിനീയറിങ്ങിൽ രണ്ടു വർഷം മുൻപ് ബിരുദം നേടിയത്. തുടർന്ന് എൽആൻഡ് ടി ടെക്‌നോളജി സർവീസസിൽ ജോലി നേടി. നിലവിൽ കമ്പനിയിലെ പ്രഫഷനലാണ് ടോണി.

 

എന്നാൽ ജോലി തുടങ്ങുമ്പോൾ തന്നെ ഉപരിപഠനം എന്ന സ്വപ്‌നം ടോണിയുടെ മനസ്സിൽ ഉണ്ടായിരുന്നു. ജോലിയിൽ തന്നെ തുടർന്ന് കംഫർട് സോണിൽ നിൽക്കാതെ രാജ്യാന്തര വിദ്യാഭ്യാസം, ലോക തൊഴിൽരംഗം എന്നിവ പരിചയിക്കണമെന്ന ആഗ്രഹവും ഇതിനു പിന്നിൽ ഉണ്ടായിരുന്നു. ആദ്യം എംബിഎ എടുക്കാമെന്നാണ് വിചാരിച്ചത്. എന്നാൽ രാജ്യാന്തര കോളജുകളിൽ എംബിഎ ചെലവേറിയതാണ്. ഇതാണു മാസ്‌റ്റേഴ്‌സ് എന്ന ലക്ഷ്യത്തിലേക്കു ടോണിയെ വഴിതിരിച്ചു വിട്ടത്.

 

വിദ്യാഭ്യാസത്തിന്റെ കുറഞ്ഞ ചെലവാണ് യൂറോപ്യൻ രാജ്യങ്ങളിലെ മാസ്റ്റേഴ്‌സ് കോഴ്‌സുകളിലേക്കുള്ള അന്വേഷണത്തിലേക്കു ടോണിയെ നയിച്ചത്. പന്ത്രണ്ടാം ക്ലാസിൽ സ്‌കൂൾ ടോപ്പറായാണു പാസായതെങ്കിലും കോളജ് പഠനകാലത്തെ സിജിപിഎ അത്ര മികച്ചതല്ലായിരുന്നെന്നു ടോണി പറയുന്നു. അതിനാൽ തന്നെ ആദ്യം അപേക്ഷിച്ച ചില കോളജുകൾ ടോണിയുടെ അപേക്ഷ തള്ളി. എന്നാൽ മയ്‌നൂഥ് സർവകലാശാലയിൽ സോഫ്‌റ്റ്വേർ എൻജിനീയറിങ് എന്ന മാസ്റ്റേഴ്‌സ് കോഴ്‌സിനു ടോണി പരിഗണിക്കപ്പെട്ടു. സർവകലാശാലയുടെ ഓഫർ സ്വീകരിച്ച ടോണി ഐഇഎൽടിഎസ് യോഗ്യത, വിദ്യാഭ്യാസ ലോൺ തുടങ്ങിയ ലക്ഷ്യങ്ങളിലേക്കു കടന്നു. വസ്തു ജാമ്യമാക്കി വച്ച് 25 ലക്ഷം രൂപയുടെ എജ്യുക്കേഷനൽ ലോണിന് അപേക്ഷയും നൽകി.

എന്നാൽ ഇതിനിടെയാണ് അയർലൻഡ് സർക്കാർ വിദേശവിദ്യാർഥികൾക്കായി നൽകുന്ന ഇന്റർനാഷനൽ എജ്യുക്കേഷൻ സ്‌കോളർഷിപ്പിന് അപേക്ഷിക്കാൻ ടോണി തീരുമാനിച്ചത്. അയർലൻഡിൽ ഉപരിപഠനം തേടുന്ന 60 വിദ്യാർഥികൾക്കാണ് വർഷം 22 ലക്ഷം രൂപ മൂല്യം വരുന്ന ഈ സ്‌കോളർഷിപ് നൽകുന്നത്. ട്യൂഷൻ ഫീയും ജീവിതച്ചെലവുകളും ഈ സ്‌കോളർഷിപ് വഴി നികത്തപ്പെടുമെന്നു ടോണി പറയുന്നു.

 

100 മാർക്കുള്ള ഒരു ക്വസ്റ്റ്യനെയറാണ് സ്‌കോളർഷിപ് അപേക്ഷയ്ക്കായി നൽകേണ്ടിയിരുന്നത്. ഇതിൽ 40 മാർക്ക് വിദ്യാർഥിയുടെ പൂർവകാല വിദ്യാഭ്യാസ ചരിത്രം, യോഗ്യതകൾ, തൊഴിൽ പരിചയം, നേട്ടങ്ങൾ എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ്. എന്നാൽ ഇതിലുപരി നിർണായകമായി വരുന്നത് അടുത്ത 45 മാർക്കുകളാണ്. ഇവ വിദ്യാർഥി നൽകുന്ന പേഴ്‌സനൽ സ്റ്റേറ്റ്‌മെന്‌റുകളെ അടിസ്ഥാനപ്പെടുത്തിയാണു നിർണയിക്കുന്നത്. ഇതിൽ കുറേയെറെ ചോദ്യങ്ങളുണ്ടാകും. ഇവയ്ക്ക് ആത്മാർഥമായി 500 വാക്കുകളിൽ ഉത്തരം നൽകണം.

 

ബാക്കി 15 മാർക്ക് അപേക്ഷകന്‌റെ ഫാക്കൽട്ടി, അല്ലെങ്കിൽ മേലധികാരി നൽകുന്ന റഫറൻസ് ലെറ്ററുകളെ അടിസ്ഥാനപ്പെടുത്തിയാണ്. ടോണിക്ക് ഈ സ്‌കോളർഷിപ് ലഭിച്ചു. ഇതോടെ എജ്യുക്കേഷനൽ ലോണിനുള്ള അപേക്ഷ പിൻവലിക്കുകയും ചെയ്തു. അയർലൻഡിലെ വിദ്യാഭ്യാസത്തെയും ഭാവിയിൽ ലഭിക്കാൻ പോകുന്ന തൊഴിലിനെയും ശുഭപ്രതീക്ഷയോടെ നോക്കുകയാണ് ടോണി. 


English Summary: Success Story Of Tony Sajan- Student Of Maynooth University Ireland

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com