ADVERTISEMENT

വെറുമൊരു ഓട്ടോ യാത്രയ്ക്കപ്പുറം തന്റെ വണ്ടിയില്‍ കയറുന്ന യാത്രക്കാരന് എന്തെല്ലാം സൗകര്യങ്ങള്‍ നല്‍കാനാകുമെന്ന കാടു കയറിയ ചിന്തയാണ് അണ്ണാദുരൈയെ ലോകമറിയുന്ന ഓട്ടോ അണ്ണയാക്കി മാറ്റിയത്. 

 

ഈ ഓട്ടോ വെറും സ്മാര്‍ട്ടല്ല, സൂപ്പര്‍ സ്മാര്‍ട്ടാ

മഞ്ഞയും പച്ചയും നിറമടിച്ച ഈ ഓട്ടോയ്ക്കുള്ളിലേക്ക് കയറിയാല്‍ ഏതൊരാളും ആദ്യമൊന്ന് അമ്പരക്കും. വായിക്കാന്‍ മാഗസീനും പുസ്തകങ്ങളും, കഴിക്കാന്‍ സ്‌നാക്‌സ്, കുടിക്കാന്‍ ഡ്രിങ്ക്‌സ്. തീര്‍ന്നില്ല വൈഫൈ, ടാബ്ലറ്റ്, സ്മാര്‍ട്ട് ഫോണ്‍, മിനി ടെലിവിഷന്‍ സെറ്റ്. ഹ്രസ്വമായ ഒരു ഓട്ടോ യാത്രയ്ക്ക് വിമാനത്തെ വെല്ലുന്ന സൗകര്യങ്ങളാണ് അണ്ണാദുരൈ തികച്ചും സൗജന്യമായി തന്റെ ഓട്ടോയില്‍ ഒരുക്കി വച്ചിരിക്കുന്നത്. കോവിഡ് കാലത്തിനു ശേഷം ഈ പട്ടികയിലേക്ക് മാസ്‌കും സാനിറ്റൈസറും ഉള്‍പ്പെടെയുള്ള സുരക്ഷാ മുന്‍കരുതലുകളും എത്തി. ഓട്ടോയില്‍ കയറുന്ന ഏതൊരാള്‍ക്കും അതിപ്പോ സ്‌കൂള്‍ കുട്ടിയോ സ്ത്രീകളോ പ്രഫഷണലുകളോ മുതിര്‍ന്ന യാത്രക്കാരോ ആരുമാകട്ടെ, അവര്‍ക്ക് ആസ്വദിക്കാനുള്ള എന്തെങ്കിലും ഒന്ന് ഈ ഓട്ടോയില്‍ ഉണ്ടാകുമെന്നുറപ്പ് 

 

2009ല്‍ ഓട്ടോയുടെ പിന്‍ സീറ്റില്‍ പത്രങ്ങളും മാഗസീനുകളും വച്ചു കൊണ്ടായിരുന്നു അണ്ണാദുരൈയുടെ തുടക്കം. ഒന്നോ രണ്ടോ പത്രങ്ങളെങ്കിലും മുഴുവന്‍ വായിച്ച ശേഷമേ അണ്ണ തന്റെ ദിവസം ആരംഭിക്കൂ. ഓട്ടോയില്‍ കയറുന്ന വിവിധ തരത്തില്‍പ്പെട്ട വ്യക്തികളോട് സംഭാഷണം സാധ്യമാകണമെങ്കില്‍ നാട്ടില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ച് ധാരണയുണ്ടായിരിക്കണമെന്നാണ് അണ്ണയുടെ പക്ഷം. യാത്രക്കാരുമായിട്ട് നടത്തുന്ന സംഭാഷണങ്ങള്‍ അണ്ണയെ സംബന്ധിച്ച് പ്രധാനമാണ്. കാരണം ഇതിലൂടെയാണ് ഓരോ ഉപഭോക്താവിന്റെയും ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പുതിയ സേവനങ്ങള്‍ തന്റെ ഓട്ടോയില്‍ അണ്ണ അവതരിപ്പിക്കുന്നത്. 

 

annadurai-02
Photo Credit : youtube/TEDx Talks

ഒരിക്കലൊരു ദിവസം ഓട്ടോയില്‍ കയറിയ ദമ്പതികളില്‍ ഭര്‍ത്താവ് ഫോണില്‍ സമയം ചെലവിടുമ്പോള്‍ ഭാര്യ കണക്ടീവിറ്റി പ്രശ്‌നം മൂലം ബോറടിക്കുന്നത് അണ്ണയുടെ ശ്രദ്ധയില്‍പ്പെട്ടു. അങ്ങനെയാണ് തന്റെ ഓട്ടോയില്‍ അണ്‍ലിമിറ്റഡ് വൈഫൈ റൗട്ടര്‍ സ്ഥാപിച്ചത്. ഈ സംവിധാനം തന്റെ യാത്രക്കാര്‍ക്ക് സൗജന്യമായി ലഭ്യമാക്കി. 

 

ഐടി ഇടനാഴിയിലെ ട്രാഫിക്ക് കുരുക്കില്‍പ്പെട്ടു കിടക്കുമ്പോള്‍ പല യാത്രക്കാര്‍ക്കും പെട്ടെന്ന് ദേഷ്യം വരാറുണ്ട്. വൈഫൈ വന്നതോടെ അവര്‍ക്കെല്ലാം ഒരു നേരംപോക്കായി. ഒരിക്കലൊരു ഉപഭോക്താവ് എന്തോ അത്യാവശ്യ കാര്യത്തിനു തന്റെ പക്കല്‍ ലാപ്‌ടോപ് ഇല്ലാതെ ബുദ്ധിമുട്ടുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇതാണ് ഓട്ടോയില്‍ ലാപ്‌ടോപും ടാബും വാങ്ങി വയ്ക്കാന്‍ പ്രേരകമായത്. ടാബ് ഒക്കെ എത്തിയതോടെ ഓട്ടോയിലെ പല യാത്രക്കാരും സെല്‍ഫിയൊക്കെ എടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാന്‍ തുടങ്ങി. ഇത് അണ്ണാദുരൈയുടെ ഓട്ടോയ്ക്കും ജനശ്രദ്ധ നേടിക്കൊടുത്തു. കൂടുതല്‍ യാത്രക്കാരെ ലഭിക്കാനും ഇത് വഴിയൊരുക്കി. 

 

ഓഫീസിലേക്ക് തിരക്കിട്ടോടുന്ന പലരും പ്രഭാതഭക്ഷണം മുടക്കാറുണ്ടെന്ന അറിവാണു വണ്ടിയില്‍ പഴവും വേഫറുകളും അടങ്ങുന്ന സ്‌നാക്‌സ് വാങ്ങി വയ്ക്കാന്‍ അണ്ണയെ പ്രേരിപ്പിച്ചത്. ചോക്ലേറ്റുകളും തേങ്ങാ വെള്ളവും ശുദ്ധീകരിച്ച പച്ച വെള്ളവും യാത്രക്കാര്‍ക്ക് ഓട്ടോയില്‍ ലഭ്യമാകുന്നു. നോട്ട് നിരോധനം വരും മുന്‍പ് തന്നെ തന്റെ ഓട്ടോയില്‍ എടിഎം സ്വൈപ്പിങ് മെഷീന്‍ വാങ്ങി വച്ചും അണ്ണ കാലത്തിനു മുന്നേ നടന്നു. യാത്രക്കാരില്‍ പലരും ചില്ലറ ഇല്ലാതെ വിഷമിക്കുന്നതാണ് സ്വൈപ്പിങ് മെഷീന്‍ വാങ്ങാന്‍ പ്രേരകമായത്. 

 

വണ്ടിയിലെ ഈ സംവിധാനങ്ങളൊക്കെ കണ്ട് യാത്രക്കാര്‍ കൗതുകത്തോടെ അണ്ണയോട് കൂടുതല്‍ സംസാരിക്കാന്‍ തുടങ്ങി. എല്ലാ തരത്തിലുമുള്ള യാത്രക്കാര്‍ തന്റെ വണ്ടിയില്‍ കയറാറുണ്ടെന്ന് അണ്ണ പറയുന്നു. നല്ല സൗഹൃദം പുലര്‍ത്തുന്നവരും, നാണം കുണുങ്ങികളും, വിഷാദവാന്മാരും സന്തോഷത്തോടെ ഇരിക്കുന്നവരും ആശയക്കുഴപ്പമുള്ളവരും എല്ലാം ഇതില്‍ ഉള്‍പ്പെടും. എല്ലാവരെയും അണ്ണ അഭിവാദ്യം ചെയ്യും. ഇതിനായി 9 ഭാഷകളിലെ അഭിവാദ്യ വാക്കുകള്‍ അണ്ണ പഠിച്ചു വച്ചിരിക്കുന്നു. എല്ലാവര്‍ക്കും സംസാരിക്കാന്‍ ആഗ്രഹിക്കുന്ന ഒരു വിഷയമുണ്ടാകുമെന്നും അത് കണ്ടെത്തി കഴിഞ്ഞാല്‍ സംഭാഷണം എളുപ്പമാണെന്നും അണ്ണ പറയുന്നു. ഉപഭോക്താക്കളോട് നടത്തുന്ന സംഭാഷണങ്ങളാണ് അണ്ണയുടെ ജീവിത വിജയത്തിന്റെ അടിത്തറ തന്നെ. 

 

സൗജന്യ സേവനങ്ങളും ഉത്പന്നങ്ങളും ഉപഭോക്താവിന്റെ വിശ്വാസം നേടിയെടുക്കാനുള്ള ആദ്യ പടിയാണെന്ന് അണ്ണാദുരൈ പറയുന്നു. മൂന്നു വര്‍ഷം മുന്‍പ് ഇത് പരീക്ഷിക്കാനായി ഒരു പദ്ധതിയും അണ്ണ നടപ്പാക്കി. കുടയില്ലാതെ വരുന്ന ഉപഭോക്താക്കള്‍ക്ക് മഴയത്ത് ഇറങ്ങി പോകേണ്ടി വരുമ്പോള്‍ അവര്‍ക്ക് കുട കടമായി നല്‍കുക എന്നതായിരുന്നു പദ്ധതി. ഉപഭോക്താവിന് സൗകര്യപ്രദമായ സമയത്ത് ഇത് മടക്കി നല്‍കിയാല്‍ മതി. ഇനി വീണ്ടും ഓട്ടോയില്‍ കയറാന്‍ സാധ്യതയില്ലാത്തവര്‍ ആണെങ്കില്‍ അണ്ണയുമായി ടൈ അപ്പുള്ള ഏതെങ്കിലും കടകളില്‍ ഇത് തിരിച്ചേല്‍പ്പിച്ചാല്‍ മാതി. കുട കൊണ്ട് പോയവര്‍ എല്ലാവരും അത് കൃത്യമായി തിരിച്ചേല്‍പ്പിച്ചതു തന്നെ അദ്ഭുതപ്പെടുത്തി.െന്ന് അണ്ണ പറയുന്നു. 

 

സ്ഥിരം യാത്രക്കാരും സമ്മാന പദ്ധതികളും

ഇത്തരം നടപടികളിലൂടെയെല്ലാം ഈ ഓട്ടോയില്‍ മാത്രം സ്ഥിരമായി കയറുന്ന നല്ലൊരു ശതമാനം യാത്രക്കാരെ അണ്ണയ്ക്ക് സൃഷ്ടിച്ചെടുക്കാനായി. സ്ഥിരം യാത്രക്കാര്‍ക്കായി ജികെ ചോദ്യങ്ങള്‍ അടങ്ങിയ പ്രതിമാസ മത്സരങ്ങളും ഈ ബിസിനസ്സ് ബുദ്ധിയുള്ള ഓട്ടോക്കാരന്‍ സംഘടിപ്പിച്ചു. ഭാഗ്യവാനായ വിജയിക്ക് സമ്മാനം 1000 രൂപ. 20 യാത്രകളില്‍ കൂടുതല്‍ നടത്തുന്ന യാത്രക്കാര്‍ക്ക് പിന്നീട് റിഡീം ചെയ്യാവുന്ന ടോക്കണുകളും നല്‍കി തുടങ്ങി. ഏതൊരു കോര്‍പ്പറേറ്റ് കമ്പനിയെയും അതിശയിപ്പിക്കുന്ന തരത്തിലാണ് ഇത്തരം പദ്ധതികള്‍ അണ്ണ നടപ്പാക്കിയത്. ചില യാത്രക്കാര്‍ നിരവധി റൈഡിനു പോയിട്ടും തന്നോടുള്ള സൗഹൃദത്തിന്റെ പേരില്‍ ഈ ടോക്കണുകള്‍ റിഡീം ചെയ്യാതിരുന്നിട്ടുണ്ടെന്നും അണ്ണ ചൂണ്ടിക്കാട്ടി. യാത്രക്കാര്‍ക്ക്, പ്രത്യേകിച്ച് വിദേശികളായ യാത്രക്കാര്‍ക്ക് വേണ്ടിയുള്ള മുന്‍കൂര്‍ ബുക്കിങ്ങും അണ്ണയുടെ ഓട്ടോയെ പ്രശസ്തമാക്കി. ശിശുദിനം, വനിതാദിനം, മാതൃദിനം എന്നിങ്ങനെ പ്രത്യേക അവസരങ്ങളില്‍ അണ്ണ സൗജന്യ റൈഡുകള്‍ യാത്രക്കാര്‍ക്ക് നല്‍കി. 

 

ചൈന്നൈയിലെ അധ്യാപകര്‍ക്ക് ഏതു സമയത്തും തന്റെ ഓട്ടോയില്‍ സൗജന്യമായി സവാരി ചെയ്യാമെന്നും അണ്ണ പ്രഖ്യാപിച്ചു. എന്‍ജിനീയര്‍മാരെയും ഡോക്ടര്‍മാരെയും വക്കീലന്മാരെയും പത്രപ്രവര്‍ത്തകരെയുമെല്ലാം രൂപപ്പെടുത്തുന്ന മഹത്വമേറിയ ജോലി എന്ന നിലയ്ക്കാണ് അധ്യാപകര്‍ക്ക് അണ്ണയുടെ ഈ സ്‌പെഷ്യല്‍ ഓഫര്‍. 

 

മാസം 1.18 ലക്ഷം രൂപ വരുമാനം

ദിവസവും നൂറു കണക്കിന് യാത്രക്കാര്‍ക്ക് സേവനം നല്‍കിയാണ് കോവിഡിന് മുന്‍പ് മാസം 1.18 ലക്ഷം രൂപയൊക്കെ അണ്ണ സമ്പാദിച്ചത്. ഇതില്‍ 19,000 രൂപ തന്റെ ഉപഭോക്താക്കളെ സന്തോഷിപ്പിക്കുന്നതിനുള്ള ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായി മുടക്കി. ആദ്യമൊക്കെ സുഹൃത്തുക്കളും കുടുംബക്കാരും ഇങ്ങനെയുള്ള കാര്യങ്ങള്‍ക്ക് പണം ചെലവിടുന്നതിനെ വിമര്‍ശിച്ചു. എന്നാല്‍ ഉപഭോക്താവിന് വേണ്ടി ഏതറ്റം വരെ പോകാനുള്ള അണ്ണയുടെ മനസ്സ് ഈ വിമര്‍ശനങ്ങളെ അതിജീവിച്ചു. അങ്ങനെ ഉപഭോക്താക്കളെ അണ്ണ എന്നും സന്തോഷമായി വച്ചപ്പോള്‍ ബിസിനസ്സും വളര്‍ന്നു, പേരും പ്രശസ്തിയുമാകുകയും ചെയ്തു. 

 

കോവിഡ് മഹാമാരിക്കാലം മറ്റുള്ളവരെ പോലെ തന്നെ അണ്ണയുടെ വരുമാനത്തെയും ബാധിച്ചു. പക്ഷേ, ഇപ്പോഴും ആവശ്യക്കാര്‍ക്ക് സൗജന്യ യാത്ര നല്‍കാനും മാസ്‌കും സാനിറ്റൈസറും ഉറപ്പാക്കാനും അണ്ണ ശ്രമിക്കുന്നു. വലുതോ ചെറുതോ ആയ എന്ത് ജോലിയാണെങ്കിലും ആത്മാര്‍ത്ഥതയോടെ അതിന്റെ ഗുണഭോക്താക്കളുടെ സംതൃപ്തിക്കായി കഠിന പ്രയത്‌നം ചെയ്താല്‍ വിജയമുറപ്പാണെന്ന് ഈ ഓട്ടോ അണ്ണയുടെ ജീവിത കഥ നമ്മെ ഓര്‍മ്മിക്കുന്നു.

 

English Summary: Success Story of Annadurai Aka Auto Anna 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com