ഐഎഎസ് വിട്ട് രക്ത ബാഗ് നിർമാണ സ്ഥാപനം തുടങ്ങിയ ബാലഗോപാൽ

balagopal
SHARE

മലയാളിയാണെങ്കിലും സി.ബാലഗോപാലിനെ കേരളം അറിഞ്ഞുതുടങ്ങിയത് 1980 ലാണ്. രാജ്യത്തെ മികച്ച സ്ഥാപനങ്ങളിൽ പഠിച്ചശേഷം തിരുവനന്തപുരത്തെ സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസിൽ പിഎച്ച്ഡി ചെയ്തുകൊണ്ടിരിക്കെ 1977 ൽ ബാലഗോപാലിനു സിവിൽ സർവീസ് ലഭിച്ചു. മണിപ്പുർ കേഡർ ഐഎഎസുകാരനായിരുന്നു. 

മന്ത്രി ഇ.ചന്ദ്രശേഖരൻ നായരുടെ സെക്രട്ടറിയായാണ് 1980 ൽ ഡപ്യൂട്ടേഷനിൽ ബാലഗോപാൽ കേരളത്തിലേക്കു വന്നത്. സിവിൽ സപ്ലൈസ് വകുപ്പിൽ വിഭാവനം ചെയ്ത സുപ്രധാന പദ്ധതികൾ നടപ്പാക്കിയതു ബാലഗോപാലിന്റെ ടീമായിരുന്നു. ഓണച്ചന്തയും മാവേലി സ്റ്റോറുമെല്ലാം ആരംഭിച്ചത് അക്കാലത്താണ്! കുറച്ചു കാലത്തിനുശേഷം മണിപ്പുർ കേഡറിലേക്കു ബാലഗോപാൽ മടങ്ങിയെങ്കിലും 1983 ൽ സിവിൽ സർവീസ് വിട്ട് വീണ്ടും അദ്ദേഹം കേരളത്തിലെത്തി. 

തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ രക്ത ബാഗ് നിർമാണ സാങ്കേതികവിദ്യ തുടങ്ങുന്നതിന്റെ ഭാഗമായി സംരംഭകരെ ക്ഷണിച്ചുകൊണ്ടുള്ള ചെറിയൊരു പത്രവാർത്തയാണു ബാലഗോപാലിന്റെ ജീവിതവഴി തിരിച്ചുവിട്ടത്. ശ്രീചിത്രയിൽ പ്രഫ. രമണിയുമായുള്ള കൂടിക്കാഴ്ചയാണ്, സിവിൽ സർവീസ് വിടാനുള്ള തീരുമാനത്തിനു ബാലഗോപാലിനു പ്രേരണയായത്. സ്വന്തം സംരംഭമെന്ന ആ സ്വപ്നം എത്തിനിന്നത് ‘പെൻപോൾ’ (Penpol) എന്ന രക്ത ബാഗ് നിർമാണക്കമ്പനി തിരുവനന്തപുരത്തു തുടങ്ങിക്കൊണ്ടാണ്. 

തുടക്കത്തിൽ വലിയ പ്രതിസന്ധികൾ നേരിട്ടു. വിദേശ ഉൽപന്നങ്ങൾക്കു മുൻഗണന നൽകിയിരുന്ന അന്നത്തെ പല നിയമങ്ങളും തടസ്സം സൃഷ്ടിച്ചു. അതെല്ലാം മറികടന്ന് ഇന്ത്യയിലെതന്നെ ഏറ്റവും മേൻമയുള്ള രക്ത ബാഗ് നിർമാണക്കമ്പനിയായി പെൻപോളിനെ ബാലഗോപാൽ വളർത്തി. ലോകത്തെതന്നെ ഏറ്റവും മികച്ച രക്ത ബാഗ് നിർമാണക്കമ്പനിയായ ജപ്പാനിലെ ടെറുമോയുമായി ചേർന്ന് Terumo Penpol എന്ന വിപുലമായ സ്ഥാപനമായി അതിനെ ഉയർത്തി. 

സംയുക്ത സംരംഭം തുടങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും ഉൽപാദനരീതിയിൽ മാറ്റമൊന്നും വരുത്താത്തതിനെക്കുറിച്ചു ടെറുമോ അധികൃതരോടു ബാലഗോപാൽ ചോദിച്ചു. ഉത്തരം വലിയൊരു ബഹുമതിയായിരുന്നു: ‘അയർലൻഡിലും ജപ്പാനിലും ചൈനയിലുമുള്ള ഞങ്ങളുടെ ഏറ്റവും നല്ല ഫാക്ടറികളിലെ ഉൽപന്നങ്ങളുടെ അതേ നിലവാരത്തിൽ നിങ്ങൾക്കിവിടെ കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നുണ്ട്. നന്നായി നടക്കുന്ന കാര്യങ്ങൾ ഞങ്ങൾ എന്തിനാണു മാറ്റുന്നത്?!’. ലോകോത്തര നിലവാരത്തിലും കുറഞ്ഞ വിലയിലും രക്ത ബാഗുകൾ നിർമിച്ചുനൽകിയതിലൂടെ ലോകവിപണിയിലെ അതികായരായി ടെറുമോ പെൻപോൾ കുതിച്ചു. 

ഏറെ വർഷങ്ങൾക്കുശേഷം ടെറുമോ പെൻപോളിന്റെ സിഇഒ സ്ഥാനം ഒഴിഞ്ഞ ബാലഗോപാൽ ഭാര്യ വിനീതയുമായി ചേർന്ന് ‘അനഹ’ എന്ന ട്രസ്റ്റ് തുടങ്ങി. സാമൂഹിക സംരംഭങ്ങൾ തുടങ്ങുന്നവർക്കു മാർഗനിർദേശവും സഹായവും നൽകുകയാണ് ‘അനഹ’യുടെ ലക്ഷ്യം. പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം, ഗ്രാമീണ ഉപജീവനം എന്നിവയിലാണു ട്രസ്റ്റിന്റെ ഊന്നൽ. കേരളത്തിൽ മാത്രമല്ല, വടക്കുകിഴക്കൻ മേഖലയിലും ഒട്ടേറെ സ്ഥാപനങ്ങൾക്കു താങ്ങായി ‘അനഹ’ പ്രവർത്തിച്ചുവരുന്നു. ഏറെ ശ്രദ്ധേയമായ 3 പുസ്തകങ്ങളുടെ ഗ്രന്ഥകർത്താവായ ബാലഗോപാൽ ഒരുപാടു സ്റ്റാർട്ടപ്പുകൾക്കു മികച്ച ‘സ്റ്റാർട്ട്’ നൽകാനും പ്രചോദനമായിട്ടുണ്ട്. ദീർഘകാലം ഫെഡറൽ ബാങ്കിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗമായി. ഇപ്പോൾ ഫെഡറൽ ബാങ്ക് ചെയർമാനാണ്. 

ആരും ആഗ്രഹിക്കുന്ന ഐഎഎസിലെത്തിയിട്ടും സേവന–സംരംഭ രംഗങ്ങളിലേക്കു ചുവടുമാറ്റിയ ബാലഗോപാൽ, ഇന്നത്തെ തലമുറയ്ക്കു ദൃഢനിശ്ചയത്തിന്റെയും കഠിനാധ്വാനത്തിന്റെയും വലിയ മാതൃകയാണ്. സുഗമപാതകൾ തേടുന്നവരാണു നമ്മളിൽ ഭൂരിഭാഗവും. പക്ഷേ, ദുർഘടപാതകൾ തേടിപ്പിടിച്ചു വിജയം വരിക്കുന്ന ബാലഗോപാലിനെപ്പോലുള്ളവരാണു പലപ്പോഴും പിൻതലമുറയ്ക്കു സുഗമപാതകൾ സൃഷ്ടിക്കുന്നതെന്നു മറന്നുകൂടാ. 

Content Summary: Success Story Of C Balagopal

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA