ട്രൂനാറ്റ് വികസിപ്പിച്ച മലയാളി: ഇൻഫോസിസ് പുരസ്‌കാരത്തിളക്കത്തിൽ ചന്ദ്രശേഖർ നായർ

chandrasekhar
ഡോ. ചന്ദ്രശേഖർ നായർ. Photo Credit : infosys Science Foundation.com
SHARE

രാജ്യത്തെ ഏറ്റവും മൂല്യമുള്ള ശാസ്ത്ര സാങ്കേതിക പുരസ്‌കാരങ്ങളിലൊന്നായ ഇൻഫോസിസ് പുരസ്‌കാരം (Infosys Prize) ഇത്തവണ ലഭിച്ചതിൽ ഒരു മലയാളിയുണ്ട്. എൻജിനീയറിങ് ആൻഡ് കംപ്യൂട്ടർ സയൻസ് വിഭാഗത്തിൽ ജേതാവായ ഡോ. ചന്ദ്രശേഖർ നായർ (Dr. Chandrasekhar Nair). അദ്ദേഹം ഇതിനു മുൻപ് അത്ര പരിചിതനല്ലായിരുന്നെങ്കിലും അദ്ദേഹം വികസിപ്പിച്ച സാങ്കേതികവിദ്യ രാജ്യം മുഴുവൻ പ്രസിദ്ധമായിരുന്നു. കോവിഡ് പരിശോധനയുടെ തോത് വർധിപ്പിക്കാൻ സഹായിച്ച ട്രൂനാറ്റ് സംവിധാനമാണ് അത്. ക്ഷയരോഗത്തിനായി വികസിപ്പിക്കപ്പെട്ട ട്രൂനാറ്റ് രാജ്യത്തിന്റെ കോവിഡ് പ്രതിരോധത്തിലെ നിർണായക പരിചയായി മാറി. ട്രൂനാറ്റിന്റെ നിർമാതാക്കളായ ഗോവ മോൾബയോ ഡയഗ്‌നോസ്റ്റിക്സിന്റെ സ്ഥാപകരിലൊരാളും ചീഫ് ടെക്നോളജി ഓഫിസറുമാണ് ഡോ. ചന്ദ്രശേഖർ നായർ.

പാലക്കാട് പഴയന്നൂർ പേനാരുവീട് റെയിൽവേ എക്സിക്യൂട്ടീവ് എൻജിനീയറായ ടി.പി.ഭാസ്‌കരന്റെയും തൃശൂർ കൊണ്ടാഴി കാട്ടാളത്ത്  അധ്യാപിക തങ്കം ഭാസ്‌കരന്റെയും മകനായാണു ഡോ.ചന്ദ്രശേഖർ നായരുടെ ജനനം. മുംബൈയിലായിരുന്നു കുട്ടിക്കാലം.അന്റോണിയോ ഡാ സിൽവ ടെക്നിക്കൽ സ്‌കൂളിൽ നിന്നും വറോറയിലെ ആനന്ദ് നികേതൻ കോളജിൽ നിന്നും സെക്കൻഡറി, പ്രീഡിഗ്രി പഠനം പൂർത്തീകരിച്ചു. പ്രശസ്ത സാമൂഹിക പ്രവർത്തകനായ ബാബാ ആംതെ സ്ഥാപിച്ചതാണ് ആനന്ദ നികേതൻ. ഇവിടത്തെ പഠനകാലയളവിൽ ആംതെയുമായി പരിചയപ്പെടാനും സംവദിക്കാനും ചന്ദ്രശേഖറിന് അവസരം ലഭിച്ചു. കുഷ്ഠരോഗം ബാധിച്ചവർക്കായുള്ള ആനന്ദ് വൻ ആശ്രമത്തിൽ പോകാനും അവരുടെ അനുഭവങ്ങൾ കേട്ടറിയാനുമൊക്കെ ഇക്കാലയളവിൽ ചന്ദ്രശേഖർ ശ്രമിച്ചു. എന്നാൽ ടെക്നിക്കൽ സ്‌കൂളിൽ പഠിക്കുന്നതിനാൽ ജീവശാസ്ത്രമോ വൈദ്യശാസ്ത്രമോ ആയി ബന്ധപ്പെട്ട മേഖലകളിൽ അന്നു തന്റെ ശ്രദ്ധ തിരിഞ്ഞില്ലെന്നു ചന്ദ്രശേഖർ ഓർക്കുന്നു. എന്നാൽ പിൽക്കാലത്ത് അതിൽ മേന്മ നേടാനായിരുന്നു അദ്ദേഹത്തിന്റെ നിയോഗം.

career-guru-the-infosys-prize-winner-truenat-chandrasekhar-nair

പ്രീഡിഗ്രിക്കു ശേഷം പ്രശസ്തമായ രാജസ്ഥാൻ പിലാനിയിലെ ബിർല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിൽ നിന്നു കെമിക്കൽ എൻജിനീയറിങ്ങിൽ നിന്നു ബിരുദം നേടി. ഇതിനു ശേഷമാണ് ഉന്നത നിലവാരത്തിലുള്ള ശാസ്ത്ര, സാങ്കേതിക ഗവേഷണവും പഠനവും ലക്ഷ്യമിട്ടുള്ള വിത്തൽ മല്യ സയന്റിഫിക് റിസർച് ഫൗണ്ടേഷനിൽ ചേർന്നത്. 1991ൽ റിസർച് ഫെലോയായാണു തുടക്കം. വലിയ രീതിയിലുള്ള അറിവു സമ്പാദനത്തിനും ഗവേഷണപരിചയത്തിനും വിത്തൽ മല്യ ഫൗണ്ടേഷൻ ചന്ദ്രശേഖറിനു വഴിയൊരുക്കി. 2001ൽ അവിടെ നിന്നു പിരിയുമ്പോൾ അവിടത്തെ എൻജിനീയറിങ് ആൻഡ് കംപ്യൂട്ടർ സയൻസസ് വിഭാഗത്തിന്റെ മേധാവിയായിരുന്നു ചന്ദ്രശേഖർ.

വിത്തൽ മല്യയിലുള്ള കാലത്തു തന്നെ സ്വന്തമായി ഒരു സ്റ്റാർട്ടപ്പ് എന്ന സ്വപ്നം ചന്ദ്രശേഖറിനുണ്ടായിരുന്നു. ഇതിനിടെ സമാനതാൽപര്യവും ഐടിയിൽ പ്രവർത്തനപരിചയവുമുള്ള ഒരുപിടി സുഹൃത്തുക്കളുമായുള്ള പരിചയം ആ സ്വപ്നത്തിനു ചിറകുകൾ നൽകി. രോഗനിർണയം എന്ന മേഖല ഒറുപാടു സാധ്യതകളുള്ളതാണെന്ന് ചന്ദ്രശേഖറും സംഘവും തിരിച്ചറിഞ്ഞു.പലപ്പോഴും രോഗനിർണയം വൈകുന്നതാണു പല രോഗങ്ങളിലും ചികിത്സ സാധ്യമാക്കാതെ പോകുന്നത്. ഇതിനു പറ്റിയ മികച്ച ഒരു രീതിയാണ് പോളിമറേസ് ചെയ്ൻ റിയാക്ഷൻ എന്ന പിസിആറെന്നും സംഘം വിലയിരുത്തി. ഇന്ന് കോവിഡ് കാലഘട്ടത്തിൽ പിസിആർ നമുക്ക് വളരെ സുപരിചിതമാണ്.

എന്നാൽ പിസിആറിനു കുറച്ചു ന്യൂനതകളുണ്ടായിരുന്നു. ഒന്ന് വളരെ ഉയർന്ന ചെലവ്, രണ്ട് വളരെ പരിശീലനം നേടിയ ജീവനക്കാരുടെ ആവശ്യം. ഇതെല്ലാം മറികടന്ന് ചെലവു ചുരുങ്ങിയ, അത്രയ്ക്ക് പ്രവർത്തനവൈദഗ്ധ്യം ആവശ്യമില്ലാത്ത, മൊബൈൽ സാങ്കേതികവിദ്യയോട് അനുഭാവപൂർവം പ്രതികരിക്കുന്ന പിസിആറിൽ അധിഷ്ഠിതമായ രോഗനിർണയ സംവിധാനമായിരുന്നു ചന്ദ്രശേഖറിന്റെയും സംഘത്തിന്റെയും അജൻഡ. ഇതിന് പല ശാസ്ത്ര, സാങ്കേതിക മേഖലകളിൽ വൈദഗ്ധ്യമുള്ള ഒരു ടീം ആവശ്യമായിരുന്നു, സാമ്പത്തിക സഹായവും. സിഎസ്ഐആർ നവീനപദ്ധതികളെ പിന്തുണയ്ക്കുന്നതിനും ഗവേഷണ, വികസനപ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനും വേണ്ടി നൽകിവരുന്ന കുറഞ്ഞ പലിശയുള്ള സോഫ്റ്റ് ലോൺ ഇവർ എടുത്തു.

career-achievers-the-infosys-prize-winner-truenat-chandrasekhar-nair
ഡോ. ചന്ദ്രശേഖർ നായർ.

പിന്നീട് 2009ൽ എച്ച്1 എൻ1 രോഗബാധ ഉണ്ടായപ്പോൾ പിസിആർ ക്ലിനിക്കൽ സാഹചര്യങ്ങളിൽ ഉപയോഗിക്കുന്നതിൽ ഇവർ വിജയിച്ചു.അങ്ങനെ ഐസിഎംആറിൽ നിന്നും ബയോടെക്നോളജി ഡിപ്പാർട്മെന്റിൽ നിന്നും ഗ്രാന്റുകൾ ലഭിച്ചു.

2011ലാണ് മോൾബയോ ഡയഗ്‌നോസ്റ്റിക്സ് തുടങ്ങിയത്. സാങ്കേതികരംഗത്ത് അനേകവർഷത്തെ പ്രവർത്തന പരിചയമുള്ള ടെക്നോക്രാറ്റായ ശ്രീറാം നടരാജനായിരുന്നു ഇതിൽ ശ്രീറാമിന്റെ പങ്കാളി. രോഗനിർണയ രംഗത്ത് ശ്രദ്ധേയമായ ടുലിപ് എന്ന ബയോ കമ്പനിയുടെ സ്ഥാപകനായിരുന്നു ശ്രീറാം.

അക്കാലത്ത് ക്ഷയരോഗത്തിന്റെ പ്രാരംഭദിശയിലുള്ള രോഗനിർണയത്തിൽ ഇവരുടെ ഉത്പന്നമായ ട്രൂനാറ്റ് മികച്ച ഫലങ്ങൾ നൽകിത്തുടങ്ങി. ചിപ് അടിസ്ഥാനപ്പെടുത്തി, പോർട്ടബിളായുള്ള ഒരു പിസിആർ ടെസ്റ്റിങ് മെഷീനായിരുന്നു ട്രൂനാറ്റ്.

നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച് ഇൻ ട്യൂബർകുലോസിസ്, ഐസിഎംആർ എന്നിവരുടെ സഹകരണത്തോടെയായിരുന്നു ഗവേഷണം. അന്നത്തെ എൻഐആർടി ഡയറക്ടർ ഡോ.സൗമ്യ സ്വാമിനാഥൻ, ഐസിഎംആർ ഡയറക്ടർ ജനറൽ വിഎം കട്ടോച്ച് എന്നിവരുടെ സഹകരണം ഇതിനു ലഭിച്ചു.

രോഗനിർണയത്തിൽ ഏറ്റവും പാടുള്ള ഒന്നാണ് ക്ഷയരോഗമെന്ന് ഡോ.ചന്ദ്രശേഖർ പറയുന്നു.മനുഷ്യന്റെ ആദിമകാലഘട്ടം മുതലെ ക്ഷയരോഗം പടർത്തുന്ന ബാക്ടീരിയകൾ ഇവിടെയുണ്ട്. സഹസ്രാബ്ദങ്ങളായി ഇവ പലവിധ മാറ്റങ്ങൾക്കു വിധേയമായി സ്വയം പരിഷ്‌കരിച്ചുപോന്നു. പരമ്പരാഗത രീതിയിൽ ആദ്യഘട്ട രോഗനിർണയം പാടാണ്. പലപ്പോഴും ക്ഷയം കണ്ടെത്തില്ല. പല അവസ്ഥകൾക്കായി പല മരുന്നുകൾ കഴിക്കും. ഒടുവിൽ ക്ഷയം അവസാനം നിർണയിക്കുമ്പോളേക്കും മരുന്നുകളോട് പ്രതികരിക്കാത്ത നിലയിലാകും ശരീരം.

എന്നാൽ ട്രൂനാറ്റിൽ ഉപയോഗിച്ച പിസിആർ രീതികളിലൂടെ ടിബി ഒരു മണിക്കൂറിൽ കണ്ടെത്താം. ഇതിന്റെ പ്രതിരോധ തെറപ്പികൾ വേഗം തുടങ്ങുകയും ചെയ്യാം. 2020ൽ ലോകാരോഗ്യ സംഘടന ട്രൂനാറ്റിനെ ക്ഷയരോഗത്തിനുള്ള രോഗനിർണയ ഉപാധിയായി അംഗീകരിച്ചു.

പിന്നീട് കോവിഡ് കാലമായി. കോവിഡിനു വേണ്ടി ട്രൂനാറ്റ് സംവിധാനത്തിൽ പരിഷ്‌കരണങ്ങൾ വരുത്തി. ട്രൂനാറ്റിനെ കോവിഡിനുള്ള ടെസ്റ്റിങ് സംവിധാനമായി ഐസിഎംആർ അംഗീകരിക്കുകയും ചെയ്തു. ഇന്ന് 2100 ടെസ്റ്റിങ് സെന്ററുകളിൽ ട്രൂനാറ്റ് ഉപയോഗിക്കുന്നു. രാജ്യത്തിന്റെ വിദൂരമേഖലകളിൽ പോലും കോവിഡ് ടെസ്റ്റിങ് സാധ്യമാക്കാൻ ഈ സംവിധാനം ഉപയോഗപ്പെട്ടു.

the-infosys-prize-winner-truenat-chandrasekhar-nair-and-family
ഡോ. ചന്ദ്രശേഖർ നായർ, അനിത, അദിതി

ഭാവിയിൽ വൈറോളജി രംഗത്തെ രോഗനിർണയത്തിൽ ട്രൂനാറ്റ് നിർണായകമാകുമെന്ന് ഡോ.ചന്ദ്രശേഖർ നായർ പറയുന്നു. നിപ്പ മുതൽ എച്ച്പിവി, ഹെപ്പറ്റൈറ്റിസ്, മലേറിയ, ഡെങ്കി തുടങ്ങി ഒട്ടേറെ രോഗങ്ങളുടെ പ്രാരംഭകാലത്തുള്ള നിർണയവും അതുവഴി മികവുറ്റ ചികിത്സയും ട്രൂനാറ്റിലൂടെ നടക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.

മോൾബയോയിൽ ഓപ്പറേഷൻസ് വിഭാഗത്തിൽ ഉദ്യോഗസ്ഥയായ അനിതയാണു ഡോ.ചന്ദ്രശേഖർ നായരുടെ ഭാര്യ. ദമ്പതികളുടെ ഏകമകൾ അദിതി.

Content Summary : Dr. Chandrasekhar Nair - The Infosys Prize 2021 laureate, Engineering and Computer Science, 2021

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA