പത്താം ക്ലാസ് ജയിക്കുന്നതിനു മുന്നേ വിവാഹിതയായ സിനിമാ നടി; ചാർട്ടേഡ് അക്കൗണ്ടന്റായി മാറിയ വിജയലക്ഷ്മിയെ അറിയണം

l-vijayalakshmi
Photo Credit : youtube/TV9 Entertainment & Rose Telugu Movies
SHARE

പത്തു വർഷം ദക്ഷിണേന്ത്യയാകെ നിറഞ്ഞുനിന്നൊരു സിനിമാനടി വിവാഹശേഷം പഠിച്ച് ഉയരങ്ങളിലേക്കു കയറിയ ജീവിതകഥ  

സിനിമാനടിയായി പത്തു വർഷം, അതിനുശേഷം പഠിച്ച് ഉയരങ്ങളിലേക്കു കയറിയ വിജയലക്ഷ്മി

അറുപതുകളിൽ തെക്കേ ഇന്ത്യയിൽ വളരെയേറെ അറിയപ്പെട്ട നടിയായിരുന്നു എൽ.വിജയലക്ഷ്മി. 1943 ൽ എറണാകുളത്തു ജനിച്ച വിജയലക്ഷ്മി, തിരുനൽവേലിയിലും പുണെയിലും മദ്രാസിലുമൊക്കെയാണു പഠിച്ചതും വളർന്നതും. 

ചെറിയ പ്രായത്തിലേ മികച്ച ഗുരുക്കൻമാരുടെ കീഴിൽ നൃത്തം പഠിച്ചു. 1959 മുതൽ ’69 വരെ ഒരു ദശകം തെലുങ്കിലും മലയാളത്തിലും തമിഴിലും ഹിന്ദിയിലും അവർ സജീവമായി അഭിനയിച്ചു. പ്രേംനസീർ, എംജിആർ, ശിവാജി ഗണേഷൻ, ജെമിനി ഗണേശൻ, ജയ്ശങ്കർ, എസ്.പി.മുത്തുരാമൻ, രവിചന്ദർ തുടങ്ങി ഒട്ടേറെ താരങ്ങളുടെ നായികയായി. പക്ഷേ, 1969 ൽ കാർഷികശാസ്ത്രജ്ഞൻ സുർജിത് കുമാർ ദേ ദത്തയെ വിവാഹം കഴിച്ചശേഷം അവർ സിനിമയിൽ സജീവമായി തുടർന്നില്ല. 

വിവാഹിതയാകുമ്പോൾ അവരുടെ യോഗ്യത പത്താം ക്ലാസ് പൂർത്തിയാക്കിയതു മാത്രമായിരുന്നു. പാസായിട്ടില്ല. പക്ഷേ, വിവാഹശേഷം അവർ സിനിമയിലെ താരമൂല്യം മാറ്റിവച്ച് ഒരു പഠിതാവായി. ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്നു മെട്രിക്കുലേഷൻ തുല്യതാ പരീക്ഷ പാസായി. മദ്രാസ് യൂണിവേഴ്സിറ്റിയിൽനിന്നു ബിരുദവുമെടുത്തു. പിന്നീടു ഭർത്താവിനൊപ്പം ഫിലിപ്പീൻസിലേക്കു ജീവിതം പറിച്ചുനട്ട വിജയലക്ഷ്മി ഒരിക്കൽ പ്രധാനമന്ത്രി മൊറാർജി ദേശായി അവിടം സന്ദർശിച്ചപ്പോൾ അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ നൃത്തം ചെയ്യുകയുണ്ടായി. 

പിൽക്കാലത്ത് ഫിലിപ്പീൻസിൽനിന്നു യുഎസിലെ വെർജീനിയയിലേക്കു മാറി. ഇന്ത്യയിലെ ചാർട്ടേഡ് അക്കൗണ്ടൻസിക്കു തുല്യമായ യുഎസിലെ സിപിഎ കോഴ്സ് (സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടിങ്) അവിടെവച്ച് വിജയലക്ഷ്മി പൂർത്തിയാക്കി. മാസ്റ്റേഴ്സ് കൂടി നേടിയശേഷം സുപ്രധാന സ്ഥാപനങ്ങളുടെ ചാർട്ടേഡ് അക്കൗണ്ടന്റായി വിജയലക്ഷ്മി മാറുകയായിരുന്നു. 

ഒരു താരത്തിന്റെ ജീവിതം എങ്ങനെയൊക്കെ മാറുന്നു എന്നു നോക്കുക! പണവും സമൂഹത്തിലെ പരിഗണനയും പിൻബലമാക്കി അവർക്കു ഭർത്താവിനൊപ്പം കഴിയുകയോ കലാകാരിയായി തുടരുകയോ ചെയ്യാമായിരുന്നു. പക്ഷേ, ചെറുപ്പത്തിലേ കലാലോകത്ത് എത്തിയതോടെ തനിക്കു നഷ്ടപ്പെട്ട പഠനാന്തരീക്ഷം തിരിച്ചുപിടിക്കാനാണ്, പ്രശസ്തിയുടെ ഉന്നതിയിൽ നിൽക്കുമ്പോഴും അവർ ആഗ്രഹിച്ചത്. 

ഏകദേശം അര നൂറ്റാണ്ടു മുൻപത്തെ സ്ത്രീജീവിതമാണു ഞാൻ പറയുന്നത്. ഇന്നത്തെയത്ര സ്ത്രീകൾക്കു മുന്നേറാൻ സാധിക്കാത്ത കാലം. അക്കാലത്താണ്, യുഎസിലെ മുൻനിര സർവകലാശാലകളുടെയും സ്ഥാപനങ്ങളുടെയുമടക്കം ചാർട്ടേഡ് അക്കൗണ്ടന്റായി, നാട്ടിൽ പത്താം ക്ലാസ് പാസാവുകപോലും ചെയ്യാതിരുന്നൊരു വനിതയ്ക്ക് ഉയരാൻ കഴിഞ്ഞത്. സിപിഎ പോലെ വളരെ കഠിനമായ പരീക്ഷകളിലൂടെ മാസ്റ്റേഴ്സ് നേടിയെടുക്കുകയായിരുന്നു, വിജയലക്ഷ്മി. 

നമുക്കിടയിലെ എല്ലാവർക്കും, പ്രത്യേകിച്ചു സ്ത്രീകൾക്ക് വലിയൊരു ജീവിതസന്ദേശമാണ് വിജയലക്ഷ്മി. പല സ്ത്രീകളും സ്വന്തം കാര്യം മാറ്റിവച്ച് കുടുംബത്തിനായി സമയം ചെലവഴിക്കുമ്പോൾ അവരുടെ വ്യക്തിത്വ വളർച്ചയ്ക്ക് ഏറ്റവും കുറച്ചു പ്രാധാന്യമാണു കൊടുക്കാറുള്ളത്. വിവാഹം കഴിഞ്ഞാൽ പഠിക്കുകയോ നല്ല ജോലി നേടുകയോ വേണ്ട എന്നു വിചാരിക്കുന്നവരുണ്ടെങ്കിൽ അവർ ഈ ജീവിതമാതൃക ഉൾക്കൊള്ളുക. പഴങ്കഥയല്ല, ഇതിൽ പുതിയ കാലത്തിന്റെയും പൊരുളുണ്ട്. 

Content Summary: Vijayatheerangal Column -Success Story Of Actress L Vijayalakshmi

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS