നീലച്ചോരയുള്ള ഞണ്ടിന്റെ കഥ പറഞ്ഞ് ജോർജ് ജേക്കബ് ; മലയാളിക്കും പഠിക്കാം ‘മ്യുസിയോളജി’

HIGHLIGHTS
  • 1500 കോടി രൂപയുടെ മ്യൂസിയം പ്രോജക്ടുകളാണ് പൂർത്തിയാക്കിയിട്ടുള്ളത്.
  • മ്യൂസിയങ്ങളെകുറിച്ച് 12 പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.
അമേരിക്കൻ പ്രവിഡന്റ് ജോ ബൈഡന്റെ ഭാര്യ ജിൽ ബൈഡനൊപ്പം ജോർജ് ജേക്കബ്.
അമേരിക്കൻ പ്രവിഡന്റ് ജോ ബൈഡന്റെ ഭാര്യ ജിൽ ബൈഡനൊപ്പം ജോർജ് ജേക്കബ്.
SHARE

കോട്ടയം∙ ‘ചില കോവിഡ് വാക്സീനുകൾ നിർമിക്കാൻ പ്രത്യേക വിഭാഗത്തിൽ പെട്ട ഞണ്ടിന്റെ നീലച്ചോര ഉപയോഗിക്കുന്നുണ്ട്. അറ്റ്ലാന്റിക് സമുദ്രത്തിൽ കണ്ടുവരുന്ന ഹോഴ്സ്ഷൂ ക്രാബ് എന്നറിയപ്പെടുന്ന ഞണ്ടുകളെ പിടിച്ച് ചോരയൂറ്റിയെടുത്താണ് മരുന്നുകമ്പനികൾ പലപ്പോഴും വാക്സീൻ ഉണ്ടാക്കാനുള്ള പ്രകൃതിദത്ത വസ്തുക്കൾ എടുക്കുന്നത്’ – ജോർജ് ജേക്കബ് പറയുന്നു.

ഇത്തരം ഞണ്ടുകളും മറ്റനേകം ജലജീവികളുമുള്ള സാൻ ഫ്രാൻസിസ്കോയിലെ ബേ അക്വേറിയത്തിന്റെ ഡയറക്ടറും സിഇഒയുമാണ് ജോർജ്. കനേ‍‍‍‍ഡിയൻ പൗരത്വമുള്ള ഒരു തനിനാടൻ ചങ്ങനാശേരിക്കാരൻ. 

മ്യുസിയോളജിസ്റ്റായുള്ള 30 വർഷത്തെ പ്രവർത്തനത്തിനിടയിൽ പല തരത്തിലുള്ള മ്യൂസിയങ്ങൾ വിവിധ രാജ്യങ്ങൾക്കു വേണ്ടി ഡിസൈൻ ചെയ്തിട്ടുണ്ട് ഇദ്ദേഹം. ലോകമൊട്ടാകെ 1500 കോടി രൂപയുടെ മ്യൂസിയം പ്രോജക്ടുകളാണ് പൂർത്തിയാക്കിയിട്ടുള്ളത്. ചങ്ങനാശേരിക്കാരായ കാഞ്ഞിരപ്പള്ളിൽ വീട്ടിൽ ജേക്കബ് ജോർജിന്റെയും ഓമന ജോർജിന്റെയും മകനാണ് ജോർജ് ജേക്കബ് (56). അവിവാഹിതനാണ്. മ്യൂസിയം ‍ഡിസൈനിങ്ങിന്റെ തിരക്കുകൾ മാറ്റി വച്ച് ജോർജ് ചങ്ങനാശേരിയിലെ കുടുംബവീട്ടിൽ ഇടയ്ക്ക് എത്താറുണ്ട്. മ്യൂസിയങ്ങളെകുറിച്ച് 12 പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.

വിദ്യാഭ്യാസം

ജന്മസ്ഥലം കേരളമാണെങ്കിലും ജോർജ് പഠിച്ചതും വളർന്നതും രാജസ്ഥാനിലായിരുന്നു. ബിറ്റ്സ് പിലാനിയിൽനിന്ന് ആദ്യത്തെ ബിരുദം എംഎസ്‌സി (ടെക്) മ്യൂസിയോളജിയിൽ എടുത്തതിനു ശേഷം ജയ്പുരിലെ ബിഎം ബിർല പ്ലാനറ്റോറിയത്തിൽ ജോലി നേടി. 25–ാം വയസ്സിൽ അവിടെത്തന്നെ ഡയറക്ടർ ആയും പ്രവർത്തിച്ചു. പിന്നീട് ഉന്നത വിദ്യാഭ്യാസത്തിനായി കാനഡയിലേക്കു പറക്കുകയായിരുന്നു. ടൊറന്റോ സർവകലാശാലയിൽനിന്ന് ഈ വിഷയത്തിൽത്തന്നെ മറ്റൊരു ബിരുദവും അമേരിക്കയിലെ സ്മിത് സോണിയനിൽനിന്ന് പരിശീലനവും നേടിയിട്ടുണ്ട്.

ജോർജ് ജേക്കബ്
ജോർജ് ജേക്കബ്

മ്യൂസിയം

സയൻസ്, ടെക്നോളജി മ്യൂസിയങ്ങൾ കൂടാതെ സീലൈഫ്, വൈൽഡ് തുടങ്ങി കാനഡയിൽ ഒരു ദിനോസർ മ്യൂസിയം വരെ നിർമിച്ചു കൊടുത്തിട്ടുണ്ട് ജോർജ്. ഫ്രാൻസിസ്കോയിലെ ബേ അക്വേറിയത്തിന്റെ ഡയറക്ടർ ആയിരിക്കെ പുതിയ പ്രോജക്ട് ആയ ഓഷ്യൻ കൺസർവേഷൻ സെന്ററിനുള്ള പ്ലാൻ തയാറാക്കി. ഇതിന്റെ ഉദ്ഘാടനത്തിന് എത്തിയത് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ഭാര്യ ഡോ. ജിൽ ബൈഡൻ. കൂടാതെ ജമൈക്കയിൽ 13.2 കോടി ഡോളറിന്റെ ഒരു ഓഷ്യനേറിയം ജോർജ് തയാറാക്കിയിട്ടുണ്ട്. മ്യൂസിയങ്ങൾ ഓരോ രാജ്യത്തിന്റെയും മികവിന്റെയും കലാസമ്പന്നതയുടെയും ദേശീയ അഭിമാനത്തിന്റെയും പ്രതീകങ്ങളാണെന്ന് അദ്ദേഹം പറയുന്നു. 

മ്യൂസിയങ്ങളിലെ ശേഖരങ്ങളുമായി പൊരുത്തപ്പെടുന്ന ഇന്റീരിയർ രൂപകൽപന ചെയ്യുന്നത് പ്രധാനമാണ്. ലൈറ്റിങ്, താപനില, ഗ്രാഫിക്സ്, സുസ്ഥിര വസ്തുക്കളുടെ ഉപയോഗം എന്നിവയെല്ലാം മ്യൂസിയം ഡിസൈനിൽ പ്രധാനമാണ്. വേറിട്ട ‍ഡിസൈനുകളിലാണ് മ്യൂസിയങ്ങൾ ഒരുക്കുന്നത്. സാൻ ഫ്രാൻസിസ്കോയിലെ ബേ അക്വേറിയത്തിൽ 24,000 ത്തിലേറെ ജലജീവികളാണുള്ളത്. പസിഫിക് സമുദ്രത്തിൽനിന്ന് നേരിട്ട് ഫിൽറ്റർ ചെയ്തെടുക്കുന്ന ലവണജലത്തിലാണ് അക്വേറിയം. മുങ്ങൽ വിദഗ്ധർ, വെറ്ററിനറി ‍ഡോക്ടർമാർ, പരിപാലകർ തുടങ്ങി ജലജീവികളുടെ സംരക്ഷണത്തിനായി ജീവനക്കാരുടെ നീണ്ട നിര തന്നെയുണ്ട് ഇവിടെ.

സാൻ ഫ്രാൻസിസ്കോ ബേ അക്വേറിയം.
സാൻ ഫ്രാൻസിസ്കോ ബേ അക്വേറിയം.

എന്താണീ മ്യുസിയോളജി? കരിയർ സാധ്യതകൾ?

മ്യൂസിയങ്ങളെയും അതിന്റെ പ്രവർത്തനങ്ങളെയും തലമുറകൾക്കായി അമൂല്യവസ്തുക്കൾ കാത്തുസൂക്ഷിക്കുന്നതിനെയും പറ്റിയുള്ള പഠനശാഖയാണ് മ്യൂസിയോളജി. സംസ്കാരത്തിന്റെയും ഓർമകളുടേയും സ്മാരകങ്ങളാണ് മ്യൂസിയങ്ങൾ. ഇതിൽ ചരിത്രവും പൈതൃകവും ഇടകലർന്നിരിക്കുന്നു. മ്യൂസിയം പഠനത്തിൽ ലോകമൊട്ടാകെയുള്ള സർവകലാശാലകളിൽ ഉന്നതബിരുദ കോഴ്‌സുകളുണ്ട്. അതിൽത്തന്നെ ശാസ്ത്രം, സാങ്കേതിക വിദ്യ, വൈദ്യശാസ്ത്രം, നിർമിതബുദ്ധി, റോബോട്ടിക്സ് എന്നിവയിലെല്ലാം സ്പെഷലൈസ് ചെയ്യാനുള്ള അവസരങ്ങളുണ്ട്. സാംസ്കാരിക ശാസ്ത്ര മ്യൂസിയങ്ങളിൽ ജോലി ലഭിക്കുന്നതുൾപ്പെടെ ഒട്ടേറെ സാധ്യതകളാണ് മുന്നിലുള്ളത്. സ്വകാര്യ മേഖലകളിലുള്ള ആർട് ഗാലറികളിൽ ഉൾപ്പെടെ അവസരങ്ങൾ ലഭിക്കും. വിദേശരാജ്യങ്ങളിൽ വളരെയധികം സ്വീകാര്യതയുള്ള ഒരു മേഖലയാണിത്.

ജോർജ് ജേക്കബിന്റെ പ്രോജക്ടുകൾ.
ജോർജ് ജേക്കബിന്റെ പ്രോജക്ടുകൾ.

ഇന്ത്യയിലെ ശാസ്ത്ര മ്യൂസിയങ്ങൾ

നരസിംഹ റാവു പ്രധാനമന്ത്രി ആയിരുന്ന കാലത്താണ് ഇന്ത്യയിൽ വ്യാപകമായി ശാസ്ത്ര മ്യൂസിയങ്ങൾ നിർമിച്ചു തുടങ്ങിയത്. കൊൽക്കത്ത ആസ്ഥാനമാക്കി നാഷനൽ കൗൺസിൽ ഓഫ് സയൻസ് മ്യൂസിയം ആരംഭിച്ചതും അതേസമയത്താണ്. രാജ്യമൊട്ടാകെ ശാസ്ത്ര മ്യൂസിയങ്ങൾ ആരംഭിക്കുകയായിരുന്നു. സ്വകാര്യ മേഖലയിലും ധാരാളം മ്യൂസിയങ്ങൾ രാജ്യത്തുണ്ട്.

ഹോഴ്സ് ഷൂ ക്രാബുകൾ അഥവാ കുതിരപ്പട ഞണ്ടുകൾ

ജോർജിന്റെ അക്വേറിയത്തിലുള്ള ഹോഴ്സ്ഷൂ ഞണ്ടുകൾ അഥവാ കുതിരപ്പട ഞണ്ടുകളെപ്പറ്റി കൂടുതൽ അറിഞ്ഞാലോ? രാസവളത്തിലും മരുന്നുകളിലുമെല്ലാം ഇവയെ ധാരാളമായി ഉപയോഗിക്കുന്നുണ്ട്. ഇവരുടെ നീലച്ചോരയിലാണ് മനുഷ്യരുടെ കണ്ണ്. രക്തത്തിലൂടെ ഓക്സിജൻ കൊണ്ടുപോകാൻ ഇവ ഹീമോസയാനിൻ ഉപയോഗിക്കുന്നുണ്ട്. അതിൽ അടങ്ങിയിരിക്കുന്ന ചെമ്പാണ് ഇവരുടെ രക്തത്തെ നീല നിറമുള്ളതാക്കുന്നത്. അമിബോസൈറ്റുകൾ ധാരാളമായി അടങ്ങിയിട്ടുള്ള ഇവരുടെ രക്തം രോഗാണുക്കളിൽനിന്ന് ശരീരത്തിന് പ്രതിരോധമേകും. 

ജോർജ് ജേക്കബിന്റെ പ്രോജക്ടുകൾ.
ജോർജ് ജേക്കബിന്റെ പ്രോജക്ടുകൾ.

അമിബോസൈറ്റ് ലൈസേറ്റ് നിർമിക്കാൻ ഇവയുടെ രക്തത്തിലുള്ള ഘടകങ്ങൾ ഉപയോഗിക്കുന്നു. കോ‌വിഡിന് ഉൾപ്പെടെ മരുന്നുണ്ടാക്കാൻ ഈ പാവം ജീവികൾ ചോര പൊഴിക്കണമെന്നു ചുരുക്കം. രക്തമെടുത്തതിനു ശേഷം ഇവയെ കടലിലേക്കു തിരികെ വിടും. ഇതിൽ 30 ശതമാനത്തോളം ഞണ്ടുകളും മരണത്തിനു കീഴടങ്ങുകയാണ് പതിവ്. അമിതമായി വേട്ടയാടപ്പെടുന്നതിനാൽ ഇവയുടെ എണ്ണം കുറയുകയാണ്. പ്രതിവർഷം ആറ് ലക്ഷത്തോളം ഞണ്ടുകളിൽ നിന്നാണ് മരുന്നുകമ്പനികൾ നീലച്ചോര എടുക്കുന്നത് എന്നും ജോർജ് പറയുന്നു.

Content Summary : What is Museology? Career scope and opportunities

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA