ആ അബദ്ധങ്ങളാണ് രണ്ടാം തവണ പ്രശ്നമായത്, സിവിൽ സർവീസീൽ 21–ാം റാങ്ക് നേടിയത് മൂന്നാം ശ്രമത്തിൽ: ദിലീപ്

HIGHLIGHTS
  • ജോലി ഉപേക്ഷിക്കണോ വേണ്ടയോ എന്നത് ബുദ്ധിമുട്ടുള്ള തീരുമാനംതന്നെയായിരുന്നു.
  • എൻസിഇആർടിസി പുസ്തകങ്ങൾ ഏറെ പ്രധാനപ്പെട്ടതാണ്.
upsc-civil-service-exam-21st-rank-holder-dileep
ദിലീപ് കെ.കൈനിക്കര
SHARE

കേരള എൻട്രൻസിൽ ഒന്നാം റാങ്ക്, ദേശീയതല എൻട്രൻസിൽ 13–ാം റാങ്ക്, ഐഐടി പ്രവേശനപ്പരീക്ഷയിൽ 111–ാം റാങ്ക്, ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷയിൽ 18–ാം റാങ്ക്, ഇപ്പോൾ സിവിൽ സർവീസ് പരീക്ഷയിൽ 21–ാം റാങ്ക്... 

പരീക്ഷകളിലെ ഉന്നതവിജയം ശീലമാക്കിയ ദിലീപ് കെ.കൈനിക്കര ദക്ഷിണ കൊറിയയിൽ കോർപറേറ്റ് സ്ഥാപനത്തിലെ മികച്ച ജോലി ഉപേക്ഷിച്ചു 2018ൽ നാട്ടിൽ മടങ്ങിയെത്തിയത് ചെറുപ്പം മുതൽ ഉള്ളിൽ സൂക്ഷിച്ച ലക്ഷ്യത്തിലേക്കുള്ള യാത്ര തുടങ്ങാനാണ്. അതാണ് ഇത്തവണ എത്തിനിൽക്കുന്ന കേരളത്തിലെ സിവിൽ സർവീസ് ടോപ്പർ റാങ്ക്. വിജയവഴിയെക്കുറിച്ച് ദിലീപ് തൊഴിൽവീഥിയോടു വിശദമായി സംസാരിക്കുന്നു. 

സാംസങ് പോലൊരു വൻ സ്ഥാപനത്തിന്റെ കൊറിയയിലെ ജോലി ഉപേക്ഷിച്ചത് വലിയ 

വെല്ലുവിളിയായിരുന്നില്ലേ? വീട്ടുകാർപോലും എതിർത്തിട്ടുണ്ടാവില്ലേ?

ജോലി ഉപേക്ഷിക്കണോ വേണ്ടയോ എന്നത് ബുദ്ധിമുട്ടുള്ള തീരുമാനംതന്നെയായിരുന്നു. അതേസമയം, സിവിൽ സർവീസിൽ എത്തണമെങ്കിൽ കഠിനാധ്വാനം ആവശ്യവുമാണ്. ജോലിക്കൊപ്പം പഠനമായാൽ ആത്മാർഥമായി ജോലിചെയ്യാൻ സാധിക്കില്ല. സിവിൽ സർവീസ് എന്നെക്കൊണ്ടു സാധിക്കും എന്ന ആത്മവിശ്വാസം ഉള്ളിലുണ്ടായതോടെയാണു ജോലി ഉപേക്ഷിച്ചത്. തീരുമാനം അറിയിച്ചപ്പോൾ, പ്രതീക്ഷിച്ചത്ര എതിർപ്പ് ഉണ്ടായില്ല. വീട്ടുകാർക്കും സുഹൃത്തുക്കൾക്കും എന്നിൽ വിശ്വാസം ഉണ്ടായിരുന്നു. അതെനിക്കു ധൈര്യം പകർന്നു. 

ആദ്യ രണ്ടു ശ്രമങ്ങളിൽ സിവിൽ സർവീസ് നഷ്ടപ്പെട്ടപ്പോൾ നിരാശ തോന്നിയിട്ടുണ്ടാകില്ലേ? ആ സാഹചര്യം മറികടന്നതെങ്ങനെയാണ്?

ആദ്യ ശ്രമം നഷ്ടപ്പെട്ടതിൽ അദ്ഭുതമില്ല. മതിയായ മുന്നൊരുക്കമുണ്ടായിട്ടില്ലെന്ന ബോധ്യം എനിക്കുണ്ടായിരുന്നു. 

മെയിൻ പരീക്ഷയിലും ഇന്റർവ്യൂവിലും സംഭവിച്ച ചില അബദ്ധങ്ങളാണു രണ്ടാം തവണ പ്രശ്നമായത്. അതു നിരാശപ്പെടുത്തി. മൂന്നാം തവണ മുൻപു രണ്ടു തവണ സംഭവിച്ച വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. സമയനിഷ്ഠ പാലിക്കാൻ കൂടുതൽ മോക് ടെസ്റ്റുകൾ ചെയ്തു. ആ രീതിയിൽ ചിന്തിച്ചാൽ ആദ്യ ശ്രമങ്ങൾ കിട്ടാത്തതിൽ പൂർണ നിരാശ ഇല്ല. എനിക്ക് ഇതു നേടാനാകും എന്ന വിശ്വാസമാണു ബലപ്പെട്ടത്. 

ഉന്നതപരീക്ഷകളിലെ വിജയം വലിയ നഗരങ്ങളിൽ പഠിച്ചവർക്ക് ഉള്ളതാണെന്ന ധാരണ ഇപ്പോഴുമുണ്ട്. ചങ്ങനാശേരിയിൽ നിന്ന് 21–ാം റാങ്കിലേക്ക്ത്തിയപ്പോൾ എന്തു തോന്നി? 

ഈ വാദം പൂർണമായി തള്ളിക്കളയാൻ കഴിയില്ല. എന്നാൽ, 20 വർഷം മുൻപുള്ള അവസ്ഥയല്ല ഇപ്പോൾ. അന്ന്, ഡൽഹിയിൽ ഉള്ളവർക്കോ അവിടെ പോയി പഠിക്കുന്നവർക്കോ ആയിരുന്നു സിവിൽ സർവീസ് കിട്ടാൻ വലിയ സാധ്യത. എന്നാൽ, ഡിജിറ്റൽ വിപ്ലവം വന്നതോടെ ആ കുത്തക അവസാനിച്ചു. ഇപ്പോൾ എവിടെനിന്നും ആർക്കും ഓൺലൈൻ മെറ്റീരിയൽസ്, ക്ലാസുകൾ, ടെലിഗ്രാം, പിയർ ഗ്രൂപ്പുകൾ തുടങ്ങിയ സാധ്യതകൾ പ്രയോജനപ്പെടുത്താം. എങ്കിലും വൻനഗരങ്ങളിൽനിന്നുള്ളവരുമായി പൂർണമായി ഒരേ തലത്തിലെത്തിയെന്ന അഭിപ്രായമില്ല. പക്ഷേ, പരിശീലനത്തിലൂടെ ഇത് മറികടക്കാനാവും. 

കേരളത്തിന്റെ സിവിൽ സർവീസായ കെഎഎസിനുവേണ്ടി തയാറെടുക്കുന്ന ധാരാളം ചെറുപ്പക്കാരുണ്ട്. അവർ 

സിവിൽ സർവീസിനു സമാനമായ തയാറെടുപ്പ് നടത്തേണ്ടതുണ്ടോ? 

ആദ്യ കെഎഎസ് പരീക്ഷ ഞാൻ എഴുതിയിരുന്നു. പ്രിലിമിനറി പാസായി. ഇന്റർവ്യൂ കോൾ വന്നില്ല. ഏറെക്കുറെ യുപിഎസ്‌സി പരീക്ഷാരീതിയിലുള്ള തയാറെടുപ്പാണു കെഎഎസിന്റേതും. കേരളത്തെക്കുറിച്ചുള്ള ചില വിഷയങ്ങൾ മാറ്റിയാൽ സിലബസ് ഏകദേശം ഒരുപോലെയാണ്. പരീക്ഷാ പാറ്റേണും ഒന്നാണ്. കെഎഎസ് ഇന്റർവ്യൂവിൽ പങ്കെടുത്ത സുഹൃത്തുക്കൾ പറഞ്ഞത് അതുപോലും യുപിഎസ്‌സി ഇന്റർവ്യൂവിൽനിന്നു സ്വാധീനം ഉൾക്കൊണ്ടാണു നടത്തുന്നതെന്നാണ്. അതിനാൽ 2 പരീക്ഷയുടെയും തയാറെടുപ്പ് ഒരുമിച്ചു കൊണ്ടുപോകാൻ എളുപ്പമാണ്. ആകെയുള്ള വ്യത്യാസം കെഎഎസിനു കേരളചരിത്രം, സാമ്പത്തികം തുടങ്ങിയ കാര്യങ്ങളിൽ പഠനത്തിനു കൂടുതൽ സമയം ചെലവഴിക്കേണ്ടിവരും എന്നതാണ്. 

സ്കൂൾ പാഠപുസ്തകങ്ങൾ അടിസ്ഥാനമാക്കിയുള്ള പഠനം എത്രത്തോളം പ്രധാനമാണ്? 

സ്കൂൾ പാഠപുസ്തകങ്ങൾ, പ്രത്യേകിച്ച് എൻസിഇആർടിസി പുസ്തകങ്ങൾ ഏറെ പ്രധാനപ്പെട്ടതാണ്. യുപിഎസ്​സി സിബലസിൽ കരിക്കുലം ഫ്രെയിം വർക്കിൽ നിന്നുള്ള ചില വാക്കുകൾ അതേപടി ഉപയോഗിച്ചിട്ടുണ്ട്. ചില ചോദ്യങ്ങളിലും ഇതേ രീതി കാണാം. യുപിഎസ്​സി പരീക്ഷയ്ക്കു ചില വിഷയങ്ങളിൽ 9–ാം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങൾ വായിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പിന്നീട് ഓരോ വിഷയത്തിലെയും കറന്റ് അഫയേഴ്സ് ഉൾപ്പെടെ നോക്കാം. 

ആനുകാലികങ്ങളും അച്ചടി മാധ്യമങ്ങളും മത്സരപ്പരീക്ഷകളിൽ  എത്രത്തോളം പ്രധാനമാണ്?

ഓൺലൈൻ വിവരങ്ങളും മറ്റും അച്ചടിമാധ്യമങ്ങൾക്കു പകരമായല്ല ഞാൻ ഉപയോഗിച്ചത്. രണ്ടും ചേർത്തുനിർത്തിയാ ണു മുന്നോട്ടുപോയത്. യുപിഎസ്‌സി തയാാറെടുപ്പുകളിൽ പത്രം വായനയുടെ റോൾ പകരം വയ്ക്കാൻ കഴിയാത്തതാണ്. നല്ല എഡിറ്റോറിയലുകൾ, വിശകലനങ്ങളും ഡേറ്റകളും സഹിതമുള്ള വാർത്തകൾ എന്നിവ ഉള്ള ഒരു ഇംഗ്ലിഷ് പത്രം വായിക്കേണ്ടതും അനിവാര്യമാണ്. പത്രവാർത്തയെ അധികരിച്ചുള്ള ചോദ്യങ്ങൾ ഇന്റർവ്യൂവിൽ ഉണ്ടാവാറുണ്ട്. കേരളത്തിൽ ഹൈപ്പർ ടെൻഷൻ രോഗികൾ കൂടുതലാണെന്നു വാർത്ത എന്റെ ഇന്റർവ്യൂ ദിവസം പത്രത്തിൽ ഉണ്ടായിരുന്നു. അതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം നൽകാൻ കഴിഞ്ഞതു കൃത്യമായി പത്രം വായിച്ചതിനാലാണ്. 

∙ മത്സരപ്പരീക്ഷകൾക്കു തയാറെടുക്കുന്നവർക്കും പ്രയോജനപ്പെടുന്ന ചില ടിപ്സ് സിവിൽ സർവീസ് പഠനത്തിന്റെ 

ഭാഗമായി കണ്ടെത്തിയിരിക്കുമല്ലോ. അവ ചുരുക്കി വിശദമാക്കാമോ?

ഏത് മത്സരപ്പരീക്ഷയ്ക്കു തയാറെടുക്കുമ്പോഴും പൊതുവായ ചില രീതികൾ ഉണ്ടെന്നാണു തോന്നുന്നത്. കേരള എൻട്രൻസിനും ഐഐടി എൻട്രൻസിനും തയാറെടുത്തപ്പോൾ ഉപയോഗിച്ച ചില രീതികൾ പിന്നീടും പ്രയോജനപ്പെട്ടിട്ടുണ്ട്. 

∙പരീക്ഷ ഏതായാലും സിലബസാണു പ്രധാനം എന്ന ബോധ്യം ഉണ്ടാകണം. 

∙മൾട്ടിപ്പിൾ ചോയ്സ് ചോദ്യത്തിന് കൃത്യമായി ഉത്തരം അറിയില്ലെങ്കിലും യുക്തി ഉപയോഗിച്ച് ചില ഓപ്ഷൻ ഒഴിവാക്കി ഉത്തരത്തിലേക്ക് എത്താനുള്ള രീതി പ്രധാനമാണ്. 

∙നിശ്ചിത സമയത്തിനകം മനസ്സിലുള്ള കാര്യം വ്യക്തമായി പേപ്പറിലേക്കു പകർത്താൻ കഴിയുക വളരെ പ്രധാനമാണ്. 

∙പരീക്ഷകളുടെ ഒരുക്കത്തിനു സമയം കൃത്യമായി വിനയോഗിക്കുന്നതാണു പ്രധാനം. പഠനസമയത്തിന്റെ ഭൂരിഭാഗവും ഇഷ്ടവിഷയങ്ങളെ ചുറ്റിപ്പറ്റി നിന്നുപോകരുത്. 

∙സിലബസ് കൃത്യമാക്കി മനസ്സിലാക്കി ഓരോ വിഷയത്തിനും വെയ്റ്റേജ് നൽകി ടൈം ടേബിൾ ഉണ്ടാക്കി തയാറെടുക്കണം.

Content Summary : UPSC Civil Service Exam 21st Rank holder talks about success secret

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്ഥിരം പരിപാടികൾ അല്ല ഇനി! - Mathew Thomas | Christy Movie | Latest Chat

MORE VIDEOS