ADVERTISEMENT

തോൽവി എന്ന വാക്കിനെ ജീവിതം കൊണ്ട് എങ്ങനെ തോൽപ്പിക്കാമെന്ന് കാണിച്ചു തന്നൊരു മാർക്ക്ഷീറ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്. പത്താം ക്ലാസിൽ കണക്കിനും  ഭാഷയ്ക്കും ശാസ്ത്രത്തിനും കേവലം പാസ്മാർക്ക് മാത്രം വാങ്ങിയ ഒരു കൗമാരക്കാരൻ ഒരു നാടിന്റെ ഭരണാധികാരിയായ കഥയാണ് ആ മാർക്ക് ഷീറ്റും അതിന്റെ ഉടമസ്ഥനും നമുക്ക് കാട്ടിത്തരുന്നത്. പത്താം ക്ലാസ് ഫലം ഇന്ന് പുറത്തു വരാനിരിക്കെ ഏതാനും ദിവസങ്ങൾക്ക് മുൻപ് ചർച്ചയായ ഈ മാർക്ക് ഷീറ്റിനെക്കുറിച്ചും അതിന്റെ ഉടമസ്ഥനെക്കുറിച്ചും കൂടുതൽ അറിഞ്ഞാലോ?.

 

ഗുജറാത്തിലെ ഭറൂച് ജില്ലാ കലക്‌ടറായ തുഷാർ സുമേരയുടെ പത്താംക്ലാസ് മാർക്ക്‌ലിസ്റ്റ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത് ഐഎഎസ് ഉദ്യോഗസ്ഥനായ  അവനീഷ് ശരണാണ്. ട്വിറ്ററിലൂടെ അദ്ദേഹം പങ്കുവച്ച തുഷാറിന്റെ പത്താംക്ലാസ് മാർക്ക്‌ലിസ്റ്റിൽ ഗണിതത്തിന് 100ൽ 36, ഇംഗ്ലിഷിന് 35, സയൻസിന് 38 എന്നിങ്ങനെയാണ് മാർക്കുകൾ. അക്കാദമിക് തലത്തിൽ ഇത്രയും താഴ്ന്ന നിലവാരം പുലർത്തിയ ആ കൗമാരക്കാരന് ജീവിതത്തിൽ വിജയിക്കാൻ കഴിയില്ലെന്ന് സ്കൂൾ അധികൃതരും നാട്ടുകാരും അന്നു വിധിയെഴുതി. പക്ഷേ തുഷാറിനെക്കുറിച്ചുള്ള ദൈവത്തിന്റെ കണക്കു കൂട്ടൽ അതിലുമെത്രയോ മുകളിലായിരുന്നു. മോശം വിദ്യാർഥിയെന്ന് എല്ലാവരും വിലയിരുത്തിയ തുഷാർ പഠിച്ച് ഗവൺമെന്റ് സ്കൂളിൽ അധ്യാപകനായി. ഏറെ ബുദ്ധിമാൻമാർ പോലും അടിപതറുന്ന യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷ വിജയിച്ച് 2012 ൽ അദ്ദേഹം ഐഐഎസ് നേടി. 

 

ഒരു മാർക്ക്ഷീറ്റിൽ പതിഞ്ഞു കിടക്കുന്ന അക്കങ്ങൾ മാത്രമല്ല ഒരു വ്യക്തിയുടെ ജീവിതത്തിലെ വിജയ പരാജയങ്ങളെനിർണ്ണയിക്കുകയെന്നും മറിച്ച് തോൽവിയെ കഠിനാധ്വാനവും അർപ്പണബോധവും കൊണ്ട് തോൽപ്പിച്ച് സ്വന്തം വിധി സ്വയം നിർണ്ണയിക്കുന്നവരാണ് ജീവിതത്തിൽ വിജയിക്കുന്നതെന്നും തുഷാറിന്റെ ജീവിതം നമുക്ക് പഠിപ്പിച്ചു തരുന്നുണ്ട്.ഭറൂച് ജില്ലാ കലക്ടറുടെ കസേരയിൽ തുഷാർ ഇരിക്കുന്ന ചിത്രത്തോടൊപ്പമാണ് അദ്ദേഹത്തിന്റെ മാർക്ക് ലിസ്റ്റിന്റെ ചിത്രവും  അവനീഷ് ശരൺ പങ്കുവച്ചത്. അവനീഷ് ശരണിന് നന്ദി പറഞ്ഞുകൊണ്ട് ആ ട്വീറ്റ് തന്റെ ട്വിറ്ററിലും തുഷാർ പങ്കുവച്ചിട്ടുണ്ട്.

 

 

വളരെ ആവേശത്തോടെയാണ് അവനീഷ് ശരണിന്റെ ട്വീറ്റ് പൊതുജനങ്ങൾ ഏറ്റെടുത്തത്. ഒരു കഷ്ണം പേപ്പറല്ല ഭാവി യിൽ നമ്മൾ ആരായിത്തീരുമെന്ന കാര്യം പ്രവചിക്കുന്നതെന്നും തലേവര എങ്ങനെ മാറ്റിയെഴുതാമെന്നതിന് ഏറ്റവും മികച്ച ഉദാഹരണമാണ് കലക്ടർ തുഷാറിന്റെ ജീവിതമെന്നും കലക്ടർ തുഷാറിന്റെ ജീവിതം ഏറെ പ്രചോദമേകുന്ന ഒന്നാണെന്നും പറഞ്ഞുകൊണ്ട് നിരവധിയാളുകളാണ് ഇതിനകം തന്നെ വൈറലായ ട്വീറ്റിന് കമന്റുകളുമായെത്തുന്നത്.

 

ഇന്ന് പത്താം ക്ലാസ് ഫലം വരും. ചിലർ ഉയർന്ന മാർക്കുകൾ വാങ്ങി പാസാകും ഒരു പക്ഷേ ചിലരോട് ആദ്യവട്ടം വിജയം മുഖം തിരിച്ചെന്നും വരാം. നിസാരമാർക്കിന് പരാജയപ്പെട്ടന്നു കരുതി തളരരുത്, തകരരുത്. ജീവിതത്തിൽ എന്തൊക്കെ ട്വിസ്റ്റുകൾ നിങ്ങളെ കാത്തിരിക്കുന്നില്ലെന്ന് ആര് കണ്ടു?. ചിലപ്പോൾ നാളെ നിങ്ങളും കലക്ടർ തുഷാറിനെപ്പോലെ ആളുകളുടെ ജീവിതത്തിന് പ്രചോദനമായിക്കൂടെന്നില്ല.

 

Content Summary : Gujarat IAS Officer's Class 10 Marksheet Goes Viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com