കേരള ആരോഗ്യ സർവകലാശാലയുടെ ഫൈനൽ ഇയർ എംബിബിഎസ് ഫലം വന്നതോടെ അത്യപൂർവമായൊരു നേട്ടത്തിലേക്കു ചുവടുവച്ചു ആലപ്പുഴ തത്തംപള്ളി സ്വദേശി ഡോ. അശോക് രാമചന്ദ്രൻ. ഹോമിയോപ്പതി (ബിഎച്ച്എംഎസ്), ആയുർവേദം (ബിഎഎംഎസ്), അലോപ്പതി (എംബിബിഎസ്) എന്നിങ്ങനെ മൂന്നു വൈദ്യശാസ്ത്രശാഖകളിലും ബിരുദം. കേൾക്കുന്നവർക്കു പുതുമയാണെങ്കിലും കുടുംബത്തിൽ ഈ നേട്ടമത്ര പുതുമയല്ല. പിതാവ് ഡോ. രാമചന്ദ്ര പണിക്കർക്കും ഇരട്ട സഹോദരൻ ഡോ. അരവിന്ദിനുമുണ്ട് വൈദ്യശാസ്ത്രത്തിൽ ‘ഇരട്ടബിരുദം’– ഹോമിയോയും അലോപ്പതിയും.
അച്ഛന്റെ മകൻ
പ്രഫഷനൽ പഠനത്തിൽ ഡോ. അശോക് പിന്നിട്ടത് നീണ്ട 17 വർഷങ്ങൾ. ഇഎസ്ഐയിൽ ജോലി ചെയ്തിരുന്ന ഡോ. രാമചന്ദ്ര പണിക്കർ തന്നെയായിരുന്നു മക്കൾക്ക് റോൾ മോഡൽ. മക്കൾ സാധാരണ സർക്കാർ സ്കൂളിൽ പഠിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. നാലാം ക്ലാസ് വരെ വീടിനടുത്തുള്ള മലയാളം മീഡിയം സ്കൂളിലാണ് അശോക് പഠിച്ചത്. ശേഷം 10–ാം ക്ലാസ് വരെ ആലപ്പുഴ എസ്ഡിവി ബോയ്സ് സ്കൂളിലും പ്ലസ് ടു ലജ്നത്തുൽ മുഹമ്മദീയ ഹയർ സെക്കൻഡറി സ്കൂളിലും. പിന്നീട് എറണാകുളം മഹാരാജാസ് കോളജിൽ ബിഎസ്‌സി സുവോളജി ക്ലാസിൽ ഒരു വർഷം. നിറയെ കൂട്ടുകാരും കറക്കവും എല്ലാമായി ക്യാംപസ് ലൈഫ് കളറായി മുന്നോട്ടുപോകുന്നതിനിടെയാണ് എൻട്രസ് എഴുതുന്നതും ഹോമിയോപ്പതിക് കോളജിൽ അഡ്മിഷൻ നേടുന്നതും.
ഹോമിയോപ്പതി ഡോക്ടറായ ശേഷം ഡിഗ്രി പഠനത്തിന് ചേർന്നയാളാണ് ഡോ. രാമചന്ദ്ര പണിക്കരും. പിന്നീട് എംബിബിഎസ്. കൂടുതൽ പഠിക്കുന്നത് എപ്പോഴും ചികിത്സയെ മെച്ചപ്പെടുത്തും എന്നദ്ദേഹം വിശ്വസിച്ചു; ഒരു ശാസ്ത്രം കൊണ്ട് മാറാൻ മടിച്ച അസുഖങ്ങളെ മറ്റൊന്നിനെ കൂട്ടുപിടിച്ച് ശരിയാക്കാമെന്നും. ആയിരക്കണക്കിന് ആളുകളുടെ വിശ്വാസം ചേർത്തുവച്ച ആ കൈപ്പുണ്യവും ചികിത്സാ രീതികളും കണ്ടു വളർന്ന മക്കൾ അശോകും അരവിന്ദും അങ്ങനെ അച്ഛന്റെ വഴിയേ തന്നെ നടന്നു. എല്ലാ പിന്തുണയുമായി അമ്മ ഗിരിജയും ഒപ്പമുണ്ടായിരുന്നു.

സൗഹൃദക്കൂട്ടത്തിൽനിന്ന് കഡാവറിന്റെ മുന്നിലേക്ക്
ആദ്യത്തെ എൻട്രൻസിൽ ഹോമിയോപ്പതിയിൽ അഡ്മിഷൻ കിട്ടിയപ്പോൾ അതിൽ മുന്നോട്ടു പോകാൻ അശോകിനെ ഉപദേശിച്ചതും വഴികാട്ടിയായതും ഡോ. രാമചന്ദ്ര പണിക്കർ തന്നെ. അങ്ങനെ എറണാകുളത്തെ ഡോ. പഡിയാർ മെമ്മോറിയൽ ഹോമിയോപ്പതിക് മെഡിക്കൽ കോളജിൽ പ്രവേശനം നേടി. മഹാരാജാസിന്റെ അസാമാന്യ വൈബിൽനിന്ന് ഹോമിയോ കോളജിന്റെ ഡിസെക്‌ഷൻ, ഫിസിയോളജി ലാബിലേക്കുള്ള മാറ്റം ഇത്തിരി കഠിനമായിരുന്നു. ഒരു മാസത്തോളമെടുത്തു അതുമായി അഡ്ജസ്റ്റ് ആകാൻ. സഹോദരൻ അരവിന്ദും കോളജിൽ അശോകിനൊപ്പമുണ്ടായിരുന്നു. പഠിച്ചിറങ്ങി പ്രാക്ടീസ് തുടങ്ങിയതോടെ ആയുർവേദവും അലോപ്പതിയും കൂടി എന്താണെന്ന് അറിയണമെന്നു തോന്നിത്തുടങ്ങി. അരവിന്ദ് എംബിഎബിഎസ് തിരഞ്ഞെടുത്തപ്പോൾ ഒരു ടേൺ എടുത്ത് അശോക് തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളജിൽ ചേർന്നു. ഹോമിയോ ഡോക്ടറായി പ്രാക്ടീസും ഒപ്പം പഠനവും. അങ്ങനെ നാലു വർഷം കൊണ്ട് ബിഎഎംഎസും ഇപ്പോൾ കോട്ടയം മെഡിക്കൽ കോളജിൽനിന്ന് എംബിബിഎസും. റിസൽറ്റ് വന്നതോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽത്തന്നെ ഇന്റേൺഷിപ്പിനൊരുങ്ങുകയാണ് ഡോ. അശോക്.
മൂന്നിടത്തും എല്ലാ പിന്തുണയുമായി ഒപ്പം നിന്ന അധ്യാപകരും സഹപാഠികളും നൽകിയ പ്രോത്സാഹനം വലിയ സഹായമായി. പഡിയാർ മെമ്മോറിയൽ കോളജിലെ പഠനകാലത്തെ സൗഹൃദമാണ് പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കും എത്തിയത്. കുറിച്ചി ഹോമിയോപ്പതി മെഡിക്കൽ കോളജിലെ ലക്ചററാണ് ഭാര്യ ഡോ. നിഷ. ഹോമിയോ പഠനം കഴിഞ്ഞ ഉടൻ പ്രാക്ടീസ് തുടങ്ങിയെങ്കിലും മുന്നോട്ടുള്ള പഠനകാലത്തൊക്കെ കുടുംബ ബജറ്റിനു നട്ടെല്ലായതും കൂടെ നിന്നു കരുത്തായതും ഡോ. നിഷയാണെന്ന് അശോക് പറയുന്നു.

കുടുംബം
വിരമിച്ച ശേഷം ജില്ലാ പാലിയേറ്റിവ് കെയർ മേധാവിയായി പ്രവർത്തിച്ചിരുന്നു ഡോ. രാമചന്ദ്ര പണിക്കർ. ആലപ്പുഴയിലെ വീട്ടിൽ ഇപ്പോഴും രോഗികൾ ഏറെയെത്തുന്നുണ്ട്. ഒപ്പം തൊട്ടടുത്ത അസീസി പാലിയേറ്റിവ് കെയർ സെന്ററിലും സേവനം ചെയ്യുന്നു. ഡോ. അശോകിന്റെയും ഡോ. നിഷയുടെയും മകൾ നന്ദ ചങ്ങനാശ്ശേരി ക്രിസ്തുജ്യോതി സ്കൂളിൽ രണ്ടാം ക്ലാസിൽ. ഇടുക്കി മെഡിക്കൽ കോളജിലെ അനസ്തീസ്യ റെസിഡന്റ് ആയ ഡോ. അരവിന്ദും തിരുവനന്തപുരത്ത് റേഡിയേഷൻ ഓങ്കോളജിസ്റ്റായ ഭാര്യ ഡോ. അനുജയും മകൻ അഭിനിതും ചേരുമ്പോൾ ഇവരുടെ സന്തുഷ്ട ഡോക്ടർ കുടുംബം പൂർണമാകുന്നു.
സ്വപ്നം, പ്രവർത്തനം
ആത്യന്തികമായി രോഗികൾക്ക് ആശ്വാസമാകുക എന്നതാണ് പ്രധാനം എന്നു വിശ്വസിക്കുന്നതു കൊണ്ടുതന്നെ ഓരോ ആളിനും ശാരീരിക പ്രത്യേകതകൾ അനുസരിച്ച് യോജിക്കുന്ന മരുന്നുകൾ കൊടുക്കാമെന്ന് ഡോ. അശോക് പറയുന്നു. അലോപ്പതിയെക്കാൾ ഹോമിയോ മരുന്നുകളോ ആയുർവേദമോ ഗുണം ചെയ്യുമെന്നു തോന്നുന്നവർക്ക് അത് കുറിച്ചുകൊടുക്കാം. ആർത്രൈറ്റിസ് പോലുള്ള ചില അസുഖങ്ങൾക്ക് അലോപ്പതി മരുന്നുകളോടൊപ്പം ആയുർവേദ ലേപനങ്ങളൊക്കെ പുറമേ ഇടുന്നത് ആശ്വാസമായി കാണാറുണ്ട്. ‘മൂന്നു വിദ്യ’യും കൈവശമുള്ളതുകൊണ്ട് അത്യാവശ്യ ഘട്ടങ്ങളിൽ ‘പ്രയോഗിക്കാമെന്ന’ ഉറപ്പുമുണ്ട്. ഒരു സിസ്റ്റത്തിന്റെ പോരായ്മ മറ്റൊന്നിൽ പരിഹരിക്കാമെന്നതാണ് മെച്ചം. അതിനു സഹായകമാകും വിധം ജനറൽ മെഡിസിനിൽ പിജി ചെയ്യണമെന്നാണ് സമീപഭാവിയിലേക്കുള്ള പ്ലാൻ.
നിലവിൽ കിടങ്ങൂരിലും പാണാവള്ളിയിലും ക്ലിനിക്കുകളുണ്ട്. ആലപ്പുഴയിലെ വീട്ടിലും പ്രാക്ടീസ് ചെയ്യുന്നു. പിജി കൂടി പൂർത്തിയാക്കിയ ശേഷം ഇന്റഗ്രേറ്റഡ് മെഡിസിന്റെ രീതികൾ പരമാവധി ആളുകൾക്ക് പ്രയോജനമാകും വിധം ഒരു മികച്ച ആശുപത്രി അരൂരിലെ പാണാവള്ളിയിൽ തുടങ്ങണമെന്നാണ് ആഗ്രഹം. കുടുംബത്തിലെ ഡോക്ടർമാരും വൈദ്യശാസ്ത്ര ശാഖകളിലെ ഗുണഫലങ്ങളുമെല്ലാം ഒന്നിച്ച് ഒരേ കുടക്കീഴിലെത്തിക്കുന്ന ഒരു സമ്പൂർണ ‘കുടുംബ’ ആശുപത്രി.
Content Summary : Doctor bagged Triple Degree in different Medical Fields; Father & Twin Brother also Doctors
