ADVERTISEMENT

‘‘ചെറുപ്പത്തിൽ ഗെയിം കളിക്കാനായിരുന്നു താൽപര്യം. വളർന്നപ്പോൾ അതിന്റെ ടെക്നോളജിയിലായി കൗതുകം. പതിയെ കംപ്യൂട്ടർ സയൻസ് ജീവിതത്തിന്റെ ഭാഗമായി’’- ഗൂഗിളിന്റെ സൈബർ റിസ്ക് ആൻഡ് കൺട്രോൾ ടീമിൽ ഐടി ലീഡായതിന്റെ രഹസ്യം ചോദിച്ചാൽ ചങ്ങനാശേരി തെങ്ങണ സ്വദേശി ഗ്ലോറിൻ സെബാസ്റ്റ്യന്റെ മറുപടി ഇതാണ്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാഷനൽ ഫയർ ആൻഡ് സെക്യൂരിറ്റി (ഐഎഫ്എസ്ഇസി) പ്രസിദ്ധീകരിക്കുന്ന ലോകത്തിലെ ഏറ്റവും മികച്ച സൈബർ സെക്യൂരിറ്റി പ്രഫഷനലുകളുടെ ലിസ്റ്റിൽ ആദ്യമായി ഇടം നേടിയ മലയാളിയുമാണ് ഗ്ലോറിൻ.

 

കംപ്യൂട്ടർ സയൻസിൽ എൻജിനീയറിങ് ബിരുദവും തുടർന്ന് എംബിഎയും കഴിഞ്ഞ് 2 വർഷത്തോളം വിപ്രോയിൽ ജോലി ചെയ്തിരുന്നു. തുടർന്ന് യുഎസിലെ ജോർജിയ യൂണിവേഴ്സിറ്റിയിൽനിന്ന് ഇൻഫർമേഷൻ സിസ്റ്റം സെക്യൂരിറ്റിയിലും ജോർജിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്നു സൈബർ സെക്യൂരിറ്റിയിലുമായി 2 ബിരുദാനന്തര ബിരുദങ്ങൾ നേടി. മെറ്റാവേഴ്സ്, 5ജി നെറ്റ്‌വർക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ മേഖലകളിലാണ് പ്രധാനമായും പ്രവർത്തിക്കുന്നത്. റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ സെബാസ്റ്റ്യൻ തോമസിന്റെയും റിട്ട. ലഫ്റ്റനന്റ് കേണൽ റോസമ്മ സെബാസ്റ്റ്യന്റെയും മകനാണ്.

 

∙ യോഗ്യതകൾ പലവിധം

 

കംപ്യൂട്ടർ സയൻസ്, ഐടി പശ്ചാത്തലമുള്ളവർക്ക് സൈബർ സെക്യൂരിറ്റി മേഖലയിൽ നന്നായി തിളങ്ങാം. ഈ വിഷയങ്ങളിൽ ബിടെക്, ബിഎസ്‌സി, മാസ്റ്റേഴ്സ് യോഗ്യതകൾ നേടാം. സെക്യൂരിറ്റി+, CISSP (സർട്ടിഫൈഡ് ഇൻഫർമേഷൻ സിസ്റ്റംസ് സെക്യൂരിറ്റി പ്രഫഷനൽ), സർട്ടിഫൈഡ് ഇൻഫർമേഷൻ സെക്യൂരിറ്റി മാനേജർ (CISM), സർട്ടിഫൈഡ് എത്തിക്കൽ ഹാക്കിങ് പോലുള്ള സർട്ടിഫിക്കറ്റ് കോഴ്സുകളും നല്ലതാണ്. പ്രോജക്ടുകളും ഇന്റേൺഷിപ്പുകളും ചെയ്ത് പ്രവൃത്തി പരിചയം കൂട്ടുന്നതും ഗുണം ചെയ്യും.

 

∙ ജോലി ലഭിക്കാനെളുപ്പം

 

ലോകം ഡിജിറ്റലാകുന്ന കാലത്ത് സൈബർ സെക്യൂരിറ്റി പ്രഫഷനലുകളെ വലിയ അവസരങ്ങളുണ്ട്. ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഡിലോയ്റ്റ്, ഏൺസ്റ്റ് ആൻഡ് യങ്, ആമസോൺ തുടങ്ങി ഒട്ടേറെ കമ്പനികളിൽ ഉയർന്ന ശമ്പളത്തോടെ ജോലി ലഭിക്കും. ലിങ്ക്ഡ്ഇൻ, ജോബ് പോർട്ടലുകൾ എന്നിവയിലൂടെ അപേക്ഷിക്കാം. ഈ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഒരാളിൽനിന്നുള്ള റഫറൽ കൂടുതൽ സഹായിക്കും. സോഫ്റ്റ്‌വെയർ കമ്പനികളുടെ ബഗ്സ് (സാങ്കേതിക പഴുതുകൾ) കണ്ടെത്തി അറിയിച്ചാൽ അവർ റിവാർഡും സർട്ടിഫിക്കറ്റും നൽകാറുണ്ട്. അതു കരിയറിനും ഗുണം ചെയ്യും.

 

ആർട്സുകാർക്കും അവസരം

സൈബർ സെക്യൂരിറ്റിക്ക് പ്രധാനമായും 8 ഡൊമെയ്‌നുകളുണ്ട്. സെക്യൂരിറ്റി ആർക്കിടെക്ചർ എൻജിനീയറിങ്, കമ്യൂണിക്കേഷൻ ആൻഡ് നെറ്റ്‌വർക്ക്, സോഫ്റ്റ്‌വെയർ ഡവലപ്മെന്റ് പോലുള്ളവ കംപ്യൂട്ടർ സയൻസ് എൻജിനീയറിങ് പഠിച്ചവർക്കു നല്ലതാണ്. ഇക്കണോമിക്‌സ്, അക്കൗണ്ടിങ് അല്ലെങ്കിൽ ആർട്സ് പശ്ചാത്തലമുള്ളവർക്ക് റിസ്ക് മാനേജ്മെന്റ്, അസറ്റ് സെക്യൂരിറ്റി തുടങ്ങിയ നോൺ ടെക്നിക്കൽ ഡൊമെയ്നുകളിൽ പ്രവേശിക്കാം.

 

Content Summary : Glorin Sebastian, first Keralite to be on list of world’s top cyber-security experts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com