ADVERTISEMENT

ആദ്യ സെമസ്റ്റർ യുകെയിൽ, രണ്ടാം സെമസ്റ്റർ ഫ്രാൻസിൽ, മൂന്നാം സെമസ്റ്റർ ജർമനിയിൽ‌... ഹോ! നടക്കുന്ന കാര്യം വല്ലതും പറ. നടക്കുന്നതു തന്നെയാണ്. ബിരുദാനന്തര ബിരുദ പഠനത്തിനുള്ള യൂറോപ്യൻ യൂണിയന്റെ ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ് കിട്ടണമെന്നു മാത്രം. ഇറാസ്മസ് മുണ്ടസ് ജോയിന്റ് മാസ്റ്റർ ഡിഗ്രി (ഇഎംജെഎംഡി) സ്കോളർഷിപ്പിന് ഇത്തവണ ഇന്ത്യയിൽനിന്ന് 161 വിദ്യാർഥികളാണു യോഗ്യത നേടിയത്. ഇതിൽ 88 പെൺകുട്ടികൾ. കഴിഞ്ഞ വർഷം 153 ഇന്ത്യൻ വിദ്യാർഥികളുണ്ടായിരുന്നു. ഇതിനകം ആറായിരത്തിലേറെ ഇന്ത്യൻ വിദ്യാർഥികൾ ഇത്തരത്തിൽ യൂറോപ്പിൽ പഠിച്ചിട്ടുണ്ട്. കൂടെ പഠിക്കുന്നത് വിവിധ രാജ്യങ്ങളിൽനിന്നായി സ്വന്തം മികവുകൊണ്ട് എത്തിച്ചേരുന്ന വിദ്യാർഥികൾ. വിവിധ സർവകലാശാലകളിലെ മികച്ച അധ്യാപകരുടെ കീഴിൽ പഠനം. അനുഭവങ്ങൾ ആഗോളമാണ്. അതു നമ്മെയും മികവിന്റെ ഉയരങ്ങളിലേക്കു നയിക്കും.

 

∙ ഒരു ഡിഗ്രി, പല ക്യാംപസ്

മൂന്നു രാജ്യങ്ങളിലായി മാസ്റ്റേഴ്സ് പഠനം പൂർത്തിയാക്കാമെന്നതാണു സ്കോളർഷിപ്പിന്റെ പ്രത്യേകതകളിൽ ഒന്ന്. രണ്ടെണ്ണമെങ്കിലും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളാകും.

∙ സർവകലാശാലകൾ ഒരുമിച്ചുനൽകുന്ന ജോയിന്റ് മാസ്റ്റേഴ്സ് ഡിഗ്രി സർട്ടിഫിക്കറ്റോ, ഓരോ സർവകലാശാലയും വെവ്വേറെ നൽകുന്ന സർട്ടിഫിക്കറ്റോ ലഭിക്കും.

∙ ഏകദേശം 50 ലക്ഷം രൂപയാണു മൊത്തം സ്കോളർഷിപ് തുക. ട്യൂഷൻ ഫീ, താമസ- യാത്രാ ചെലവുകൾ, ഇൻഷുറൻസ് തുടങ്ങിയവയെല്ലാം ഉൾപ്പെടെയാണിത്.

 

∙ ശ്രദ്ധയോടെ തയാറെടുപ്പ്

ബിരുദധാരികൾക്കും അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം. പൊതുവേ ഒക്ടോബർ – ജനുവരി ആണ് അപേക്ഷാ കാലയളവ്. ചില പ്രോഗ്രാമുകൾക്കു വർഷത്തിൽ രണ്ടു തവണ അപേക്ഷിക്കാം.

∙ യൂറോപ്യൻ യൂണിയൻ വെബ്സൈറ്റിൽ ഈ സ്കോളർഷിപ് പ്രോഗ്രാമിന്റെ ഭാഗമായ നൂറ്റൻപതിലേറെ പഠന പ്രോഗ്രാമുകൾ, ഓരോ പ്രോഗ്രാമും പഠിക്കാവുന്ന രാജ്യങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ വിശദ കാറ്റലോഗുണ്ട്.

https://www.eacea.ec.europa.eu/scholarships/erasmus-mundus-catalogue_en

∙ വിവിധ ഇൻസ്റ്റിറ്റ്യൂട്ടുകൾ ചേർന്ന കൺസോർഷ്യമാണു പ്രോഗ്രാമുകൾ നടത്തുന്നത്. കാറ്റലോഗിൽനിന്ന് ഓരോ പ്രോഗ്രാമിനെക്കുറിച്ചും വിശദമായി മനസ്സിലാക്കാം. തുടർന്ന് വെബ്സൈറ്റ് വഴി ഒരേ സമയം 3 പ്രോഗ്രാമിനുവരെ അപേക്ഷിക്കാം.

∙ അപേക്ഷിക്കണമെങ്കിൽ ഐഇഎൽടിഎസിൽ 6.5 സ്കോർ നേടിയിട്ടുണ്ടാകണം.

erasmus-mundus

 

∙ അവസരങ്ങളുടെ വൈവിധ്യം

ഈ വർഷം ഇന്ത്യയിൽനിന്ന് ഇറാസ്മസ് സ്കോളർഷിപ് നേടി വിവിധ രാജ്യങ്ങളിലേക്കു പോകുന്ന വിദ്യാർഥികളുടെ എണ്ണം നോക്കുക: ഫ്രാൻസ് (34), ഇറ്റലി (23), ബൽജിയം (20), സ്പെയിൻ (11), ഫിൻലൻഡ് (10), യുകെ (10), പോർച്ചുഗൽ (8), ജർമനി (7), ഓസ്ട്രിയ (7), പോളണ്ട് (6), സ്വീഡൻ (6), ഡെൻമാർക്ക് (3), ഹംഗറി (3)... രാജ്യങ്ങളുടെ ഈ വൈവിധ്യമാണ് ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ്പിനെ ഏറ്റവും ആകർഷകമാക്കുന്നത്.

 

കോഴ്സുകളിലുമുണ്ട് വൈവിധ്യം. കെമിസ്ട്രി, കണക്ക്, ഫിസിക്സ്, സാമ്പത്തിക ശാസ്ത്രം, എൻവയൺമെന്റൽ ആൻഡ് ജിയോ സയൻസസ്, ഇൻഫർമേഷൻ സയൻസ് ആൻഡ് എൻജിനീയറിങ്, ഐടി, നിയമം, ജീവശാസ്ത്രം, സോഷ്യൽ സയൻസസ്, ഹ്യുമാനിറ്റീസ് തുടങ്ങി വ്യത്യസ്ത മേഖലകളിലായി ഏറെ ഗവേഷണ, തൊഴിൽ സാധ്യതകളുള്ള നൂറ്റൻപതിലേറെ കോഴ്സുകൾ ലഭ്യമാണ്. ഓരോ വർഷവും പുതിയ കോഴ്സുകൾ കൂട്ടിച്ചേർക്കുന്നുമുണ്ട്.

 

∙ മാർക്ക് മാത്രം പോരാ

പരീക്ഷയിലെ മാർക്ക് മാത്രമല്ല സ്കോളർഷിപ് ലഭിക്കാനുള്ള മാനദണ്ഡം. കരിക്കുലത്തിനു പുറത്തുള്ള വിദ്യാർഥിയുടെ പ്രവർത്തനം, പ്രഫഷനൽ / അക്കാദമിക് അനുഭവങ്ങൾ, പ്രഫഷനൽ ലക്ഷ്യങ്ങൾ, കരിയർ താൽപര്യങ്ങൾ, സാമൂഹികപ്രതിബദ്ധതാ പ്രവർത്തനങ്ങൾ, ഭാഷാ പരിജ്ഞാനം തുടങ്ങിയ കാര്യങ്ങളെല്ലാം പരിഗണിക്കും. ചില കോഴ്സുകളിൽ ഇന്റർവ്യൂവും നടത്തും. ദേശീയ, രാജ്യാന്തര സെമിനാറുകളിലെ മികച്ച പങ്കാളിത്തം, പ്രബന്ധ- പോസ്റ്റർ അവതരണം, ജേണലുകളിൽ ലേഖനം പ്രസിദ്ധപ്പെടുത്തൽ, ഇന്റേൺഷിപ്, മറ്റു പ്രോജക്ട് പ്രവർത്തനങ്ങൾ തുടങ്ങിയവ സാധ്യത കൂട്ടും.

 

ഇറാസ്മസിന്റെ ലോകം

 

പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഡച്ച് തത്വചിന്തകൻ ദെസദ്യൂരിയസ് ഇറാസ്മസിന്റെ (1466– 1536) പേരിലാണ് ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ് അറിയപ്പെടുന്നത്. സ്കോളർഷിപ്പിന്റെ പേരിലെ ഇറാസ്മസിന് യൂറോപ്യൻ യൂണിയൻ നൽകിയ പൂർണ രൂപം ‘യൂറോപ്യൻ റീജൻ ആക്‌ഷൻ സ്കീം ഫോർ മൊബിലിറ്റി ഓഫ് യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ്’ എന്നാണ്. ലോകം എന്നർഥമുള്ള ലാറ്റിൻ പദമായ ‘മുണ്ടസ്’ കൂടി സ്കോളർഷിപ്പിന്റെ പേരിനൊപ്പം ചേർത്തു.

 

ഇറാസ്മസിലെ മലയാളിപ്പെരുമ

 

കൊച്ചി പനങ്ങാടുള്ള കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽനിന്ന് (കുഫോസ്) മൂന്നു വിദ്യാർഥികളാണ് ഇത്തവണ ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ് നേടിയത്. ഫിഷറീസ് സയൻസ് അവസാന വർഷ വിദ്യാർ‌ഥികളായ എറണാകുളം തോപ്പുംപടി മുണ്ടംവേലി സ്വദേശി സി.എസ്.ഗായത്രി, പിറവം തോട്ടൂർ സ്വദേശി കാവ്യ ഷിബു, പറവൂർ തൂയിത്തറ സ്വദേശി വി.എസ്.അജയ് എന്നിവർ.കഴിഞ്ഞ വർഷം കുഫോസിലെ 4 വിദ്യാർഥികൾക്ക് ഈ സ്കോളർഷിപ് ലഭിച്ചിരുന്നു. 

 

ബിഹാറിലെ ഡോ. രാജേന്ദ്രപ്രസാദ് കേന്ദ്ര കാർഷിക സർവകലാശാലയിലെ മലയാളി വിദ്യാർഥികളായ മലപ്പുറം പൂക്കോട്ടുംപാടം സ്വദേശിനി ഹിബ ജാസ്മിൻ വിശാലയിൽ, കോട്ടയം പൊൻകുന്നം സ്വദേശി അലീന ആന്റണി എന്നിവർക്കും ഇത്തവണ സ്കോളർഷിപ് ലഭിച്ചിട്ടുണ്ട്.

 

എംഎസ്‌സി മറൈൻ എൻവയൺമെന്റ് ആൻഡ് റിസോഴ്സസ് കോഴ്സിനു സ്കോളർഷിപ് ലഭിച്ച അജയ് പഠനത്തിനു ഫ്രാൻസിൽ എത്തിക്കഴിഞ്ഞു. സ്പെയിൻ, ബൽജിയം എന്നീ രാജ്യങ്ങളിലും കൂടിയായിരിക്കും പഠനം. അലീന ഇന്റർനാഷനൽ മാസ്റ്റേഴ്സ് ഇൻ ഹെൽത്ത് മാനേജ്മെന്റ് ഇൻ അക്വാകൾചർ എന്ന കോഴ്സ് ബൽജിയം, നോർവേ, സ്പെയിൻ എന്നീ രാജ്യങ്ങളിലായി പഠിക്കും.

 

‘അക്വാകൾചറും പരിസ്ഥിതിയും സമൂഹവും’ എന്ന വിഷയത്തിൽ പഠനത്തിനാണു ഗായത്രിക്കും കാവ്യയ്ക്കും ഹിബയ്ക്കും സ്കോളർഷിപ് ലഭിച്ചത്. സ്കോട്‌ലൻഡ്, ഫ്രാൻസ്, ഗ്രീസ് എന്നിവിടങ്ങളിൽ പഠിക്കാം. ഇതിനുപുറമേ ഡിസർട്ടേഷന്റെ ഭാഗമായി മറ്റു യൂറോപ്യൻ രാജ്യങ്ങളിലും പോകാം.

 

യൂറോപ്പിലെ മികച്ച അക്വാകൾചർ, ഫിഷറീസ് ഇൻസ്റ്റിറ്റ്യൂട്ടുകളാണ് ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ്പിൽ ഉൾപ്പെടുന്നത്. ഓരോ സെമസ്റ്ററും ഓരോ രാജ്യത്ത് എന്നതും വലിയ കാര്യം. പല രാജ്യങ്ങളിൽ നിന്നുള്ള സഹപാഠികളുടെ നെറ്റ്‌വർക്ക് ഭാവിയിൽ ഏറെ ഗുണം ചെയ്യും.

ഹിബ ജാസ്മിൻ വിശാലയിൽ

 

പരീക്ഷയിലെ മാർക്ക് മാത്രമല്ല, കഴിവു കൂടി നോക്കിയാണ് തിരഞ്ഞെടുപ്പ്. സെമിനാർ, പ്രൊജക്ട്, ഇന്റേൺഷിപ്... എല്ലാം പരിഗണിക്കും. നേരത്തെ ഈ സ്കോളർഷിപ് ലഭിച്ച കുഫോസിലെ വിദ്യാർഥികളും അധ്യാപകരുമെല്ലാം സഹായിച്ചിരുന്നു.

സി.എസ് ഗായത്രി

 

കഴിഞ്ഞ വർഷം സ്കോളർഷിപ് നേടിയ കുഫോസിലെ വിദ്യാർഥികളെക്കുറിച്ച് പത്രത്തിൽ വായിച്ചറിഞ്ഞാണ് ഇതിൽ താൽപര്യം വന്നത്. തുടർന്ന് അവരുമായി സംസാരിച്ച് വിശദമായി മനസ്സിലാക്കിയാണ് അപേക്ഷ തയാറാക്കിയത്.

അലീന ആന്റണി

Content Summary : Five Malayali Students Won Erasmus Mundus Scholarship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com