ADVERTISEMENT

മസ്കുലർ ഡിസ്ട്രോഫി, സ്പൈനൽ മസ്കുലർ അട്രോഫി തുടങ്ങിയ അവസ്ഥകൾ ബാധിച്ച് ശാരീരിക ബലക്ഷയം സംഭവിച്ച സ്ത്രീകളെ വിദ്യാഭ്യാസപരമായും തൊഴിൽപരമായും ഉയർത്തിക്കൊണ്ടുവരിക, അവർക്കു പിന്തുണ നൽകുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ള മൈൻഡ് ട്രസ്റ്റിന്റെ പദ്ധതിയാണ് വി (വിഇ– വിമൻ എംപവർമെന്റ്) എന്ന പ്രോജക്ട്. ഭിന്നശേഷി മറികടന്ന് സ്വന്തമായി കരിയർ കെട്ടിപ്പടുത്ത ഷിബിന, എമി സെബാസ്റ്റ്യൻ എന്നീ മൈൻഡ് അംഗങ്ങളാണു പ്രോജക്ട് കോഓർഡിനേറ്റർമാരായി അതിന്റെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്. 2020 ഡിസംബർ മൂന്നു മുതൽ രണ്ടുവർഷമായി ഈ പ്രോജക്ട് നടക്കുന്നു. ഇന്ന് രാജ്യാന്തര ഭിന്നശേഷി ദിനം. ശാരീരികമായ പ്രതിബന്ധങ്ങൾ തരണം ചെയ്ത് ഭിന്നശേഷിക്കാർ തൊഴിൽപരമായും മറ്റും മുന്നോട്ടുവരുന്നതിന് എല്ലാ പിന്തുണയും കൊടുക്കേണ്ടതുണ്ട്. വീയുടെ പ്രവർത്തനങ്ങൾ ഇതിനു ഒരു നല്ല മാതൃകയാണ്.

 

മസ്കുലർ ഡിസ്ട്രോഫി, സ്പൈനൽ മസ്‌കുലർ അട്രോഫി എന്നിവ ബാധിച്ചു പേശികൾക്കു ബലക്ഷയം സംഭവിച്ച 65 പേർ ചേർന്ന വാട്സാപ് കൂട്ടായ്മയാണ് 2017ൽ തൃശൂരിൽ മൈൻഡ് ട്രസ്റ്റിനു തുടക്കമിട്ടത്. പിന്നീട് ഈ കൂട്ടായ്മ വളർന്നു. മൊബിലിറ്റി ഇൻ ഡിസ്ട്രോഫി എന്നാണു മൈൻഡിന്റെ മൊത്തം പേര്. പേശീബലക്ഷയം സംഭവിച്ചവരുടെ അവബോധം, വിദ്യാഭ്യാസം, തൊഴിൽ പരിശീലനം, സംരക്ഷണം, ഗവേഷണം തുടങ്ങിയവയിൽ അധികാരികളുടെ ശ്രദ്ധ പതിയണമെന്നാവശ്യപ്പെട്ടായിരുന്നു ട്രസ്റ്റിന്റെ പ്രവർത്തനം. 2020–2021 വർഷത്തിൽ ഏറ്റവും മികച്ച സന്നദ്ധ സംഘടനയ്ക്കുള്ള, കേരള സാമൂഹിക നീതി വകുപ്പിന്റെ പുരസ്കാരവും മൈൻഡിനു ലഭിച്ചു.

 

∙ കരുത്തായി വീ

shibina
ഷിബിന

ഭിന്നശേഷിയുള്ളവരുടെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് സംസാരിക്കാനുള്ള ഒരു ഇടമില്ലായ്മയാണെന്ന് ഷിബിനയും എമിയും പറയുന്നു. അതിനുള്ള അന്തരീക്ഷമൊരുക്കുകയാണു വീയിലൂടെ നടന്നത്. 150 സ്ത്രീകളുടെ ഒരു വാട്സാപ് കൂട്ടായ്മ രൂപീകരിച്ചു. ഗ്രൂപ്പംഗങ്ങൾക്ക് പരസ്പരം അറിയാനും സംവദിക്കാനുമുള്ള അവസരമുണ്ടായിരുന്നു. എല്ലാ ആഴ്ചയിലും ഗൂഗിൾ മീറ്റുകളും നടത്തും. അവരുടെ ആത്മവിശ്വാസം കൂട്ടുകയെന്ന ലക്ഷ്യത്തോടെ ഒരു നൃത്തവിഡിയോ 2020ൽ പുറത്തിറക്കി. തങ്ങളുടെ പരിമിതികളെല്ലാം മറന്ന് അംഗങ്ങൾ വീൽച്ചെയറുകളിലിരുന്ന് ആത്മാവിഷ്കാരം നടത്തി. അംഗങ്ങളുടെ ശുഭാപ്തിവിശ്വാസം വർധിപ്പിക്കുന്നതിൽ ഈ വിഡിയോ വലിയ പങ്കുവഹിച്ചു.

അവർക്ക് ഇഷ്ടമായ കാര്യങ്ങളും അഭിരുചികളും കണ്ടെത്തുന്നതിനൊപ്പം വിദ്യാഭ്യാസപരമായും കരിയർപരമായുമുള്ള ഉപദേശങ്ങളും ട്രെയിനിങ്ങുകളും കോഴ്സ് പരിശീലനങ്ങളും ഡിജിറ്റൽ മാർക്കറ്റിങ് പരിശീലനവും വീ നടത്തി. അംഗങ്ങളായ ഭിന്നശേഷിയുള്ള സ്ത്രീകൾക്കുള്ളിൽ മറഞ്ഞുകിടന്ന കലാപരവും സർഗാത്മകവുമായ കഴിവുകൾ പുറത്തുകൊണ്ടുവരാനായി ടാലന്റിയ 2കെ22 എന്ന പരിപാടിയും നടത്തി. 

 

വാട്സാപ് കൂട്ടായ്മയിൽ അംഗങ്ങളായിരുന്ന 150 സ്ത്രീകളിൽ 33 ശതമാനം പേരെയും ഏതെങ്കിലും ജോലികളിലേക്ക് എത്തിക്കാൻ ഇവർക്കു സാധിച്ചു. അതിൽ പേപ്പർ പേനകൾ ഉണ്ടാക്കി വിൽക്കുന്നവർ മുതൽ റിലയൻസ് ജിയോ, ആമസോൺ മുതലായ വമ്പൻ കമ്പനികളിൽ ജോലി ചെയ്യുന്നവർ വരെയുണ്ട്. പ്ലസ്ടു തുല്യതാപഠനവും അംഗങ്ങൾക്കു നൽകാൻ വീ ശ്രദ്ധിച്ചു. നാലുചുമരുകൾക്കുള്ളിൽ ജീവിതം ഒതുക്കാതെ വരുമാനം നേടാനുള്ള അവസരം കൂടിയാണു വീ വഴി ഭിന്നശേഷിക്കാരായ വനിതകൾക്കു ലഭിച്ചത്.

 

ഇതിനൊപ്പം തന്നെ വിഡിയോകൾ, ഷോർട് ഫിലിമുകൾ തുടങ്ങിയവയും വീയുടെ നേതൃത്വത്തിൽ ചെയ്തു. യോഗ, മെഡിറ്റേഷൻ തുടങ്ങിയ കോഴ്സുകളിലൂടെ മാനസിക ശേഷി കൂട്ടാനും വൈകാരിക പ്രതിസന്ധികൾ മറികടക്കാനുമുള്ള പരിശീലനവും വീ അംഗങ്ങൾക്കായി നൽകി.

emy
എമി

ഈ വർഷം മേയിൽ ധീര എന്ന വുമൺ സെല്ലും തുടങ്ങി. പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നവർക്ക് ഉപദേശവും സഹായവും നൽകുകയാണു ലക്ഷ്യം. മസ്കുലർ ഡിസ്ട്രോഫിയും അട്രോഫിയും മൂലം ശാരീരിക ബലക്ഷയം നേരിടുന്ന സ്ത്രീകൾ ഒട്ടേറെ പ്രശ്നങ്ങളെയാണ് അഭിമുഖീകരിക്കുന്നത്. സംരക്ഷിക്കാൻ ആരുമില്ലാത്തവരും അവഗണനകൾ നേരിടുന്നവരും എല്ലാം ഇക്കൂട്ടത്തിലുണ്ട്. 

 

∙ഷിബിനയും എമിയും

 

നിലവിൽ റിലയൻസ് ജിയോയിൽ കസ്റ്റമർ അസോഷ്യേറ്റ് ആയി ‘വർക് ഫ്രം ഹോം’ രീതിയിൽ ജോലി നോക്കുകയാണ് ഷിബിന അബ്ദു. ഒരു വയസ്സു മുതൽ സ്പൈനൽ മസ്കുലർ അട്രോഫി എന്ന രോഗം ഷിബിനയ്ക്കുണ്ട്. ഇപ്പോൾ വീൽച്ചെയറിലാണു ജീവിതം. നെടുമ്പാശേരി തുറവുങ്കരയിൽ വ്യാപാരിയായ അബ്ദുവിന്റെയും ജമീലയുടെയും മകളാണ്. ഏക സഹോദരനായ റിജാസ് ഗൾഫിലാണ്.

മൈൻഡിൽ എക്സിക്യൂട്ടീവ് മെംബർ കൂടിയാണു ഷിബിന. പ്ലസ്ടു തുല്യതാ കോഴ്സ് പാസാകാൻ നോക്കുകയാണ് ഇവർ ഇപ്പോൾ. പ്ലസ് വൺ തുല്യത 91 ശതമാനം മാർക്കോടെ ഇതിനിടെ പാസായിരുന്നു. പഠിക്കാൻ സ്കൂളിൽ പോകാനോ പരീക്ഷ എഴുതാനോ പറ്റാത്ത അവസ്ഥയാണ്. ഡിജിറ്റൽ മാർക്കറ്റിങ് പഠിച്ചശേഷമാണ് ഷിബിന ജിയോയിൽ ജോലി നോക്കിത്തുടങ്ങിയത്. അതിനു മുൻപ് ഡൽഹിയിലുള്ള സ്ഥാപനത്തിൽ ബ്ലോഗ് റൈറ്ററായും ജോലി ചെയ്തിരുന്നു. സന്നദ്ധ സംഘടനയായ മൈൻഡിൽ വന്ന ശേഷമാണ് കുറേ സുഹൃത്തുക്കളെ തനിക്കു ലഭിച്ചതെന്ന് ഷിബിന പറയുന്നു.

 

നെട്ടുർ സ്വദേശി എമി സെബാസ്റ്റ്യൻ എംഎസ്‌സി കെമിസ്ട്രി ബിരുദധാരിയാണ്. കൊച്ചിയിൽ ഏൺസ്റ്റ് ആൻഡ് യങ് (ഇവൈ) എന്ന കമ്പനിയിൽ ആർഎംഎസ് ടീമിൽ അംഗമാണ് എമി. കൊച്ചിൻ പോർട് ട്രസ്റ്റിൽ ഉദ്യോഗസ്ഥനായിരുന്ന സെബാസ്റ്റ്യന്റെയും എൽസിയുടെയും മകളാണ്. സഹോദരൻ എബിൻ. 13 വർഷമായി എമിക്ക്  മസ്കുലർ ഡിസ്ട്രോഫി സ്ഥിരീകരിച്ചിട്ട്. വീൽച്ചെയറിന്റെ സഹായമില്ലാതെ തന്നെ പിടിച്ചു നടക്കാൻ തനിക്കു സാധിക്കാറുണ്ടെന്ന് എമി പറയുന്നു. 2018 മുതൽ മൈ‍ൻഡിൽ അംഗവും കൺവീനറുമാണ് എമി. വീയുടെ ഭാഗമായുള്ള കേക്ക് നിർമാണ പദ്ധതിയായ പ്രോജക്ട് കേക്കോയുടെയും നേതൃത്വവും വഹിക്കുന്നുണ്ട്.

 

∙ ഗതാഗതം പ്രശ്നം

 

2022 ഓഗസ്റ്റ് 23 എറണാകുളം ജില്ലയിലെ ഭിന്നശേഷിക്കാരായ ഒരു കൂട്ടം വനിതകൾക്ക് തങ്ങളുടെ ചെറിയ സ്വപ്നങ്ങൾ സാക്ഷാത്കരിച്ച ദിനമാണ്. നഗരത്തിലെ മാളുകളോ മറൈൻ ഡ്രൈവോ ഒരിക്കൽ പോലും കാണാൻ അവസരം ലഭിക്കാത്ത അവർക്ക് അന്ന് ആ അവസരം വന്നെത്തി. മഹാരാജാസ് കോളജിലും വിവിധ മാളുകളിലും മെട്രോ ട്രെയിനിലുമൊക്കെ കയറിയ ശേഷമാണ് അന്ന് അവർ സന്തോഷത്തോടെ തിരികെപ്പോയത്.

വീൽച്ചെയറിലും മറ്റുമുള്ള ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസ, തൊഴിൽ സ്വപ്നങ്ങൾക്കു പ്രധാന തടസ്സം യാത്രകളാണെന്നു ഷിബിന പറയുന്നു. വീൽച്ചെയറിൽനിന്നു വാഹനങ്ങളിലേറ്റാനും തിരികെ വീൽച്ചെയറിലേറ്റാനും ആളുകളുടെ സഹായം വേണം. ഇതുമൂലം ആശുപത്രികളിലേക്കു പോലും പോകാൻ ചിലപ്പോൾ സാധിക്കുകയില്ല.

ഈ പ്രശ്നം മറികടക്കാൻ വീൽസ് ഓൺ വീൽസ് (വൗ) എന്ന പ്രോജക്ടിന് മൈൻഡിന് പദ്ധതിയുണ്ടെന്നു ഷിബിന പറയുന്നു. വീൽച്ചെയറുകൾ വഹിക്കുന്ന ടാക്സിയെന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

 

Content Summary : Shibina and Emy, Project Coordinators for Mobility in Distrophy, Share Their career Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com