ന്യൂഡൽഹി ∙ രാജ്യത്താകെ ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷയെഴുതിയ 2,37,631 വിദ്യാർഥികളിൽ 2,35,114 പേർ വിജയിച്ചു. 500ൽ 499 മാർക്കുമായി 9 പേർ ദേശീയതലത്തിൽ ഒന്നാം റാങ്ക് പങ്കിട്ടു. കേരളത്തിൽ 158 സ്കൂളുകളിലെ 7519 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. 7517 പേർ വിജയിച്ചു.
ഐഎസ്‌സി 12–ാം ക്ലാസ് പരീക്ഷയിൽ രാജ്യത്താകെ 98,505 വിദ്യാർഥികളിൽ 95,483 പേർ ജയിച്ചു. 400ൽ 399 മാർക്കുമായി 5 പേർ ദേശീയതലത്തിൽ ഒന്നാം റാങ്ക് നേടി.
കേരളത്തിൽ 73 സ്കൂളുകളിൽനിന്നായി 2599 വിദ്യാർഥികൾ പരീക്ഷയെഴുതി. 2596 പേർ വിജയിച്ചു.
കേരളത്തിൽ പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും ഒന്നാം റാങ്ക് രണ്ടുപേർ വീതം പങ്കിടുന്നതിനാൽ രണ്ടാം റാങ്ക് ആർക്കും നൽകിയിട്ടില്ല. പത്താം ക്ലാസിൽ കൊടുങ്ങല്ലൂർ മേത്തല കണ്ടംകുളം ഫീനിക്സ് പബ്ലിക് സ്കൂളിലെ പി.എസ്.നിജിഷയ്ക്ക് (497) ആണു മൂന്നാം റാങ്ക്. കൊടുങ്ങല്ലൂർ പോണത്ത് സിജുവിന്റെയും മിനിയുടെയും മകളാണ്.
പന്ത്രണ്ടാം ക്ലാസിൽ തിരുവനന്തപുരം ക്രൈസ്റ്റ് നഗർ ഹയർ സെക്കൻഡറി സ്കൂളിലെ ആർ.ഭദ്ര (396) മൂന്നാം റാങ്ക് നേടി.
കരുനാഗപ്പള്ളി അമൃത വിശ്വവിദ്യാപീഠത്തിൽ ഡോ. വി.രാകേഷിന്റെയും നെടുമങ്ങാട് ജിഎച്ച്എസ്എസ് അധ്യാപിക കെ.ആർ. മിജിയുടെയും മകളാണ്.
Content Summary : ICSE rank holders