പരീക്ഷയെഴുതിയത് മലയാളത്തിൽ; ചക്രക്കസേരയിൽ നിന്ന് സിവിൽ സർവീസ് റാങ്ക് ജേതാവിലേക്കുള്ള ഷെറിന്റെ അവിസ്മരണീയ യാത്ര
Mail This Article
പെരിന്തൽമണ്ണ (മലപ്പുറം) ∙ ആശുപത്രിക്കിടക്കയിൽ പച്ച ഗൗൺ ധരിച്ച് വേദന കടിച്ചമർത്തി കിടക്കുമ്പോഴും ഷെറിൻ ഷഹാനയുടെ കണ്ണിൽ വിജയത്തിന്റെ തിളക്കമായിരുന്നു. 5 വർഷം മുൻപ് നട്ടെല്ലു തകർന്ന് ജീവിതം ചക്രക്കസേരയിലായെങ്കിലും പ്രതിസന്ധികളെ അതിജീവിച്ച് സിവിൽ സർവീസ് പട്ടികയിൽ ഇടം നേടിയതിന്റെ സന്തോഷം.
Read Also : അപകടശേഷം ഡോക്ടർമാർ വിധിച്ചത് ആറുദിവസത്തെ ആയുസ്സ്
അഭിനന്ദനമറിയിച്ചപ്പോൾ ഷെറിൻ ചുണ്ടുകളനക്കിയെങ്കിലും ശബ്ദം പുറത്തുവന്നില്ല. കാരണം എട്ടുനാൾ മുൻപുണ്ടായ മറ്റൊരപകടത്തിൽ തോളെല്ലു തകർന്ന് ശരീരം അനക്കാൻപോലും കഴിയാത്ത അവസ്ഥയിലാണ് ഇപ്പോൾ. വയനാട് കമ്പളക്കാട് തേനൂട്ടി കല്ലിങ്ങൽ പരേതനായ ഉസ്‌മാൻ ഹാജി– ആമിന ദമ്പതികളുടെ ഇളയമകളായ ഷെറിൻ ഷഹാനയുടെ റാങ്ക് 913. പക്ഷേ, ആ റാങ്കിന്റെ കരുത്തറിയണമെങ്കിൽ അവൾ കടന്നുവന്ന വഴികളറിയണം.
ബത്തേരി സെന്റ് മേരീസ് കോളജിൽ എംഎ പൊളിറ്റിക്കൽ സയൻസിൽ അവസാനവർഷ പരീക്ഷാഫലത്തിനു കാത്തിരിക്കുമ്പോഴാണ് ഷെറിന്റെ ജീവിതം കീഴ്മേൽ മറിഞ്ഞത്. ടെറസിൽ തുണിവിരിക്കുന്നതിനിടെ തെന്നിവീണ് നട്ടെല്ലിനു ക്ഷതമേറ്റു. 2 വർഷം കിടപ്പിലായിരുന്നു. സ്വപ്നങ്ങൾ തിരിച്ചുപിടിക്കാൻ മനസ്സുറപ്പിച്ചാണ് സിവിൽ സർവീസിനൊരുങ്ങിയത്. ഇതിനിടെ ഇന്റർനാഷനൽ റിലേഷൻസിൽ പിഎച്ച്‌ഡിക്കും ചേർന്നു.
മലയാളത്തിലാണു പരീക്ഷ എഴുതിയത്. ഫലം കാത്തിരിക്കുന്നതിനിടെ കഴിഞ്ഞ 15നു മാതാവിന്റെ ചികിത്സയ്‌ക്കായുള്ള യാത്രയ്‌ക്കിടെ ഷെറിൻ സഞ്ചരിച്ച കാർ താമരശ്ശേരിയിൽ അപകടത്തിൽപെട്ടാണ് വീണ്ടും ആശുപത്രിക്കിടക്കയിലായത്.
Content Summary : Inspirational life story of civil service rank holder Sherin Shanana