കോട്ടയത്തിന് അഭിമാനിക്കാം ഇവരെയോർത്ത്; മികച്ച അധ്യാപകർക്കുള്ള അവാർഡ് നേടി 3 പേർ

HIGHLIGHTS
  • എൻഎസ്എസ് യൂണിറ്റ് 3 സംസ്ഥാന അവാർഡുകൾ നേടിയതും മാത്യു എം.കുര്യാക്കോസിന്റെ കാലത്താണ്.
  • ഒട്ടേറെ മികച്ച പ്രവർത്തനങ്ങളാണ് സിസ്റ്റർ ജിജി സ്കൂളിൽ നടപ്പാക്കിയത്.
  • നാരായണൻ നമ്പൂതിരി കലാരംഗത്തും സാഹിത്യ മേഖലയിലും മികവ് തെളിയിച്ചു.
mathew
മാത്യു എം.കുര്യാക്കോസ്
SHARE

‘ടീം സെന്റ് തോമസിന്റെ’ സ്വന്തം മാത്യു എം.കുര്യാക്കോസ്

പാലാ ∙ സംസ്ഥാനത്തെ മികച്ച ഹയർ സെക്കൻഡറി അധ്യാപകനുള്ള അവാർഡിനു പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പൽ മാത്യു എം. കുര്യാക്കോസ് അർഹനായി. 8 വർഷം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായിരുന്ന മാത്യു എം.കുര്യാക്കോസ് മേയ് 31നാണു വിരമിച്ചത്.

Read Also :മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് നേടി ജോൺസൺ

പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും മാത്യു വിദ്യാർഥികൾക്ക് അറിവ് പകർന്നു.  ‘ടീം സെന്റ് തോമസ്’ എന്ന പേരിൽ അധ്യാപകരുടെ നേതൃത്വത്തിൽ ഗ്രൂപ്പുണ്ടാക്കി ‘സ്‌കൂൾ വീട്ടിലേക്ക് പോകുന്നു’ എന്ന ആശയത്തിൽ ഓരോ വിദ്യാർഥിയെയും വീട്ടിൽ സന്ദർശിച്ചു. കുട്ടികളുടെ പഠനസംശയങ്ങൾ തീർക്കുക, മാനസിക വെല്ലുവിളികൾ പരിഹരിക്കുക, പഠനോപകരണങ്ങൾ വിതരണം ചെയ്യുക, കുട്ടികളുമായി സംവദിക്കുക, വീടുകളിലെ സാഹചര്യം മനസ്സിലാക്കി സഹായമെത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ആരംഭിച്ച ഈ പരിപാടി വൻ വിജയമായി.  

sr-jiji
സിസ്റ്റർ ജിജി പുല്ലത്തിൽ

കെയർ-ടെൻ എന്ന പേരിൽ 10 കുട്ടികളെ വീതം തിരിച്ച് ഓരോ അധ്യാപകർക്കും ചുമതല നൽകി. ത്രീ വീൽ റവല്യൂഷന്റെ പിതാവ് ഇർഫാൻ ആലത്തെ സ്‌കൂളിലെത്തിച്ചു  ക്ലാസുകൾ നൽകി. ഇന്ത്യയുടെ ഓറഞ്ചുമാൻ പത്മശ്രീ ഹരേക്കള ഹഡ്ജനെയും സ്കൂളിൽ എത്തിച്ചു. എൻഎസ്എസ് യൂണിറ്റ് 3 സംസ്ഥാന അവാർഡുകൾ നേടിയതും മാത്യു എം.കുര്യാക്കോസിന്റെ കാലത്താണ്. ചേർപ്പുങ്കലിലെ പാടശേഖരം പാട്ടത്തിനെടുത്തു കുട്ടികൾക്കായി നെൽക്കൃഷി ഒരുക്കി. ഞാറു നടുന്നതും കള പറിക്കുന്നതും കൊയ്യുന്നതും കുട്ടികൾ തന്നെയായിരുന്നു. ‘പ്രകൃതിക്കൊരു പുനർവായന’ എന്ന പുസ്തകവും മാത്യു എം. കുര്യാക്കോസ് പൂർത്തിയാക്കി. ചേർപ്പുങ്കൽ മഠത്തിൽ എം.എം.കുര്യാക്കോസിന്റെയും എത്സമ്മയുടെയും മകനാണ്. ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കൻഡറി സ്കൂളിലെ ഹിന്ദി അധ്യാപിക ആഷ്‌ലി ടെസ് ജോൺ ആണു ഭാര്യ. കൃപ, ഹൃദ്യ, ശ്രേയ, ജോഷ്, സേറ എന്നിവരാണു മക്കൾ.

അജയ്യയായി വീണ്ടും സിസ്റ്റർ ജിജി പുല്ലത്തിൽ

കാഞ്ഞിരപ്പള്ളി∙ കാൽനൂറ്റാണ്ടു കാലത്തെ അധ്യാപക സേവനത്തിനു ശേഷം ഈ വർഷം വിരമിച്ച സിസ്റ്റർ ജിജി പുല്ലത്തിലിനു ഹൈസ്കൂൾ വിഭാഗത്തിലെ മികച്ച അധ്യാപികയ്ക്കുള്ള സംസ്ഥാന അവാർഡ്. സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ ജീവശാസ്ത്രം അധ്യാപികയായിരുന്ന സിസ്റ്റർ ജിജി പുല്ലത്തിൽ കോട്ടയം അടിച്ചിറ പുല്ലത്തിൽ പി.വി.ചാക്കോയുടെയും മേരി ചാക്കോയുടെയും മകളും സിസ്റ്റർ ജിജി 31-ാം മൈലിലെ അപ്പോസ്തലിക് ഒബ്ലേറ്റ്സ് സഭാംഗവുമാണ്.

ഒട്ടേറെ മികച്ച പ്രവർത്തനങ്ങളാണ് സിസ്റ്റർ ജിജി സ്കൂളിൽ നടപ്പാക്കിയത്. സിസ്റ്റർ നേതൃത്വം നൽകിയ ജീവൻ ബയോഡൈവേഴ്സിറ്റി ക്ലബ്ബിന്റെ ജൈവവൈവിധ്യ പ്രവർത്തനങ്ങൾക്കു സംസ്ഥാന പുരസ്കാരവും കേരള സംസ്ഥാന ബയോഡൈവേഴ്സിറ്റി ബോർഡിന്റെ ഒന്നാം സ്ഥാനവും നേടി.  സിസ്റ്റർ  രചനയും സംവിധാനവും നിർവഹിച്ച മാ നിഷാദ എന്ന ലഹരി വിരുദ്ധ സംഗീത നൃത്തശിൽപം  മികച്ച ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാന അവാർഡ് രണ്ടര ലക്ഷം രൂപ സ്കൂളിനായി നേടി.  ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ ഭിന്നശേഷിക്കാരെ ഉൾപ്പെടുത്തി ആവിഷ്കരിച്ച പ്രോജക്ട് ദേശീയ തലത്തിൽ എ ഗ്രേഡ് നേടി. 

narayanan-namboothiri
നാരായണൻ നമ്പൂതിരി

കഴിഞ്ഞ വർഷം അഖിലേന്ത്യ ടീച്ചേഴ്സ് ഫെഡറേഷൻ കേരള ഘടകത്തിന്റെ ഗുരുശ്രേഷ്ഠ അവാർഡ് ലഭിച്ചു. 2019ൽ വണ്ടർല ഏർപ്പെടുത്തിയ മികച്ച പരിസ്ഥിതി പ്രവർത്തകയ്ക്കുള്ള അവാർഡ്, കേന്ദ്ര പരിസ്ഥിതി മിഷനോടു ചേർന്നു പ്രവർത്തിക്കുന്ന എച്ച്എസ്‌സിയുടെ മികച്ച പരിസ്ഥിതി പ്രവർത്തകയ്ക്കുള്ള പുരസ്കാരം, മൂവാറ്റുപുഴ കാർമൽ പ്രൊവിൻസിന്റെ ഗോ ഗ്രീൻ അംബാസഡർ പദവി, സുഗതകുമാരി പുരസ്കാരം, വൃക്ഷബന്ധു അവാർഡ്, സംസ്ഥാന തലത്തിൽ മികച്ച ക്ലബ് കൺവീനർ തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചു.  

നന്മാർഗങ്ങളുടെ വഴികാട്ടി നാരായണൻ നമ്പൂതിരി

കുറവിലങ്ങാട് ∙ഏതാനും ദിവസം മുൻപ് ഔദ്യോഗിക ജീവിതത്തിന്റെ പടിയിറങ്ങിയ കുറിച്ചിത്താനം ശ്രീകൃഷ്ണ വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പൽ പി. പി. നാരായണൻ നമ്പൂതിരിക്കു 2021–22 വർഷത്തിലെ മികച്ച വൊക്കേഷനൽ ഹയർസെക്കൻഡറി അധ്യാപകനുള്ള സംസ്ഥാന പുരസ്കാരം. കുറവിലങ്ങാട് പൊതിയിൽ മന പി.പി.നാരായണൻ നമ്പൂതിരി മേയ് 31നാണു വിരമിച്ചത്. 

നാരായണൻ നമ്പൂതിരി കലാരംഗത്തും സാഹിത്യ മേഖലയിലും മികവ് തെളിയിച്ചു. ശ്രീകൃഷ്ണ വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ 2004ൽ എൻഎസ്എസ് പ്രോഗ്രാം ഓഫിസറായിരിക്കെയാണു പാഠ്യേതര പ്രവർത്തനങ്ങളിൽ സജീവമാകുന്നത്. പിന്നീട് ജില്ല കോ–ഓർഡിനേറ്റർ, സംസ്ഥാന റിസോഴ്സ് പഴ്സൻ എന്നീ നിലകളിലും പ്രവർത്തിച്ചു. ജില്ല കോ–ഓർഡിനേറ്റർ ആയിരിക്കെ ജില്ലയിലെ വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ വ്യത്യസ്തങ്ങളായ ഒട്ടേറെ പദ്ധതികൾ നടപ്പാക്കി. 

ശ്രീകൃഷ്ണ വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിനെ മികച്ച നിലവാരത്തിലേക്കു ഉയർത്തി.  സ്കൂൾ ജൂബിലി ആഘോഷ ഭാഗമായി ജൈത്രം എന്ന പേരിൽ 100 പരിപാടികൾ നടത്തുന്നതിനു നേതൃത്വം നൽകി. ഭാര്യ: മായ. മക്കൾ:ഡോ.തുഷാര, ഹരിത, ഹർഷ. മരുമകൻ: ഗോകുൽ (കാനഡ).

Content Summary : Three teachers from Kottayam got the state award for the best teachers

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA