ADVERTISEMENT

2021 ജനുവരിയിൽ അലൻ ബേബി ഒരു തീരുമാനമെടുത്തു, പിഎസ്‌സി പരീക്ഷയെഴുതി സർക്കാർ സർവീസിൽ പ്രവേശിക്കണമെന്ന്. വെറുമൊരു ‘ന്യൂ ഇയർ റെസല്യൂഷൻ’ ആയിരുന്നില്ല അത്. വിജയം മാത്രം ഫോക്കസ് ചെയ്ത അടിയുറച്ച ഒന്നായിരുന്ന ആ തീരുമാനം. പഠനം തുടങ്ങി ഇതുവരെ അലൻ എഴുതിയതു 6 പിഎസ്‌സി പരീക്ഷകൾ. പരിശീലനം തുടങ്ങി മാസങ്ങൾക്കുള്ളിൽ നടന്ന എൽഡിക്ലാർക്ക് പരീക്ഷതന്നെ കണ്ണൂർ ജില്ലയിൽ 248–ാം റാങ്ക് നൽകി അലന്റെ തീരുമാനം ശരിവച്ചു. പിന്നാലെ സിപിഒ കാസർകോട് ജില്ലയിലെ (കെഎപി–4) ലിസ്റ്റിൽ 8–ാം റാങ്ക്, അസി.സെയിൽസ്മാൻ കണ്ണൂർ ജില്ലയിലെ ലിസ്റ്റിൽ 77–ാം റാങ്ക്. ഒടുവിലിതാ അടുത്തിടെ പ്രസിദ്ധീകരിച്ച ഫയർമാൻ സംസ്ഥാനതല റാങ്ക് ലിസ്റ്റിൽ രണ്ടാം റാങ്ക് നേട്ടവും കണ്ണൂർ സ്വദേശി അലൻ ബേബിക്കു സ്വന്തം.

Read Also : 20 വർഷം വ്യോമസേനയിൽ, എഴുതിയ പിഎസ്‌സി പരീക്ഷകളിലെല്ലാം മുൻനിര റാങ്കുകൾ; സ്വപ്നംകണ്ട ബാങ്ക്ജോലിയും സ്വന്തമാക്കി രാജേഷ്

സിവിൽ സർവീസിൽ തുടക്കം

 

രണ്ടു വർഷത്തെ സിവിൽ സർവീസ് പരിശീലനമാണ് അലൻ ബേബിക്കു പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ മുൻനിരയിൽ സ്ഥിരസാന്നിധ്യമാകുന്നതിനുള്ള അടിത്തറ പാകിയത്. ഫിസിക്സിൽ ബിരുദം പൂർത്തിയാക്കിയ ശേഷംപാലാ, തിരുവനന്തപുരം എന്നിവിടങ്ങളിലെ സിവിൽ സർവീസ് അക്കാദമിയിലായിരുന്നു പരിശീലനം. പിഎസ്‌സി പരീക്ഷയിലും ഒരു കൈവയ്ക്കാമെന്നു തീരുമാനിച്ചതോടെ അലൻ 2021ൽ ഇരിട്ടി പ്രഗതി കരിയർ ഗൈഡൻസിൽ കോച്ചിങ്ങിനു ചേർന്നു. ആദ്യ പരീക്ഷകളിൽ തന്നെ വിജയം ഉറപ്പിച്ചതോടെ പ്രഗതിയിൽ ചോദ്യശേഖരം തയാറാക്കുന്ന സംഘത്തിൽ അംഗം എന്ന നിലയ്ക്കായി അലന്റെ പ്രവർത്തനം. കണ്ണൂർ കണിച്ചാർ കൊച്ചുപുരയ്ക്കൽ ഹൗസിൽ ബേബി ജേക്കബിന്റെയുംജെസിയുടെയും മകനാണ് അലൻ ബേബി. സഹോദരൻ അലക്സ് ഡിഗ്രി ഒന്നാം വർഷ വി ദ്യാർഥിയാണ്.

 

വിജയങ്ങൾ വന്ന വഴി

 

ഫയർമാൻ റാങ്ക് ലിസ്റ്റിൽ സംസ്ഥാനത്തു രണ്ടാം റാങ്കുകാരനാണെങ്കിലും എഴുത്തുപരീക്ഷയിൽ ഒന്നാം സ്ഥാനക്കാരനാണ് അലൻ. സ്പോർട്സ് വെയ്റ്റേജ് മാർക്കിന്റെ ആനുകൂല്യ ത്തിൽ 84.55 മാർക്ക് നേടിയ സൂരജ് സി.എസ് ആണ് റാങ്ക് ലിസ്റ്റിലെ ഒന്നാമൻ. 100 ൽ 78 മാർക്ക് നേടിയാണു പരീക്ഷയിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ അലൻ ഒന്നാമനായത്. ഇനി പ്രസിദ്ധീകരിക്കാനിരിക്കുന്ന എക്സൈസ് ഓഫിസർ ലിസ്റ്റിലും ഉന്നത റാങ്കുകളിലൊന്ന് ഉറപ്പാണെന്ന ആത്മവിശ്വാസത്തിലാണ് അലൻ. ദിവസേന 10 മണിക്കൂറോളം പഠനത്തിനായി മാറ്റിവച്ചാണ് 26 കാരനായ അലൻ വിജയങ്ങൾ കൊയ്തത്.

തൊഴിൽവീഥിയിലെ ഫയർമാൻ സ്പെഷൽ ടോപിക്കുകളും മാതൃകാപരീക്ഷകളും ഏറെ ഗുണം ചെയ്തു. ഇംഗ്ലിഷ് ചോദ്യോത്തരങ്ങളും വിശകലനത്തോടെയുള്ള മാത്സും മികവേറിയതാണ്. ഇതെല്ലാം ഇപ്പോഴും സൂക്ഷിച്ചുവച്ചിട്ടുണ്ട്. ആനുകാലിക വിഷയങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതാനും കോംപറ്റീഷൻ വിന്നറും സ്ഥിരമായ പത്രവായനയും തുണച്ചിട്ടുണ്ട്.

 

കംബൈൻഡ് സ്റ്റഡിയോടു താൽപര്യമില്ലാതിരുന്ന അലൻ പ്രധാനമായും രാത്രി നേരങ്ങളിലായിരുന്നു പഠനസമയം കണ്ടത്തിയിരുന്നത്. സിലബസ് കൃത്യമായി പിന്തുടർന്നു, രാത്രി 2 വരെ നീളുന്ന കഠിനാധ്വാനമാണു റാങ്ക്നേട്ടത്തിനു പിന്നിലെന്നു പറയുന്ന അലൻ തൊഴിൽവീഥിയിലെ പരിശീലനങ്ങൾക്കും ‘ഫുൾ മാർക്ക്’ നൽകുന്നുണ്ട്. ‘ഹാർഡ് വർക്ക് ചെയ്യുക എന്നതു മാത്രമാണു പിഎസ്‌സി പരീക്ഷകളിൽ വിജയം കണ്ടെത്താനുള്ള ഏക മാർഗം. കിട്ടുന്ന സമയം പരമാവധി മുതലാക്കുക. സിലബസ് ഉൾപ്പെടെ മനസ്സിലാക്കി ഫോക്കസ് ചെയ്തുള്ള പഠനം തീർച്ചയായും നമ്മളെ ലക്ഷ്യത്തിലെത്തിക്കും. മാതൃകാ പരീക്ഷകൾ സോൾവ് ചെയ്യുന്നതും പ്രധാനമാണ്’. – അലൻ വ്യക്തമാക്കുന്നു. ഫയർമാൻ ആയി ജോലിയിൽ പ്രവേശിക്കുമെങ്കിലും സിവിൽ സർവീസ് എന്ന ലക്ഷ്യം പിന്തുടരാനാണ് അലന്റെ തീരുമാനം. 

 

Content Summary : The success story of fireman exam rank holder Alan Baby

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com