ADVERTISEMENT

ബിരുദപഠനം പാതിയിൽ ഉപേക്ഷിക്കേണ്ടി വന്നപ്പോൾ അനുവിന്റെ മനസ്സുനിറയെ നിരാശയും നഷ്ടബോധവുമായിരുന്നു. പക്ഷേ, വിവാഹശേഷം ഭർത്താവ് ജോബിൻ വാക്കു നൽകി: ‘എത്ര വേണേലും പഠിച്ചോളൂ. ജോലിക്കും പോകാം.’ ആ വാക്കിന്റെ തണലിൽ അനു ബിരുദവും എച്ച്ഡിസിയും പൂർത്തിയാക്കി. നിരന്തരം പരിശീലിച്ചതിന്റെ ഫലമായി സഹകരണ സർവീസ് ബോർഡ് പരീക്ഷയിൽ ഒന്നാം റാങ്ക് നേട്ടം കുറിച്ചു. ഇപ്പോൾ കറുകച്ചാൽ ചമ്പക്കര സർവീസ് സഹകരണ ബാങ്കിൽ ക്ലാസ് 1 സ്പെഷൽ ഗ്രേഡ് ഓഫിസറാണ് അനു ജോബിൻ.

 Read Also : സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയിൽ രണ്ടാം റാങ്ക്; ഇത് സാജിത വാശിക്കു നേടിയ വിജയം

വീട്ടമ്മ വിദ്യാർഥിയാണ്! 

ആഗ്രഹിക്കുന്ന ജോലി സ്വപ്നം കാണാൻ കഴിയണം. ആ സ്വപ്നമാണ് എനിക്കു വഴികാട്ടിയത്. നെഗറ്റീവ് വിചാരങ്ങൾ ആദ്യമേ ഉപേക്ഷിക്കുക. റാങ്ക് ഫയലുകളും മറ്റും വാങ്ങി അടുക്കി വച്ചിട്ടു കാര്യമില്ല. തൊഴിൽവീഥി ആയിരുന്നു എന്റെ പ്രധാന ആശ്രയം. ഏതു സർക്കാർ ജോലിക്കു തയാറെടുക്കുന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്നതാണ് തൊഴിൽവീഥിയിലെ ഉള്ളടക്കവും ചിട്ടയായ പരിശീലനവും.

 

ബിസിഎ പഠനം ഉപേക്ഷിച്ചാണു ചങ്ങനാശേരി സ്വദേശി അനു വിവാഹിതയായത്. വിവാഹത്തിനു ശേഷവും പഠിക്കാൻ അവസരം ലഭിച്ചതോടെ ബിസിഎ പൂർത്തിയാക്കി എംസിഎയ്ക്കും ചേർന്ന് നല്ലൊരു ജോലി സ്വപ്നം കണ്ടു തുടങ്ങിയതാണ്. പക്ഷേ, മകന്റെ അസുഖവും ആശുപത്രിവാസവും കാരണം പഠനം തുടരാൻ കഴിഞ്ഞില്ല. ഐടി കരിയർ നഷ്ടത്തിന്റെ നിരാശ മറികടക്കാനാണ് എച്ച്ഡിസി കോഴ്സിനു ചേർന്നത്. 80% മാർക്കോടെ എച്ച്ഡിസി ജയിക്കാൻ കഴിഞ്ഞത് അനുവിന് ആത്മവിശ്വാസമേകി. സഹകരണ ബാങ്ക് ജോലിയായി പിന്നെ ലക്ഷ്യം. കോച്ചിങ്ങിനു പണം ലക്ഷ്യമിട്ട് സ്വകാര്യ ബാങ്കിൽ ജോലിക്കു കയറി. രാത്രി വൈകിവരെ നീളുന്ന ജോലി താങ്ങാൻ കഴിയാതെ മതിയാക്കേണ്ടിവന്നെങ്കിലും സഹകരണ ബാങ്ക് കോച്ചിങ്ങിനു ചേർന്നു. രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചതോടെ പഠനത്തിൽ വീണ്ടും വെല്ലുവിളികൾ. പിൻമാറില്ലെന്ന ഉറച്ച മനസ്സോടെ അതെല്ലാം നേരിടാനാണു അനു തീരുമാനിച്ചത്. 

Read Also : റാങ്കുകളിലൂടെ ജീവിതം തിരിച്ചുപിടിച്ച് ബിപിൻ; ‘പരീക്ഷയറിഞ്ഞ് പഠിക്കണം’

പഠനം മുന്നോട്ടു നീങ്ങവേ കോവിഡിന്റെ പരീക്ഷണം. കോച്ചിങ് സ്ഥാപനം അടച്ചു. പഠനം ഓൺലൈനിലേക്കു ചുരുങ്ങി. രണ്ടാമത്തെ കുഞ്ഞ് പിറന്നതോടെ പഠനത്തിനു വീണ്ടും സമയം കുറഞ്ഞു. പക്ഷേ, പിൻമാറാനായിരുന്നില്ല അനുവിന്റെ തീരുമാനം. അതിരാവിലെ എഴുന്നേറ്റു വീട്ടുജോലികളെല്ലാം തീർത്തു മൂത്ത മകനെ ഓൺലൈൻ ക്ലാസിൽ ഇരുത്തി ഇളയ മകനെ തൊട്ടിലിൽ ഉറക്കിക്കിടത്തി ഉച്ച വരെ പഠനം. ഉച്ചയ്ക്കു ശേഷം കുഞ്ഞിനെ നോക്കാൻ മൂത്ത മകനെ ഏൽപ്പിച്ചു പഠനം. ഭർത്താവ് ജോബിൻ വരുന്നതോടെ രാത്രി വൈകി വരെ പഠനം – അനുവിന്റെ ഈ കഠിനാധ്വാനത്തിന്റെ പ്രതിഫലമാണ് ഒന്നാം റാങ്കിന്റെ തിളക്കം.

 

റിവിഷനാണ് പ്രധാനം

 

പുതിയ കാര്യങ്ങളുടെ പഠനത്തിനൊപ്പം എല്ലാ ദിവസവും മുൻപു പഠിച്ച കാര്യങ്ങളുടെ റിവിഷനുവേണ്ടി സമയം നീക്കിവച്ചതാണു തന്റെ വിജയരഹസ്യമെന്ന് അനു. സിലബസിലെ ഭാഗങ്ങൾ ചുരുങ്ങിയത് 40 തവണയെങ്കിലും റിവിഷൻ ചെയ്താണ് പരീക്ഷയ്ക്കു പോയത്. ഒന്നോ രണ്ടോ മാർക്കിന് റാങ്ക് ലിസ്റ്റിൽനിന്നു പുറത്തായപ്പോഴൊക്കെ വല്ലാത്ത നിരാശയിലയി. പഠനം മതിയാക്കാൻ തോന്നിയപ്പോഴൊക്കെ മറ്റു റാങ്ക് ജേതാക്കളുടെ അനുഭവങ്ങൾ വായിച്ച റിഞ്ഞു, മികച്ച ജോലിയും ജീവിതവും സ്വപ്നം കണ്ടു. ആ സ്വപ്നങ്ങൾ അനുവിനെ മുന്നോട്ടു നടത്തി. സഹകരണ ബാങ്ക് പരീക്ഷകളിലെ 20 ലിസ്റ്റിൽ ഇടം നേടി. വീടിനടുത്തായതിനാലാണു ചമ്പക്കര ബാങ്ക് തിരഞ്ഞെടുത്തത്. യാത്രാസമയം ലാഭിച്ച ആ തീരുമാനത്തിനു പിന്നിലും ഒരു ലക്ഷ്യമുണ്ട്– ഇനിയും ബാങ്ക് പരീക്ഷകളെഴുതണം, ഉയർന്ന ജോലികൾ നേടണം.

 

Content Summary : From Housewife to First Rank: The Inspiring Journey of Anu Jobin in Cooperative Bank Exam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com