കാഴ്ചപരിമിതി തടസ്സമായില്ല, ഇഷ്ടജോലികളിൽ മികവു തെളിയിച്ച ഓമനടീച്ചറെ തേടി പുരസ്കാരമെത്തി

Mail This Article
കാസർകോട് ∙ പ്രതിസന്ധികളിൽ പകച്ചുനിൽക്കുന്നവർക്കു മുന്നിൽ വെളിച്ചമാണ് ഓമനയുടെ ജീവിതം. ജീവിതത്തിൽ ഒന്നുമല്ലാതാകാൻ ഒട്ടേറെ കാരണങ്ങൾ നിരത്താൻ ഓമനയ്ക്കുണ്ടായിരുന്നു. പ്രതിസന്ധികളെ പടവുകളാക്കി മുന്നേറി ഇപ്പോൾ കാസർകോട് ഗവ.സ്കൂളിലെ പ്രധാനാധ്യാപികയായ സി.ഓമനയ്ക്കാണ് ഇത്തവണ സർക്കാർ മേഖലയിൽ കാഴ്ചപരിമിതരുടെ വിഭാഗത്തിൽ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവച്ച ജീവനക്കാരനുള്ള പുരസ്‌കാരം.
ജോലിത്തിരക്കു മൂലം സമയക്കുറവുണ്ടെങ്കിലും ഇന്നും ഓമന വായനയും കുറിപ്പുകൾ തയാറാക്കുന്നതും തുടരുന്നു. ഒഴിവു കിട്ടുന്ന സമയമൊന്നും വെറുതെ കളയാറില്ല. എന്തെങ്കിലും പുതിയ കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കും; തന്റെ ശീലങ്ങളെക്കുറിച്ച് ഓമന പറഞ്ഞു. തളിപ്പറമ്പിനടുത്ത് ചവനപ്പുഴയാണ് സി.ഓമനയുടെ സ്വദേശം. ജീവിത സാഹചര്യങ്ങളും പ്രവർത്തന മികവും പരിഗണിച്ചാണ് പുരസ്കാരം.
സ്കൂൾ പഠനത്തിനു ശേഷം തളിപ്പറമ്പ് സർ സയ്യിദ് കോളജിൽ നിന്ന് ചരിത്രത്തിൽ ബിരുദം നേടി. അന്നും മലയാളമായിരുന്നു ഇഷ്ട വിഷയം. പിന്നീട് പാലക്കാട് കോട്ടപ്പുറത്തു നിന്ന് സ്പെഷൽ ഡിപ്ലോമ പൂർത്തിയാക്കി.
ഒൻപതര വർഷം ജനറൽ സ്കൂളിൽ റിസോഴ്സ് പഴ്സനായി ജോലി ചെയ്തു. തളിപ്പറമ്പ് മുൻസിഫ് കോടതിയിലും ഒന്നര വർഷം ജോലി ചെയ്തു. അധ്യാപനമായിരുന്നു ഇഷ്ടം. ജോലിയിലിരിക്കെ സ്പെഷൽ ബിഎഡും കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും നെറ്റ് യോഗ്യതയും നേടി. 2014ൽ കാസർകോട് ഗവ.ബ്ലൈൻഡ് സ്കൂളിൽ അധ്യാപികയായി. ഇടയ്ക്ക് സ്ഥാനക്കയറ്റത്തോടെ കുന്നംകുളത്തേക്ക് സ്ഥലംമാറ്റം. കഴിഞ്ഞ വർഷം വീണ്ടും കാസർകോട് ഗവ.സ്കൂളിലേക്കെത്തി. മണ്ണ് സംരക്ഷണ വകുപ്പിൽ നിന്ന് വിരമിച്ച രാമനാഥനാണ് ഭർത്താവ്.