ADVERTISEMENT

ശാസ്ത്ര മേഖലയിലും ഗവേഷണത്തിലും വനിതകൾ വിരളമായി മാത്രം എത്തിയിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. ഒരു ഇന്ത്യന്‍ സർവകലാശാലയിൽനിന്ന് ശാസ്ത്രത്തില്‍ ഗവേഷണ ബിരുദം അഥവാ ഡോക്ടറേറ്റ് നേടിയ ആദ്യ വനിതയാണ് അസിമ ചാറ്റര്‍ജി. 1944 ല്‍ കല്‍ക്കട്ട യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് അസിമ ഡോക്ടറേറ്റ് നേടിയത്. ഉന്നത വിദ്യാഭ്യാസ രംഗത്തു പോലും വനിതാ സാന്നിധ്യം ഏറെ പരിമിതമായിരുന്ന ഒരു കാലത്തായിരുന്നു അസിമയുടെ ഈ അപൂര്‍വ നേട്ടം. 

1917 സെപ്റ്റംബര്‍ 23 ന് കല്‍ക്കട്ടയിലായിരുന്നു അസിമയുടെ ജനനം. സസ്യശാസ്ത്രത്തില്‍ താല്‍പര്യമുണ്ടായിരുന്ന പിതാവ് ഡോ. ഇന്ദ്രനയന്‍ മുഖര്‍ജിയുടെ അഭിനിവേശം മകളെയും പിന്തുടർന്നെന്നു പറയാം. ഭാരതത്തിലെ തനതു സസ്യങ്ങളുടെ ഔഷധഗുണമായിരുന്നു അസിമയുടെ പഠനലക്ഷ്യങ്ങളില്‍ പ്രധാനം. 1930 കളില്‍, സമൂഹം ഉയര്‍ത്തിയ എല്ലാ പ്രതിരോധങ്ങളെയും അവഗണിച്ച് കല്‍ക്കട്ടയില്‍ അവര്‍ പഠനം തുടര്‍ന്നു. പരീക്ഷണ ശാലകളും ഉപകരണ സൗകര്യങ്ങളും ധനസഹായവും ഏറെക്കുറവായിരുന്നിട്ടും ഗവേഷണത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും അവര്‍ തയാറായില്ല. 

ഓര്‍ഗാനിക് കെമിസ്ട്രിയായിരുന്നു അസിമയുടെ പ്രധാന പ്രവര്‍ത്തന മേഖല. രസതന്ത്രത്തില്‍ ബിരുദം നേടിയ ശേഷം നൊബേല്‍ പുരസ്‌കാര ജേതാവ് പോള്‍ കാറ്ററുടെ കീഴില്‍ ഉപരിപഠനം നടത്തി. വിദേശ സര്‍വകലാശാലകളിലെ പഠനഗവേഷണങ്ങള്‍ക്കു ശേഷം 1950 ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ അസിമ ഔഷധ സസ്യങ്ങളുടെ രസതന്ത്രത്തെക്കുറിച്ചും അവയിലെ രാസപദാർഥങ്ങളുടെ ഔഷധ ഗുണങ്ങളെക്കുറിച്ചും പഠനം ആരംഭിച്ചു. അലോപ്പതി മരുന്നുകള്‍ പലതും അടിസ്ഥാനപരമായി സസ്യങ്ങളിലെ രാസപദാർഥങ്ങളാണെന്ന് ആളുകള്‍ തിരിച്ചറിയാത്ത കാലം. തന്റെ ഗവേഷണത്തിലൂടെ അപസ്മാരം, മലേറിയ, അര്‍ബുദം എന്നിവയ്‌ക്കുള്ള പല മരുന്നുകളും വികസിപ്പിക്കുന്നതില്‍ അവര്‍ വിലപ്പെട്ട സംഭാവനകള്‍ ചെയ്തു. ആയുഷ്-56 എന്ന അപസ്മാര മരുന്ന് നിര്‍മാണത്തിലേക്ക് എത്തിയത് അവരുടെ ഗവേഷണ ഫലമായിരുന്നു. 

1961 ല്‍ ഔഷധ സസ്യ വൈദ്യ ശാസ്ത്രത്തില്‍ നല്‍കിയ സംഭാവനകള്‍ക്ക് ഇന്ത്യയിലെ സമുന്നത ശാസ്ത്ര ഗവേഷണ പുരസ്‌കാരമായ ശാന്തി സ്വരൂപ് ഭട്‌നഗര്‍ അവാര്‍ഡ് നേടി. ഈ അവാര്‍ഡ് നേടുന്ന ആദ്യത്തെ വനിതയായിരുന്നു അസിമ. പിന്നെ 14 വര്‍ഷം കഴിഞ്ഞാണ് മറ്റൊരു വനിത ഈ നേട്ടത്തിലെത്തിയത്. 1975 ല്‍ ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് അസോസിയേഷന്റെ ആദ്യ വനിതാ ജനറല്‍ പ്രസിഡന്റായി. The Treatise on Indian Medicinal plants എന്ന ഗ്രന്ഥസമാഹാരത്തിന്റെ ചീഫ് എഡിറ്ററായിരുന്നു. ദേശീയ, രാജ്യാന്തര ഗവേഷണ ജേണലുകളില്‍ നാനൂറോളം പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചു. രാജ്യ സഭാംഗമായി പ്രവര്‍ത്തിച്ച അസിമയെ പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. മരണമെത്തുംവരെ ആത്മാർഥമായി ജോലി ചെയ്യുമെന്ന തത്വശാസ്ത്രത്തില്‍ വിശ്വസിച്ച, ഭാരതത്തിന്റെ ഈ ശാസ്ത്ര വനിത 2006 നവംബര്‍ 22 ന് അന്തരിച്ചു. വിദ്യാഭ്യാസ നേട്ടങ്ങളോളം വലിയ നവോത്ഥാനമില്ലെന്ന് അസിമ ചാറ്റര്‍ജിയുടെ പോരാട്ടം നമ്മെ പഠിപ്പിക്കുന്നു.

(ലേഖകൻ മണ്ണുത്തി വെറ്റിനറി കോളജ് അസിസ്റ്റന്റ് പ്രൊഫസറാണ്)

മികച്ച സംരംഭകരാകാൻ പഠിക്കാം - വിഡിയോ

Content Summary:

Asima Chatterjee: The Trailblazer Who Conquered Indian Science Against All Odds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com